09/02/2020
https://www.facebook.com/746050202437538/posts/1053609451681610/
തൊണ്ട വേദനയുമായി അത്യാഹിത വിഭാഗത്തിൽ വന്ന ഒരാളോട് ഡോക്ടർ ഓപി യിൽ കാണിക്കാൻ പറഞ്ഞുവത്രേ. നമ്മുടെ പത്രക്കാർ പതിവ് പോലെ ഡോക്ടറെ കുറ്റക്കാരനാക്കി മൂന്ന് കോളം വാർത്തയാക്കി അച്ച് നിരത്തിയിട്ടുണ്ട്.
----------------------------------------------------------
ഒരു അപകടത്തിൽ പെട്ടു വലതു കൈ ഒടിഞ്ഞ ഒരു രോഗിയെ കുറച്ചു ബന്ധുക്കൾ അത്യാഹിത വിഭാഗത്തിൽ പെട്ടെന്ന് കൊണ്ട് വരുന്നു. അവിടെ ഒരു ഡോക്ടർ മാത്രം. അദ്ദേഹത്തിന് ചുറ്റും ഒരു 30 രോഗികൾ നിൽക്കുന്നു. മൂന്ന് നാല് പേർ സ്‌ട്രെച്ചറിൽ കിടക്കുന്നു.
ചുറ്റും കൂടി നിൽക്കുന്നവരിൽ -- രണ്ടു ദിവസത്തെ പനി കാണിക്കാൻ , മൂക്കൊലിപ്പ് കാണിക്കാൻ , ചെവി വേദന കാണിക്കാൻ, കല്യാണത്തിന് പോകുന്ന വഴി ബ്ലഡ് ഷുഗർ റിസൾട്ട് കാണിക്കാൻ , ഒരു ഉന്മേഷക്കുറവ് കാണിക്കാൻ, ഓഫീസിൽ പോകുന്ന വഴിക്ക് ഒന്ന് ബി പി നോക്കിക്കാൻ, പനി ഉണ്ടോ എന്ന സംശയം തീർക്കാൻ, വർഷങ്ങളായുള്ള ശ്വാസം മുട്ടൽ കാണിക്കാൻ -- ഇവരെല്ലാമുണ്ട്.
കൈ ഒടിഞ്ഞ രോഗിയുടെ ബന്ധുക്കൾ അയാളെ ഇടിച്ചു കയറി ഡോക്ടറെ കാണിക്കുന്നു. അയാളെ നോക്കിയ ഡോക്ടർ എക്സ് റേ എടുക്കാൻ എഴുതി. എക്സ് റേ എടുത്തു വന്നപ്പോൾ അത് ഒന്ന് നോക്കിയിട്ട് ഡോക്ടർ അയാളോട് കാത്തിരിക്കാൻ പറയുന്നു.
എന്നിട്ട് പുറമെ യാതൊരു പരുക്കുമില്ലാത്ത കൈ ഒടിഞ്ഞ ആൾക്ക് ശേഷം അവസാനം വന്ന ഒരാളെ നോക്കുന്നു, ബിപി എടുക്കുന്നു, നഴ്സിനെ വിളിച്ച് ഡ്രിപ് ഇടുന്നു, ബ്ലഡ് എടുത്തു പരിശോധിക്കാൻ കൊടുക്കുന്നു, മറ്റേ കയ്യിൽ വേറൊരു ഡ്രിപ് ഇടുന്നു.
കൈ ഒടിഞ്ഞു എക്സ് റേ എടുത്തു നിൽക്കുന്ന രോഗിയുടെ ബന്ധുക്കൾ ബഹളം വെക്കുന്നു. എക്സ് റേ എടുത്തിട്ട് അര മണിക്കൂറായി, എന്നിട്ടും ഡോക്ടർ രോഗിയെ നോക്കുന്നില്ല. പുറമെ ഒരു കുഴപ്പവുമില്ലാത്ത, അവർക്ക് ശേഷം വന്ന രോഗിയെ മാത്രം നോക്കുന്നു. അപ്പോൾ അവിടെയുള്ള മൂക്കൊലിപ്പ്കാരനും ഉന്മേഷക്കുറവ്കാരനും ബിപി ഷുഗർ കാണിക്കാൻ വന്നവരും അയാളെ പിന്താങ്ങി ഡോക്ടറോട് തട്ടി കയറുന്നു.
ഇവിടെ എന്താണ് സംഭവിച്ചത്?
