Asthma & Allergy Doctor, Abu Dhabi

  • Home
  • Asthma & Allergy Doctor, Abu Dhabi

Asthma & Allergy Doctor, Abu Dhabi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Asthma & Allergy Doctor, Abu Dhabi, Pulmonologist, NMC Specialty Hospital, Abu Dhabi , UAE, .

29/09/2021

പണ്ട് കേട്ടൊരു കഥയാണ്,

മരിച്ച് പരലോകത്ത് എത്തിയ ഒരാളുടെ മുന്നിൽ 2 ബോർഡുകൾ കണ്ടു, ഒന്നിൽ സ്വർഗ്ഗമെന്നും മറ്റേതിൽ നരകമെന്നും എഴുതിയിരുന്നു. സ്വർഗ്ഗമെന്നെഴുതിയ ബോർഡ് അനാകർഷകമായിരുന്നു. നരകത്തിന്റെ ബോർഡാണെങ്കിലോ, വർണ്ണശബളം. തരുണീമണികളുടെ ചിത്രാലംകൃതമായ ആ ബോർഡിൽ വിവരിച്ചിരിന്നു, നരകം എത്ര മനോഹരമാണെന്ന്!

ഇങ്ങനൊന്നുമല്ലല്ലോ കേട്ടിരിക്കുന്നത്, സത്യമാവുമോ എന്നൊക്കെ സംശയം തോന്നിയെങ്കിലും ഒടുവിൽ കരിമ്പും കാട് കണ്ട ആനയെപ്പോലെ
നരകത്തിലേക്ക് ചാടിയോടിപ്പോയി കക്ഷി.

അകത്തു ചെന്നപ്പോഴാകട്ടെ അതൊന്നും അവിടെ കാണുന്നില്ല, പകരം കേട്ടറിഞ്ഞത് പോലെ തീച്ചൂളയും ചാട്ടവാറടിയുമൊക്കെ! കഷ്ടപ്പെട്ട് അയാൾ ചെകുത്താനെ കണ്ടെത്തി ചോദിച്ചു,
"ഇതെന്താ ഇങ്ങനെ ഒന്നും അല്ലല്ലോ പുറത്ത് വലിയ ഡെക്കറേഷനായി എഴുതി വെച്ചിരിക്കുന്നത്, എവിടെ ചിത്രത്തിലെ രംഭ, മേനക, തിലോത്തമ? "

"മഠയാ, അത് നരകത്തിന്റെ പരസ്യമാണ്. പരസ്യത്തിൽ കാണുന്നതൊക്കെ ഉള്ളിലുണ്ടാവും
എന്ന് വിചാരിക്കുന്നത് എത്ര മണ്ടത്തരമാണ്! ഇത്രയും നാൾ ഭൂമിയിൽ താമസിച്ചിട്ട് ഇതൊന്നും മനസ്സിലായില്ലല്ലേ. പോയി 10 അടി കൂടുതൽ കൊള്ളൂ" എന്ന് ഡെവിൾ.

ഈ തമാശക്കഥയിൽ പരസ്യങ്ങളെ സംബന്ധിച്ചുള്ള ഒരു വലിയ സത്യം അടങ്ങിയിട്ടുണ്ട്, മിന്നുന്നതെല്ലാം പൊന്നല്ല എന്നും, പ്രലോഭിതരായി തട്ടിപ്പിൽ വീഴാനുള്ള മനുഷ്യരുടെ പ്രവണത നൈസർഗ്ഗികമാണെന്നതും.

ഇമ്മാതിരി ഒരു പരസ്യം ഇടയ്ക്കിടെ കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ ഫ്രണ്ട് പേജ് മുഴുവനായി നിറഞ്ഞ് വരാറുള്ളത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും, പ്രത്യേകിച്ച് അലർജി അലട്ടുന്നവർ.

"നിങ്ങളുടെ അലർജി ടെസ്റ്റ് ഇപ്പോൾ തന്നെ നടത്തൂ" "ഒറ്റ പരിശോധനയിലൂടെ അലർജിയുടെ കാരണം കണ്ടെത്താം"
"പകുതിയിൽ താഴ്ന്ന നിരക്കിൽ..."
എന്നൊക്കെയുള്ള ആകർഷകമായ വാഗ്ദാനങ്ങളും, അൽപ്പം ശാസ്ത്രീയ വിവരണങ്ങളും, കുറെയധികം തെറ്റിദ്ധാരണാജനകമായ കാര്യങ്ങളുമൊക്കെ അടങ്ങിയ ഒരു പരസ്യം.

"രോഗനിർണയം ആണ് അലർജി ചികിത്സയ്ക്കുള്ള ഏകമാർഗ്ഗം" എന്നൊക്കെയുള്ള കൃത്യതയില്ലാത്ത (എന്നാൽ ആകർഷണീയമായ) ചില വാചകങ്ങളുമുണ്ട്.

അലർജിക്കെന്നല്ല ഏത് രോഗ ചികിത്സയ്ക്കും രോഗനിർണ്ണയം സുപ്രധാനമാണ്, എന്നാൽ അതിനായി ലാബ് ടെസ്റ്റുകൾ മാത്രമല്ല പ്രധാനം, മറ്റനേകം ഘടകങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്.

പരസ്യത്തിന്റെ വലിപ്പവും അവതരണരീതിയും കൊണ്ട് അനേകം പേർ സ്വമേധയാ പോയി ടെസ്റ്റുകൾ ചെയ്യുകയോ, അതിന്റെ സാംഗത്യത്തെക്കുറിച്ച് അന്വേഷിച്ചു നടക്കുകയോ ചെയ്തിട്ടുണ്ട്.

തുടക്കത്തിൽ തന്നെ പറയട്ടെ ഈയൊരു ടെസ്റ്റ് മാത്രം ചെയ്തതു കൊണ്ട് ഉദ്ദേശിച്ച നേട്ടമൊന്നും ഉണ്ടാവണമെന്നില്ല. അസൗകര്യവും ധനനഷ്ടവും ആശയക്കുഴപ്പങ്ങളും ആവശ്യത്തിന് മനസമാധാനക്കേടും ഉണ്ടാവുകയും ചെയ്യാം. തുടക്കത്തിലേ ടെസ്റ്റ് ചെയ്യുന്നത് ചികിത്സയിൽ പലപ്പോഴും കാര്യമായ സ്വാധീനം ഉണ്ടാവാറില്ലയെന്നതും കണക്കിലെടുത്താൽ ഇത്രയും തുക അനാവശ്യമായി ചിലവാക്കേണ്ടതില്ല. രോഗലക്ഷണമുള്ളവർ ഡോക്ടറെ കണ്ട് നിർദേശപ്രകാരം, ആവശ്യമുള്ള ടെസ്റ്റുകൾ മാത്രം ചെയ്യുക.

കേവലം ടെസ്റ്റ് റിസൾട്ടുകൾ മാത്രം വച്ച് ഒരു ആധുനിക വൈദ്യശാസ്ത്ര ചികിത്സകനും രോഗനിർണയമോ ചികിത്സാവിധിയോ അനുവർത്തിക്കാൻ ഭൂരിഭാഗം സാഹചര്യങ്ങളിലും സാധിക്കുകയില്ല, പ്രത്യേകിച്ച് അലർജി ചികിത്സയുടെ കാര്യത്തിൽ.

