27/07/2020
കോവിഡ് കാലഘട്ടത്തിൽ വീടുകൾ പുകവലി വിമുക്തമാക്കേണ്ടതിന്റെ ആവശ്യകത
ജീവിതത്തിൽ ഒരിക്കൽ പോലും പുകവലിക്കാത്ത ധാരാളം സ്ത്രീകളും കുട്ടികളും പലവിധ പുകയിലജന്യ രോഗങ്ങൾ മൂലം കഷ്ടപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നു. വീട്ടിലും ജോലിസ്ഥലത്തും യാത്രാവേളകളിലും തങ്ങളുടെ തന്നെ ഉറ്റവരും സഹപ്രവർത്തകരും വലിക്കുന്ന സിഗററ്റ് ബീഡി എന്നിവയിൽ നിന്നുയരുന്ന പുക ശ്വസിക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും എത്രത്തോളം ഹാനികരമാണെന്ന് നോക്കാം.
മറ്റുള്ളവരുടെ പുകവലിപ്പുക ശ്വസിക്കുന്നത് മൂലം സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ തരം കാൻസറും ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത 30% മുതൽ 60% വരെ അധികമാണ്. ഗർഭിണികളാണ് കൂടുതൽ കഷ്ടപ്പെടുന്നത്. അവർക്ക് ഗർഭം അലസൽ, മാസം തികയാത്ത പ്രസവം, ഭാരം കുറഞ്ഞ കുട്ടികളുടെ ജനനം എന്നിവയ്ക്ക് കാരണമാകുന്നു. കുട്ടികൾക്കാണെങ്കിൽ വിട്ടുവിട്ടുള്ള ശ്വാസകോശ രോഗങ്ങൾ, ശ്വാസം മുട്ടൽ, ചെവി പഴുപ്പ്, ബുദ്ധിമാന്ദ്യം എന്നിവയുണ്ടാകും. ഇവർക്ക് കോവിഡ്-19 ബാധിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. കോവിഡ് രോഗം ബാധിച്ചാൽ സങ്കീർണതകളും മരണവും രണ്ടിരട്ടിയിലധികമായിരിക്കും.
കോവിഡ് കാലഘട്ടത്തിൽ വിടുകളിലെ പുകവലി പൂർണ്ണമായി ഒഴിവാക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് നോക്കാം.
ഇപ്പോൾ കുടുംബാംഗങ്ങൾ എല്ലാം കൂടുതൽ സമയം വീടുകളിൽ കഴിയുന്ന സ്ഥിതിയാണുള്ളത്. ഇവരിൽ ആരെങ്കിലും ഒരാൾ പുകവലിച്ചാൽ അത് എല്ലാവരേയും ബാധിക്കുകയും എല്ലാവർക്കും കോവിഡ് വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ആരോഗ്യപ്രവർത്തകരിൽ 70%ത്തോളം പേരും സ്ത്രീകളാണ്. ഇവർ ആശാ പ്രവർത്തകർ, പൊതു ജനാരോഗ്യ നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നീ നിലകളിൽ ജോലി ചെയ്യുന്നു. ഇവർക്കെല്ലാം കോവിഡ്-19 വരാനുള്ള സാദ്ധ്യത കൂടുതലാണ്. ഇവർ വീട്ടിലെത്തുമ്പോൾ അവിടെ പുകവലിക്കുന്നവരുണ്ടെങ്കിൽ പുകവലിപ്പുക ശ്വസിക്കേണ്ടി വരുകയും കോവിഡ് ഉണ്ടാകാനുള്ള സാദ്ധ്യത വീണ്ടും വർദ്ധിക്കുകയും ചെയ്യുന്നു.
വീട്ടിൽ നിരീക്ഷണത്തിൽ (quarantine) കഴിയുന്നവരുണ്ടെങ്കിൽ പുകവലിപ്പുക അവരേയും പ്രതികൂലമായി ബാധിക്കും. കൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവർ പുകവലിച്ചാൽ അവർക്ക് രോഗസാധ്യത വർധിക്കും; രോഗത്തിന്റെ കാഠിന്യം 300% ത്തോളവും മരണ സാദ്ധ്യത 200% ത്തോളവും വർദ്ധിക്കും.
വീടുകളിൽ റിവേഴ്സ് നിരീക്ഷണത്തിൽ കഴിയുന്ന 65 വയസ്സ് കഴിഞ്ഞവരുണ്ടെങ്കിൽ അവർക്കും കോവിഡ് രോഗസാധ്യത വർധിക്കും.
ആയതിനാൽ സ്ത്രീകളേയും കുട്ടികളേയും പുകവലിക്കാത്ത പുരുഷന്മാരേയും വീട്ടിൽ പുകവലിപ്പുകയിൽ നിന്നും സംരക്ഷിക്കേണ്ടത് കൊറോണ വൈറസ് പകരാതിരിക്കാനും അതിന്റെ സങ്കീർണതകൾ ഒഴിവാക്കാനും അത്യാവശ്യമാണ്. ഇതിനായി "പുകവലി രഹിത ഭവനം" എന്ന ആശയം നടപ്പിലാക്കേണ്ടതാണ്. ഇതിന് എന്തു ചെയ്യണം.
പുകവലിക്കുന്നവർ ഉടൻ തന്നെ പുകവലി നിറുത്തേണ്ടതുണ്ട്. ഇതിനായി സ്ത്രീകളും കുട്ടികളും അവരെ നിർബന്ധിക്കണം. മാത്രമല്ല, അനുകൂലമായ സാഹര്യമൊരുക്കുകയും ആവശ്യമായ സഹായം ചെയ്യുകയും വേണം.
പുകവലി ഉപേക്ഷിക്കുന്നില്ലായെങ്കിൽ "വീട്ടിനുള്ളിൽ പുകവലി പാടില്ല" എന്ന നിബന്ധന കൊണ്ടുവരാൻ സ്ത്രീകൾ മുൻകൈയ്യെടുക്കണം. ഇതിന് പുകവലിക്കുന്നവരുടെ സഹകരണം അഭ്യർത്ഥിക്കുക. അവർ അത്യാവശ്യ ഘട്ടത്തിൽ വീടിന് പുറത്ത് പോയി പുകവലിച്ചശേഷം കുറച്ചു കഴിഞ്ഞ് കൈയ്യും മുഖവും കഴുകി വൃത്തിയാക്കിയ ശേഷം മാത്രം വീട്ടിൽ വരാൻ അഭ്യർത്ഥിക്കുക.
കാറിനുള്ളിലും കുട്ടികൾ അടുത്ത് ഉള്ളപ്പോഴും പുകവലിക്കാതിരിക്കാൻ ആവശ്യപ്പെടുക.
അഥിതികൾ വീട്ടിൽ വരുമ്പോൾ അവരോടും വീട്ടിനുള്ളിൽ പുകവലിക്കാതിരിക്കാൻ അഭ്യർത്ഥിക്കുക.
പുകവലി കാണപ്പെടുന്ന പൊതു സ്ഥലങ്ങളിൽ പോകാതിരിക്കാനും കുട്ടികളെ അവിടെ കൊണ്ടു പോകാതിരിക്കാനും ശ്രദ്ധിക്കുക.
പുകവലി അനുവദിക്കുന്ന കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങൾ ഒഴിവാക്കുക.
പുകവലിക്കാർ ശ്രദ്ധിക്കുക. താങ്കളുടെ പുകവലി താങ്കളുടെ തന്നെ പ്രീയപ്പെട്ടവർക്ക് കോവിഡ് വരാൻ കാരണമാകാതിരിക്കട്ടെ.