01/12/2025
'കഥയെഴുതുക അത്ര എളുപ്പമല്ല. എത്ര തയ്യാറെടുത്താലും കഥ വരണമെന്നില്ല. ആരോടും ചോദിക്കാതെ, ആരുടെയും അനുവാദമില്ലാതെ, ജീവിതത്തിന് നേരെ കൊഞ്ഞനം കുത്തി, കാലത്തെ നോക്കി പല്ലിളിച്ച് പെട്ടെന്ന് കടന്നു വരും , എന്നിട്ട് പറയും ‘എഴുതെടാ.’ എന്ന്”!
ഇതു കഥയുടെ ഉദ്ഭവസൂക്തമാണ്.
കഥകൾ പിറക്കുന്നതെങ്ങനെ, അവ മനുഷ്യനെ എങ്ങനെ സ്പർശിക്കുന്നു, അവയുടെ വേരുകൾ എവിടെയാണ് എന്നതിന്റെ ഏറ്റവും ലളിതവും ദാർശനികവുമായ വ്യാഖ്യാനം.
പ്രിയ സുഹൃത്ത് ഡോ: ടി.പി. നാസറിൻ്റെ
ഡോക്ടർ മാത്യു ഡൊമനിക്കിന്റെ മരണം എന്ന കഥാസമാഹാരം വായിച്ചു അതിലെ 'ഒരു കഥയുടെ കഥ' എന്ന കഥയിൽ, കഥ എങ്ങനെ പിറക്കുന്നു എന്ന് പറയുന്നതാണ് മുകളിൽ കൊടുത്തത്.
നാസറുടെ വാക്കുകൾക്ക് പിന്നിൽ, ജീവിതത്തെ അതിന്റെ സ്വഭാവത്തിൽ കണ്ടുമുട്ടിയ ഒരാളുടെ നിശ്ശബ്ദാനുഭവമുണ്ട്.
ഓർമകളുടെ നനവിൽ നിന്നും ജീവിതത്തിന്റെ കനലുകളിൽ നിന്നും ഒന്നിച്ചുയർന്ന 21 കഥകളാണ് ഈ കഥാ സമാഹാരത്തിലുള്ളത്. ഓരോന്നിലും മനുഷ്യ മനസ്സിൻ്റെ സങ്കീർണ്ണത അത്ഭുതപ്പെടുത്തുന്നു. പ്രണയവും, കാമവും, ഉന്മാദവും, വേദനയും എല്ലാം അടങ്ങിയ ചോരമണമുള്ള അനുഭവങ്ങൾ തീവ്രതയോടെ പകർന്നു നൽകുന്നു.
ഇത് മനശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു.
ഡോ. ടി. പി. നാസറുടെ എഴുത്തിന്റെ ശൈലിയിൽ ഒരു സ്വാഭാവിക ഭാവസൗന്ദര്യമുണ്ട്, രചനയുടെ
സ്വാഭാവികത.
ഈ സമാഹാരത്തിലെ കഥകൾ ഓരോന്നും അനുഭവത്തിന്റെ മരുന്നു ഗന്ധം വഹിക്കുന്നു.
ഒരാളുടെ വേദനയെ മറ്റൊരാളുടെ ഹൃദയത്തിലേക്ക് നീട്ടിക്കൊണ്ടുപോവുന്ന അതിശയകരമായ കരുതലും,
മനുഷ്യബന്ധങ്ങളുടെ പൊരുള് തുറന്നു കാണിക്കുന്ന സൂക്ഷ്മതയും,
അനുഭവങ്ങളുടെ ധൂളിപടലങ്ങളിലൂടെ ഉയർന്നുവരുന്ന ഹൃദയസ്പന്ദനവും എല്ലാം ഈ കഥാ സമാഹാരത്തിൽ അനുഭവിച്ചറിയാം.
വായനക്കാരന് ഈ കഥകൾ പകർന്നു തരുന്നത് വെറും കഥാ സംതൃപ്തിയല്ല ഭാവനയുടെ പുതിയ ലോകം തന്നെ തുറന്നു നൽകുന്നു.
പുസ്തകത്തിന്റെ അവസാന പേജ് അടയ്ക്കുമ്പോൾ പോലും,
കഥകൾ അതിന്റെ ഗന്ധം വിട്ടുകൊടുക്കാതെ മനസ്സിൽ വീണ്ടും വീണ്ടും ഉണരുന്നു.
ഇഷ്ടപ്പെട്ടു.❤️❤️❤️
പ്രിയ സുഹൃത്ത് ഡോ. ടി. പി. നാസറിനു ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ👏👏👏