പല കാരണങ്ങളാൽ ഈ പരസ്യങ്ങളെല്ലാം തെറ്റിദ്ധാരണാജനകമാണെന്നും, വ്യാവസായിക താൽപ്പര്യം മുൻനിർത്തിയുള്ള ഇത്തരം രീതി അനുചിതവുമാണെന്നുമുള്ള ചർച്ച അന്നാളുകളിലേ നടന്നിരുന്നു.

❓ ടെസ്റ്റുകൾ സ്വമേധയാ നടത്തുന്നതിൽ അപാകതയെന്തെങ്കിലുമുണ്ടോ?

അലർജി രോഗനിർണ്ണയമെങ്ങനെ എന്ന് പറയുന്നതിന് മുൻപ് പൊതുവിൽ ആധുനിക വൈദ്യശാസ്ത്രം എങ്ങനെയാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ലളിതമായി വിവരിക്കാൻ ശ്രമിക്കാം.

🔽 ആധുനിക വൈദ്യശാസ്ത്രത്തിൽ
രോഗനിർണയത്തിനുപയോഗിക്കുന്ന അനേകം ഉപാധികളിൽ ചിലത് മാത്രമാണ് ലാബ് പരിശോധനകൾ, X ray, സ്കാനുകൾ തുടങ്ങിയവ.

🔽 രോഗഹേതുവായ വില്ലനെ കണ്ടെത്തുന്നതിൽ ഒരു കുറ്റാന്വേഷകന്റെ ചാതുര്യത്തോടെ രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി അഥവാ രോഗവിവര ചരിത്രങ്ങൾ സിസ്റ്റമാറ്റിക്കായി ഡോക്ടർ ചോദിച്ചറിയുന്നതാണ് രോഗ നിർണ്ണയത്തിലെ ആദ്യപടി. അതിനാവട്ടെ കൃത്യമായ ചിട്ടയും രീതികളുമുണ്ട്.

🔽 രോഗി ഇങ്ങോട്ട് അവതരിപ്പിക്കുന്നത് കൂടാതെ, ചോദ്യങ്ങളിലൂടെ പ്രസക്തമായ പലതും ചികഞ്ഞെടുക്കുകയും ഡോക്ടർ ചെയ്യും.

ഇവയെ ആസ്പദമാക്കി,
സാധ്യതയുള്ള രോഗാവസ്ഥകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നു, ചില സാധ്യതകളെ തള്ളിക്കളയുന്നു.

🔽 ശേഷം അവയുമായി ബന്ധപ്പെട്ട ശാരീരിക നിരീക്ഷണങ്ങളും പരിശോധനകളും പടിപടിയായി ചെയ്യുന്നു. പൾസ്, ബി പി പോലുള്ള പൊതുവായ പരിശോധനകൾക്കു ശേഷം, പ്രസക്തമായ അവയവ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ ശാരീരിക പരിശോധനകളും ചെയ്യുന്നു. ഇതൊക്കെ ഓരോ രോഗത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

🔽 ശാരീരിക പരിശോധനകളിൽ ഉള്ള കണ്ടുപിടുത്തങ്ങളെയും നിഗമനങ്ങളെയും ആസ്പദമാക്കി ആയിരിക്കും കൂടുതൽ ടെസ്റ്റുകൾ വേണോ വേണ്ടയോ/ ഏതൊക്കെ ടെസ്റ്റുകൾ വേണം പോലുള്ളവ ഡോക്ടർ തീരുമാനിക്കുക.

🔽 ടെസ്റ്റ് റിസൾട്ട് കിട്ടുമ്പോ അത് ഡോക്ടർ മുൻപ് ഹിസ്റ്ററിയിലൂടെയും ശരീര പരിശോധനയിലൂടെയും ശേഖരിച്ച വിവരങ്ങളുമായി കൂട്ടിച്ചേർത്ത് വെച്ചാകും രോഗനിർണ്ണയത്തിലേക്ക് എത്തിക്കുകയോ ഉറപ്പിക്കുകയോ ചെയ്യുക. കൂടി ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ ടെസ്റ്റുകൾ വീണ്ടും ചെയ്യാൻ നിർദ്ദേശിക്കാം. ഏതെങ്കിലും ദിശയിലേക്കു നയിക്കുന്ന പുതിയ ക്ലൂകൾ കിട്ടിയാൽ കൂടുതൽ വിശദ പരിശോധനകൾ നിർദ്ദേശിച്ചേക്കാം.

🔽 ശാരീരിക വ്യതിയാനങ്ങളും അവസ്ഥകളും ടെസ്റ്റ് റിസൾട്ടുകളും തമ്മിൽ പരസ്പരം കോർത്തിണക്കിയാണ്, ശാസ്ത്രീയമായ കൺക്ലൂഷൻലേക്ക് അല്ലെങ്കിൽ രോഗനിർണയത്തിലേക്ക് എത്തുന്നത്. കേവലമൊരു ലാബ് റിപ്പോർട്ട് മാത്രം കണ്ട് കൃത്യമായി ഒരു രോഗം നിർണയിക്കാൻ ഒട്ടുമിക്കപ്പോഴും കഴിയണമെന്നില്ല, അങ്ങനെ ചെയ്‌താൽ തെറ്റായ രോഗനിർണ്ണയത്തിൽ എത്താനും സാധ്യത ഉണ്ട്. 100% കൃത്യതയുള്ള ടെസ്റ്റ് റിസൾട്ടുകൾ ഇല്ലായെന്നതും കണക്കിലെടുക്കണം. പല ഘടകങ്ങളാൽ നേരിയ വ്യതിയാനങ്ങളും തെറ്റുകളും ടെസ്റ്റ് റിസൾട്ടുകളിൽ വരാം.

ഇനി ഈ പറഞ്ഞ ഘട്ടങ്ങളെ എല്ലാം ഒരു ഉദാഹരണം സഹിതം പെട്ടന്നൊന്ന് വിലയിരുത്തി നോക്കാം.

ഒരു തലവേദനയുമായി രോഗി വരുന്നു എന്ന് കരുതുക.

തലവേദനയുടെ കാരണങ്ങൾ നിരവധിയാണ്. ജലദോഷം മുതൽ മെനിഞ്ചൈറ്റിസ് വരെയുള്ള അണുബാധയാവാം, ടെൻഷനോ, മൈഗ്രേനോ, കണ്ണിന്റെ പ്രശ്നമോ മുതൽ ബ്രെയിൻ ട്യൂമർ വരെ എന്തുമാവാം. രോഗിയെ നേരിൽ കണ്ട്, അയാളുടെ പ്രായം, തലവേദനയുടെ സ്വഭാവം, തീവ്രത, അനുബന്ധ ശാരീരിക അസ്വസ്ഥതകൾ ഒക്കെ ചോദിച്ചു മനസിലാക്കി, വേണ്ട ശാരീരിക പരിശോധനകളും നടത്തുമ്പോൾ ആ രോഗിക്ക് എന്തുകൊണ്ടായിരിക്കാം തലവേദനയെന്ന് ഡോക്ടർക്ക് ഏകദേശ ധാരണ ഉണ്ടാവുന്നു. ശേഷം, ഏറ്റവും ആവശ്യമായ പരിശോധനയ്ക്ക് (അതും ആവശ്യമുണ്ടെങ്കിൽ മാത്രം) വിടുന്നു.

🔴 എന്നാലീ മേൽപ്പറഞ്ഞ ശാസ്ത്രീയ രോഗ നിർണ്ണയ പ്രക്രിയ റിവേഴ്സ് ഓർഡറിൽ ചെയ്യുന്നത് ആശാസ്യമല്ല.

