04/11/2022
ഇന്ത്യയിലേക്ക് വിസ കിട്ടുവാനുള്ള പ്രശ്ങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടാന്‍ പോവുകയാണ്. നേരത്തേ ബ്രിട്ടന്‍ ഉള്‍പ്പടെ 165 ഓളം രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്താന്‍ ഇ വിസ സൗകര്യം ഉണ്ടായിരുന്നതാണ്. കോവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി അത് നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്ന് 155 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആ സൗകര്യം പുനഃസ്ഥാപിച്ചിരുന്നെങ്കിലും യു കെ ഉള്‍പ്പടെ പത്ത് രാജ്യങ്ങളില്‍, സുരക്ഷാ കാരണങ്ങളാല്‍ ആ സൗകര്യം പുനഃസ്ഥാപിച്ചിരുന്നില്ല.
അതിനിടയിലായിരുന്നു, ഇന്ത്യന്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ വിസ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം എന്ന നിര്‍ദ്ദേശം ഹൈക്കീഷന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നേരത്തേ ഏജന്റുമാര്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാമായിരുന്നു. എന്നാല്‍, തികച്ചും സൗജന്യമായ അപേക്ഷ സമര്‍പ്പിക്കലിന് ചില അനധികൃത ഏജന്റുമാര്‍ ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു അപേക്ഷകര്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം എന്ന നിയമം കൊണ്ടുവന്നത്.
ഇത്, ബ്രിട്ടനിലുള്ള നിരവധി ഇന്ത്യാക്കാര്‍ക്ക് നല്‍കിയത് കടുത്ത പ്രശ്‌നങ്ങളായിരുന്നു. വിസകേന്ദ്രങ്ങളില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യാത്ര റദ്ദാക്കിയവര്‍ നിരവധി ആയിരുന്നു. മാത്രമല്ല, മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായി. അതിനുപുറമെ വിസ കേന്ദ്രത്തിലേക്കുള്ള യാത്രയുടെ ചെലവ് വേറെയും.
ബ്രിട്ടനിലെ മലയാളികള്‍ തന്നെ മുന്‍കൈ എടുത്ത് ഇ വിസ പുനസ്ഥാപിക്കണം എന്ന അപേക്ഷ ഹൈക്കമീഷണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അതേസമയം, അനധികൃത ഏജന്റുമാരുടെ ഇടപെടലാണ് വിസ അപേക്ഷ നേരിട്ട് നല്‍കണമെന്ന നിര്‍ദ്ദേശത്തിനു പിന്നിലെന്ന് വ്യക്തമാക്കിയ ഹൈക്കമ്മീഷന്‍, ഇന്ത്യയിലേക്കുള്ള വിസ പ്രൊസസ്സിംഗ് ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിയായ വി എഫ് എസിന്റെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
അതിന്റെ ഭാഗമായി മേരിലെബോണിലെ ബോസ്റ്റണ്‍ പാലസില്‍ ഇക്കഴിഞ്ഞ നവംബര്‍ 1 ന്ഒരു പുതിയ വിസ അപേക്ഷാ കേന്ദ്രം തുറന്നു. ലണ്ടനിലെ ഇന്ത്യന്‍ അഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. 12-14, ബോസ്റ്റണ്‍ പാലസ്, മേരിലെബോണ്‍, ലണ്ടന്‍, എന്‍ ഡബ്ല്യൂ 16 ക്യൂ എച്ച് എന്ന വിലാസത്തിലാണ് ഈ പുതിയ വിസ കേന്ദ്രം സ്ഥിതിചെയ്യുന്നത്.
വി എഫ് എസിന്റെ വെബ്‌സൈറ്റില്‍ ലണ്ടന്‍-ബോസ്റ്റണ്‍ പാലസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കേന്ദ്രത്തില്‍ ഇപ്പോള്‍ പ്രതിദിനം 200 അപ്പോയിന്റ്‌മെന്റുകള്‍ വരെ നല്‍കും. വിസ ആപ്ലിക്കേഷന്‍ സെന്ററില്‍ അധിക ഫീസ് കെട്ടേണ്ടതുണ്ട്. അത് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമേ അടക്കാന്‍ സാധിക്കുകയുള്ളു. വി എഫ് എസിന്റെ നിര്‍ദ്ദേശമനുസരിച്ച്, താഴെ പറയുന്ന കൗണ്ടികളില്‍ വസിക്കുന്നവര്‍ ''യു കെ- ലണ്ടന്‍'' എന്ന് സെലക്ട് ചെയ്യണം, അപേക്ഷ പൂരിപ്പിക്കുമ്പോള്‍. അതിനു ശേഷം മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത് ഇത് കേന്ദ്രത്തില്‍ സമര്‍പ്പിക്കാം.
ബെഡ്‌ഫോര്‍ഡ്ഷയര്‍, ഗ്ലസ്റ്റര്‍ഷയര്‍, നോര്‍ഫോക്ക്, ബെര്‍ക്ക്ഷയര്‍, ഹാംപ്ഷയര്‍, ഓക്‌സ്‌ഫോര്‍ഡ്ഷയര്‍, ബക്കിംഗ്ഹാംഷയര്‍, ഹേര്‍ഫോര്‍ഡ്ഷയര്‍, റുറ്റ്‌ലാന്‍ഡ്, കേംബ്രിഡ്ജ്ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, സോമര്‍സെറ്റ്, കോണ്‍വാള്‍, ഹണ്ടിംഗ്ഡണ്‍ഷയര്‍, സഫോക്ക്, ഡെവണ്‍, കെന്റ്, സറെ, ഡോര്‍സെറ്റ്, ലങ്കാഷയര്‍, സസ്സക്‌സ്, എസ്സെക്‌സ്, മിഡ്ല്‍എസ്സെക്‌സ്, വെസ്റ്റ്‌മോര്‍ലാന്‍ഡ്, വില്‍റ്റ്ഷയര്‍, വേഴ്‌സെസ്റ്റര്‍ഷയര്‍, യോര്‍ക്ക്ഷയര്‍ ഈസ്റ്റ് എന്നീ കൗണ്ടികളില്‍ ഉള്ളവര്‍ക്കാണ് ഈ സേവനം ഇപ്പോള്‍ ലഭ്യമാകുന്നത്.
ലണ്ടന്‍/ ഹൗണ്‍സ്ലോ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് കിട്ടാത്ത, ലണ്ടന്‍ നിവാസികള്‍ കാര്‍ഡിഫ്/ബെല്‍ഫാസ്റ്റ് കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തതിനു ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുവാനായി എത്തുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ആവശ്യമായ സേവനം നല്‍കുവാന്‍ വി എഫ് എസിനു കഴിഞ്ഞെന്നു വരില്ല എന്നും അവര്‍ പറയുന്നു.