09/05/2020
* പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തുന്ന ഗർഭിണികൾക്ക് *
പ്രവാസ ജീവിതത്തിന്റെ ദുരിതങ്ങളിൽ നിന്ന് മാതൃദേശത്തിൻറെ സുരക്ഷിതത്വത്തിലേക്ക് ഏറെ പ്രതീക്ഷകളോടെ കടന്നു വരുന്നവരാണവർ.
അവരിൽ മിക്കവർക്കും കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി യാതൊരു പരിശോധനയും നടത്തിയിട്ടുണ്ടാവില്ല. ലോക്ക് ഡൌണിലായിരുന്ന സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ ആയിരിക്കുമല്ലോ മടങ്ങിയെത്തുന്നത്.
അവിടെ അനുഭവിച്ച യാതനകളിൽ നിന്ന് രക്ഷ തേടി സ്വദേശത്തേക്ക് എത്തുന്ന മറുനാടൻ മലയാളികളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ നമുക്കാകണം. പ്രവാസ ജീവിതത്തിന് ഇടയിൽ, അല്ലെങ്കിൽ തിരികെയുള്ള യാത്രയിൽ അവരിൽ കടന്നു കൂടിയ കൊറോണയെ നമുക്ക് അകറ്റി നിർത്താം. കൊറോണ ഒഴിഞ്ഞു പോകുന്നതു വരെ ശാരീരിക അകലം പാലിക്കാം. പ്രവർത്തികൾ കൊണ്ടും, മനസ്സു കൊണ്ടും, ചിന്തകൾ കൊണ്ടും ഒപ്പം നിൽക്കാം. സേവനങ്ങൾ കൊണ്ട് കൈത്താങ്ങാകാം
ആശുപത്രികളിൽ, ക്ലിനിക്കുകളിൽ ഒക്കെ കാത്തിരുന്നിട്ടും ഡോക്ടറെ കാണാൻ കഴിയാതുരുന്ന ദുരവസ്ഥ സ്വദേശത്ത് അവർക്ക് ഉണ്ടാകരുത്. യഥാ സമയം പരിശോധനകൾ ചെയ്യാൻ കഴിയാതിരുന്ന, സ്കാൻ ചെയ്യാൻ സമയം കഴിഞ്ഞിട്ടും കുഞ്ഞിൻറെ ആരോഗ്യ നില അറിയാൻ കഴിയാതിരുന്ന മാനസിക ക്ലേശവും അവർക്കിനി ഉണ്ടാകരുത്. അതിനു വേണ്ടുന്ന സൌകര്യം നമുക്ക് അവർക്കായി ഒരുക്കാം.
കുറെ ഏറെ ആൾക്കാർ ഒരുമിച്ച് തിരികെ എത്തുകയാണ് .അതു കൊണ്ടുതന്നെ ചില കാര്യങ്ങളിൽ അല്പസ്വല്പം താമസം നേരിട്ടേക്കാം. എന്നിരുന്നാലും അടിയന്തിര ചികിത്സ വേണ്ടി വന്നാൽ, അത് ലഭ്യമാക്കുന്നതിൽ ഇവിടുത്തെ സർക്കാരും ആരോഗ്യ പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണ്.
ഒപ്പം തിരികെ എത്തുന്ന പ്രവാസി സുഹൃത്തുക്കളുടെ മനസ്സിലും ഒരു കരുതലുണ്ടാകണം. . . .
മറു നാട്ടിൽ വച്ചോ മടക്കയാത്രക്കിടയിലോ രോഗബാധിതരുമായി സമ്പർക്കമുണ്ടായാൽ നിങ്ങളറിയാതെ തന്നെ ഒരു പക്ഷേ കൊറോണ വൈറസ് ശരീരത്തിൽ കടന്നിരിക്കാം.