ഉദാ: തലവേദന ഉള്ളവരെല്ലാം വരൂ കുറഞ്ഞ നിരക്കിൽ സി ടി സ്കാൻ ചെയ്ത് കൊടുക്കപ്പെടും, മെനിഞ്ചൈറ്റിസ് മുതൽ വിവിധ ട്യൂമർ നിർണ്ണയത്തിൽ ഈ പരിശോധന നിർണ്ണായകം എന്നൊരു പരസ്യം ചെയ്ത് ആളെ കൂട്ടുന്നത് ചിന്തിച്ച് നോക്കൂ ?!

🔴അത് പോലെയാണ് അലർജി രോഗം നിർണ്ണയിക്കാൻ ഓടി വരൂ ഈ രക്ത പരിശോധനകൾ ചെയ്യൂ എന്ന പരസ്യം.

അലർജിയെ പറ്റിയുള്ള ഒരു ലേഖനം ഇൻഫോ ക്ലിനിക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. (ലിങ്ക് കമന്റിൽ)

❓ അലർജി രോഗ നിർണ്ണയം എങ്ങനെ?

ഡോക്ടറുടെ നിർദേശത്തോടെ കൂടിയല്ലാതെ അലർജി ടെസ്റ്റുകൾ ചെയ്യുന്നത് അശാസ്ത്രീയമായ സമീപനമാണ്.

എന്തു കൊണ്ടെന്നാൽ,

𝐀. സ്റ്റാൻഡേർഡ് ടെക്സ്റ്റ് ബുക്കുകളും, ചികിത്സാ പ്രോട്ടോക്കോളുകളും പറയുന്നത് പ്രകാരം അലർജി രോഗം സംശയിക്കുന്ന ഒരാളിൽ രോഗനിർണയം നടത്തുന്നതിൽ ഏറ്റവും പ്രധാനം രോഗിയുടെ രോഗവിവരങ്ങൾ (മെഡിക്കൽ ഹിസ്റ്ററി) ചോദിച്ചറിയൽ പ്രക്രിയയാണ്.

𝐁. ടെസ്റ്റ് റിസൾട്ടുകൾ മാത്രം ആസ്പദമാക്കി അലർജി രോഗ നിർണ്ണയം നടത്തുന്നത് അശാസ്ത്രീയമാണ്.

ഇതേക്കുറിച്ച് വിശദമായി പറയാം,

❓അലർജി രോഗ നിർണ്ണയ നടപടിക്രമങ്ങൾ

1. അലർജി തന്നെയാണോ രോഗം എന്നത് ആദ്യം കണ്ടെത്തണം!

അലർജിയുടെ ലക്ഷണങ്ങളായി പരസ്യത്തിൽ വിവരിച്ചിരിക്കുന്നതിന് സമാനമായ ലക്ഷണങ്ങൾ മറ്റ് രോഗങ്ങൾക്കും ഉണ്ടാവാം.
ഉദാ: പരസ്യത്തിൽ പറഞ്ഞിരിക്കും പോലെ ചർമത്തിൽ ചുവപ്പുനിറം, പാടുകൾ, ചൊറിച്ചിൽ, വയറുവേദന, അതിസാരം, ചുമ, ശ്വാസതടസ്സം എന്നിവയൊക്കെ ചില നിസാര രോഗങ്ങളുടെയും അനവധി ഗുരുതര രോഗങ്ങളുടെയും ലക്ഷണങ്ങളാവാം.

മേൽപ്പറഞ്ഞ ലക്ഷണങ്ങളുള്ളവർ എല്ലാം അലർജി ടെസ്റ്റിനായി സ്വമേധയാ പോവേണ്ടതില്ല. പകരം ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്.

2. അലർജി തന്നെയാണെന്ന നിഗമനത്തിൽ ഡോക്ടറെത്തിയാൽ അടുത്ത നടപടി എന്ത്?

എന്തൊക്കെയാണ് അലർജി ഉണ്ടാക്കാൻ കാരണമായത് എന്ന് അന്വേഷണം നടത്തി കണ്ടെത്തുന്നത് പ്രധാന പ്രക്രിയയാണ്. അലർജിയുണ്ടാക്കുന്ന പദാർത്ഥങ്ങളെ അലർജൻ എന്ന് വിളിക്കുന്നു.

ഏത് വസ്തുവുമായി സമ്പർക്കത്തിൽ വന്നപ്പോൾ / കഴിച്ചപ്പോൾ ഉദാ: മരുന്നുകൾ, ഹൗസ് ഡസ്റ്റ്, ചില ഭക്ഷ്യവസ്തുക്കൾ (സീ ഫുഡ് പോലുള്ളവ അലർജിയുണ്ടാക്കുന്നത് സാധാരണമാണ്), വീട്ടിൽ വളർത്തുന്ന പക്ഷിമൃഗാദികൾ, ചെറു പ്രാണികൾ etc.

ഇത്തരം സംഭവങ്ങൾ ഡയറിയിൽ കുറിച്ച് സൂക്ഷിച്ചു വെക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. പലപ്പോഴും ഇത്തരം അലർജിക്ക് കാരണമായ വസ്തുക്കൾ കണ്ടെത്തി തിരിച്ചറിഞ്ഞു പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ തന്നെ അലർജി അറ്റാക്കുകൾ ലളിതമായി ഒഴിവാക്കാൻ കഴിയാറുണ്ട്.

അലർജി രോഗനിർണ്ണയവുമായി ബന്ധപ്പെട്ട പരിശോധനകൾ അടുത്ത ഘട്ടത്തിൽ ഡോക്ടർ പ്രസക്തമെന്ന് കരുതി നിർദ്ദേശിക്കുന്നെങ്കിൽ മാത്രം മതി.

അലർജി അറ്റാക്കിന്റെ ഫ്രീക്വൻസി, തീവ്രത ഒക്കെ അടിസ്ഥാനമാക്കി കൂടി ആയിരിക്കും ഡോക്ടർ അത്തരം ടെസ്റ്റുകൾ നിർദ്ദേശിക്കുക.

3. അലർജി ടെസ്റ്റുകൾ

പ്രധാനമായും - സ്കിൻ ടെസ്റ്റുകൾ & ബ്ലഡ് ടെസ്റ്റ്

1️⃣ സ്കിൻ ടെസ്റ്റുകൾ

പ്രാഥമികമായി അവലംബിക്കുന്ന ഒന്നാണ് തൊലിപ്പുറത്ത് ചെയ്യുന്ന ഈ പരിശോധനകൾ. സാധാരണ ഗതിയിൽ അലർജിയുണ്ടാക്കുന്ന വസ്തുക്കളുടെ സാമ്പിളുകൾ നേരിയ അളവിൽ കൈയിലെ തൊലിയിൽ പ്രയോഗിച്ചതിന് ശേഷം, അതിന്റെ പ്രതി പ്രവർത്തനമായി തൊലിപ്പുറത്തുണ്ടാവുന്ന മാറ്റങ്ങൾ നിരീക്ഷിച്ചറിയുക എന്നതാണ് രീതി.

രണ്ട് തരം സ്കിൻ ടെസ്റ്റുകൾ ,
i)Skin prick test - ത്വക്കിൽ നേരിയ ഒരു പോറലുണ്ടാക്കി അലർജൻ അടങ്ങിയ ദ്രാവകം അവിടെ ഇറ്റിക്കുന്നു.
ii)അലർജൻ തൊലിക്കടിയിൽ കുത്തി വെക്കുന്ന ടെസ്റ്റ്.

