15/10/2022
*ആഗോള* *കൈകഴുകൽ* *ദിനം* -
*2022* *ഒക്ടോബർ* *15*
എല്ലാ വർഷവും ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനമായി ആചരിക്കുന്നു.
സോപ്പുപയോഗിച്ച് സ്ഥിരമായി ഇടയ്ക്കിടെ കൈകഴുകുന്ന ശീലം വളർത്തിയെടുക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.
'കൈകളുടെ ശുചിത്വത്തിനായി നമുക്കൊരുമിക്കാം' എന്നതാണ് ഈ വർഷത്തെ സന്ദേശം.
2008 ലാണ് ആഗോള കൈകഴുകൽ ദിനാചരണം ആരംഭിച്ചത്.
അന്നു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
സർക്കാർ - സർക്കാരിതര സ്ഥാപനങ്ങൾ എന്നിവ ഈ ദിനാചരണത്തിൽ പങ്കുചേരുന്നു.
ലോകാരോഗ്യ സംഘടനയും യൂണിസെഫും സംയുക്തമായി നയിക്കുന്ന 'ഹാൻഡ് ഹൈജിൻ ഫോർ ഓൾ ഗ്ലോബൽ ഇനിഷ്യേറ്റീവ് ' എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം നടത്തുന്നത്.
കൈകഴുകൽ പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാർഗ്ഗമാണ്.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകൾ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണം.
കൈകളുടെ ശുചിത്വം എങ്ങനെ ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് കൊവിഡ് 19 മഹാമാരി നമുക്ക് കാണിച്ചുതന്നു.
കൊവിഡ് 19നു പുറമെ ജലജന്യരോഗങ്ങളായ വയറിളക്കം, ഇ- കോളി, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ & ഇ, നോറോ വൈറസ് തുടങ്ങിയവ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ,വിരകൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിൽ കൈകഴുകലിന് വലിയ പങ്കുണ്ട്.
കൈകൾ സ്ഥിരമായി കഴുകുന്നതിലൂടെ
വയറിളക്കം മൂലം രോഗബാധിതരാകുന്ന ആളുകളുടെ ശതമാനം 23 മുതൽ 40 വരെയും ശ്വാസകോശ രോഗങ്ങൾ 16 മുതൽ 25 ശതമാനം വരെയും കുട്ടികളിലെ ഉദരരോഗങ്ങൾ 29 മുതൽ 57 ശതമാനം വരെയും കുറയ്ക്കാം.
ലോകത്ത് ഏകദേശം 1.8 മില്യൺ കുട്ടികൾ വയറിളക്കവും ന്യൂമോണിയയും മൂലം മരിക്കുന്നു. കൈകൾ ശുചിയാക്കുന്നത് മൂന്നിലൊന്ന് കുട്ടികളെ വയറിളക്കത്തിൽ നിന്നും അഞ്ചിലൊന്ന് കുട്ടികളെ ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
പലപ്പോഴും കൈകഴുകുന്നതിന്റെ പ്രാധാന്യം കണക്കിലെടുക്കാത്തത് പ്രധാന ഇടങ്ങളിൽ അതിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് കൂടിയാണ്.
ആഗോളതലത്തിൽ 300 കോടി ആളുകൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ല.
അവികസിത രാജ്യങ്ങളിലെ 75% ആളുകൾക്കും സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്‌ക്കിടെ കൈകഴുകുന്നതിനുള്ള സൗകര്യമില്ല.
സ്ഥിരമായി യുദ്ധം നടന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ഉള്ളവരും അഭയാർത്ഥിക്യാമ്പുകളിൽ കഴിയുന്നവരും ചേരി പ്രദേശങ്ങളിലും മറ്റും കഴിയുന്നവരുമായ ആളുകൾക്കാണ് കൂടുതലായി ഈ സൗകര്യങ്ങൾ ലഭ്യമല്ലാത്തത്.
*എന്തിന്* *കൈകൾ* *ശുചിയാക്കി* *വയ്ക്കണം* ?
