28/10/2025
ആർദ്ര കേരളം പുരസ്ക്കാരം- കായകൽപ്പ് പുരസ്കാരം ഉൾപ്പെടെ വിവിധ ആരോഗ്യ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി നിർവഹിക്കുന്നു. ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിക്കും.
ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ആർദ്ര കേരള പുരസ്കാരം. ഗ്രാമ -ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും സംസ്ഥാനതലത്തിലും ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ തലത്തിലുമാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
പൊതുജനാരോഗ്യ സൗകര്യങ്ങളുടെ ശുചിത്വവും ഗുണനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അംഗീകാരമായാണ് കായകൽപ്പ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും, ആരോഗ്യവികസന പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാകുന്ന ഈ പുരസ്കാരങ്ങളുടെ വിതരണം 2025 ഒക്ടോബർ 29 -ന്, തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ബഹു. ആരോഗ്യ വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് നിർവ്വഹിക്കുന്നു. ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ 2022-23, 2023-24 വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരവും, 2022-2023, 2023-2024, 2024-2025 വർഷങ്ങളിലെ കായകൽപ്പ് പുരസ്കാര വിതരണവും കൂടാതെ നിർണ്ണയ ഹബ് ആൻഡ് സ്പോക്ക് മോഡൽ ലാബ് നെറ്റ്വർക്ക് സംസ്ഥാന തല ഉത്ഘാടനം, എം. ബി. എഫ്. എച്ച്. ഐ അവാർഡ് വിതരണം, 2022-2023, 2023-2024 വർഷങ്ങളിലെ സിസ്റ്റർ ലിനി പുതുശ്ശേരി സ്റ്റേറ്റ് നഴ്സസ് അവാർഡ് വിതരണവും, ജനകീയ ആരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് ആപ്പിന്റെയും, കാസ്പ് ഹെൽത്ത് മൊബൈൽ ആപ്പ് & വെബ് പോർട്ടലിൻറ്റെയും, ശ്രുതി തരംഗം പദ്ധതിയുടെ ലോഗോ പ്രകാശനവും നടക്കുന്നു.
നിർണ്ണയ ഹബ് ആൻഡ് സ്പോക്ക് മോഡൽ ലാബ് നെറ്റ്വർക്ക്
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സമഗ്ര ലബോറട്ടറി ശൃംഖലയാണ് നിർണ്ണയ ലാബ് നെറ്റ് വർക്ക്.
മദര്‍ & ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷിയേറ്റീവ് (MBFHI)
ആരോഗ്യ വകുപ്പും വനിത ശിശുവികസന വകുപ്പും സംയുക്തമായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കി മാറ്റുന്നതിന് ആവിഷ്കരിച്ചിട്ടുളള പദ്ധതിയാണ് മദര്‍ & ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷിയേറ്റീവ് (MBFHI). MBFHI സര്ട്ടിഫിക്കേഷന് ലഭിച്ച ആശുപത്രികളുടെ എണ്ണം ആകെ 59 ആണ്.
ജനകീയ ആരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് ആപ്പ്
സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ സമഗ്രമായ ഡിജിറ്റലൈസേഷന് കരുത്തേകി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള പൊതുജനാരോഗ്യ സേവനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് JAK-PH മൊബൈൽ അപ്ലിക്കേഷൻ നിലവിൽ വരുന്നു. ഓരോ ജനകീയ കേന്ദ്രത്തിൻ്റെയും പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ പൊതുജനാരോഗ്യ വിവരശേഖരണം, പകർച്ചവ്യാധി നിയന്ത്രണം, പൊതുജനാരോഗ്യ പ്രാധാന്യമുള്ള സർവ്വേകൾ, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികൾ, വ്യക്തിയാധിഷ്ഠിതസേവനങ്ങൾ തുടങ്ങിയവ കാര്യക്ഷമമാക്കുകയാണ് JHK pH മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷ്യമാക്കുന്നത്.
കാസ്പ് ഹെൽത്ത് മൊബൈൽ ആപ്പ് & വെബ് പോർട്ടൽ
സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. ‘കാസ്പ് ഹെൽത്ത്’ എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ, ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനൽ ചെയ്ത ആശുപത്രികൾ, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. കൂടാതെ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകൾ ഉപയോക്താക്കൾക്ക് നേരിട്ട് ആപ്പിലൂടെ ഒരു നോട്ടിഫിക്കേഷൻ വഴി നൽകുവാനും സാധിക്കും. ഗൂഗിൾ-പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പുതിയ വെബ് പോർട്ടലിലൂടെ, എംപാനൽ ചെയ്ത ആശുപത്രികൾക്കും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർക്കും ഗുണഭോക്തൃ വിവരങ്ങൾ പരിശോധിക്കാനും, പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കാനും, പദ്ധതിയുടെ ആകെ പുരോഗതി വിലയിരുത്താനും സാധിക്കും.
ശ്രുതിതരംഗം’ ലോഗോ പ്രകാശനം
ഗുരുതരമായ ശ്രവണവൈകല്യമുളള കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാൻ്റേഷൻ ശസ്ത്രക്രിയയും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ശ്രുതിതരംഗം’.
നഴ്സസ് അവാർഡ്
ആരോഗ്യവകുപ്പിലെ ജനറൽ നഴ്സിംഗ്, പബ്ലിക് ഹെൽത്ത് നഴ്സിംഗ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്സിംഗ് എന്നീ വിഭാഗങ്ങളിൽ നിന്നും 2023 ൽ 2 പേർക്കും 2024 ൽ 12 പേർക്കുമാണ് അവാർഡുകൾ നൽകുന്നത്.