10/04/2020
ലോക ഹോമിയോപ്പതി ദിനം
ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവൽ ഹനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്.
WHO-യുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ചികിത്സാ ശാസ്ത്രമാണ് ഹോമിയോപ്പതി. ലോകത്തെ ഏകദേശം 80 കോടി ജനങ്ങൾ ആശ്രയിക്കുന്ന ചികിത്സാശാസ്ത്രമായി ഹോമിയോപ്പതി വളർന്നിരിക്കുന്നു. 80 രാജ്യങ്ങളിൽ ഹോമിയോപ്പതി ഒരു ചികിത്സാശാസ്ത്രമായി അംഗീകരിച്ചിരിക്കുന്നു. അവയിൽ 42 രാജ്യങ്ങളിൽ ഹോമിയോപ്പതി തനി ചികിത്സാശാസ്ത്രമായി അംഗീകരിക്കുകയും 28 രാജ്യങ്ങളിൽ ആൾട്ടർനേറ്റീവ് ചികിത്സാരീതിയായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഡോ.സാമുവൽ ഹാനിമാൻ 1755 ഏപ്രിൽ 10ന് ജർമനിയിലെ മേസൺ നഗരത്തിൽ ജനിച്ചു. 1779ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. അന്ന് നിലവിലുണ്ടായിരുന്ന പ്രാകൃതവും മനുഷ്യത്വരഹിതവുമായ ചികിത്സാരീതികളിൽ മനം മടുത്ത് ചികിത്സാരംഗം ഉപേക്ഷിച്ചു.
1790ൽ വില്യം കല്ലൻറെ വൈദ്യശാസ്ത്ര ഗ്രന്ഥം പരിഭാഷപ്പെടുത്തുന്ന വേളയിൽ സിങ്കോണ എന്ന ഔഷധത്തിൻ്റെ മലേറിയ രോഗം സുഖപ്പെടുത്താനുള്ള കഴിവിനെക്കുറിച്ചുള്ള പരാമർശമാണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനപ്രമാണം രൂപപ്പെടുത്തുവാൻ ഡോ.സാമുവൽ ഹാനിമാനു പ്രേരണയായത്.
തുടര്‍ന്നുള്ള 6 വര്‍ഷങ്ങളില്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം 1796-ല്‍ അദ്ദേഹം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു.
“സമം സമേന സാമ്യതേ” എന്ന പ്രകൃതി തത്വം അടിസ്ഥാനമാക്കി രൂപവത്ക്കരിച്ച സിദ്ധാന്തങ്ങളിലൂടെയും അതിന് അനുരൂപകരമായി അദ്ദേഹം വികസിപ്പിച്ചെടുത്ത ഔഷധങ്ങളിലൂടെയും അടുത്ത 47 വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച സമഗ്ര വൈദ്യശാസ്ത്രം എന്ന നിലയിലേക്ക് ഹോമിയോപ്പതിയെ വളര്‍ത്തിയെടുക്കാന്‍ ഡോ. ഹാനിമാന് കഴിഞ്ഞു. രോഗങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലൂടെ അദ്ദേഹത്തിന് ലഭിച്ച അറിവുകള്‍ ക്രോഡീകരിച്ച് രചിച്ച ഗ്രന്ഥങ്ങള്‍ വൈദ്യ ശാസ്ത്രത്തിലെ അമൂല്യ രത്‌നങ്ങളാണ്.
ഹോമിയോപ്പതി കേരളത്തില്‍:
125 വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്ത്യന്‍ മിഷനറിമാരാണ് കേരളത്തിലെ ഹോമിയോപ്പതി ചികിത്സ പരിചയപ്പെടുത്തിയത്. 1920ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പടര്‍ന്നുപിടിച്ച കോളറ രോഗം നിയന്ത്രിക്കുന്നതില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രം നല്‍കിയ സംഭാവന ഇതിന്റെ പ്രചാരം വര്‍ദ്ധിക്കുന്നതിന് കാരണമായി. 1928 – ല്‍ ഡോ. എം. എന്‍. പിള്ള അവതരിപ്പിച്ച പ്രമേയം ശ്രീമൂലം അസംബ്ലി അംഗീകരിച്ചതോടെ ഹോമിയോപ്പതി ചികിത്സ നമ്മുടെ നാട്ടില്‍ അംഗീകാരമുള്ള ചികിത്സാ രീതിയായി മാറി. 1943 ല്‍ തിരുവിതാംകൂര്‍ മെഡിക്കല്‍ പ്രാക്ടീണേഴ്‌സ് ബോര്‍ഡ് ആക്ടില്‍ ഉള്‍പ്പെട്ടതോടെ, ഇവിടെ നിലവിലുണ്ടായിരുന്ന മറ്റു ചികിത്സാരീതികള്‍ക്ക് തുല്യമായ അംഗീകാരം ഈ ചികിത്സാ രീതിക്കും ലഭിച്ചു. 1953 ല്‍ തിരുവിതാംകൂര്‍- കൊച്ചി മെഡിക്കല്‍ ആക്ടില്‍ ഹോമിയോപ്പതി ഉള്‍പ്പെടുത്തി. ട്രാവന്‍കൂര്‍ – കൊച്ചി ആക്ട് പിന്നീട് മലബാര്‍ പ്രദേശത്തേക്കൂ കൂടി വ്യാപിപ്പിച്ചു (Kerala adaptation rules – 1956).