ഇത്തരം സ്കിൻ ടെസ്റ്റുകളുടെ ഗുണങ്ങൾ

a) ലളിതം
b) ദ്രുതഗതിയിൽ മെച്ചപ്പെട്ട റിസൾട്ട് തരുന്നു. ഡോക്ടറെ കാണാൻ പോവുന്ന ദിവസം തന്നെ റിസൾട്ട് കിട്ടുന്നതിനാൽ തുടർ നടപടികൾ അന്ന് തന്നെയാവാം.
c) രക്ത പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് കുറവ്.
d) രോഗനിർണ്ണയത്തിൽ പ്രസക്തമായ പങ്കു വഹിക്കുന്നു.

സ്കിൻ ടെസ്റ്റുകളുടെ പരിമിതികൾ

a) ടെസ്റ്റ് ചെയ്യുന്ന ആളുടെ പ്രാവീണ്യത്തിനു പ്രസക്തിയുണ്ട്.
b) ചില പ്രത്യേക സാഹചര്യങ്ങളിൽ ചെയ്യാൻ സാധ്യമല്ല, അവ വഴിയേ പ്രതിപാദിക്കാം.

2️⃣ രക്ത പരിശോധന

രക്തത്തിലെ IgE ആന്റിബോഡിയുടെ അളവ് ഉയർന്ന അളവിൽ ഉണ്ടെങ്കിൽ അത് പ്രസ്തുത അലർജനോടുള്ള അലർജി സൂചകമായി കരുതുന്നു.

സ്കിൻ ടെസ്റ്റ് ഒഴിവാക്കി രക്തപരിശോധന നടത്താൻ നിർബന്ധിതമാവുന്ന സാഹചര്യങ്ങൾ,

i) ചില മരുന്നുകൾ (ഉദാ: അലർജിക്കെതിരെയുള്ള മരുന്നുകൾ, ചില വിഷാദത്തിനെതിരെയുള്ള മരുന്നുകൾ etc ) സ്കിൻ ടെസ്റ്റിന്റെ റിസൾട്ടുകളിൽ വ്യതിയാനം ഉണ്ടാക്കും. അത്തരം മരുന്നുകൾ കുറച്ച് ദിവസങ്ങൾ നിർത്തിയിട്ടാവും സ്കിൻ ടെസ്റ്റ് ചെയ്യുക. എന്നാൽ ചില രോഗികളിൽ മരുന്ന് നിർത്തുന്നത് ഭവിഷ്യത്തുകളുണ്ടാക്കുമെങ്കിൽ അത്തരക്കാർക്ക് രക്ത പരിശോധനയാണ് ഉചിതം.

ii) എക്സീമ, സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾ അധീകരിച്ച രീതിയിലുള്ളവരിൽ തൊലിപ്പുറത്ത് ടെസ്റ്റ് ചെയ്യാൻ കഴിയാതെ വരും.

iii) സ്കിൻ ടെസ്റ്റിനായി പ്രയോഗിക്കുന്ന അലർജൻ അത്യപൂർവ്വമായി ചിലരിൽ കൂടിയ രീതിയിൽ അലർജിക് റിയാക്ഷൻ ഉണ്ടാക്കുന്ന വേളയിൽ.

3️⃣ ഫുഡ് അലർജി ചലഞ്ച് ടെസ്റ്റ്
നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിൽ അപൂർവ്വമായി മാത്രം ചെയ്യുന്ന ഒരു ടെസ്റ്റാണിത്. മറ്റു പരിശോധനകളിൽ നിന്നും രോഗനിർണ്ണയം സാധ്യമല്ലാതെ വരുമ്പോൾ ഫുഡ് അലർജി കണ്ടെത്താൻ ഈ ടെസ്റ്റ് ഉപയോഗിക്കുന്നു. ആശുപത്രിക്കുള്ളിൽ വെച്ച് രോഗിക്ക് ഫുഡ് അലർജി സംശയിക്കുന്ന ഭക്ഷ്യ വസ്തു ചെറിയ അളവിൽ കൊടുത്ത് നിരീക്ഷിച്ചു കൊണ്ട് അളവ് പടിപടിയായി കൂട്ടി കൊടുത്ത് രോഗ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നതാണ് രീതി.

❓ പരാമർശ വിധേയമായ പരസ്യം എന്ത് കൊണ്ട് അധാർമ്മികവും അശാസ്ത്രീയവും അനുചിതവും ആവുന്നു?

ശാസ്ത്രീയമായ രോഗ നിർണ്ണയത്തിലെ പ്രാഥമിക ഘട്ടങ്ങൾ ഒഴിവാക്കുന്നതും, ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെ ചെയ്യുന്നതും അബദ്ധമാണ് കാരണം,

1) ടെസ്റ്റുകൾ ഒന്നും തന്നെ നൂറു ശതമാനം കൃത്യത ഉറപ്പു തരുന്നില്ല.

🛑അലർജി ടെസ്റ്റുകൾ ഫോൾസ് പോസിറ്റീവ്, ഫോൾസ് നെഗറ്റീവ് റിസൾട്ട് ഒക്കെ തരാനുള്ള സാധ്യതയുണ്ട്.
⭕ഘടനാപരമായി സാമ്യമുള്ള അലർജനുകൾ തെറ്റായ ഫലം നൽകാം. ഉദാഹരണത്തിന് നിലക്കടലയോട് അലർജി ഉള്ള ഒരാൾക്ക് ഹേസൽ നട്ട് നോട് അലർജി ഇല്ലെങ്കിൽ പോലും അതിൻ്റെ വാല്യൂ തെറ്റായി ഉയർന്നു കാണപ്പെടാം.

🛑ടെസ്റ്റ് റിസൾട്ടുകളെ മാത്രം അവസാനവാക്കായി കാണാൻ കഴിയില്ല.

⭕രക്തത്തിൽ IgE എന്ന അലർജി സൂചകമായ ഇമ്മ്യൂണോഗ്ലോബുലിൻ ഘടകം ഉയർന്ന് കണ്ടാലും രോഗിയുടെ ലക്ഷണങ്ങൾ അലർജി മൂലം ആകണം എന്ന് നൂറു ശതമാനം ഉറപ്പാക്കാൻ കഴിയില്ല.
⭕അലർജിക്കുള്ള പ്രവണത ഒരാൾക്ക് ഉണ്ടോ എന്ന് തിരിച്ചറിയാമെങ്കിലും, ആ വസ്തു അലർജി രോഗം പ്രായോഗിക തലത്തിൽ ഉണ്ടാക്കും എന്ന് ഉറപ്പില്ല.
⭕അതുപോലെ തിരിച്ചു IgE നോർമൽ ആണെങ്കിൽ പോലും അലർജി ഇല്ലെന്നും പൂർണ്ണമായും ഉറപ്പിക്കാൻ കഴിയില്ല.

ഒരു ഡോക്ടർ രോഗിയെ പരിശോധിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് സാരം. ടെസ്റ്റുകളൊക്കെ ആ പരിശോധനാ ഫലത്തെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്.

2)അനവധി നിരവധി അലർജി കാരണമായേക്കാവുന്ന വസ്തുക്കൾ ഒരുമിച്ചു ടെസ്റ്റ് ചെയ്യുന്നതിൽ അമിത സാംഗത്യമില്ല.

