14/11/2025
ഡോ. വേണു തോന്നയ്ക്കൽ
ബ്രസീൽ നട്ട്
ചിത്രം ശ്രദ്ധിക്കുക. ചക്കക്കുരു എന്നു തോന്നുന്നുണ്ടോ. ചക്കക്കുരു അല്ല. അതാണ് ബ്രസീൽ നട്ട്.
ഏറെ പോഷക ഗുണങ്ങൾ ഉള്ള ഒരു വിത്താണ്. ശ്രദ്ധേയമായ അളവിൽ സെലീനിയം (Se), മാംഗനീസ് (Mn), സിങ്ക് (Zn), ഫോസ്ഫറസ് (P), പൊട്ടാസ്യം (K), എന്നീ ഖനിജങ്ങളും (minerals), ധാരാളം കാർബൊഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പുകൾ, ഭക്ഷ്യനാരു ഘടകം എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ വലിയ അളവിൽ ജീവകം ബി കോംപ്ലക്സ് (Riboflavin, Thiamine), ജീവകം ഈ എന്നിവയുമുണ്ട്.
ഇത് നല്ല കൊളസ്ട്രോളിന്റെ (HDL) സാന്നിധ്യം വർദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷി നില നിർത്താനും തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ക്ഷീണമകറ്റാനും സഹായിക്കുന്നു. തലമുടിയുടെ വളർച്ചയ്ക്കും ചർമാരോഗ്യത്തിനും ഏറെ നന്നാണ്. അതിനാൽ സൗന്ദര്യ വർദ്ധിനിയുമാണ്. ഈ വിത്ത് ആട്ടിയെടുക്കുന്ന എണ്ണ സൗന്ദര്യ വർദ്ധിനികളുടെ ഉൽപാദനത്തിന് ഉപയോഗിക്കുന്നു.
ബ്രസീൽ നട്ട് നേരിട്ട് ഭക്ഷിയ്ക്കാവുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് അധികം കഴിക്കരുത്. നമ്മുടെ നാട്ടിലും ഇത് ലഭ്യമാണ്.
ബ്രസിൽ നട്ട് (brazil nut) എന്ന പേര് കൂടാതെ ആമസോൺ നട്ട് (amazon nut) ആമസോൺ ആൽമണ്ട് (amazon almond) തുടങ്ങി അനേകം പേരുകളിൽ അറിയപ്പെടുന്നു. ഇതിൻറെ ശാസ്ത്രനാമം ബർതൊലേഷ്യ എക്സൽഷ്യ (Bertholletia excelsa) എന്നാണ്. കുടുംബം ലിസിത്തിഡേസീ (Lecythidaceae).
വളരെ പുരാതനമായ ഒരു വൻ മരമാണിത് ദക്ഷിണ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലാണ് ജനനം. അതുകൊണ്ടാണ് ആമസോൺ നട്ട് മരം ( Amazon nut tree) എന്ന പേര് സിദ്ധിച്ചത്. ആമസോൺ നദിയുടെ ഇരുകരകളിലും ഇവ തല ഉയർത്തി നിൽക്കുന്നത് കാണാം. ആമസോൺ മഴക്കാടുകളിലെ ഏറ്റവും ഉയരം ഉള്ളതും ഏറെക്കാലം ജീവിക്കുന്നതുമായ മരങ്ങളുടെ കൂട്ടത്തിൽ പെടുന്നു. അഞ്ഞൂറ് വർഷത്തോളം ആയുസ്സുള്ള ഈ മരം 50 ലേറെ മീറ്റർ ഉയരത്തിൽ വളരുന്നു.
ഈ മരത്തിൻ്റെ വിത്താണ് ബ്രസീൽ നട്ട്. മരം പൂത്താൽ ഫലം ഉണ്ടായി പാകമാവാൻ ഏതാണ്ട് 14 മാസങ്ങൾ എടുക്കും ഒരു പന്തിന്റെ ആകൃതിയിലുള്ള ഫലത്തിന് 10 - 15 സെൻറീമീറ്റർ വരെ വലിപ്പവും രണ്ടു കിലോഗ്രാം ഭാരവും ഉണ്ടാവും. തേങ്ങയുടെ ചിരട്ട മാതിരി കട്ടിയുള്ള തോടിനുള്ളിൽ ഓറഞ്ചിന്റെ അല്ലി മാതിരി ചക്കക്കുരു പോലുള്ള അരികൾ അടുക്കിയിരിക്കുന്നു.
ആമസോൺ കാടുകളിലെ ആദിമ വാസികളുടെ പ്രിയപ്പെട്ട ഭക്ഷണമാണിത്. ഇതിനെ സൂപ്പർ ഫുഡ് (super food) എന്ന് വിളിക്കാൻ കാരണം ഇതിലെ പോഷക ഗുണം തന്നെയാണ്. ലോകമെമ്പാടും കയറ്റുമതി ചെയ്ത വിപണനം നടത്തിയത് ബ്രസ്സീലാണ്. അതുകൊണ്ടാണ് ഇതിന് ബ്രസ്സീൽ നട്ട് (brazil nut) എന്ന പേര് വീണത്.