23/09/2025
പഠിക്കുന്നത് പെട്ടെന്ന് മറന്ന് പോകുന്നുണ്ടോ? എങ്ങനെ പഠിപ്പിച്ചിട്ടും മനസ്സിലാവാത്തത് എന്തുകൊണ്ടാണ് ? കാരണങ്ങളെക്കുറിച്ച്
പ്രശസ്ത ചൈൽഡ് സൈക്കോളജിസ്റ്റ് പറയുന്നത് ശ്രദ്ധിക്കൂ.....
അക്ഷരങ്ങൾ പെട്ടെന്ന് മറന്നു പോകുക, ചിഹ്നങ്ങൾ കൂട്ടിച്ചേർത്ത് വായിക്കേണ്ടത് എങ്ങനെയെന്നത് മറന്നുപോവുക, എത്ര പഠിപ്പിച്ചിട്ടും വീണ്ടും തെറ്റി പോവുക, എന്നതൊക്കെ ഓർമ്മക്കുറവ് ( memmory problem) ആണ് എന്ന നിഗമനത്തിലേക്ക് എത്താൻ വരട്ടെ. ഇത് പഠന വൈകല്യത്തിന്റെ ലക്ഷണങ്ങളും ആവാം. എന്നാൽ എല്ലായ്പ്പോഴും അങ്ങനെ ആവണം എന്നുമില്ല. കുട്ടികളിൽ ഓർമ്മക്കുറവ് ഉണ്ടാക്കുന്ന പല ഘടകങ്ങളും ഉണ്ട്.
1. വികസന കാലതാമസം (developmental delay)
2.ശ്രദ്ധാവൈകല്യം (ADHD)
3. ഉൽക്കണ്ട, പിരിമുറുക്കം ( anxiety, stress)
4. ഉറക്കക്കുറവ്, ക്ഷീണം
5. പഠന രീതിയിലുള്ള മാറ്റങ്ങൾ
6. പഠന വൈകല്യം
(Learning disability)
പഠന വൈകല്യവും മെമ്മറി പ്രശ്നങ്ങളും പഠനത്തിലും ദൈനംദിന ജീവിതത്തിലും മികവ് കാണിക്കാനുള്ള കുട്ടിയുടെ കഴിവിനെ ബാധിക്കും. ഇത്തരമൊരു കുട്ടിയെ കണ്ടെത്തിയാൽ അവരിലെ പ്രശ്നങ്ങൾ മനസ്സിലാക്കി ശരിയായ രീതിയിൽ അവരെ സപ്പോർട്ട് ചെയ്ത് അവരുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ നേരത്തെ നാം ശ്രമിക്കേണ്ടതുണ്ട്. കാരണം ഓരോ വർഷം കഴിയുന്തോറും ഈ പ്രശ്നങ്ങൾ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതം കൂടിക്കൂടി വരുന്നു. അതായത് അവരുടെ പഠന വിടവ് കൂടിക്കൂടി വരികയും അവരുടെ ആത്മവിശ്വാസം കുറഞ്ഞു പോകാൻ ഇടയാവുകയുംചെയ്യുന്നു.
*ഇനി എന്താണ് പഠന വൈകല്യം എന്ന്നോക്കാം.*
പഠിക്കാനും വിവരങ്ങൾ പ്രോസസ് ചെയ്യാനും ഓർമ്മിക്കാനും ഉള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ആണ് പഠനവൈകല്യം. പലതരത്തിലുള്ള പഠന വൈകല്യങ്ങൾ നമുക്ക് കാണാം. വായിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടാകുന്ന പ്രയാസത്തെ അല്ലെങ്കിൽ വൈകല്യത്തെ ഡിസ്ലെക്സിയ(dyslexia )എന്നാണ് പറയുന്നത്. ഇത്തരം കുട്ടികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയുക, അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കുക, വായിച്ച കാര്യങ്ങൾ മനസ്സിലാക്കുക എന്നതൊക്കെ പ്രയാസമായിരിക്കും. അക്ഷരങ്ങൾ മാറിപ്പോകുന്നതും, എഴുതുമ്പോൾ തല തിരിഞ്ഞു പോകുന്നതും, ഊഹിച്ചു വായിക്കുന്നതും, വായിച്ച വാക്യങ്ങൾ മനസ്സിലാക്കാനുള്ള പ്രയാസങ്ങളും എല്ലാം ഡിസ്ലെക്സിയയുടെ ലക്ഷണങ്ങളാണ്.
രണ്ടാമതായി, എഴുത്തുമായി ബന്ധപ്പെട്ട പ്രയാസങ്ങളെ ഡിസ്ഗ്രാഫിയ (dysgraphia)എന്ന് വിളിക്കുന്നു. ഇവിടെ പെൻസിൽ ശരിയായി പിടിക്കാനുള്ള ബുദ്ധിമുട്ട്, അക്ഷരങ്ങൾ നോക്കി എഴുതാനുള്ള പ്രയാസം, വൃത്തിയായി എഴുതാനുള്ള പ്രയാസം, വരിയിൽ എഴുതാനുള്ള പ്രയാസം, അക്ഷരങ്ങൾ തമ്മിലുള്ള വലിപ്പ വ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടേക്കാം.