അത്യാഹിത വിഭാഗത്തിൽ സാധാരണ ചെയ്യുന്ന ട്രയേജ് ആണ് ആ ഡോക്ടർ ചെയ്തത്.
അവസാനം വന്ന, പുറമേ ഒരു പരിക്കുമില്ലാത്ത അയാൾക്ക് ഡോക്ടർ സംശയിച്ചത് splenic rupture അഥവാ പ്ലീഹ ഉള്ളിൽ പൊട്ടിയെന്നാണ്. അയാൾക്ക് ബിപി കുറവായിരുന്നു. രക്തം ഒരുപാട് ഉള്ളിൽ ലീക്ക് ചെയ്യുന്നുണ്ടായിരുന്നു. അയാൾക്ക് ബിപി കൂടാനുള്ള മരുന്നും ഡ്രിപ്പും കൊടുക്കുക, രക്തം പരിശോധിക്കാൻ എടുക്കുക, എന്നിട്ട് എത്രയും പെട്ടെന്ന് ഓപ്പറേഷന് കയറ്റുക എന്നതാണ് ആ രോഗിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യേണ്ടത്. അല്ലെങ്കിൽ നൂറു ശതമാനം അയാൾ മരണപ്പെടും.
രോഗികളുടെ പരിക്കിന്റെ തീവ്രതയെ അടിസ്ഥാനമാക്കി വേഗത്തിൽ തരംതിരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രീതിയാണ് സിമ്പിൾ ട്രയേജ് ആൻഡ് റാപിഡ് ട്രീറ്റ്മെന്റ് (START).
രോഗികളെ വിലയിരുത്തി ഇനിപ്പറയുന്ന നാല് വിഭാഗങ്ങളിലൊന്നിലേക്ക് നിയോഗിക്കും.
*deceased /expectant(മരിച്ച/ പ്രതീക്ഷിക്കുന്ന) -- കറുപ്പ് ബാൻഡ് .
*immediate(ഉടനടി)-- ചുവപ്പ് ബാൻഡ് .
*delayed(വൈകി)-- മഞ്ഞ ബാൻഡ് .
*walking/minimal(നടക്കുന്നവർ)-- പച്ച ബാൻഡ് .
* deceased /expectant (മരിച്ച/ പ്രതീക്ഷിക്കുന്ന) - മരിച്ചതിന് ശേഷം എത്തുന്നത്, അല്ലെങ്കിൽ എത്തിയ ഉടൻ മരിക്കുന്നത്. ഈ കേസുകൾക്ക് അവസാന പരിഗണന മാത്രം.
* immediate (ഉടനടി): അപകടത്തിൽപ്പെട്ടയാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമുണ്ട്, ഉടൻ ചികിത്സിച്ചില്ലെങ്കിൽ അതിജീവിക്കില്ല. അപകടത്തിൽപ്പെടുന്നയാളുടെ ശ്വസനം, രക്തസ്രാവ നിയന്ത്രണം അല്ലെങ്കിൽ ബിപി നിയന്ത്രണം എന്നിവയിൽ എന്തെങ്കിലും വിട്ടുവീഴ്ച മാരകമായേക്കാം. (നമ്മുടെ കഥയിലെ splenic rupture അഥവാ പ്ലീഹ ഉള്ളിൽ പൊട്ടിയ രോഗിയെ പോലെ ).
* delayed (വൈകി ): അപകടത്തിൽപ്പെട്ട ആൾക്ക് വൈദ്യസഹായം ആവശ്യമാണ്, പക്ഷേ കാത്തിരിക്കാം.(നമ്മുടെ കഥയിലെ കൈ ഒടിഞ്ഞ ആളെ പോലെ ).
* walking/minimal (നടക്കുന്നവർ/കുറഞ്ഞത്) : " വൈദ്യസഹായം ആവശ്യമാണ്, പക്ഷേ സ്ഥിരതയോ നിരീക്ഷണമോ ആവശ്യമില്ല. ഉടനടി /വൈകിയ രോഗികൾക്ക് ചികിത്സ നൽകിയ ശേഷം ശേഷിക്കുന്ന സമയമാണ് ഇവരെ നോക്കുക.
# അപ്പോൾ ഇനി എപ്പോഴെങ്കിലും അത്യാഹിത വിഭാഗത്തിൽ പോകേണ്ടി വന്നാൽ, ഓർക്കുക...
* ആദ്യം വന്നവർക്ക് ആദ്യം ചികിത്സ നൽകാൻ ഇത് ഒപി അല്ല. ഇവിടെ രോഗത്തിന്റെ കാഠിന്യമാണ് പരിഗണന.
