04/12/2025
കുട്ടി പത്താം ക്ലാസ്സിലാണ്. പരീക്ഷക്ക് ഇനി മൂന്നു മാസം .നന്നായി പഠിക്കുന്നുണ്ടെന്നാണ് കുട്ടിയുടെ പറച്ചിൽ .
കുട്ടിയുടെ parents ന് പക്ഷേ അതല്ല അഭിപ്രായം. "ബുദ്ധിയൊക്കെ ആവശ്യത്തിന് മിച്ചമുണ്ട്. പക്ഷേ സദാസമയവും ഫോണിലാണത്രെ. പുസ്തകം തുറക്കത്തേയില്ല". ഇതാണ് അവരുടെ പരാതി.
വെറുതെ പരാതി പറഞ്ഞു കൊണ്ടുവന്ന മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കണമല്ലോ. കുട്ടിക്ക് അവൻ പഠിച്ചത് മാതാപിതാക്കളുടെ മുന്നിൽ തെളിയിച്ചു കൊടുക്കാനുള്ള ഒരു അവസരം കൊടുത്തല്ലേ മതിയാകൂ?
പത്താംക്ലാസ്സിലെ രണ്ടു മൂന്നു ചോദ്യം ചോദിച്ചുകളയാമെന്ന് കരുതി.
ഹിന്ദി ഒന്നാം പാഠത്തിന്റെ പേരു പറയൂ .
" അതെനിക്ക് ഓർമ്മയില്ല "
പോട്ടെ. ഹിന്ദിയിൽ മാത്രം weak ആയിരിക്കും.
എന്നാൽ പിന്നെ മലയാളം ഇരിക്കട്ടെ.
'കടൽത്തീരത്ത്'' ആര് എഴുതിയതാണ് ?
അങ്ങനെയൊരു പാഠമേയില്ലെന്ന് കുട്ടി.
പ്ലാവിലക്കഞ്ഞി ?
" അറിയില്ല " .
എന്നാൽ പോട്ടേ. കണക്ക് ചോദിക്കാം.
വൃത്തത്തിന്റെ ചുറ്റളവ് ? അറിയില്ല.
അതറിയില്ലേൽ ഇനി ഒന്നുകൂടെ താഴേക്ക് വരാം.
ആരവും വ്യാസവും തമ്മിലുള്ള ബന്ധമെന്താണ് ?
അതും രക്ഷയില്ല.
ഇനി ചോദിക്കാൻ ഒരേയൊരു ചോദ്യമേ ബാക്കിയുള്ളു.
ആട്ടെ, ഒന്നാം ലോക മഹായുദ്ധമാണോ രണ്ടാം ലോക മഹായുദ്ധമാണോ ആദ്യം നടന്നത് ?
" ഒന്നാം ലോകമഹായുദ്ധം".
ഠപ്പേന്ന് മറുപടി വന്നു.
അതെങ്ങനെ മനസ്സിലായി? എന്നു ഞാൻ.
ഒന്നു കഴിഞ്ഞല്ലേ രണ്ടു വരൂ എന്ന് കുട്ടി.
കുട്ടി ആ പറഞ്ഞത് വളരെ ശരിയാണ്.ഒന്നു കഴിഞ്ഞേ രണ്ടു വരൂ.
അടിസ്ഥാനമില്ലാതെ മുകളിലേക്ക് കെട്ടിപ്പൊക്കാമെന്ന് ആരും കരുതരുത്.
അടിസ്ഥാനം എന്തുകൊണ്ടില്ല ? അതാണ് ഇനി കണ്ടത്തേണ്ടത് ?
അതിന് ഒന്നോ അതിലധികമോ കാരണമുണ്ടാകാം.
ശാരീരിക പ്രശ്നങ്ങൾ, Learning Disability, Intellectual Disability, ഏകാഗ്രതക്കുറവ്, ലക്ഷ്യബോധമില്ലായ്മ, ADHD, ജീവിതസാഹചര്യങ്ങൾ, അഡിക്ഷനുകൾ, മറ്റ് മാനസികപ്രശ്നങ്ങൾ , അങ്ങനെയങ്ങനെ.......
പരിഹാരം കണ്ടെത്തേണ്ടത് ഈ കാരണങ്ങൾക്കാണ്.
ചെറുപ്പത്തിലെ പരിഹരിക്കാൻ ശ്രമം തുടങ്ങിയാൽ അത്രയും നല്ലത്.
കതിരിന്മേൽ വളം വെച്ചിട്ട് ....... തീരെ കാര്യമില്ലാന്നല്ല. എന്നാലും തുടക്കത്തിലേ കിട്ടിയാൽ ....
Dr. Anu Sobha Jose
Psychiatrist