⭕രോഗിയുടെ നിത്യജീവിതത്തിൽ അയാൾ ഇടപെടാൻ സാധ്യതയുള്ളതും, മുൻകാലങ്ങളിൽ അലർജിക്ക് കാരണമായി എന്ന് രോഗിക്ക് അനുമാനിക്കാനും തിരിച്ചറിയാനും കഴിഞ്ഞിട്ടുള്ളതുമായ വസ്തുക്കളുടെ പരിശോധനയാണ് കൂടുതൽ പ്രസക്തമായത്. അനാവശ്യമായി കൂടുതൽ കാശുമുടക്കി കൂടുതൽ പരിശോധനകൾ ചെയ്യേണ്ടതില്ല.

ഉദാ: കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് അയാൾ സമ്പർക്കത്തിൽ ഒരു കാരണവശാലും വരാത്ത ഒരു വിദേശ ചെടിയുടെ അലർജിയുണ്ടോ എന്ന് പരിശോധിച്ച് നോക്കുന്നതിൽ പ്രസക്തിയില്ല.

⭕പലതരത്തിലുള്ള അലർജികൾ ഉള്ളവർ ഉണ്ട്, ഉദാഹരണത്തിന് വായുവിലൂടെ പരക്കുന്ന വസ്തുക്കളോടുള്ള അലർജി, ഉള്ളിലേക്ക് കഴിക്കുന്ന ഫുഡ് പോലുള്ളവയോടുള്ള അലർജി,
പ്രാണികളുടെയും മറ്റും വിഷം etc. ഒരാൾക്ക് വായുവിലൂടെ സമ്പർക്കം വരുന്ന വസ്തുക്കളോടാണ് നിലവിൽ അലർജി രോഗമെങ്കിൽ പ്രസ്തുത വസ്തുക്കളോടുള്ള പ്രതിപ്രവർത്തനം അളക്കുന്ന ടെസ്റ്റ് മാത്രം പ്രാഥമികമായി നടത്തിയാൽ മതിയാകും.

⭕ഇതൊക്കെ ഡോക്ടറുടെ വിവേചനബുദ്ധിയിൽ തിരിച്ചറിയാവുന്നതാണ്. എന്നാൽ പാനലുകൾ ഉപയോഗിച്ച് പരസ്യം ചെയ്ത് ആളെ കൂട്ടി ടെസ്റ്റ് ചെയ്യുന്നവർ അനേകം അലർജനുകൾ ഒരുമിച്ച് ടെസ്റ്റ് ചെയ്യുകയാണ്.

⭕അധികമായ ഫലം നൽകാൻ ഇടയില്ലാത്ത ഈ വൃഥാ വ്യായാമം തീർച്ചയായും ടെസ്റ്റ് തുക ഉയർത്താനുള്ള കാരണമാവുകയും ചെയ്യും. കാടടച്ച് വെടി വെക്കേണ്ടതില്ലാന്ന് ചുരുക്കം.

3) സ്കിൻ ടെസ്റ്റ് ചെയ്യുന്നതിന് മൂന്നാല് ദിവസം മുമ്പ് മറ്റു ചില കാര്യങ്ങളുണ്ടായാൽ ടെസ്റ്റ് റിസൾട്ടുകളിൽ കൃത്യതയില്ലാതെ വരാം.

ഉദാ: അലർജിക്കുള്ള ചില മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ സ്കിൻ ടെസ്റ്റിൽ വത്യാസങ്ങൾ വരാം. പ്രായത്തിനനുസരിച്ച് വ്യത്യാസങ്ങൾ വരാം.
പരിശോധന സ്റ്റാൻഡേർഡൈസേഷൻ പോലുള്ള കാര്യങ്ങളിൽ ചില വ്യതിയാനങ്ങൾ വരാം.
ഇതുപോലുള്ള ഘടകങ്ങൾ കൂടി കണക്കിലെടുത്ത് വിലയിരുത്തേണ്ടിടത്താണ് ഡോക്ടറുടെ പ്രസക്തി.

4) പരസ്യത്തിൽ സ്കിൻ ടെസ്റ്റിന്റെ പ്രസക്തിയെ കുറച്ച് കാണിക്കുകയും/ തമസ്കരിക്കുകയും ചെയ്തത് അശാസ്ത്രീയ സമീപനമാണ്. രക്തപരിശോധനയിലൂടെ തന്നെ ആവണം അലർജി നിർണ്ണയം എന്ന രീതിയിൽ അർഹിക്കുന്നതിലധികം പ്രാധാനം കൽപ്പിച്ചാണ് പൊതുജന സമക്ഷം അവതരിപ്പിച്ചിരിക്കുന്നത്.

⭕ത്വക്കിൽ കുത്തിയുള്ള ഈ പരിശോധനയോട് രോഗിക്ക് ഒരു പേടിയോ വിരക്തിയോ തോന്നും വിധമാണ് അതിനെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. (സൂചി കുത്ത് കേൾക്കുമ്പോൾ ഉള്ള പലരുടെയും ഭയം മുതലെടുത്ത് ഇത് മെച്ചപ്പെട്ട ഒന്നായി കണ്ട് ഇതിലേക്ക് ആകർഷിക്കപ്പെടും വിധം). എന്നാൽ ഈ പരിശോധന അധികം വേദനയോ അസ്വസ്ഥതയോ രോഗിക്ക് ഉണ്ടാക്കുന്നില്ല നേരിയ ചൊറിച്ചിലും തടിപ്പും മാത്രമാണ് സാധാരണമായി ഉണ്ടാക്കുന്നത്.

⭕സ്കിൻ ടെസ്റ്റുകളും രക്തപരിശോധനയും പരസ്പരം ബന്ധിതമായി വിലയിരുത്താനും കഴിയും.

⭕ഈ പരസ്യത്തിൽ അവകാശപ്പെടുന്ന അത്യാധുനിക മെഷീൻ എന്നു പറയുന്ന സാങ്കേതിക വിദ്യ 1967 മുതൽ ഉപയോഗിക്കപ്പെട്ടതാണ്.

ടെസ്റ്റു റിസൾട്ടുകളിൽ വ്യതിയാനങ്ങൾ കടന്നുവരാനുള്ള സാധ്യതകൾ കൂടി കണക്കിലെടുത്തു വേണം റിസൽട്ടുകൾ അപഗ്രഥിക്കാൻ. കേവലം കടലാസിലെ ഏതാനും അക്കങ്ങളായി മാത്രമല്ല പരിശോധനാ റിസൾട്ടുകളെ പരിഗണിക്കേണ്ടത്.
ആയതിനാൽ രോഗലക്ഷണമുള്ളവർ ഡോക്ടറെ കണ്ട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം, അതും ആവശ്യമുള്ള ടെസ്റ്റുകൾ മാത്രം ചെയ്യുക.

🛑 ഏതൊരു റിസൾട്ട് അപഗ്രഥിക്കുന്നത് ഒരു ഡോക്ടറാവണം. പരസ്യം ചെയ്തു ടെസ്റ്റ് ചെയ്യുന്ന ലാബുകാർ ഡോക്ടറുടെ സേവനം ഒപ്പം നൽകുന്നില്ല.

