20/11/2025
*സ്ട്രോക്കിനുപോലും കാരണമാകുന്ന 'നിശബ്ദ കൊലയാളി'; തിരിച്ചറിയണം ഉയർന്ന BP, പരിഹാരമെന്ത്?*
ആഗോളതലത്തിൽ ഓരോ വർഷവും 70 ലക്ഷത്തിലധികം ആളുകൾ സ്ട്രോക്ക് മൂലം മരിക്കുന്നുവെന്നാണ് കണക്കുകൾസൂചിപ്പിക്കുന്നത്. അതുപോലെ, ആശങ്കയുണർത്തുന്ന മറ്റൊരു രോഗാവസ്ഥയാണ് ഡിമെൻഷ്യ. 2021-ൽ ലോകമെമ്പാടുമായി 5.7 കോടി ജനങ്ങളിൽ ഡിമെൻഷ്യ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൂർണമായ രോഗമുക്തിക്ക് യാതൊരു ഉറപ്പുമില്ല എന്നതാണ് രോഗത്തെ വീണ്ടും ആശങ്കാജനകമാക്കുന്നത്. എന്നാൽ, ഈ അപകടസാധ്യതകളിൽ പലതും തടയാൻ കഴിയുന്നവയാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. സ്ട്രോക്കിനും ഡിമെൻഷ്യയ്ക്കും പിന്നിലെ ഒരു പ്രധാന ഘടകമായ ഒരു നിശബ്ദ കൊലയാളിയുണ്ടെന്നും വിവിധ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദമാണ് ഈ റിപ്പോർട്ടിൽ പരാമർശിക്കുന്ന ആ നിശബ്ദനായ കൊലയാളി. നമ്മളിൽ പലരും മനസ്സിലാക്കുന്നതിനേക്കാൾ വളരെ അപകടകരമായ അവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. ലോകത്തിൽ, 30-നും 79-നും ഇടയിൽ പ്രായമുള്ള ഏകദേശം 128 കോടി പേർക്ക് ഈ അവസ്ഥയുണ്ടെന്നാണ് കണക്കുകൾ. ഇതിൽത്തന്നെ, ഏകദേശം 6% പേർക്കും തങ്ങൾക്ക് ഈ അവസ്ഥയുണ്ടെന്ന് അറിയില്ല എന്നതും ആശങ്കാജനകമാണ്. ഹൃദ്രോഗം, പക്ഷാഘാതം, വൃക്കയിലെ രോഗം തുടങ്ങി പല ദീർഘകാല രോഗങ്ങളുടേയും പ്രധാന കാരണം ഹൈപ്പർടെൻഷനാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലാണ് ഈ അവസ്ഥയെ നിശബ്ദനായ കൊലയാളി എന്ന് വിളിക്കുന്നത്.
പതിവായ നിരീക്ഷണത്തിലൂടെ മാത്രമേ ഈ അവസ്ഥ നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. ചികിത്സിച്ചില്ലെങ്കിൽ ഇത് മാരകമാകാനും സാധ്യതയുണ്ട്. ഹൃദ്രോഗം തടയുന്നതിനായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻപുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്കരോഗം, ഡിമെൻഷ്യ എന്നിവയ്ക്ക് പോലും കാരണമാകുന്നതും തടയാൻ കഴിയുന്നതുമായ പ്രധാന അപകട ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിനും കുറയ്ക്കുന്നതിനും പാലിക്കേണ്ട ചില നിർദേശങ്ങളും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പങ്കുവെച്ചിരുന്നു.
ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക
മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക
മാനസിക സമ്മർദ്ദം നിയന്ത്രിക്കുക
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
ഹൃദയാരോഗ്യത്തിന് ഉതകുന്ന ഭക്ഷണക്രമം പിന്തുടരുക: കൂടുതൽ പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, നട്ട്സ്, വിത്തുകൾ എന്നിവ കഴിക്കുക. കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാൽ ഉത്പന്നങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം, കോഴിയിറച്ചി, മത്സ്യം എന്നിവ തിരഞ്ഞെടുക്കാം.
വ്യായാമം ചെയ്യുക
രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുക
Acu. Hr. Aiswarya
Wellness coach
Calicut