ശ്രീ. ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മന്ത്രിസഭയുടെ കീഴില്‍ 1958- ല്‍, കേരളത്തിലെ സർക്കാർ തലത്തിലുള്ള ആദ്യത്തെ ഹോമിയോപ്പതി ഡിസ്പെൻസറി തിരുവനന്തപുരത്ത് കിഴക്കേ കോട്ടയിൽ ആരംഭിച്ചു. ഇന്ത്യയിൽ തന്നെ സർക്കാർ തലത്തിലുള്ള ആദ്യത്തെ ഹോമിയോ ഡിസ്‌പെന്‍സറിയാണ് ഇത്. കേരളത്തില്‍ നിലവില്‍ 18000 അംഗീകൃത ഹോമിയോപ്പതി ഡോക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍, നിലവില്‍ 659 ഹോമിയോ ഡിസ്‌പെന്‍സറികളും 34 ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 30 ആശുപത്രികള്‍ 25- 100 കിടക്കകള്‍ വീതം ഉള്ളതും, 4 എണ്ണം 10 കിടക്കകള്‍ വീതം ഉള്ളവയുമാണ്. ഇതിനു പുറമെ, NHM പദ്ധതിക്കു കീഴില്‍ 406 ഡിസ്‌പെന്‍സറികളും പട്ടികജാതി മേഖലകളില്‍ 29 SC ഡിസ്‌പെന്‍സറികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹോമിയോപ്പതിയുടെ പ്രസക്തി:
ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചന പ്രകാരം, ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സൗഖ്യാവസ്ഥ കൂടിയാണ്. ആരോഗ്യം, രോഗം, രോഗശമനം എന്നീ അവസ്ഥകള്‍ക്ക് ശരീരത്തിന്റെ പരിപാലന പരിപോഷണ പ്രക്രിയകളുടെ നാഥനായ ജീവശക്തിയാണ് അടിസ്ഥാനമെന്ന് ഹോമിയോപ്പതി നിര്‍വചിക്കുന്നു.
രോഗഫലങ്ങളെ ലഘൂകരിക്കുന്നതിലുപരി, വ്യക്തിയുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അതുവഴി രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്തുകയും ചെയ്യുന്ന സമഗ്ര ചികിത്സാ പദ്ധതിയാണ് ഹോമിയോപ്പതി.
200 വര്‍ഷങ്ങള്‍ക്കു മുമ്പ് ജര്‍മ്മനിയില്‍ ഡോ. സാമുവല്‍ ഹാനിമാന്‍, ദീര്‍ഘ കാലത്തെ തന്റെ ഗവേഷണങ്ങള്‍ക്കു ശേഷം വികസിപ്പിച്ചെടുത്തതാണ് ഹോമിയോപ്പതി എന്ന ചികിത്സാശാസ്ത്രം. പൂര്‍ണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയില്‍ കൃത്രിമമായി രോഗാവസ്ഥ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ഒരു പദാര്‍ത്ഥം, ഇതേ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു രോഗിക്ക് നല്‍കി അയാളുടെ അസുഖം ഇല്ലാതാക്കുന്ന രീതിയാണ് ഈ ചികിത്സാപദ്ധതിയില്‍ ഉപയോഗിക്കുന്നത്.
Similia Similibus Curentur (‘സാമ്യമായവയെ സാമ്യമായവയാല്‍ ചികിത്സിക്കുക’) എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തം.
രണ്ട് ശതാബ്ദ കാലത്തെ ചരിത്രമേ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനുള്ളൂ എങ്കിലും രോഗചികിത്സാ
രംഗത്തും, രോഗപ്രതിരോധ രംഗത്തും ഹോമിയോപ്പതിയുടെ സാധ്യതകള്‍ വളരെ വലുതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ആധുനികതയുടെ പ്രതീകങ്ങളായ വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങള്‍ക്കും വന്ധ്യതക്കും ഹോമിയോപ്പതിയിലുള്ള വ്യക്ത്യാധിഷ്ഠിത ചികിത്സ വളരെ ഫലപ്രദമാണ്. ഏറ്റവും കുറഞ്ഞ ചിലവില്‍, പാര്‍ശ്വഫലങ്ങളുടെ ഭീതിയില്ലാതെ സമൂഹത്തിന്റെ എല്ലാ മേഖലയില്‍ ഉള്ളവര്‍ക്കും ഈ ചികിത്സാരീതി അവലംബിക്കാവുന്നതാണ്.