മൂന്നാമതായി ഗണിതപരമായ കണക്കുകൂട്ടലുകളും മറ്റിലും ഉള്ള പ്രയാസത്തെ ഡിസ്കാൽകുലിയ(dyscalculia )എന്നാണ് പറയുന്നത്. ഇവിടെ സംഖ്യകളെ കുറിച്ചുള്ള ധാരണ, എണ്ണാനുള്ള ബുദ്ധിമുട്ട്, ചെറിയ സംഖ്യകൾ പോലും കൂട്ടാനും കുറയ്ക്കാനും ഉള്ള പ്രയാസം, സ്ഥാനവില മനസ്സിലാക്കാനുള്ള പ്രയാസം മുതലായ പ്രശ്നങ്ങൾ കാണാം.
ചില കുട്ടികളിൽ ഈ മൂന്നു പ്രശ്നങ്ങളുമാണ്(dyslexia, dysgraphia, dyscalculia ) ഒരുമിച്ചു വരാറുണ്ട്. അതായത് കുട്ടിക്ക് വായന വൈകല്യം, രചന വൈകല്യം, ഗണിതപരമായ വൈകല്യം ഇവ മൂന്നും ഒരുമിച്ചും കാണാം.
*മെമ്മറി പ്രശ്നങ്ങൾ*
പഠന വൈകല്യത്തിന്റെ പൊതുവായ ഒരു സ്വഭാവമാണ് മെമ്മറി പ്രശ്നങ്ങൾ. പഠന വൈകല്യമുള്ള കുട്ടികളിൽ താഴെപ്പറയുന്ന രീതിയിലുള്ള മെമ്മറി പ്രശ്നങ്ങൾ കാണിക്കാറുണ്ട്.
*ഷോർട്ട് ടെം മെമ്മറി പ്രശ്നങ്ങൾ*
അപ്പപ്പോൾ കേട്ടതും കണ്ടതുമായ കാര്യങ്ങൾ ഓർത്തു വെക്കാനുള്ള പ്രശ്നമാണിത്. അതായത് ഒരു കുറഞ്ഞ കാലയളവിൽ കാര്യങ്ങൾ ഓർമിച്ചു വയ്ക്കാനുള്ള കഴിവ് കുറവ്.
ലോങ്ങ് മെമ്മറി പ്രശ്നങ്ങൾ
കാര്യങ്ങൾ ദീർഘകാലത്തേക്ക് ഓർത്തുവയ്ക്കാനുള്ള പ്രശ്നമാണ് ലോങ്ങ് ടേം മെമ്മറിയിലെ പ്രശ്നങ്ങൾ.
*വർക്കിംഗ് മെമ്മറി പ്രശ്നങ്ങൾ*
വിവരങ്ങൾ സൂക്ഷിച്ചുവെച്ച് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്. ഉദാഹരണത്തിന് ഒരു രണ്ട് നമ്പർ കുട്ടിയോട് പറഞ്ഞു കഴിഞ്ഞാൽ അത് രണ്ടും ഓർത്തുവെച്ച് മനസ്സിൽ കണക്ക് കൂട്ടി ഉത്തരം പറയുവാനുള്ള ബുദ്ധിമുട്ട്.
*മെമ്മറി മെച്ചപ്പെടുത്താനുള്ള ചില തന്ത്രങ്ങൾ*
👉വിവരങ്ങൾ ചെറിയ ഭാഗങ്ങൾ ആക്കി പഠിക്കുക
👉ചിത്രങ്ങൾ,
ഡയഗ്രം പോലെയുള്ള വിഷ്വലൈഡ് ഉപയോഗിക്കുക
👉ആവർത്തനവും നിരന്തര പരിശീലനവും
👉 സമയക്രമം കൊണ്ടുവരാനും കൃത്യമായി പാലിക്കാനും പരിശീലിക്കുക
👉കാറ്റഗറി ആയും ലിസ്റ്റായും വിവരങ്ങളെ സ്ട്രക്ചർ ആക്കി മാറ്റി ഓർഗനൈസ് ചെയ്തു പഠിക്കുക
👉🏻അസോസിയേഷൻ: പുതിയ വിവരങ്ങൾ പഴയ വിവരങ്ങളുമായി കണക്ട് ചെയ്ത് പഠിക്കുക
👉പഠിച്ച കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുക
👉സ്ട്രെസ് കുറക്കുക
👉കൃത്യമായി ഉറങ്ങുക
പഠന പ്രയാസവും മെമ്മറി പ്രശ്നങ്ങളും പോലെയുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ശരിയായ പിന്തുണയും സഹായവും നൽകി അതുകൊണ്ടുണ്ടാകുന്ന പ്രയാസങ്ങളെ മറികടക്കാൻ ആവും. എത്രയും നേരത്തെ കണ്ടെത്തി പിന്തുണയും പരിശീലനവും മാനസിക ആരോഗ്യവും കൊടുക്കാൻ പാരന്റ്സ് ശ്രദ്ധിക്കുക.
Ramlas Blossom
Consultant
Child Psychologist
Counselor & Special Educator