കൈകൾ ശുചിയാക്കി വയ്ക്കുക എന്നത് സ്വയം അസുഖ ബാധിതരാകാതിരിക്കാനും മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പകർന്നു കൊടുക്കാതിരിക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ്.
ജലജന്യ രോഗങ്ങളുടെ പ്രധാന സ്രോതസ്സാണ് മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യം. വിസർജ്യത്തിലുള്ള ഈ അണുക്കൾ കൈകൾ വഴി മനുഷ്യ ശരീരത്തിൽ എത്തി വയറിളക്കം,ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് പുറമേ ഹാൻഡ്- ഫൂട്ട് -മൗത്ത് ഡിസീസ് പോലുള്ള രോഗങ്ങളും ഉണ്ടാകുന്നതിനു കാരണമാകുന്നു.
ശുചിമുറി ഉപയോഗിച്ചശേഷമോ ഡയപ്പർ മാറ്റിയതിനുശേഷമോ പച്ചമാംസം കൈകാര്യം ചെയ്തതിനു ശേഷമോ കൈകൾ വൃത്തിയാക്കാതിരുന്നാൽ ഇത്തരം രോഗാണുക്കൾ കൈകളിൽനിന്നും മനുഷ്യരുടെ ഉള്ളിൽ എത്താം.
ആളുകൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കാത്തതുമൂലം രോഗാണുക്കൾ പ്രവേശിച്ച ഏതെങ്കിലും വസ്തുക്കളിൽ മറ്റാരെങ്കിലും തൊടുക വഴിയും രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്താം. ഗോവണിയുടെ യുടെ കൈവരികൾ, മേശ,കസേര, കളിപ്പാട്ടങ്ങൾ,കമ്പ്യൂട്ടറുകൾ, വാതിലിന്റെ പിടി ,താക്കോൽ മുതലായവ വഴി രോഗാണുക്കൾ പകരുന്നതിനുള്ള സാധ്യത കൂടുതലാണ് . കണ്ണുകൾ, മൂക്ക് ,വായ എന്നിവിടങ്ങളിൽ സ്പർശിച്ചു കൊണ്ടിരിക്കുന്ന ശീലം പലർക്കുമുണ്ട് .
ഇവ വഴിയും രോഗാണുക്കൾ ഉള്ളിലെത്താം. കൈകൾ വൃത്തിയാക്കാതെ ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതുമൂലം രോഗാണുക്കൾ ഭക്ഷണത്തിലെത്തുകയും ആളുകളെ രോഗികളാക്കുകയും ചെയ്യാം.
*നിർബന്ധമായും* *കൈകൾ* *കഴുകേണ്ടത്* *എപ്പോഴെല്ലാം* ?
-ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും
-ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും
- രോഗികളെ പരിചരിക്കുന്നതിനു മുൻപും ശേഷവും
- മുറിവുണ്ടായാൽ അത് പരിചരിക്കുന്നതിനു മുൻപും ശേഷവും
- കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പർ മാറ്റിയ ശേഷം
-മലമൂത്ര വിസർജ്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിനു ശേഷം
- ശുചിമുറി ഉപയോഗിച്ചതിനു ശേഷം
- മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം, മറ്റു വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുക എന്നിവയ്ക്ക് ശേഷം
-മാലിന്യങ്ങൾ കൈകാര്യം ചെയ്തതിന് ശേഷം
-കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമക്കുകയോ ചെയ്തതിനു ശേഷം
ദിനാചരണത്തിന്റെ ഭാഗമായി മറ്റു ബോധവത്ക്കരണ പ്രവർത്തനങ്ങളോടൊപ്പം സംസ്ഥാനത്തെ അംഗൻവാടികളിലും സ്‌കൂളുകളിലും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
കൈ കഴുകുന്നത് ഒരു ശീലമാക്കുക...
രോഗങ്ങൾ പ്രതിരോധിക്കുക...