🛑കുറഞ്ഞ നിരക്കിൽ ടെസ്റ്റുകൾ ചെയ്യുന്നു എങ്കിലും ഈ കമ്പനി നടത്തുന്ന ടെസ്റ്റുകളുടെ ഫലങ്ങൾ അനേകം പേർക്ക് ഒന്ന് തന്നെ ആണെന്ന് പരാതികളും മാധ്യമ റിപ്പോർട്ടുകളും മുൻപ് ഉണ്ടായ പശ്ചാത്തലത്തലവും സംശയങ്ങൾ ഉണർത്തുന്നുണ്ട്.

🛑വ്യവസായ താല്പര്യങ്ങൾ മാത്രം മുൻനിർത്തിയുള്ള ഇത്തരം പരസ്യങ്ങൾ അധാർമികവും അനഭിലഷണീയ പ്രവണതയുമായി കണക്കാക്കണം. ശാസ്ത്രാവബോധമുള്ളവരും അധികാരികളും ഇതിൽ ഇടപെടുകയും വേണം.

🛑ഈ കൃത്യത്തിൽ ഞങ്ങൾക്ക് പങ്കില്ലാ എന്ന് കൈ കഴുകാതെ മാധ്യമങ്ങളും അൽപ്പമെങ്കിലും വിവേചന ബുദ്ധി കാണിക്കണം.

എഴുതിയത്
ഡോ: Nikhila Govind ( ശ്വാസകോശ രോഗ വിദഗ്ധ)
& ഡോ: Deepu Sadasivan
Info Clinic
#312

12/08/2021

03/05/2021

കോവിഡ് ന്യുമോണിയ മാറാൻ "ടെക്‌നിക്കുകൾ" മതിയാകുമോ?

"ന്യുമോണിയ മാറാനായി ചെയ്യേണ്ട 3 കാര്യങ്ങൾ" എന്ന തലക്കെട്ടിൽ ഒരു വീഡിയോ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നതായി കാണുന്നു. അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം വിശദീകരിക്കാതെ വയ്യ.

🔴എന്താണ് ന്യൂമോണിയ (pneumonia) ?

🔹ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ ന്യൂമോണിയ. പ്രധാനമായും ഇത് സംഭവിക്കുന്നത് ശ്വാസകോശത്തിലെ വായു അറകൾക്ക് (ആൽവിയോലസുകൾ) അനുബന്ധമായാണ്. കോവിഡ് ഉൾപ്പടെ പല തരത്തിലുള്ള വൈറസുകളും, ബാക്റ്റീരിയയും ന്യൂമോണിയ ഉണ്ടാക്കാം.

🔹ഇത്തരം വൈറസുകളും ബാക്റ്റീരിയയും സാധാരണയായി അണുബാധയുണ്ടാക്കുന്നത് ശ്വസന വ്യവസ്ഥയുടെ മുകൾ ഭാഗങ്ങളിലാണ്. അതായത് മൂക്ക്, തൊണ്ട, ടോൺസിൽ (Tonsil), സൈനസ് (sinus) തുടങ്ങിയ ഭാഗങ്ങളിൽ. ഇവയെയാണ് നമ്മൾ കോമൺ കോൾഡ് (common cold), സൈനസൈറ്റിസ് (sinusitis), ടോൺസിലൈറ്റിസ് (tonsillitis), ഫാരിൻജൈറ്റിസ് (pharyngitis) എന്നൊക്കെ വിളിക്കുന്നത്. മിക്കവാറും ചെറിയ പനിയുടെ കൂടെ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ വന്ന് കുറച്ചു ദിവസം കൊണ്ട് സുഖം പ്രാപിക്കുന്നു. ബാക്ടീരിയയാണ് രോഗകാരണമെങ്കിൽ ആന്റിബയോട്ടിക്കുകൾ കഴിക്കണം, വൈറസാണെങ്കിൽ പാരസെറ്റമോൾ മാത്രം മതിയാകും.

🔹എന്നാൽ ഇതേ വൈറസോ ബാക്റ്റീരിയയോ ശ്വാസകോശത്തിന്റെ താഴെ ഭാഗത്തേക്കിറങ്ങി അണുബാധ ഉണ്ടാക്കുമ്പോൾ അത് ന്യൂമോണിയ ആയി മാറുന്നു. താഴ് ഭാഗത്ത് വരുന്ന അണുബാധയിൽ പനിയുടെ കൂടെ ശക്തി കൂടിയ ചുമ, ശ്വാസം മുട്ട് തുടങ്ങിയവ കൂടി പ്രത്യക്ഷപ്പെടാം. ചിലർക്ക് നെഞ്ചുവേദനയും ഉണ്ടാകാം. ന്യൂമോണിയയിൽ ശ്വാസകോശത്തിന്റെ വായു അറകൾക്ക് തകരാറ് സംഭവിക്കുന്നത് കൊണ്ട് ഓക്സിജൻ രക്തത്തിൽ കലരുന്നത് തടസ്സപ്പെടുകയും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു പോവുകയും ചെയ്യാം. ശരീരത്തിലെ മറ്റു പല അവയവങ്ങൾ തകരാറിലാകുക, രക്തസമ്മർദ്ദം കുറയുക തുടങ്ങി മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള ഗുരുതരമായ രോഗമാണ് ന്യൂമോണിയ.

🔹കോവിഡ് ഗൃഹചികിത്സക്കും ആശുപത്രി അഡ്മിഷനും ഇടക്കുള്ള അതിർവരമ്പും മേൽ പറഞ്ഞ ശ്വസന വ്യവസ്ഥയുടെ മുകൾ ഭാഗത്തെ അണുബാധയും താഴ് ഭാഗത്തെ അണുബാധയും തമ്മിലുള്ള വേർതിരിവും ഏതാണ്ട് ഒന്നാണ് എന്ന് തിരിച്ചറിയണം. അതായത് വൈറസ് നമ്മുടെ ശ്വസന വ്യവസ്ഥയുടെ മുകൾ ഭാഗത്ത് മാത്രം പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് വീട്ടിൽ ഇരിക്കാം. എന്നാൽ വൈറസിന്റെ ആക്രമണം ശ്വസന വ്യവസ്ഥയുടെ താഴ് ഭാഗത്തേക്ക് ഇറങ്ങി തുടങ്ങിയാൽ ഡോക്ടറെ കാണാനുള്ള സമയമായെന്ന് അർത്ഥം. ഇതിനോടാപ്പമോ ഇതിനു ശേഷമോ വൈറസ് മറ്റു അവയവങ്ങളേയും ആക്രമിക്കാം.

🔴ഈ വ്യത്യാസം സാധാരണക്കാരന് എങ്ങനെ മനസ്സിലാകും ?

🔹അതിന് വേണ്ടിയാണ് എല്ലാവരെയും കോവിഡിലെ അപകട സൂചനകൾ പഠിപ്പിച്ചു കൊടുക്കുന്നത്.

👉ശ്വാസം മുട്ട് അനുഭവപ്പെടുക
👉പൾസ് ഓക്സി മീറ്ററിൽ ഓക്സിജന്റെ അളവ് 94 ൽ കുറയുക
👉മിനുട്ടിൽ ശ്വാസോച്ഛാസത്തിന്റെ എണ്ണം ഇരുപതിൽ കൂടുക
തുടങ്ങിയവ അപകട ലക്ഷണങ്ങൾ ആണെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
👉ശ്വാസകോശം പോലെ മറ്റ് ഏത് പ്രധാന അവയവത്തെ കോവിഡ് ബാധിച്ചാലും അത് അപകട സൂചന ആകുന്നു.