* രോഗത്തിന്റെ കാഠിന്യം വെളിയിൽ കാണുന്നതല്ല, അത് ഒരു പരിശീലനം സിദ്ധിച്ച ഡോക്ടർക്ക് മനസ്സിലാകുന്ന ഒന്നാണ്.
* മൂക്കൊലിപ്പ് കാണിക്കാൻ , കല്യാണത്തിന് പോകുന്ന വഴി ബ്ലഡ് ഷുഗർ റിസൾട്ട് കാണിക്കാൻ , ഒരു ഉന്മേഷക്കുറവ് കാണിക്കാൻ, ഓഫീസിൽ പോകുന്ന വഴിക്ക് ഒന്ന് ബി പി നോക്കിക്കാൻ, ചെവി വേദന കാണിക്കാൻ, പനി ഉണ്ടോ എന്ന സംശയം തീർക്കാൻ നിൽക്കുന്നവർ ഓർക്കുക-- നിങ്ങൾ ഒരു സീരിയസ് രോഗിയെ നോക്കാനുള്ള ഡോക്ടറുടെ വിലയേറിയ സമയമാണ് അപഹരിക്കുന്നത്.
* ഒപി ചികിത്സ ആവശ്യമുള്ളവർ ദയവായി കാണാനുള്ള എളുപ്പത്തിന് അത്യാഹിത വിഭാഗത്തിൽ പോകരുത്. അത് അത്യാഹിതം സംഭവിച്ചവർക്കുള്ള ചികിത്സ നൽകുന്ന സ്ഥലമാണ്.
* കൈ ഒടിഞ്ഞു വരുന്നവർ പോലും ചികിത്സക്ക് വെയിറ്റ് ചെയ്യേണ്ടി വരുന്ന സ്ഥലത്താണ് ഇമ്മാതിരി ചെവി വേദനയും മൂക്കൊലിപ്പും കാണിക്കാൻ തള്ളുന്നത് എന്നോർക്കുക. ഹാർട്ട് അറ്റാക്ക്, സ്‌ട്രോക്, അധികരിച്ച ശ്വാസം മുട്ടൽ, ജെന്നി, തലച്ചോറിനെ ബാധിക്കുന്ന പോലത്തെ പനികൾ, പാമ്പ് കടിച്ചു വരുന്ന കേസുകൾ, വിഷം കഴിച്ചു വരുന്ന കേസുകൾ, റോഡ് ട്രാഫിക് ആക്‌സിഡന്റ്കൾ എന്ന് വേണ്ട ആ അത്യാഹിത വിഭാഗത്തിൽ ഇരിക്കുന്ന ഡോക്ടറുടെ കിളി പോകുന്ന തരത്തിൽ ആണ് കേസുകൾ വരുന്നത്.
* ഇതിനെല്ലാം പുറമെ മെഡിക്കോ ലീഗൽ കേസുകൾ അറ്റൻഡ് ചെയ്യണം. അതിന്റെ നൂലാമാലകളായ രജിസ്റ്ററുകൾ എല്ലാം പൂരിപ്പിക്കണം, പോലീസിനെയും ഹോസ്പിറ്റൽ സൂപ്രണ്ടിനേയും കാര്യങ്ങൾ അറിയിക്കണം. മരിച്ചു കഴിഞ്ഞു അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഒരു കേസിന്റെ മെഡിക്കോ ലീഗൽ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും എടുക്കും -- രജിസ്റ്ററുകൾ പൂരിപ്പിച്ചു, പോലീസിനെയും ഹോസ്പിറ്റൽ സൂപ്രണ്ടിനേയും കാര്യങ്ങൾ അറിയിച്ചു, പോസ്റ്റ് മാർട്ടതിന് വേണ്ട കാര്യങ്ങൾ ചെയ്തു വരുമ്പോൾ ഏറ്റവും കുറഞ്ഞത് ഇത്രയും സമയം എടുക്കും.
അതിനിടയിൽ എമർജൻസി അല്ലാത്ത, ഓപി യിൽ കാണിക്കേണ്ട മൂക്കൊലിപ്പും ചെവി വേദനയും കാണിക്കാൻ വേണ്ടി തള്ളിയാൽ... പാവം ആ ഡോക്ടറും മനുഷ്യജന്മം അല്ലെ?
Dr SHANAVAS A R