നിങ്ങളുടെ വീട്ടു കാരും നാട്ടുകാരും നിങ്ങൾക്ക് ഏറെ വേണ്ടപ്പെട്ടവരാണ്. നിങ്ങളിലൂടെ അവരിൽ ഒരാളിനു പോലും കോവിഡ് രോഗം വരരുത്. താനറിയാതെ വഴി യാത്രക്കിടയിൽ കടന്നു കൂടിയ കൊറോണ ഒഴിഞ്ഞു പോകുന്നതു വരെ സമ്പർക്ക വിലക്കിൽ തുടരണം. ശാരീരിക അകലം പാലിക്കണം. മഹാമാരിയിൽ നിന്ന് ജന്മ നാടി നെ സംരക്ഷിക്കാൻ നമുക്ക് ഒന്നായി പൊരുതാം
ക്വാറൻ്റൈൻ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
👉 അടിയന്തിര സാഹചര്യമില്ലെങ്കിൽ ക്വാറൻ്റൈൻ സമയത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കുക.
👉 ക്വാറൻ്റൈൻ നിയമങ്ങൾ കർശനമായി പാലിക്കുക
👉 ഹോം ക്വാറൻ്റൈനിൽ ഉള്ളവർ മറ്റ് കുടുംബാഗംങ്ങളുമായി പോലും ഇടപഴകരുത്.
👉 കഴിവതും ശുചിമുറിയുള്ള നല്ല വായു സഞ്ചാരമുള്ള മുറികൾ തിരഞ്ഞെടുക്കുക.
👉 ക്വാറൻ്റൈൻ കാലാവധി മുറിക്കകത്തു തന്നെ കഴിച്ചു കൂട്ടുക.
👉 വീട്ടിൽ ആരോഗ്യമുള്ള ഒരാൾ മാത്രം ക്വാറൻ്റൈനിൽ ഉള്ള ആളിൻ്റെ കാര്യങ്ങൾ ചെയ്തു കൊടുക്കുക . എല്ലായ്പ്പോഴും മാസ്ക് ധരിക്കുക, ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കുക. ഇടക്കിടെ സേപ്പുപയോഗിച്ച് കൈകൾ കഴുകുക.
👉 പാത്രങ്ങൾ, വസ്ത്രം എന്നിവ മറ്റ് കുടുംബാഗംങ്ങളുമായി പങ്കിടരുത്.
👉 എപ്പോഴും മാസ്ക് ഉപയോഗിക്കുക.
👉 മുറിക്കകത്തെ പ്രതലങ്ങൾ, ( മേശപ്പുറം, സ്റ്റാൻഡ് മുതലായവ) 1% ബ്ലീച്ച് ലായനി ഉപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക
👉 വസ്ത്രങ്ങൾ സോപ്പുപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കുക
👉 പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോ, മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായി ഡോക്ടറെ കാണേണ്ടതായി വന്നാൽ ഫോൺ ചെയ്ത് ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം ചെയ്യുക.
👉 ഗർഭിണികൾക്ക് വയറു വേദന, അമിതമായ ഛർദ്ദി, രക്തം പോക്ക്, മൂത്രം തരിപ്പ്, വയറിൻ്റെ മുകൾ ഭാഗത്ത് വലതു വശത്ത് വേദന, കണ്ണിൽ ഇരുട്ടു കയറുന്നു പോലെയുള്ള തോന്നൽ, തല വേദന, കുഞ്ഞിന് അനക്ക കുറവ് എന്നിവയൊക്കെ ഉണ്ടായാൽ ഡോക്ടറുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം. ഫോൺ, WhatsApp, Telemedicine തുടങ്ങിയ സങ്കേതങ്ങളൊക്കെ ഉപയോഗിക്കാവുന്നതാണ്.
👉 പരമാവധി മറ്റ് രേഗികളുമായി സമ്പർക്കം വരാതെ ശ്രദ്ധിക്കണം.
👉 സ്വന്തം വാഹനമോ, ആശുപത്രിയിൽ നിന്നുള്ള വാഹനമോ ആണ് ഉപയോഗിക്കേണ്ടത്. പൊതു യാത്രാ സൌകര്യങ്ങൾ ഉപയോഗിക്കരുത്.