🔹വീഡിയോയിലെ ചില പ്രസ്താവനകൾ കേൾക്കുമ്പോൾ എല്ലാ ന്യൂമോണിയയും വീട്ടിൽ വെച്ച് ചികിൽസിക്കാവുന്ന ഒന്നാണ് എന്ന് ജനം തെറ്റിദ്ധരിക്കാൻ വഴിയുണ്ട്. എന്നാൽ അങ്ങനെയല്ല. വിദഗ്ദ്ധരുടെ അഭിപ്രായമാരാഞ്ഞശേഷം മാത്രം എടുക്കേണ്ട തീരുമാനമാണത്. ജീവന് അപകടമില്ലെന്ന് ഉറപ്പു വരുത്തുകയും വീട്ടിൽ വെച്ച് നിരീക്ഷിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട മരുന്നുകളും കൃത്യമായി മനസ്സിലാക്കുകയും ചെയ്ത ശേഷം മാത്രമേ കോവിഡ് ന്യൂമോണിയ ഉള്ളവർ വീട്ടിൽ ചികിത്സ എടുക്കാൻ പാടുള്ളൂ. ഭൂരിപക്ഷത്തിനും ആശുപത്രി അഡ്മിഷൻ തന്നെ വേണ്ടി വരും.

🔴രണ്ടാമതായി ഓക്സിജൻ സാച്ചുറേഷനെ (oxygen saturation) കുറിച്ച് പറയുന്ന കാര്യങ്ങൾ:

🔹പൾസ് ഓക്സി മീറ്റർ വെച്ച് ഓക്സിജൻ അളവ് നോക്കാൻ സാധാരണക്കാരെ ഏൽപ്പിക്കേണ്ടി വരുന്നത് ഇപ്പോഴത്തെ അസാധാരണമായ സാഹചര്യം കൊണ്ടു മാത്രമാണ്. അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. ഒക്സിജൻ സാച്ചുറേഷൻ 94 ൽ താഴെ പോയാൽ അത് ആശുപത്രിയുമായി ബന്ധപ്പെടേണ്ട അളവാണ്. എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളിലും ഓക്സിജന്റെ അളവ് 90 ൽ താഴെ ആണെങ്കിൽ അതിഗുരുതരമായ കോവിഡായി ആണ് കണക്കാക്കുന്നത്. ഈ അവസരത്തിൽ ഏതെങ്കിലും ടെക്നിക്കുകളിലൂടെ ഓക്സിജൻ നോർമൽ ആകുമെന്ന് തെറ്റിദ്ധരിച്ചു സമയം നഷ്ടപ്പെടുത്തുന്നത് വലിയ സാഹസമാകും.

🔹കോവിഡ് രോഗികളിൽ ഗൃഹചികിത്സയാവാം എന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും, വളരെ ലഘുവായ ലക്ഷണങ്ങൾ മാത്രം ഉള്ളവർക്കും ആണ്. ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥയിലേക്ക് പോവുന്നവർ ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുകയാണ് നിലവിലെ നിർദ്ദേശ പ്രകാരം വേണ്ടത്.

🔴ഇനി പ്രസ്തുത വീഡിയോയിലെ മൂന്ന് "ടെക്നിക്കുകൾ" പരിശോധിക്കാം

1️⃣ആവി പിടിക്കുക
2️⃣പ്രോൺ പൊസിഷൻ (prone position)
3️⃣കപ്പിംഗ് ടെക്നിക് (cupping technique)

🔹എല്ലാ തരം ന്യുമോണിയകളും ശ്വാസകോശത്തെ ഒരേ രീതിയിലല്ല ബാധിക്കുക. ബാക്ടീരിയ മൂലം ഉണ്ടാവുന്ന ന്യുമോണിയകളിലാണ് പൊതുവിൽ കഫം കൂടുതലായി ഉണ്ടാവുക. കോവിഡ് പോലെയുള്ള വൈറൽ ന്യുമോണിയകളിൽ വരണ്ട ചുമയാണ് എന്നതിപ്പോൾ ഏവർക്കും അറിയാമല്ലോ.

🔹കോവിഡ് ന്യുമോണിയയിൽ ശ്വാസകോശത്തിൽ കഫം നിറയുന്നതും കെട്ടി കിടക്കുന്നതും അല്ല ഓക്സിജൻ അളവ് താഴെ പോകുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ കഫം കുറയ്ക്കാനും, അലിഞ്ഞ് ഇളകി പോരാനും ഒക്കെയുള്ള മാർഗ്ഗങ്ങൾ, കോവിഡ് ന്യൂമോണിയയിലെ പ്രധാന ചികിത്സ ആയി കാണാനും കഴിയില്ല.

1️⃣ആവി പിടിക്കുക -
ആവി പിടിക്കൽ മൂക്കടപ്പ്, സൈനസൈറ്റിസ്, ചുമ തുടങ്ങിയവക്കൊക്കെ ഗുണം ചെയ്യാം. പക്ഷേ ന്യൂമോണിയ പോലെ ഒരു രോഗാവസ്ഥയിൽ ആവി പിടിക്കുന്നതിലൂടെ എത്ര പ്രയോജനം കിട്ടുമെന്നത് സംശയമാണ്.

2️⃣പ്രോൺ പൊസിഷൻ -
ഇത് കോവിഡ് രോഗികളിൽ ശ്വാസതടസ്സം ഉണ്ടാവുമ്പോൾ അനുവർത്തിക്കാവുന്ന ഒരു ചികിത്സാ നടപടിക്രമം ആണ്.

❓️എന്നാൽ ഇത് എന്തിന്, എപ്പോൾ, എങ്ങനെയാണ് ഗുണം ചെയ്യുന്നത്?

കഫം കെട്ടിക്കിടന്ന് ശ്വാസകോശത്തിൽ തകരാറുകൾ ഉണ്ടാവുന്നത് തടയാനല്ല ഈ പ്രക്രിയ. ശ്വാസകോശത്തിലെ എല്ലായിടത്തുമായി വായൂ പ്രവാഹം ഏറ്റവും അനുഗുണമായ രീതിയിൽ ക്രമീകരിച്ചു ഗ്യാസ് എക്സ്ചേഞ്ച് ശരിയായി നടക്കാനാണിത് ചെയ്യുക.

❓️എപ്പോളാണിത് അനുവർത്തിക്കുന്നത്?

👉ഇതിനു ഏറ്റവും പ്രസക്തി ഉള്ളത്, കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഐ സി യു കളിലാണ്. വെന്റിലേറ്റർ ചികിത്സകളിൽ അടക്കം ഉപയോഗിക്കുന്നു.

👉വീട്ടിൽ ചികിത്സ എടുക്കുമ്പോൾ ചുമ, ചെറിയ തോതിൽ ശ്വാസം മുട്ട് തുടങ്ങിയ അനുഭവപ്പെടുന്നു, എന്നാൽ ഓക്സിജൻ അളവ് 94 ഇൽ കൂടുതൽ ഉണ്ടെങ്കിൽ.

👉കോവിഡ് ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്ത ശേഷം തുടരുന്ന ശ്വാസം മുട്ടിൽ

👉ശ്വാസതടസ്സം ഉണ്ടാവുകയും എന്നാൽ ആശുപത്രി ചികിത്സ ആ സമയത്ത് ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന കാലയളവിൽ.

