28/01/2022
#കുട്ടികളിലെ_കാഴ്ചവൈകല്യങ്ങൾ
കണ്ണുണ്ടായാൽ പോരാ കാണണം എന്നാണല്ലോ പറയുക. ജീവിതകാലം മുഴുവൻ തെളിഞ്ഞ കാഴ്ച നിലനിർത്താൻ ബാല്യംമുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. തലവേദന, കോങ്കണ്ണ്, പഠന പിന്നാക്കാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ കുട്ടികൾക്ക് കാഴ്ചവൈകല്യങ്ങളില്ലെന്നാണ് വിദ്യാസമ്പന്നരായ രക്ഷിതാക്കൾപോലും കരുതുക. അതിനാൽ അധ്യാപകരോ ചിലപ്പോൾ കുട്ടിതന്നെയോ ശ്രദ്ധയിൽപ്പെടുത്തുംവരെ കാഴ്ചവൈകല്യങ്ങൾ വീടുകളിൽ തിരിച്ചറിയാറില്ല. ഇത് ഒഴിവാക്കാൻ വിദ്യാലയപ്രവേശന ഘട്ടത്തിൽത്തന്നെ കുട്ടികളുടെ കാഴ്ച പരിശോധിക്കേണ്ടതാണ്.
അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ളപ്പോൾ കാഴ്ചക്കുറവ് കണ്ടുപിടിക്കാനായാൽ കണ്ണാടി ഉപയോഗിച്ച് പൂർണമായി പരിഹരിക്കാം. 10 വയസ്സുകഴിഞ്ഞാൽ തലച്ചോറ് കാഴ്ചക്കുറവ് ഉൾക്കൊള്ളുകയും കണ്ണ് ’ലേസി’യാവുകയും ചെയ്യും. ആംപ്ലിയോപ്പിയ എന്നാണ് ഇതിനെ പറയുന്നത്. പിന്നീട് കണ്ണാടികൊണ്ടും പൂർണമായ കാഴ്ച ലഭിക്കില്ല. ചെറിയ പ്രായത്തിൽത്തന്നെ കണ്ണട ഉപയോഗിക്കുന്ന കുട്ടികളിൽ 90 ശതമാനത്തിനും അതു ജീവിതകാലം മുഴുവൻ തുടരേണ്ടിവരാറുണ്ട്.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ കുട്ടികളിലാണ് പവർ പ്രശ്നങ്ങൾ കൂടുതലുള്ളത്. പുറംലോകത്തേക്കുള്ള കാഴ്ച കുറയുന്നതുതന്നെയാണ് പ്രധാന കാരണം. വായന, മൊബൈൽ ഫോൺ, കംപ്യൂട്ടർ ഗെയിം, ടി.വി.കാണൽ തുടങ്ങിയവയിൽ കൂടുതൽ വ്യാപരിക്കുന്ന കുട്ടികൾക്ക് ക്രമേണ ദൂരക്കാഴ്ച കുറയുന്നതായി കണ്ടുവരുന്നുണ്ട്. മയോപ്പിയ എന്നാണിത് അറിയപ്പെടുന്നത്. കണ്ണുകൾക്ക് ആയാസം കുറവുള്ളത് ദൂരക്കാഴ്ചകൾ കാണുമ്പോഴാണ്. ഇലക്‌ട്രോണിക് ഗാഡ്‌ജറ്റുകൾ വൈകല്യത്തിനു കാരണമാകുന്നില്ലെങ്കിലും ജന്മനാ ഹ്രസ്വദൃഷ്ടിയുള്ള കുട്ടികളിൽ അതു കൂടാൻ ഇടയാക്കും. എന്നാൽ മൊബൈൽ ഫോൺ ദീർഘനേരം ഉപയോഗിക്കുന്നത് കണ്ണിലെ കാൻസറിനു കാരണമാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല.
ചില കുട്ടികൾക്ക് ഒരു കണ്ണിന് പൂർണകാഴ്ചയുണ്ടാവും. രണ്ടാമത്തേത് ഭാഗികമായി മാത്രമേ കാണുന്നുണ്ടാവൂ. പക്ഷേ, അത് തിരിച്ചറിയപ്പെടില്ല. ഇതുവഴി വൈകല്യാവസ്ഥ ഗുരുതരമാവുകയും രണ്ടാമത്തെ കണ്ണിന്റെ കാഴ്ച പരമാവധി കുറയുകയും ചെയ്യും. ഇതു മനസ്സിലാക്കാൻ ഒരു കണ്ണ് അടച്ചുകൊണ്ട് ദൂരേക്കുനോക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. ചിലരിൽ കോങ്കണ്ണാണ് കാഴ്ചക്കുറവുണ്ടാക്കുന്നത്. ഇത് 80 ശതമാനവും കണ്ണടകൊണ്ട് പരിഹരിക്കാം. അപൂർവമായേ ശസ്ത്രക്രിയ വേണ്ടിവരാറൂള്ളൂ.
മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിൽ കണ്ണിന്റെ ഞരമ്പിനു പൂർണവളർച്ച എത്തിയിട്ടുണ്ടാവില്ല. ഇതിനെ ആർ.ഒ.പി. (റെറ്റിനോപ്പതി ഓഫ് പ്രിമെച്ചുരിറ്റി) എന്നാണ് അറിയപ്പെടുന്നത്. അത്തരം സന്ദർഭങ്ങളിൽ വൈകാതെ ലേസർ ചികിത്സ വേണ്ടിവരും. ആധുനിക ചികിത്സാസൗകര്യങ്ങൾ വന്നതോടെ മാസംതികയാതെ പ്രസവിക്കുന്ന കുട്ടികളുടെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. അതിനാൽ ആർ.ഒ.പി.യുടെ എണ്ണവും കൂടി. ജന്മനാ തിമിരമുള്ള കണ്ണുകൾക്ക് ഉടൻതന്നെ ശസ്ത്രക്രിയ ചെയ്യണം. വൈകിയാൽ കാഴ്ച തിരിച്ചുകിട്ടില്ല. കണ്ണിൽ കാൻസറു(റെറ്റിനോ പ്ലാസ്റ്റോമ)മായി
ജനിക്കുന്ന കുഞ്ഞുങ്ങളുമുണ്ട്. വിരളമാണെന്നുമാത്രം.
അടുത്തുപോയിനിന്നുള്ള ടി.വി.കാണൽ, പുസ്തകം ചേർത്തുപിടിച്ചുള്ള വായന, തുടർച്ചയായ ഇമവെട്ടൽ, കണ്ണുകൾ ചുരുക്കിയുള്ള നോട്ടം, സ്ഥിരമായ തലവേദന എന്നിവയൊക്കെ പവർ വ്യത്യാസത്തിന്റെ ലക്ഷണമാണ്. പിഞ്ചുകുഞ്ഞുങ്ങളെ ശബ്ദമുള്ള കളിപ്പാട്ടങ്ങൾകൊണ്ടാണ് വീടുകളിൽ കളിപ്പിക്കുക. അതിനാൽ കാഴ്ച കുറവാണെങ്കിലും കുട്ടി ശബ്ദംകേട്ട ഭാഗത്തേക്കുനോക്കും. ഇതുമൂലം കാഴ്ചക്കുറവ് തിരിച്ചറിയില്ല.
മൂന്നുമാസം പ്രായമാകുമ്പോൾമുതൽ അമ്മയോടുള്ള ചിരി, നിറമുള്ള വസ്തുക്കളിലേക്കുള്ള നോട്ടം, അതു മാറ്റുമ്പോൾ കണ്ണുകൾക്കുണ്ടാകുന്ന ചലനം, പരിചയക്കാരോടുള്ള ആഹ്ലാദപ്രകടനം, അവരെ തിരിച്ചറിയൽ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. പലപ്പോഴും കുഞ്ഞുങ്ങൾ മുകളിലേക്കു നോക്കിക്കിടക്കുകയാവും. ഇതു ഫാനിലേക്കുള്ള നോട്ടമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
വർണാന്ധതയും ചിലരിൽ ജന്മനാ ഉണ്ടാകാറുണ്ട്. ആൺകുട്ടികളിലാണിതു കൂടുതൽ കണ്ടുവരുന്നത്. ചികിത്സിച്ചുഭേദമാക്കാനാകില്ല. അന്തരീക്ഷ മലിനീകരണംമൂലം കണ്ണുകൾക്കു ചൊറിച്ചിലും വെള്ളമെടുപ്പും അസ്വസ്ഥതയും ചുവപ്പുമൊക്കെ ഉണ്ടാകുന്നത് അലർജിയുടെ ലക്ഷണങ്ങളാണ്. ഇടയ്ക്കിടെ ശുദ്ധജലംകൊണ്ട് മൃദുവായി കണ്ണുകൾ കഴുകുന്നത് ഇതിന് ആശ്വാസം പകരും. പൊതുസ്ഥലങ്ങളിൽ ഇടപെടുമ്പോൾ കൈകൾകൊണ്ട് കണ്ണുകൾ തിരുമുന്നത് ഒഴിവാക്കണം. ചെങ്കണ്ണുപോലെയുള്ള രോഗങ്ങൾ വരാതിരിക്കാൻ ഇതു സഹായിക്കും.
ടി.വി.കാണുമ്പോൾ സ്ക്രീൻ വലുപ്പത്തിന്റെ ഏഴുമടങ്ങ് ദൂരെയിരിക്കാൻ ശ്രദ്ധിക്കണം. എൽ.സി.ഡി.സ്ക്രീനുകളാണെങ്കിൽ മൂന്നുമടങ്ങ് ദൂരമായാലും മതി. സോഫയിൽ ചരിഞ്ഞിരുന്നും കിടന്നുമൊക്കെ കാണുന്നത് ആയാസം വർധിപ്പിക്കുന്നതിനൊപ്പം അസ്റ്റിഗ്‌മാറ്റിസംപോലുള്ള കാഴ്ചവൈകല്യങ്ങൾക്കും കാരണമാകുന്നു.നേത്രാരോഗ്യസംരക്ഷണത്തിന് ഉത്തമം പച്ചക്കറികളാണ്. ചീര, മുരിങ്ങയില, കാരറ്റ്, പുഴമീൻ എന്നിവയും ഫലപ്രദം. മീനുകൾ കറിവെച്ചുകൂട്ടുന്നതാണ് നല്ലത്.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. അനീഷ് മാധവൻ