എന്നാൽ കോവിഡ് ന്യുമോണിയയുള്ള രോഗിക്ക് വേണ്ടുന്ന പ്രധാന ചികിത്സ സ്റ്റിറോയിഡ് മരുന്നുകൾ, ഓക്സിജൻ തെറാപ്പി, വെന്റിലേറ്റർ ഉപയോഗയുക്തമാക്കിക്കൊണ്ടുള്ള ശ്വസന സപ്പോർട്ട് ഇത്യാദി ഒക്കെയാണ്. അതിന്റെ കൂടെ ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗം മാത്രമാണ് പ്രോൺ വെന്റിലേഷൻ.

അതായത് പ്രാധ്യാനം ഇല്ലെന്നല്ല, വീഡിയോയിൽ അവതരിപ്പിക്കുന്നത് പോലുള്ള അമിതപ്രാധാന്യം ഈ പ്രക്രിയയ്ക്കില്ല. ആശുപത്രിയിൽ പോയാലും ഇതൊക്കെ തന്നെയല്ലേ എന്നാൽ വീട്ടിൽ തന്നെ ഇരുന്നു ഈ വിദ്യ കൊണ്ട് ഓക്സിജൻ അളവ് കൂട്ടിക്കളയാം എന്ന് കരുതി ആശുപത്രി സഹായം തേടാൻ ആൾക്കാർ വിമുഖത കാട്ടിയാൽ അത് ചിലരുടെ കാര്യത്തിലെങ്കിലും അപകടകരമാവാം.

3️⃣"കപ്പിംഗ് ടെക്നിക് "

🔹കപ്പിംഗ് ടെക്നിക് എന്ന പേരിൽ പ്രതിപാദിക്കുന്നത് ചെസ്റ്റ് ഫിസിയോതെറാപ്പി (Respiratory / Chest Physiotherapy) യിലുള്ള സങ്കേതങ്ങളിൽ ഒന്നാണ്.

🔹ഇതും പ്രധാനമായി ശ്വാസകോശത്തിൽ പ്രത്യേക ഭാഗങ്ങളിൽ കഫം കെട്ടിക്കിടക്കുന്ന ചില രോഗാവസ്ഥകളിൽ ഉപയോഗിക്കുന്ന ഒന്നാണ്. കോവിഡ് ന്യുമോണിയയിൽ ഇതിന് എന്തെങ്കിലും പ്രാധാന്യമോ ആവശ്യകതയോ ഉണ്ടെന്നതിന് ആധികാരികമായ തെളിവുകൾ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തി നിർദ്ദേശിച്ചിട്ടില്ല.

🔹ഈ പ്രക്രിയ ചെയ്യേണ്ടത് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാണ്. ഗൃഹ ചികിത്സയിൽ ഐസൊലേഷനിൽ ഇരിക്കുന്ന ഒരു രോഗിക്ക് സ്വയം ചെയ്യാവുന്ന ഒരു പ്രക്രിയ അല്ല ഇത്.

🔹മറ്റൊരു പ്രധാന കാര്യം നെഞ്ചിനു മുകളിൽ ഉള്ള ഈ ശക്തമായ കൊട്ടൽ ചില ശാരീരികാവസ്ഥകളിൽ എങ്കിലും ചെയ്യാൻ പാടില്ല എന്നാണു ശാസ്ത്രം പറയുന്നത്. അത് കൊണ്ട് തന്നെ ചികിത്സിക്കുന്ന ഡോക്ടർ വിലയിരുത്തി നിർദ്ദേശിച്ചാൽ മാത്രമാണ് ഇത് ചെയ്യേണ്ടത്.

🔹ഇനി മറ്റുള്ളവർ ചേർന്ന് ഇത് രോഗിക്ക് ചെയ്തു കൊടുക്കാൻ ശ്രമിക്കുന്നതിലും അപകടം ഉണ്ട്, രോഗിയുടെ ചുറ്റിനും ഉള്ളവർക്ക് രോഗം പകരാനുള്ള സാധ്യത കൂടും എന്നാണ് കരുതുന്നത്.

ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെ അതും ഒരു മഹാമാരിയെ നേരിടുമ്പോൾ വസ്തുതകൾ അമിതമായി ലളിതവൽക്കരിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്നത് അപകടകരമാണ് എന്ന് മനസ്സിലാക്കണം. പ്രത്യേകിച്ചും ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥ പോലെ അത്യന്തം ഗുരുതരമായ അവസ്ഥകളിൽ ഒരാൾ ഇത്തരം പ്രക്രിയകൾക്ക് മുതിർന്നാൽ ഉണ്ടാകാവുന്ന അപകടം പറയേണ്ട കാര്യം ഇല്ലല്ലോ. അതേ പോലെ ശ്വാസകോശം ന്യൂമോണിയ വന്ന് വെളുത്തു പോയ സ്ഥിതിയിൽ നിന്ന് ലളിതമായ ടെക്‌നിക്കുകളിലൂടെ തിരിച്ചു സാധാരണ സ്ഥിതിയിലേക്ക് വരുമെന്ന് ഒരാൾ ധരിച്ചു പോയാൽ അതിനും കൊടുക്കുന്നത് വലിയ വില ആയിരിക്കും.

ജനങ്ങൾക്ക് കൊടുക്കുന്ന ഉപദേശങ്ങൾ സർക്കാർ നിർദ്ദേശങ്ങൾക്കും ശാസ്ത്രത്തിനും കടക വിരുദ്ധം ആകരുത്.

അനേകം പേരിലേക്ക് ഈ വീഡിയോ എത്തിയിട്ടുണ്ട്, വീഡിയോ പിൻവലിച്ചു ഒരു ക്ലാരിഫിക്കേഷൻ ഈ വിഷയത്തിൽ കൊടുക്കാൻ കഴിഞ്ഞാൽ പൊതു സമൂഹത്തിന് അത് ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു.

സസ്നേഹം ടീം ഇൻഫോ ക്ലിനിക്.






Respiratory Medicine Webinar
20/04/2021

Respiratory Medicine Webinar

Mother’s Day
21/03/2021

Mother’s Day

14/12/2020

Using to***co is a relationship killer 👎 Bad breath👎 Wrinkly skin 👎 Yellow teeth 👎 Dry skin Say NO To***co!
10/12/2020

Using to***co is a relationship killer

👎 Bad breath
👎 Wrinkly skin
👎 Yellow teeth
👎 Dry skin

Say NO To***co!

How to choose a face mask?
07/12/2020

How to choose a face mask?

FACE masks have now become a part of our attire or a mode of prevention. Wearing protective masks is not exactly a new trend. In some parts of the world

01/12/2020

Today is World AIDS Day.
Have you ever taken a HIV test?

If YES ➡️ Well done! Just remember to do it regularly!

If NO ➡️ What are you waiting for?

The best time to take a test in NOW. Early HIV diagnosis and testing are important to:
✅ start treatment and care if needed
✅ reduce infections
✅ reduce AIDS related deaths

Address

NMC Specialty Hospital, Abu Dhabi , UAE

Opening Hours

Monday 13:00 - 21:00
Tuesday 13:00 - 21:00
Wednesday 13:00 - 21:00
Thursday 13:00 - 21:00
Friday 09:00 - 17:00
Sunday 13:00 - 21:00

Telephone

+97126179523

Website

Alerts

Be the first to know and let us send you an email when Asthma & Allergy Doctor, Abu Dhabi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Asthma & Allergy Doctor, Abu Dhabi:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram