Mission Cancer Care - IGCH Kadavanthra

Mission Cancer Care - IGCH Kadavanthra Mission Cancer Care is a full fledged Oncology department within IGCH Kochi. Our experts in Medical

05/01/2023

January 2023 is Cervical Cancer Awareness Month

08/03/2022

സ്ത്രീകളിലെ കാന്‍സര്‍ അഥവാ ഗൈനക്കോളജിക്കല്‍ കാന്‍സര്‍

ഗൈനക്കോളജിക്കല്‍ കാന്‍സറുകളുടെ ലിസ്റ്റില്‍ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറുകളും സ്തനാര്‍ബുദവും ആണ് ഉള്‍പ്പെടുന്നത്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സര്‍ സ്തനാര്‍ബുദം ആണ്. ഓരോ നാലു മിനിറ്റിലും ഇന്ത്യയില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം കണ്ടുപിടിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്തനാര്‍ബുദം സ്ത്രീകളിലാണ് കൂടുതലും കാണപ്പെടുന്നതെങ്കിലും കുറച്ചു ശതമാനം പുരുഷന്മാരിലും അത് കാണപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ സ്തനാര്‍ബുദത്തെ സത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറായിട്ട് കാണാന്‍ സാധിക്കില്ല.

സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന ആറു കാന്‍സറുകള്‍/ ഗൈനക് കാന്‍സറുകള്‍

സ്തനാര്‍ബുദത്തെക്കുറിച്ച് ധാരാളം അറിവുകള്‍ നമുക്ക് ലഭ്യമാണ്. അതിനാല്‍, സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന ആറു കാന്‍സറുകളെക്കുറിച്ചു മാത്രമാണ് നമ്മള്‍ ഈ ലേഖനത്തില്‍ കാണുന്നത്. ഗര്‍ഭാശയ കാന്‍സര്‍, ഗര്‍ഭാശയ ഗള കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, വജൈനല്‍ കാന്‍സര്‍, വള്‍വല്‍ കാന്‍സര്‍ എന്നീ അഞ്ച് കാന്‍സറുകളാണ് ഗൈനക് കാന്‍സറുകള്‍ എന്ന് അറിയപ്പെടുന്നത്. ആറാമതായി ഫലോപ്പിയന്‍ ട്യൂബ് കാന്‍സര്‍ എന്ന ഒരു കാന്‍സറും ഈ വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം, സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറുകള്‍ ആണ്. അതായത്, റിപ്രൊഡക്ഷനു വേണ്ടി ഉപയോഗപ്പെടുന്ന അവയവങ്ങളില്‍ കാണപ്പെടുന്ന കാന്‍സറുകള്‍!

ഗൈനക് കാന്‍സറുകള്‍ നല്‍കുന്ന ദുരിതാവസ്ഥ

ഗൈനക് കാന്‍സറുകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഓവറി, എന്‍ഡോമെട്രിയം, സെര്‍വിക്‌സ് എന്നിവയ്‌ക്കെല്ലാം പലപ്പോഴും ചികിത്സ പരാജയപ്പെടാറുള്ള ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. കാരണം അവ കണ്ടുപിടിക്കുന്നത് മിക്കപ്പോഴും കൂടിയ സ്റ്റേജിലായിരിക്കും. ആ സമയമാകുമ്പോഴേയ്ക്കും അസുഖം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു പോകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതില്‍ കൂടുതല്‍ വയറിനുള്ളിലും പെല്‍വിസിനുള്ളിലുമായിട്ട് (വസ്‌തിപ്രദേശം/ ഇടുപ്പ്‌) ഈ അസുഖം ഇങ്ങനെ നില്‍ക്കും. അങ്ങനെ വരുമ്പോള്‍ ഇവരുടെ ജീവിതത്തിന്റെ അവസാന ഘട്ടം വളരെ ദുരിതപൂര്‍ണ്ണമായിരിക്കും. അതുകൊണ്ടാണ് ഗൈനക് കാന്‍സറിനെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ് എന്നു പറയുന്നത്. അതായത്, ഇത് നേരത്തെ കണ്ടുപിടിക്കുക, നേരത്തെ ചികിത്സിക്കുക. അപ്പോഴേ നമുക്ക് ഈ ദുരിതാവസ്ഥ ഒഴിവാക്കാന്‍ പറ്റൂ. മരണം നമുക്ക് തടയാന്‍ പറ്റിയില്ലെങ്കിലും അവസാനമുള്ള വേദനയും സഹനവും നമ്മള്‍ നേരത്തെ ചികിത്സിക്കുകയാണെങ്കില്‍, ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും, .

ഇത് എല്ലായ്‌പ്പോഴും നമുക്ക് പറ്റിയെന്നു വരില്ല. കാരണം രോഗം കണ്ടുപിടിക്കുന്നത് വളരെ താമസിച്ചയിരിക്കും. പലപ്പോഴും ഓവേറിയന്‍ കാന്‍സറൊക്കെ അറിയുമ്പോഴേക്കും സ്റ്റേജ് 3-സി യില്‍ രോഗി എത്തിയിരിക്കും. അതു സംഭവിക്കാതിരിക്കാന്‍ ഇത്തരം കാന്‍സറുകളുടെ ലക്ഷണങ്ങള്‍ കാണുമ്പോഴേ ചികിത്സ തുടങ്ങുക എന്നതു മാത്രമാണ് പ്രതിവിധി. നേരത്തെ രോഗം കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ നേരത്തെ ചികിത്സ ആരംഭിച്ച്, വേദനയും സഹനവും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അതാണ് ഇതിന്റെ ഏറ്റവും വലിയ വനിതാ ദിനത്തിലെ പ്രസക്തി.

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട (സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന) പത്ത് കാന്‍സര്‍ ലക്ഷണങ്ങള്‍

1. അസാധാരണമായ വജൈനല്‍ രക്തസ്രാവം (Abnormal Vaginal Bleeding): 90% ഗര്‍ഭാശയ കാന്‍സറുകളിലും ഇടവിട്ട് രക്തസ്രാവമോ, സ്‌പോട്ടിംഗോ ആണ് രോഗലക്ഷണം. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിനു ശേഷം. ആര്‍ത്തവ വിരാമത്തിനു ശേഷമുണ്ടാകുന്ന സ്‌പോട്ടിംഗ് പോലും പരിശോധനക്കു വിധേയമാക്കണം. ഇനി ആര്‍ത്തവ വിരാമം എത്താത്തവരിലും പീരിയഡിനിടയില്‍ രക്തസ്രാവം ഉണ്ടാവുകയോ പീരിയഡ് സമയത്ത് അധിക രക്തസ്രാവം വരികയോ ചെയ്യുന്നത് ഗര്‍ഭാശയ ഗള കാന്‍സറിന്റയോ, വജൈനല്‍
കാന്‍സറിന്റെയോ ലക്ഷണമാവാം.

2. വിശദീകരിക്കാന്‍ പറ്റാത്ത തൂക്കക്കുറവ് ഉണ്ടാവുക (Unexplained Weight Loss): അതായത്, ഭക്ഷണം കുറയ്ക്കുകയോ അല്ലെങ്കില്‍ വ്യായാമം ചെയ്യുകയോ കൂടാതെ ശരീരഭാരം കുറയുക. എന്നുവച്ചാല്‍, ശരീരഭാരം അഞ്ചു ശതമാനത്തില്‍ കൂടുതല്‍ ആറു മാസത്തിനുള്ളില്‍ കുറഞ്ഞാല്‍ അത് ശ്രദ്ധിക്കപ്പെടേണ്ടതാണ് എന്നു സാരം. പ്രധാനമായും അണ്ഡാശയ കാന്‍സര്‍ ആണ് ഇതിനു കാരണമാകുക.

3. രക്തം കലര്‍ന്നതോ, ബ്രൗണ്‍ നിറത്തിലോ അല്ലെങ്കില്‍ ദുര്‍ഗന്ധമുള്ളതോ ആയ വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാവുക: പ്രധാനമായും അണുബാധയാണ് ഇതിനു കാരണമെങ്കിലും ഗര്‍ഭാശയ കാന്‍സര്‍, ഗര്‍ഭാശയ ഗള കാന്‍സര്‍, വജൈനല്‍ കാന്‍സര്‍ എന്നിവയുടെ അപകടസൂചനകളല്ല എന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തണം.

4. നിരന്തരമായ ക്ഷീണം: കൂടുതല്‍ ക്ഷീണം നിങ്ങളുടെ ജോലിസമയത്തോ അല്ലെങ്കില്‍ ഒഴിവുസമയത്തു പോലും അനുഭവപ്പെട്ടാല്‍ നിങ്ങളുടെ ജോലിക്കൂടുതലിനെയോ, കാലാവസ്ഥയെയോ, ഭക്ഷണത്തെയോ പഴിക്കാതെ പരിശോധനക്കു വിധേയമാക്കണം.

5. വിശപ്പില്ലായ്മ അല്ലെങ്കില്‍ എപ്പോഴും വയറു നിറഞ്ഞിരിക്കുന്ന പോലെ തോന്നുക: അണ്ഡാശയ കാന്‍സറിന്റെ ഏക ലക്ഷണമാണ് ഈ പറഞ്ഞവ. പുറമേയ്ക്ക് നമ്മള്‍ ബാക്കി എല്ലാ കാര്യത്തിലും നോല്‍മല്‍ ആണ് എന്നത് പോലെയായിരിക്കും തോന്നുക.

6. അടിവയറ്റിലോ അല്ലെങ്കില്‍ വയറു മുഴുവനോ അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത എന്നിവ: ചിലര്‍ ഇതിനെ ഗ്യാസ്, ദഹനക്കേട്, വയറില്‍ കൊളുത്തു വീഴുക എന്നും പറയാറുണ്ട്. ചിലര്‍ ഇതിനെ വയറില്‍ വീര്‍പ്പുമുട്ടലാണ് എന്നും പറയാറുണ്ട്. അണ്ഡാശയ കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ഇങ്ങനെയാണ് അനുഭവപ്പെടാറ്.

7. ബാത്ത് റൂം ശീലങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍: കൂടെക്കൂടെ മൂത്രമൊഴിക്കണമെന്നു തോന്നുക, പൂര്‍ണ്ണമായും മൂത്രം പോയില്ല എന്നു തോന്നുക, അകത്ത് എന്തോ ഭാരം പോലെ തോന്നുക എന്നിവയും ഗൈനക് കാന്‍സറുകളുടെ ലക്ഷണങ്ങളാണ്.

8. പുതുതായി അനുഭവപ്പെടുന്ന നീണ്ടുനില്‍ക്കുന്ന ദഹനക്കേട്, മനംപുരട്ടല്‍, ഓക്കാനം എന്നിവയും പലപ്പോഴും അണ്ഡാശയ കാന്‍സറിന്റെ ലക്ഷണമാണ്.

9. മലശോധനയില്‍ പെട്ടെന്ന് വ്യതിയാനങ്ങള്‍ ഉണ്ടാവുക (Change in bowel Habits) മലബന്ധം, മലശോധനയുടെ സമയത്ത് വേദനയുണ്ടാവുക, പൂര്‍ണ്ണമായും മലം പോയിത്തീര്‍ന്നില്ല എന്ന തോന്നലുണ്ടാവുക എന്നിവയും വിവിധ ഗൈനക് കാന്‍സറുകളുടെ ലക്ഷണമാണ്.

10. ഗുഹ്യഭാഗത്ത് (Vulval Area) രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചൊറിച്ചില്‍, നീറ്റല്‍ എന്നിവയോടൊപ്പം ഗുഹ്യ ഭാഗത്ത് തൊലി പോവുക, കരിയാത്ത മുറിവുണ്ടാവുക, അരിമ്പാറ പോലെയുള്ള മുഴകളുണ്ടാവുക എന്നിവ Vulval കാന്‍സര്‍ ലക്ഷണമായാണ് കരുതപ്പെടുന്നത്. ഗുഹ്യഭാഗത്ത് സ്പര്‍ശിക്കുമ്പോള്‍ വേദന അനുഭവപ്പെടുക, ലൈംഗികബന്ധത്തോടൊപ്പം വേദന അനുഭവപ്പെടുക എന്നിവയും ചില ഗൈനക് കാന്‍സറുകളുടെ ലക്ഷണമാണ്.

ഇതില്‍ പറഞ്ഞ ഒന്നോ, രണ്ടോ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അത് കാന്‍സറാണ് എന്ന് തെറ്റിധരിക്കേണ്ട കാര്യമില്ല. എന്നാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സമയം കളയാതെ ഒരു വൈദ്യപരിശോധന നടത്തി രോഗനിര്‍ണ്ണയം നടത്തി കാന്‍സര്‍ അല്ല എന്ന് ഉറപ്പിക്കണം.

സ്ത്രീകളില്‍ മാത്രമല്ല എങ്കിലും സ്ത്രീകളില്‍ കണക്കനുസരിച്ച് ഗര്‍ഭാശയ ഗള കാന്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലും എന്നാല്‍ കേരളത്തിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതുമായ സ്തനാര്‍ബുദ ലക്ഷണം കൂടി ഇതില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഈ ലിസ്റ്റ് അപൂര്‍ണ്ണമായി പോകും. പലപ്പോഴും സ്ത്രീകള്‍ തന്നെയാണ് സ്തനാര്‍ബുദം കണ്ടുപിടിക്കുന്നത്.

10b. സ്തനങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍. പ്രത്യേകിച്ച് 30 വയസിനു ശേഷം സ്തനങ്ങളിലോ, ആര്‍മംപിറ്റിലോ ഉണ്ടാകുന്ന വേദനരഹിത മുഴകള്‍, സ്തനചര്‍മ്മം കട്ടി പിടിക്കല്‍, വലിപ്പ വ്യത്യാസം ഉണ്ടാകല്‍, നിപ്പിളിലെ തൊലി പോകല്‍, നിപ്പിള്‍ അകത്തേക്കു വലിയല്‍, നിപ്പിളില്‍ ചൊറിച്ചില്‍ അനുഭവപ്പെടല്‍ എന്നിവയാണ് സാധാരണ സ്തനാര്‍ബുദ ലക്ഷണങ്ങള്‍.

ഗൈനക്കോളജിക്കല്‍ കാന്‍സറുകള്‍ എങ്ങനെയാണ് കണ്ടുപിടിക്കുക

വിശദമായ ഒരു ക്ലനിക്കല്‍ പരിശോധന വഴി ഗര്‍ഭാശയ ഗള കാന്‍സര്‍, വജൈനല്‍ കാന്‍സര്‍, വള്‍വല്‍ കാന്‍സര്‍ എന്നിവ കണ്ടുപിടിക്കാന്‍ സാധിക്കും. അള്‍ട്രാസൗണ്ട് പരിശോധന, D&C എന്ന ചെറിയ ........... എന്നിവയാണ് ഗര്‍ഭാശയ കാന്‍സറുകള്‍ സ്ഥിരീകരിക്കാന്‍ പ്രയോജനപ്പെടുത്തുക. ചില ട്യൂമര്‍ മാര്‍ക്കുകള്‍ അള്‍ട്രാസൗണ്ട് പരിശോധനയും അണ്ഡാശയ കാന്‍സര്‍ സ്ഥിരീകരിക്കാന്‍ സാധിക്കും. എന്നാല്‍ ചികിത്സ തുടങ്ങും മുന്‍പ് ബയോപ്‌സി ചെയ്ത് രോഗസ്ഥിരീകരണം അത്യാവശ്യമാണ്.

രോഗവ്യാപ്തി നിര്‍ണ്ണയം

സി.റ്റി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, പി.ഇ.റ്റി സ്‌കാന്‍ എന്നിവയാണ് രോഗവ്യാപ്തി നിര്‍ണ്ണയത്തിന് പ്രയോജനപ്പെടുത്തുക

ഗൈനക്കോളജിക്കല്‍ കാന്‍സര്‍ ചികിത്സ

പ്രാരംഭദശയിലുള്ള എല്ലാ ഗൈനക്കോളജിക്കല്‍ കാന്‍സറുകള്‍ക്കും പരിഹാരം സര്‍ജറി വഴി അവ നീക്കം ചെയ്യുക എന്നതാണ്. ഗര്‍ഭാശയ ഗള കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയ്ക്ക് പലപ്പോഴും റേഡിയേഷന്‍ ചികിത്സ ആവശ്യമായി വന്നേക്കാം.

അണ്ഡാശയ കാന്‍സറുകളുടെ ചികിത്സയില്‍ ഏറ്റവും പ്രധാനം കൃത്യതയോടെ നടത്തപ്പെടുന്ന സര്‍ജറിയാണ്. അതിനാല്‍ ജെനറ്റിക് ടെസ്റ്റിംഗ് വഴി കാന്‍സര്‍ സാധ്യത നിര്‍ണ്ണയിക്കുകയും ചികിത്സ നേടുകയും വഴി ഈ കാന്‍സര്‍ നമുക്ക് തടയാന്‍ സാധിക്കും.

ഏറ്റവും പ്രധാനം നമ്മള്‍ നേരത്തെ പറഞ്ഞ രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉപേക്ഷ വിചരിക്കാതെ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാകുക എന്നതാണ്.

അവസാനമായി, ഗൈനക്കോളജിക്കല്‍ കാന്‍സര്‍ അല്ലായെങ്കിലും സ്ത്രീകളിലെ ഏറ്റവും സാധാരണമായ സ്തനാര്‍ബുദം തടയുന്നതിനെക്കുറിച്ച് ഒരു വാക്ക്. ഇപ്പോള്‍ പറഞ്ഞ ഗൈനക് കാന്‍സറുകളെപ്പോലെ അമിതവണ്ണം ഒഴിവാക്കുകയും കൃത്യമായ വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണക്രമംപാലിക്കുകയും ചെയ്താല്‍ സ്തനാര്‍ബുദത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും . സ്വയം സ്തനപരിശോധന എല്ലാ മാസവും ചെയ്യുന്നതു വഴിയും 40 വയസിനു ശേഷം രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാമ്മോഗ്രാം ചെയ്യുക വഴിയും സ്തനാര്‍ബുദം രോഗലക്ഷണം ഉണ്ടാകുന്നതിനു മുമ്പെ കണ്ടുപിടിക്കാനും ചികിത്സച്ച് ഭേദപ്പെടുത്താനും സാധിക്കും.

ഗൈനക്കോളജിക്കല്‍ കാന്‍സറിന് ഓങ്കോളജി സര്‍ജനെക്കൊണ്ട് സര്‍ജറി ചെയ്യിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൃത്യമായ സര്‍ജറിക്കു ശേഷം അണ്ഡാശയ കാന്‍സറിന് കീമോ തെറാപ്പിയും ആവശ്യമാണ്. അതിനാല്‍ ഈ രണ്ടു ചികിത്സയും പൂര്‍ണ്ണമായി ചെയ്യുകയാണെങ്കില്‍ മാത്രമേ രോഗമുക്കി സാധ്യമാകൂ.

ഡോ. ജോജോ വി ജോസഫ്

04/02/2022

ലോക കാൻസർ ദിനം

എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നു. കാൻസർ എന്ന രോഗവും അതിനെ തുടർന്നുള്ള മരണവും കുറച്ചുകൊണ്ട് കാൻസർ രോഗം ഇല്ലാത്ത ഒരു ഭാവിക്കായി യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനം ആചരിക്കുന്നു.

യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ, കാൻസറിനെതിരെ പോരാടുന്നവരെ ഒന്നിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നേതൃത്വം നൽകുന്ന ഒരു സംരംഭമാണ്.

സമൂഹത്തിൽ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാൻസറിനെ നേരിടാൻ എല്ലായിടത്തും ഒരേ സ്വരത്തിൽ ഒന്നിക്കാനുള്ള ഒരു ദിനം കൂടിയാണ് വേൾഡ് കാൻസർ ഡേ. 2000- ൽ ആണ് കാൻസർ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് .

ഒരു വ്യക്തി എന്ന നിലയില്‍ കാന്‍സറിനെതിരെ എന്തെല്ലാം ചെയ്യാനാകും എന്ന് സമൂഹത്തെ മനസ്സിലാക്കി കൊടുക്കുവാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്.

എന്താണ് കാൻസർ?

നമ്മുടെ ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് കാൻസർ. പല തരത്തിലുള്ള കാൻസർ ഇന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

എന്തുകൊണ്ടാണ് നമ്മൾ കാൻസർ ദിനം ആചരിക്കുന്നത്?

എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനം ആചരിക്കുന്നു. ലോക കാൻസർ പ്രഖ്യാപനത്തെ പിന്തുണയ്ക്കുക എന്നതാണ് യുഐസിസിയുടെ ലക്ഷ്യം. കാൻസർ രോഗികളുടെ എണ്ണം കുറയ്ക്കുകയും അതുമൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം.

ലോക കാൻസർ ദിനം എങ്ങനെ ആചരിക്കാം

● സാമൂഹികമാക്കുക

സോഷ്യൽ മീഡിയ ഹാഷ് ടാഗിലൂടെ , WhatsApp, Instagram, IMO, Facebook, Twitter കാമ്പെയ്‌നുകളിൽ ചേരുക.

● കാൻസർ നിങ്ങളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക

നിങ്ങളിൽ കാൻസറിന്റെ ആഘാതത്തെക്കുറിച്ച് ചിന്തിക്കാൻ അൽപ്പസമയം ചെലവഴിക്കുക. സമയമോ പണമോ സംഭാവന ചെയ്യുകയോ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുകയോ കൂടാതെ ആരോഗ്യകരമായ ഒരു ഭക്ഷണ രീതി തിരഞ്ഞെടുക്കുകയും ചെയ്യുക. പോസിറ്റീവ് നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക.

● പ്രിയപെട്ടവരെ ഓർക്കാം അവർക്ക് കൈതാങ്ങാവാം

കാൻസർ എന്ന ബിഗ് "C" സ്പർശിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ അൽപ്പസമയം ചിലവഴിക്കാം.

മികച്ച കാൻസർ പരിചരണത്തിലേക്ക് ഇനി ചുവടുവെക്കാം പുതിയൊരു ഭാവിക്കായി

"Close the Care Gap"

ഈ വർഷത്തെ വേൾഡ് കാൻസർ ഡേ തീം എന്ന് പറയുന്നത് "ക്ലോസ് ദ കെയർ ഗ്യാപ്പ് " എന്നതാണ്.

കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിൽ ഒരുപാട് സാദ്ധ്യതകൾ ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാൻസർ ചികിത്സ തേടുന്ന നമ്മളിൽ പലരും ഓരോ ഘട്ടത്തിലും ഒരുപാട് തടസ്സങ്ങൾ നേരിവേണ്ടിവരുന്നു. വരുമാനം, വിദ്യാഭ്യാസം, പ്രായം, വൈകല്യം, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം എന്നിവ കാൻസർ പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ ചിലതാണ്. അതിനാൽ ഈ വർഷത്തെ ലോക കാൻസർ ദിനത്തിൽ ഇത്തരത്തിൽ ഉള്ള എല്ലാവിധ പ്രതികൂല ഘടകങ്ങളെയും മാറ്റിനിർത്തികൊണ്ട് എല്ലാവര്ക്കും ഒരേ രീതിയിൽ ഉള്ള കാൻസർ ചികിത്സ ലഭിക്കുവാനുള്ള സാഹചര്യം വളർത്തിയെടുക്കുവാനാണ് ശ്രമിക്കുന്നത് , അതിനെ ആണ് "ക്ലോസ് ദ കെയർ ഗ്യാപ്പ്" എന്ന് പറയുന്നത്

കാന്‍സറിനെ കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോള്‍ പോലും ഉണ്ടാകുന്ന ഭീതിയാണ് പലതരത്തിൽ ഉള്ള മിഥ്യാധാരണകൾക്ക് കാരണമാകുന്നത് .
കാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാനും രോഗത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനും നമ്മുടെ സമൂഹത്തിനെ പ്രാപ്തരാക്കേണ്ടതുണ്ട്.

മൂന്ന് വർഷത്തെ കാമ്പെയ്‌ൻ

ലോക കാൻസർ ദിനം ഒരു ദിവസം ആണെങ്കിലും നമ്മുടെ കാമ്പെയ്‌ൻ വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് നമ്മളുടെ കാമ്പെയ്‌ൻ മാറ്റങ്ങളെ പ്രചോദിപ്പിക്കുന്നതിനും കൂടുതൽ അവബോധം നേടിയെടുക്കുന്നതിനും വേണ്ടിയുള്ള അവസരങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നത് .മികച്ച കാൻസർ പരിചരണത്തിലേക്കുള്ള നമ്മുടെ ചുവടുവെപ്പിന് ഊർജം പകരാൻ ഇതിനു കഴിയും.

2022: പ്രശ്നം മനസ്സിലാക്കുന്നു

ക്ലോസ് ദ കെയർ ഗ്യാപ്പ് കാമ്പെയ്നിന്റെ ആദ്യ വർഷം കാൻസർ പരിചരണത്തിലെ പോരായ്മകൾ മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയാണ്.

എന്തൊക്കെയാണ് പോരായ്മകൾ ?

● കാൻസർ പരിചരണത്തിലെ പോരായ്മകൾ ജീവൻ നഷ്ടപ്പെടുത്തുന്നു.

● കാൻസർ ചികിത്സ തേടുന്ന ആളുകൾക്ക് ഓരോ ഘട്ടത്തിലും നേരിടേണ്ടിവരുന്ന തടസ്സങ്ങൾ.

● വിദ്യാഭ്യാസത്തിന്റെ അഭാവം, ലിംഗഭേദം, പ്രായം, വൈകല്യം, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം കാൻസർ പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
● ഈ വിടവ് നിങ്ങളുടെ പ്രിയപ്പെട്ടവർ ഉൾപ്പെടെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്.

കാൻസറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ കുറയ്ക്കുവാനും കാൻസർ ബാധിച്ചവരെ ശ്രദ്ധിക്കുവാനും അവരുടെ അനുഭവങ്ങൾ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നയിക്കുവാനും സഹായിക്കുന്ന വർഷമാണിത്.

2023: നമ്മളുടെ ശബ്ദങ്ങൾ ഏകീകരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു

നമ്മളുടെ കാമ്പെയ്‌ൻ തുടരുമ്പോൾ, നമ്മൾ സമാന ചിന്താഗതിക്കാരുമായി ചേരുകയും അതുവഴി നമ്മൾ ഐക്യപ്പെടുകയും ചെയ്യുമ്പോൾ നമ്മൾ ശക്തരാണെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യുന്നു. യഥാർത്ഥ ലോക പുരോഗതിയെ അതിന്റെ വിവിധ രൂപങ്ങളിൽ നമ്മൾ ആഘോഷിക്കുകയും ന്യായമായ പോരാട്ടത്തിന് ആക്കം കൂട്ടുവാൻ അനുവദിക്കുകയും ചെയ്യുന്നു.

നമ്മളുടെ പ്രവർത്തനങ്ങൾ പല തരത്തിലാവാം : സഹവാസിക്ക് ക്യാൻസർ ചികിത്സയ്ക്ക് പോവാൻ വാഹനം നൽകാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക, അല്ലെങ്കിൽ പ്രാദേശികമായി ആരോഗ്യകരവും താങ്ങാനാവുന്നതുമായ ചികിത്സാ സൗകര്യം ഒരുക്കുക.

നമ്മളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും കമ്മ്യൂണിറ്റികളെയും നമ്മൾ കാൻസറിനെതിരായി അണിനിരത്തുകയും, അതുവഴി നമ്മൾക്ക് ഒരുമിച്ച് എന്തും നേടാനാകുമെന്ന് തെളിയിക്കുവാനും സാധിക്കുന്നു.

2024: നമ്മൾ ഒരുമിച്ച് അധികാരത്തിലുള്ളവരെ വെല്ലുവിളിക്കുന്നു

നമ്മളുടെ കാമ്പെയ്‌നിന്റെ അവസാന വർഷം നമ്മുടെ ആശയങ്ങളെ ഉയർന്ന തലത്തിലേക്ക് കൊണ്ടുവരേണ്ടതാണ്. അക്ഷരാർത്ഥത്തിൽ നമ്മളുടെ നേതാക്കളുമായി ഇടപഴകി നമ്മുടെ ശബ്ദം അവരുടെയിടയിൽ എത്തിക്കേണ്ടതാണ്. നമ്മോടൊപ്പം നമ്മുടെ അറിവും ഒരു ഏകീകൃത സമൂഹവും ഉള്ളതിനാൽ അനീതിയുടെ അടിത്തറ ഇളക്കുവാനും അതുവഴി ശാശ്വതമായ മാറ്റത്തിനായി ( Close the Care Gap) നേതാക്കളെ പ്രേരിപ്പിക്കുന്നതിന് പൂർണ്ണമായും സജ്ജരായ ആജീവനാന്ത വക്താക്കളാകുവാനും കഴിയും.

അർബുദത്തിന് മുൻഗണന നൽകുന്നതിനും, അസമത്വത്തെ അഭിമുഖീകരിക്കുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നൂതന തന്ത്രങ്ങൾ സൃഷ്‌ടിക്കുന്നതിനുമുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് നമ്മുടെ നേതാക്കളെ പ്രേരിപ്പിക്കുവാൻ കഴിയണം . അതുവഴി ആരോഗ്യ അസമത്വങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എപ്പോൾ, എവിടെ, എങ്ങനെ ആവശ്യമാണെന്ന് ഉറപ്പുവരുത്താനും നമുക്ക് സാധിക്കും.

ഈ ലോക കാൻസർ ദിനത്തിൽ ചെറുതോ വലുതോ ആയ മാറ്റങ്ങളെ വരുത്തുവാൻ ഉള്ള കഴിവ് നമ്മിൽ ഓരോരുത്തരിലും ഉണ്ടന്നുള്ള തിരിച്ചറിവാണ് വേണ്ടത്. വേർതിരിവുകൾ ഇല്ലാതെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഈ ഫെബ്രുവരി 4 ന് നമുക്കൊരുമിച്ച് കൈകോർക്കാം കാൻസർ രഹിത ലോകത്തിനായി...

02/11/2021

Inauguration of Advanced Gastroenterology Block

24/08/2021

മിതമായ നിരക്കിൽ ഏറ്റവും നല്ല സർജിക്കൽ കാൻസർ ചികിത്സാസൗകര്യങ്ങൾ നൽകുന്നതിൽ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഇന്ന് വളരെയധികം മുൻപിലാണ്. പ്രശസ്ത സീനിയർ സർജിക്കൽ ഓൺകോളജിസ്റ് ഡോ ജോജോ വി ജോസഫ് ന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇതിന്റെ പിൻബലമായി നിലനിൽക്കുന്നു. ആധുനിക ചികിത്സാസൗകര്യങ്ങൾ , സാധാരണക്കാരിലേക്ക്.

For bookings, contact : 6235394678

Mission Cancer Care is a full fledged Oncology department within IGCH Kochi. Our experts in Medical

17/08/2021

മൊബൈൽ ഫോൺ റേഡിയേഷൻ ക്യാൻസറിലേക്ക് നയിക്കുമോ ? ഡോ. ജോജോ വി ജോസഫ് - സീനിയർ സർജിക്കൽ ഓൺകോളജിസ്റ് സംസാരിക്കുന്നു.

Oncosurgeon Jojo V Joseph

കറ്റാർവാഴ കഴിച്ചാൽ കാൻസർ മാറുമോ? - Dr. Jojo Joseph ONCO Surgeonഅര്‍ബുദത്തിന് ഒറ്റമൂലി ചികിത്സയുള്‍പ്പെടെ പല തരത്തിലുള്ള ...
10/08/2021

കറ്റാർവാഴ കഴിച്ചാൽ കാൻസർ മാറുമോ? - Dr. Jojo Joseph ONCO Surgeon

അര്‍ബുദത്തിന് ഒറ്റമൂലി ചികിത്സയുള്‍പ്പെടെ പല തരത്തിലുള്ള സമാന്തര ചികിത്സകളും ഇന്ന് പ്രചാരത്തിലുണ്ട്. അതിലൂടെ രോഗം പൂര്‍ണമായും മാറി എന്ന് വിശ്വസിക്കുന്നവരും അതിന് പ്രചാരം നല്‍കുന്നവരുമുണ്ട്. ആധുനിക മെഡിസിന്‍ രംഗത്ത് കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലമായി മുടികൊഴിച്ചിലും, രുചിനഷ്ടവും പോലുള്ള പല വിഷമതകളും രോഗിക്ക് നേരിടേണ്ടി വരാറുണ്ട്. മാത്രമല്ല ശസ്ത്രക്രിയകള്‍ക്കും വിധേയരാവേണ്ടി വന്നേക്കാം. ഇവ പേടിച്ചാണ് പലരും പാര്‍ശ്വഫലമില്ലാത്തതെന്ന് പ്രചരിപ്പിക്കപ്പെടുന്ന മറ്റു ചികിത്സകളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. പക്ഷേ നിസ്സാരമായി ചിത്രീകരിക്കപ്പെടുന്ന ഇത്തരം ചികിത്സകളില്‍ പലതും പിന്നീട് കാന്‍സര്‍ രോഗിയെ മറ്റ് പല രോഗങ്ങളിലേയ്ക്കും കൊണ്ടെത്തിക്കുകയാണ് പതിവ്. കാന്‍സറിനെതിരെയുള്ള ഒറ്റമൂലി പ്രയോഗം തിരിച്ചടിയായി മാറിയ ഏതാനും പേരുടെ അനുഭവം വിവരിക്കുകയാണ് സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളിസ്റ്റ് ഡോ. ജോജോ ജോസഫ്..

കാന്‍സര്‍ ചികിത്സയെല്ലാം കഴിഞ്ഞ് രോഗം ഭേദമായി എന്ന അവസ്ഥയിലെത്തുമ്പോള്‍ രോഗികള്‍ ചോദിക്കും, "ഡോക്ടറേ, ഞാനൊരു ഒറ്റമൂലി കഴിച്ചോട്ടെ" എന്ന്. കറ്റാര്‍വാഴപ്പോളയും റമ്മും ചേര്‍ത്തുള്ള ഒറ്റമൂലിയാണ് പലരും തിരഞ്ഞെടുക്കുന്നതും. കറ്റാര്‍വാഴപ്പോള ഒരാഴ്ച റമ്മിലിട്ട് വച്ചിട്ട് പിന്നീട് സേവിക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് അധികം അറിയാതിരുന്ന സമയത്തൊക്കെ ഇങ്ങനെ ചോദിച്ചുവന്ന പലരോടും പാതി സമ്മതം അറിയിച്ചിട്ടുണ്ട്.

അതിനിടയിലാണ് ഒരു സംഭവം നടന്നത്. കാന്‍സര്‍ ഭേദമായി പോയ ഒരു സ്ത്രീ ആറേഴു മാസത്തിനുശേഷം ഗാസ്‌ട്രോ വിഭാഗത്തില്‍ അഡ്മിറ്റായി. എന്റെ പഴയ പേഷ്യന്റായിരുന്നതിനാല്‍ എനിക്കും കണ്‍സള്‍ട്ടേഷന്‍ വന്നു. ഡയറിയ, ശരീരഭാരം കുറയല്‍ തുടങ്ങിയ അസ്വസ്ഥതകളാണവര്‍ക്ക്. കാന്‍സറിന്റേതടക്കമുള്ള പരിശോധനകളും നടത്തിയെങ്കിലും കുഴപ്പമൊന്നുമില്ല. പിന്നീട് ഡയറ്റീഷ്യന്‍ എത്തി കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ്, കാന്‍സറിനുശേഷമുള്ള ഒറ്റമൂലി പ്രയോഗമാണ് പുതിയ അസ്വസ്ഥതയ്ക്ക് കാരണമെന്ന് വ്യക്തമായത്. കുറേ നാളുകളായി കറ്റാര്‍വാഴപ്പോള റമ്മിലിട്ട് കുടിച്ചുകൊണ്ടിരിക്കുകയാണത്രേ! അസുഖം വീണ്ടും വരാതിരിക്കാന്‍ ഭര്‍ത്താവ് മുന്‍കൈയെടുത്ത് ഇത് കഴിപ്പിക്കുകയാണെന്നും പറഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോഴാണ് മറ്റൊരു ഉപകഥ കൂടി ഉണ്ടെന്ന് മനസിലായത്. രോഗിയായ ഭാര്യയ്ക്ക് കൊടുക്കാനെന്ന പേരില്‍ ഭര്‍ത്താവിന് നിത്യവും വീട്ടില്‍ മദ്യം മേടിച്ച് സൂക്ഷിക്കാം. ഇടയ്ക്കിടയ്ക്ക് ഇതില്‍ നിന്ന് കുറച്ചെടുത്ത് അദ്ദേഹത്തിന് സേവിക്കുകയും ചെയ്യാം. ഏതായാലും ഒറ്റമൂലി നിര്‍ത്തിയതോടെ അവരുടെ അസ്വസ്ഥതകളും മാറി.

ഇതുപോലെ തന്നെ മറ്റൊരു രോഗിയെത്തി. കാന്‍സര്‍ ഭേദമായിട്ട് മൂന്നുവര്‍ഷമായി. കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്ന് ഒരു ദിവസം റഫറന്‍സ് വന്നു. രോഗിയെ കാണണമെന്ന് പറഞ്ഞു. അരിത്മിയ (ഹൃദയത്തിന്റെ താളം തെറ്റുന്ന അസുഖം) യാണ്. ഹാര്‍ട്ട് ബ്ലോക്കുമുണ്ട്. വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയപ്പോഴാണ് ഇവരും കറ്റാര്‍വാഴ-റം ഒറ്റമൂലി കഴിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞത്. പിന്നീട് പറഞ്ഞു മനസിലാക്കി. ഒറ്റമൂലി കഴിപ്പ് നിര്‍ത്തിയപ്പോള്‍ അവരുടേയും അസ്വസ്ഥതകള്‍ ഭേദമായി.

യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലാത്തതും പ്രകൃതിയില്‍ നിന്നു മാത്രം ലഭ്യമാക്കുന്നതുമായ ചികിത്സ എന്നു പറഞ്ഞാണ് പലരും ഒറ്റമൂലി നിര്‍ദേശിക്കുന്നത്. വാമൊഴിയായും സോഷ്യല്‍മീഡിയ വഴിയായും ഊഹാപോഹങ്ങള്‍ വഴിയായുമെല്ലാം വലിയ തോതിലുള്ള പ്രചാരമാണ് ഇത്തരം ഒറ്റമൂലികൾക്ക് ലഭിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള ചികിത്സകള്‍ നടത്തുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുള്ളതായി കാണാൻ സാധിക്കും. എന്നാൽ കറ്റാര്‍വാഴയുടെയും അതിന്റെ ഉപയോഗത്തിന്റെയും ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചാൽ ഈ പ്രചാരണത്തിന്റെ അർത്ഥ ശൂന്യത നമുക്ക് മനസിലാകും.

എന്താണ് കറ്റാര്‍വാഴ?

എന്താണ് കറ്റാര്‍വാഴ എന്നു നോക്കാം. 'ആലോവേര' (Aloe Vera) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യം അറേബ്യന്‍ മരുഭൂമികളിലാണ് കണ്ടുപിടിക്കപ്പെട്ടത്. എ.ഡി. 1700 മുതലാണ് ഈ സസ്യം പൊള്ളലിനും മുറിവിനുമായി ഉപയോഗിച്ചു തുടങ്ങിയത്: പ്രത്യേകിച്ച് ചൈനാക്കാരും ഈജിപ്തുകാരും. കാലക്രമേണ കറ്റാര്‍വാഴ (Aloe Vera) ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തപ്പെടുകയാണുണ്ടായത്. അങ്ങനെ ഇന്ത്യയിലും എത്തപ്പെടുകയും വ്യാപകമായി കൃഷി ചെയ്യപ്പെടുകയും ചെയ്തുവരുന്നു. ഇന്ന് കറ്റാര്‍വാഴ സൗന്ദര്യവര്‍ദ്ധക വ്യവസായത്തിന്റെ അവിഭാജ്യഘടകമാണ്. എനർജി ഡ്രിങ്ക് മുതല്‍ കാന്‍സറിനും പ്രമേഹത്തിനുമുള്ള ഒറ്റമൂലി ആയിട്ടുവരെ ഇന്ന് ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയിലേയ്ക്ക് കടക്കുന്നതിനു മുമ്പ് കറ്റാര്‍വാഴയില്‍ എന്താണ് ഉള്ളതെന്നു നോക്കാം.

കറ്റാര്‍വാഴയുടെ 98 ശതമാനവും വെള്ളമാണ്. ബാക്കിയുള്ള രണ്ടു ശതമാനം വിവിധ ആല്‍ക്കലോയിഡുകളും ഫൈറ്റോകെമിക്കല്‍സും ആണ്. ആൽക്കലോയിഡുകൾ എന്നാൽ സ്വാഭാവികമായി ഉണ്ടാകുന്ന ജൈവ സംയുക്തങ്ങളുടെ ഒരു വിഭാഗമാണ്. സസ്യജന്യ രാസവസ്തുക്കളെ ആണ് ഫൈറ്റോകെമിക്കല്‍സ് എന്നു വിളിക്കുന്നത്. വിവിധ ഫൈറ്റോകെമിക്കല്‍സ് (Pectins, Cellulos, Glucomann തുടങ്ങിയവ) ചെറിയ തോതില്‍ വിറ്റാമിനുകൾ, ധാതുക്കൾ, പഞ്ചസാര, 'സാലിസിലിക് ആസിഡ്' (Salicylic Acid), ബീറ്റാ കരോട്ടിന്‍ (Beta carotene), വിവിധ എന്‍സൈമുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ പറഞ്ഞ വസ്തുക്കളുടെ സാന്നിദ്ധ്യമാണ് കറ്റാര്‍വാഴയ്ക്ക് ഇത്രയും സ്വീകാര്യത ലഭിക്കാനുള്ള ഒരു കാരണം.

കാന്‍സര്‍ ചികിത്സയും സസ്യങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന മരുന്നുകളും

ആധുനിക കാന്‍സര്‍ ചികിത്സയില്‍ സസ്യങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി, 'വിൻക്രിസ്റ്റയിൻ' (Vincristine) എന്ന മരുന്ന്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന 'ശവംനാറി' അല്ലെങ്കില്‍ 'ആദം-ഹവ്വ' എന്ന പൂച്ചെടിയില്‍ നിന്നാണ് ഈ മരുന്ന് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതേപോലെ തന്നെ Paclitaxel (പാക്ലിടാക്സെല്‍) , Etoposide (എതോപൊസൈട്) തുടങ്ങിയ ആധുനിക കീമോതെറാപ്പിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മരുന്നും മരങ്ങളുടെ തൊലിയില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.

ഈ മരുന്നുകളെല്ലാം വളരെ സങ്കീര്‍ണ്ണമായ രീതിയില്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ മാത്രമേ അപകടരഹിതമായി മനുഷ്യനില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം, ഒരു ചെടിയുടെ തണ്ടിലോ, വേരിലോ ഒക്കെ ആയിരക്കണക്കിന് ആല്‍ക്കലോയിഡുകളും ഫൈറ്റോകെമിക്കല്‍സും അടങ്ങിയിട്ടുണ്ട്. ഇതില്‍ പലതും നമ്മുടെ ശരീരത്തിന് അപകടം ഉണ്ടാക്കുന്നവയായിരിക്കും. അതിനാല്‍ ഒരു ചെടിയില്‍ നിന്നും ലഭിക്കുന്ന ഉപകാരപ്രദമായ മരുന്നിനു വേണ്ടി ഒരു ചെടിയോ ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന ജ്യൂസോ കുടിച്ച് രോഗമുക്തിക്ക് ശ്രമിക്കുന്നത് ഗുണത്തേക്കാളും ദോഷമാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കണം.

'ആലോ വേര' അല്ലെങ്കില്‍ കറ്റാര്‍വാഴയിലേക്കു വരാം. നമ്മള്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന ആസ്പിരിനിൽ (Aspirin) ഉള്ള 'സാലിസിലിക് ആസിഡ്' (Salicylic Acid) കറ്റാര്‍വാഴയില്‍ ചെറിയ തോതില്‍ ഉണ്ട്. അതിനാൽ കറ്റാർവാഴ പൊള്ളലിലും മുറിവിലും ഉപയോഗിക്കുമ്പോള്‍ കറ്റാര്‍വാഴയിലുള്ള ജെല്ലില്‍ നിന്നും ലഭിക്കുന്ന തണുപ്പും കൂടി ആവുമ്പോള്‍ രോഗിക്ക് ആശ്വാസം നല്‍കുന്നു എന്നത് വാസ്തവമാണെങ്കിലും ഇതുകൊണ്ടു മാത്രമുള്ള ചികിത്സ ഫലപ്രദമാണെന്ന് ഒരു ശാസ്ത്രീയപഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുമില്ല. കൂടാതെ, മുറിവുകളില്‍ കറ്റാര്‍വാഴ ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

സൗന്ദര്യവര്‍ദ്ധക ക്രീമുകളില്‍ കറ്റാര്‍വാഴ സര്‍വ്വസാധാരണമാണ്. ഇതിന്റെ ജെല്‍ നല്‍കുന്ന തണുപ്പും സുഖകരമായ അവസ്ഥയും ആണ് ഇവിടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. കൂടാതെ, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഫലപ്രാപ്തിയെക്കുറിച്ച് ശാസ്ത്രീയപഠനങ്ങള്‍ നടത്താത്തതിനാല്‍ കമ്പനികള്‍, ഇത് ഒരു നാച്ചുറൽ പ്രോഡക്റ്റ് (Natural Product) ആയി അവതരിപ്പിച്ച്, അപകടമുണ്ടാക്കില്ല എന്ന മട്ടില്‍ വന്‍തോതില്‍ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിനു പുറമേ ഉപയോഗിക്കുമ്പോൾ, മുറിവിലും പെള്ളലുമല്ലെങ്കില്‍, പ്രത്യേകിച്ച് ഗുണഫലം ഒന്നുമില്ലെങ്കിലും അപകടസാധ്യത കുറവാണ്.

കറ്റാര്‍വാഴ കഴിക്കുന്നതുകൊണ്ട് ഗുണമോ ദോഷമോ?

ഇനി കറ്റാര്‍വാഴ കഴിക്കുന്നതുകൊണ്ട് ഗുണമാണോ ദോഷമാണോ എന്നു പരിശോധിക്കാം. എന്നുവച്ചാൽ, ശരീരത്തിന്റെ ഉള്ളിൽ ചെന്നാൽ എന്തുസംഭവിക്കും എന്ന്. മായോ ക്ലിനിക് (Mayo clinic) ഈ അടുത്തിടെ നടത്തിയ പഠനം സൂചിപ്പിക്കുന്നത്, ദിവസവും ഒരു ഗ്രാം കറ്റാര്‍വാഴസത്ത്‌ (Aloe Vera whole leaf extract) കഴിച്ചാൽ ,അല്ലെങ്കില്‍ കറ്റാര്‍വാഴയുടെ നീര് (Aloe Vera Latex) തുടർച്ചയായി ഏഴു ദിവസം കഴിച്ചാല്‍ കിഡ്‌നിയുടെ പ്രവർത്തനം (Kidney Failure) തകരാറിൽ ആകും എന്നാണ്. സ്ഥിരമായ കറ്റാര്‍വാഴ ഉപയോഗം കാന്‍സറിനെ തടയില്ല എന്നു മാത്രമല്ല, സസ്തനികളില്‍ ഇത് കാന്‍സറിനു തന്നെ കാരണമാകും (carcinogenic) എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഏതെങ്കിലും അസുഖത്തിന് ഗുളിക, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ കറ്റാർവാഴ കഴിച്ചാല്‍ മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയപ്പെടും. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍ കറ്റാർവാഴ കഴിക്കുന്നത് അപകടമുണ്ടാക്കും. അതുപോലെ ഹൃദ്രോഗസംബന്ധമായി മരുന്ന് കഴിക്കുന്നവര്‍ ഒരു കാരണവശാലും ഇത് കഴിക്കാന്‍ പാടുള്ളതല്ല. ഗര്‍ഭിണികളോ, മുലയൂട്ടുന്ന അമ്മമാരോ കൊച്ചുകുട്ടികളോ കറ്റാർവാഴ കഴിക്കുന്നത് ഗുണത്തേക്കാളുപരി അപകടങ്ങളാണ് നമുക്ക് സമ്മാനിക്കുക.

സമൂഹ മാധ്യമങ്ങളും പരസ്യങ്ങളും പറയുന്നത് കേട്ട് അപകടത്തിലേക്ക് നമ്മൾ നടന്നു നീങ്ങരുത്.

07/08/2021

പുകവലിക്കാത്ത സ്ത്രീകളിലെ ശ്വാസകോശാർബുദത്തെപ്പറ്റി ഡോ. ജോജോ വി ജോസഫ് - സീനിയർ സർജിക്കൽ ഓൺകോളജിസ്റ് - മിഷൻ കാൻസർ കെയർ സംസാരിക്കുന്നു.

Dr. Jojo V Joseph - Sr Surgical Oncologist @ Mission Cancer Care IGCH Kadavanthra speaks about Lung Cancer seen in women who doesn't smoke.
Oncosurgeon Jojo V Joseph

എന്റെ ഡാഡിക്ക് കാന്‍സറാണ് ഡോക്ട്ടര്‍; എനിക്കും കാന്‍സര്‍ വരുമോ?  എത്രയൊക്കെ ബോധവത്കരണങ്ങള്‍ നടത്തിയാലും പലപ്പോഴും നിയന്ത...
29/07/2021

എന്റെ ഡാഡിക്ക് കാന്‍സറാണ് ഡോക്ട്ടര്‍; എനിക്കും കാന്‍സര്‍ വരുമോ?

എത്രയൊക്കെ ബോധവത്കരണങ്ങള്‍ നടത്തിയാലും പലപ്പോഴും നിയന്ത്രണത്തിനുമപ്പുറത്തേയ്ക്ക് കൈവിട്ടു പോകുന്നവയാണ് കാന്‍സറുമായി ബന്ധപ്പെട്ട അബദ്ധപ്രചരണങ്ങള്‍. അത്തരത്തിലൊന്നാണ് കാന്‍സര്‍ രോഗം പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടും എന്നത്. യാതൊരു രീതിയിലും പരമ്പരാഗതമല്ലാത്ത കാന്‍സറിനെ സംബന്ധിച്ച് അഭ്യസ്തവിദ്യരായ ആളുകളുടെ ഇടയില്‍ പോലും പല തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ട്. വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കാന്‍സറിനെ അതിജീവിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇതിലെ വാസ്തവം എന്താണ്? സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫ് ഇതിന് ഉത്തരം നല്‍കും. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്...

രണ്ട് മൂന്ന് അനുഭവങ്ങളാണ് കാന്‍സറിന്റെ പാരമ്പര്യ സാധ്യതകളെക്കുറിച്ച് വിശദീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതില്‍ ഒന്ന് ഇങ്ങനെയാണ്. ഏകദേശം പന്ത്രണ്ട് വര്‍ഷം മുമ്പ് പരിചയപ്പെട്ടതാണ് മാത്യുവിനെ (പേര് യഥാര്‍ത്ഥമല്ല). വായിലായിരുന്നു അദ്ദേഹത്തിന് കാന്‍സര്‍. രോഗം ഭേദമായിക്കഴിഞ്ഞും ഫോളോ അപ്പിനായും ചെക്കപ്പിനായുമൊക്കെ അദ്ദേഹം പലപ്പോഴും എന്റെയടുക്കല്‍ എത്തിയിരുന്നു. പരിചയക്കാരായ പല രോഗികള്‍ക്കും അദ്ദേഹം എന്റെ പേര് നിര്‍ദേശിക്കുകയും ചികിത്സയ്ക്കായി പറഞ്ഞു വിടുകയുമൊക്കെ ചെയ്തിരുന്നു. കാന്‍സര്‍ മുതല്‍ നാട്ടുവിശേഷം വരെ പല വിഷയങ്ങളെക്കുറിച്ചും സരസമായ രീതിയില്‍ അദ്ദേഹം എന്നോട് സംസാരിക്കാറുമുണ്ടായിരുന്നു. പക്ഷേ ഒരു തവണ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ചെറിയൊരു മ്ലാനത. ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞങ്കെിലും കൂട്ടത്തില്‍ വന്ന ഭാര്യയാണ് കാരണം പറഞ്ഞത്. അവരുടെ മകളുടെ പഠനമെല്ലാം കഴിഞ്ഞു, വിദേശത്ത് നല്ല ജോലിയും ലഭിച്ചു. കല്ല്യാണം ആലോചിച്ചു തുടങ്ങിയപ്പോള്‍ കാന്‍സര്‍ വീണ്ടും വില്ലനായി അവരുടെ ജീവിതത്തില്‍ അവതരിച്ചു. പിതാവിന് മുമ്പ് കാന്‍സര്‍ വന്നതായതിനാല്‍ അത് പാരമ്പര്യമായി മകള്‍ക്കും വന്നേക്കാം എന്ന കാരണത്താല്‍ ആലോചനകളെല്ലാം മുടങ്ങുകയാണത്രേ. വായിലെ കാന്‍സര്‍ ഒരു കാരണവശാലും പരമ്പരാഗതമായി ബാധിക്കില്ല, അക്കാര്യം നൂറുശതമാനം ആര്‍ക്കും ഉറപ്പു നല്‍കാം എന്ന് ഞാന്‍ അവരെ പറഞ്ഞു മനസിലാക്കി. ഇനി ആരെങ്കിലും ഇത്തരത്തില്‍ സംശയം ഉന്നയിച്ചാല്‍ എന്നെ വിളിച്ചാല്‍ മതി സംസാരിക്കാമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചയച്ചു. പിന്നീടു വന്ന പയ്യനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ സാധിക്കുകയും അവരുടെ വിവാഹം നടക്കുകയും ചെയ്തു.

മറ്റൊരു സംഭവവും ഇതിന് സമാനമായിരുന്നു. എന്റെ സീനിയറും സഹപ്രവര്‍ത്തകനുമായ ഒരു ഡോക്ടറുടെ മകള്‍ക്ക് വന്ന ഒരു കല്ല്യാണാലോചനയെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ എന്നോട് സംസാരിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാവുന്ന മറ്റൊരു ഡോക്ടറുടെ പരിചയത്തിലുള്ള കുടുംബത്തില്‍ നിന്നായിരുന്നു ആലോചന. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ എന്തായി ആ ആലോചന എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അത് ശരിയാവുമെന്ന് തോന്നുന്നില്ല എന്നായിരുന്നു മറുപടി. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ അവിടെയും കാന്‍സര്‍ തന്നെ തടസം. ആ പയ്യന്റെ കുടുംബത്തില്‍ രണ്ടു പേര്‍ക്ക് കാന്‍സര്‍ വന്നിട്ടുണ്ടത്രേ. അതില്‍ ഒരാള്‍ക്ക് ബ്രസ്റ്റ് കാന്‍സറും ഒരാള്‍ക്ക് ഓവറി കാന്‍സറുമാണെന്ന്. അത് പാരമ്പര്യമാകാന്‍ സാധ്യതയുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു വിഭാഗത്തിലെ ഡോക്ടറാണെങ്കിലും മെഡിക്കല്‍ രംഗത്തെക്കുറിച്ച് ഇത്രയധികം ബോധ്യമുള്ളവര്‍ പോലും ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തേയും പിന്നീട് യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുകയാണുണ്ടായത്.

കാന്‍സറിനെ അതിജീവിച്ചവരും അല്ലാത്തവരുമായ ചിലര്‍ നേരിട്ട് ചോദിക്കും 'ഡോക്ടറേ ഇനി എനിക്ക് അല്ലെങ്കില്‍ ഈ വ്യക്തിയ്ക്ക് കാന്‍സര്‍ വരില്ല എന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോ' എന്നൊക്കെ. മനുഷ്യരായ അവര്‍ക്ക് ഇനി മേലില്‍ രോഗം വരില്ല എന്ന് ഉറപ്പ് നല്‍കാന്‍ മനുഷ്യനായ എനിക്ക് കഴിയില്ല, അത് ദൈവത്തിന് മാത്രമേ സാധിക്കു എന്നാണ് അങ്ങനെ ചോദിക്കുന്നവര്‍ക്ക് നല്‍കുന്ന മറുപടി. അതേസമയം പഠനവും അറിവും ഉപയോഗിച്ച് ഒരു കാന്‍സര്‍ ജനറ്റിക്കല്‍ ആണോ എന്ന് ചില ടെസ്റ്റുകളിലൂടെ കണ്ടെത്തുകയും ചെയ്യാം. പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം - ഈ ജനറ്റിക് ടെസ്റ്റ് നടത്താനുള്ള സാധ്യത വളരെ കുറച്ച് രോഗികളില്‍ മാത്രമേ കാണാറുള്ളു. വേറൊരു കൂട്ടരുണ്ട്, അവരുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും കാന്‍സര്‍ രോഗിയായാല്‍ ഉടന്‍ സമീപിക്കും. "ഡോക്ടറേ, എന്റെ ഈ ബന്ധുവിന് കാന്‍സറാണ്. അതുകൊണ്ട് എനിക്കും അതിനുള്ള സാധ്യതയുണ്ടോ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം" എന്നൊക്കെ പറഞ്ഞ്. മേല്‍ സൂചിപ്പിച്ചതിന് സമാനമായ മറുപടിയാണ് അവര്‍ക്കും നല്‍കാറുള്ളത്. ഇനി ഇതിന്റെ ശാസ്ത്രീയ വശങ്ങള്‍ ശ്രദ്ധിക്കാം...

നമ്മുടെ ജനിതകഘടന പാരമ്പര്യമായി ലഭിക്കുന്നതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കോശങ്ങളിലെ ജനിതകഘടനയില്‍ വരുന്ന വ്യത്യാസങ്ങളാണ് ശരീരത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതെന്നും മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുണ്ട്. അതിനാല്‍ കാന്‍സര്‍ പാരമ്പര്യമായി ലഭിക്കുമോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്. പലവിധ കാരണങ്ങള്‍ ഒത്തുചേരുമ്പോള്‍ മാത്രമാണ് ഒരാളില്‍ കാന്‍സര്‍ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ 95 മുതല്‍ 98 ശതമാനം കാന്‍സറുകളും പാരമ്പര്യമായി ലഭിക്കുന്നവയല്ല. എന്നാല്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ കാന്‍സറുകള്‍ പാരമ്പര്യസ്വഭാവം കാണിക്കാറുമുണ്ട്. വളരെ വിരളമായേ കാണാറുള്ളൂവെങ്കിലും കാന്‍സര്‍ വന്ന രോഗികളെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള നമ്മുടെ തെറ്റിദ്ധാരണ മാറ്റാന്‍ പാരമ്പര്യ കാന്‍സറുകളെക്കുറിച്ചുള്ള ചില വസ്തുതകള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുകയാണ്.

കാന്‍സറുകളെ മൂന്നായി തരംതിരിക്കാം

1. ഒറ്റപ്പെട്ടു കാണപ്പെടുന്നവ (Sporadic Cancers): 95% കാന്‍സറുകളും ഈ വിഭാഗത്തില്‍പെടുന്നു.

2. ഒരു കുടുംബത്തില്‍ മാത്രം കാണപ്പെടുന്നവ (Familial Cancer): ഒരു കുടുംബത്തിലെ രണ്ടു ഒരേ തലമുറ (first degree) ബന്ധുക്കള്‍ക്ക് ഒരേ കാന്‍സര്‍ വരിക; അതും ചെറുപ്രായത്തിലാണ് എങ്കില്‍ അതിനെ 'ഫമീലിയല്‍ കാന്‍സര്‍' (Familial Cancers) എന്ന വിഭാഗത്തില്‍പ്പെടുത്താം.

ചില ചെറിയ ജനിതക വ്യതിയാനത്തിനൊപ്പം ആ കുടുംബത്തിന്റെ ആഹാരരീതിയോ, പ്രത്യേക ജീവിതരീതികളോ, ഏതെങ്കിലും പ്രത്യേക കാന്‍സര്‍ ഉണ്ടാക്കാന്‍ ശക്തിയുള്ള പദാര്‍ത്ഥത്തോടുള്ള (Carcinogen) കുടുംബാംഗങ്ങളുടെ പൊതുവായ അടുപ്പമോ ഉപയോഗമോ ആയിരിക്കും ഇതിന്റെ കാരണങ്ങള്‍.

3. പാരമ്പര്യമായി കാണപ്പെടുന്ന കാന്‍സര്‍ (Hereditary Cancers): മൂന്നോ മൂന്നില്‍ കൂടുതല്‍ ഒരേ തലമുറ (first degree) ബന്ധുക്കള്‍ക്ക് ഒരേ കാന്‍സര്‍ വരികയും, ഈ അവസ്ഥ ഏറ്റവും കുറഞ്ഞത് രണ്ട് തലമുറകളില്‍ കാണപ്പെടുകയും, ഇതില്‍ ഒരാള്‍ക്കെങ്കിലും കാന്‍സര്‍ ഉണ്ടായത് 50 വയസില്‍ താഴെയായിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഒരു കാന്‍സര്‍, പാരമ്പര്യ കാന്‍സര്‍ (Hereditary Cancer) ആയി കണക്കാക്കപ്പെടുന്നുള്ളൂ.

വന്‍കുടല്‍, മലാശയ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, സ്തനാര്‍ബുദം, മെലനോമ എന്നിവയിലാണ് ചെറിയ ശതമാനം പാരമ്പര്യ കാന്‍സര്‍ (Hereditary Cancers) കണ്ടുവരുന്നത്. ചെറുപ്രായത്തില്‍ കാന്‍സര്‍ വരിക, പല അവയവങ്ങളില്‍ ഒരേ സമയം കാന്‍സര്‍ പ്രത്യക്ഷപ്പെടുക എന്നിവ കണ്ടാല്‍ പാരമ്പര്യ കാന്‍സര്‍ ആണോ എന്ന് സംശയിക്കണം.

പാരമ്പര്യമായി ഉണ്ടാകുന്ന കാന്‍സറുകള്‍ ചില പ്രത്യേക ജനിതക വ്യതിയാനങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ഇതിനെ നമ്മള്‍ 'പാരമ്പര്യ കാന്‍സര്‍ സിന്‍ഡ്രോംസ്' (Hereditary Cancer syndromes) എന്നാണ് വിളിക്കുന്നത്. സിന്‍ഡ്രോം എന്നാല്‍ 'രോഗത്തിന്റെയോ അസ്വസ്ഥ്യത്തിന്റെയോ ഒരു കൂട്ടം ലക്ഷണങ്ങളുടെ സാന്നിദ്ധ്യം' എന്നാണ് അര്‍ത്ഥം.

ഈ ജനറ്റിക് വ്യതിയാനങ്ങള്‍ നമുക്ക് പാരമ്പര്യമായി ലഭിച്ചാലും കാന്‍സര്‍ വരാനുള്ള സാധ്യത 50 ശതമാനത്തില്‍ താഴെ മാത്രമാണ്. അതിനാല്‍ ഈ കാന്‍സര്‍ സിന്‍ഡ്രോം നമുക്കുണ്ടായാലും 100% കാന്‍സര്‍ വരുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

ഇനി ഏതൊക്കെയാണ് 'പാരമ്പര്യ കാന്‍സര്‍ സിന്‍ഡ്രോംസ്' (Hereditary Cancer Syndromes) എന്നു നോക്കാം. ചില പ്രത്യേക ജീന്‍ തകരാര്‍ മൂലം പാരമ്പര്യമായി ലഭിക്കുന്ന അസുഖങ്ങളാണ് ഇവ. ഈ അസുഖങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാലാണ് ഇവയെ 'കാന്‍സര്‍ സിന്‍ഡ്രോംസ്' (Cancer Syndromes) എന്നു വിളിക്കുന്നത്.

പ്രധാനപ്പെട്ട പാരമ്പര്യ കാന്‍സര്‍ സിന്‍ഡ്രോംസ്

1. പാരമ്പര്യ ബ്രസ്റ്റ് & ഒവേറിയന്‍ കാന്‍സര്‍ സിന്‍ഡ്രോംസ് (Hereditary Breast & Ovarian Cancer Syndromes): (HBOC) BRCA -I, BRCA -II എന്നീ ജീനുകളില്‍ വ്യത്യാസം വരുന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത. സ്ത്രീകളില്‍ സ്തന, അണ്ഡാശയ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിക്കുന്നു.

2. ലിഞ്ച് സിന്‍ഡ്രോംസ് (Lynch Syndromes): ഇങ്ങനെയുള്ളവരില്‍ വന്‍കുടല്‍, മലാശയം, ഗര്‍ഭാശയം എന്നിവിടങ്ങളില്‍ കാന്‍സര്‍ സാധ്യത കൂടുതലാണ്.

3. ഫമീലിയര്‍ അടെനോമാറ്റോവ് പോളിപോസിസ് (Familial Adenomatoue Polyposis): വന്‍കുടല്‍, മലാശയ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

4. ലിഫ്രൌമേനി സിന്‍ഡ്രോം (Li fraumeni Syndrome): ഈ ജനിതക അസാധാരണത്തം ഉള്ളവരില്‍ സാര്‍ക്കോമ, ബ്രസ്റ്റ് കാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

5. മല്‍ട്ടിപിള്‍ എന്‍ഡോക്രൈന്‍ നിയോപ്ലാസിയ സിന്‍ഡ്രോം (Multiple endocrine neoplasia Syndrome - MEN Syndrome): എന്‍ഡോക്രൈന്‍ ഗ്രന്ഥികളായ തൈറോയിഡ്, പാന്‍ക്രിയാസ് തുടങ്ങിയവയിലെ കാന്‍സര്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

6. കോവ്ഡെന്‍ സിന്‍ഡ്രോം (Cowden Syndromes): സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, തൈറോയിഡ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആദ്യഭാഗത്ത് പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് പാരമ്പര്യ കാന്‍സര്‍ (Hereditary Cancer) സംശയിച്ചാല്‍ പിന്നീട് എന്താണ് ചെയ്യുക എന്ന് നമുക്ക് പരിശോധിക്കാം.

1. ജനിതക പരിശോധന (Genetic Testing)

പാരമ്പര്യ കാന്‍സര്‍ സംശയിക്കുന്ന രോഗികളില്‍ ജീനുകളില്‍ പരിവര്‍ത്തനം സംഭവിച്ചോ എന്ന് പരിശോധിക്കുകയാണ് പ്രാഥമിക നടപടി. അത് സ്ഥിരീകരിച്ചാല്‍ അതേ ജനിതക പരിവര്‍ത്തനം മറ്റു ബന്ധുക്കളില്‍ ഉണ്ടോ എന്നു പരിശോധിക്കുന്നു. രോഗിയില്‍ ജീന്‍ പരിവര്‍ത്തനം സ്ഥിരീകരിച്ചാല്‍ മാത്രമേ ബന്ധുക്കളില്‍ പരിശോധന നടത്തേണ്ടതായിട്ടുള്ളൂ. കാരണം, രോഗിയില്‍ ജീന്‍ പരിവര്‍ത്തനം ഇല്ലായെങ്കില്‍ ടെസ്റ്റ് ചെയ്തതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.

2. ജനറ്റിക് കൗണ്‍സിലിംഗ് (Genetic Counselling)

പാരമ്പര്യ കാന്‍സറിന് വിധേയരായവരോ അതിന് സാധ്യതയുള്ളവരോ ആയ രോഗികള്‍, അവരുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവുമായി ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും രോഗത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും പ്രതിവിധികളും നിര്‍ദേശിക്കുന്ന കൗണ്‍സിലിംഗ് സെക്ഷനാണിത്.

3. രോഗനിവാരണ സര്‍ജറി (Prophylatic Surgery)

സ്തനാര്‍ബുദം, അണ്ഡാശയ/ഗര്‍ഭപാത്ര കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയ്ക്ക് ജനിതക പരിശോധന വഴി സാധ്യത കൂടുതലുള്ളവര്‍ക്ക് അസുഖം വരുന്നതിനു മുമ്പു തന്നെ സര്‍ജറി ചെയ്ത് അവയവം നീക്കം ചെയ്യുന്നതിനെയാണ് Prophylatic Surgery എന്നു പറയുന്നത്. പ്രമുഖ ഹോളിവുഡ് നടി ആഞ്ജലീനാ ജോളി, ജനിതക സാധ്യത കൂടുതലായതിനാല്‍ ഇതുപോലെയുള്ള സര്‍ജറിക്ക് വിധേയയായ ആളാണ്.

4. ടെസ്റ്റുകള്‍ നടത്തി നേരത്തെ രോഗം കണ്ടുപിടിക്കല്‍ (Agressive Screening and earlydetection)

ജനിതക പരിശോധന വഴി കാന്‍സര്‍ സാധ്യതയുള്ളവരില്‍ ടെസ്റ്റുകള്‍ നടത്തി കാന്‍സര്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നു. ഉദാ. ബ്രസ്റ്റ് കാന്‍സറിനു മമ്മോഗ്രഫി വര്‍ഷം തോറും നടത്തുക, വന്‍കുടല്‍ മലാശയ കാന്‍സറിനു കൊളോണോസ്കോപി നടത്തുക - Colonoscopy, Prostate - TRUS.

5. കീമോ പ്രിവെന്‍ഷന്‍ (Chemo-prevention): മരുന്ന് കഴിച്ച് കാന്‍സര്‍ വരാതെ നോക്കുക. ഇത് ഇപ്പോഴും ശൈശവദശയിലാണ്. ചില പ്രത്യേക കരോട്ടിനുകള്‍ ഒഴികെ.

5. ജീന്‍ തെറാപ്പി

തെറ്റായ ജീന്‍ മാറ്റി ജീനുകളിലെ തകരാറ് പരിഹരിക്കുകയാണ് ഇവിടെ. ഒന്നോ രണ്ടോ രോഗങ്ങള്‍ക്ക് ഇത് ലഭ്യമാണ്. അതും ക്ലിനിക്കല്‍ പരിശോധനയുടെ ഭാഗമായി മാത്രം. ഭാവിയില്‍ ഇതും നമുക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

ഇതൊക്കെയാണ് പാരമ്പര്യമായി കാന്‍സര്‍ വരുമോ എന്ന സംശയത്തിനും ചോദ്യത്തിനും വൈദ്യശാസ്ത്രം ഇപ്പോള്‍ നല്‍കുന്ന ഉത്തരം.

Oncosurgeon Jojo V Joseph

Address

Gandhi Nagar Road, Kadavanthra, Kochi 20 , Opp Regional Sports Centre
Eranakulam
682020

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Telephone

+916235394678

Alerts

Be the first to know and let us send you an email when Mission Cancer Care - IGCH Kadavanthra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mission Cancer Care - IGCH Kadavanthra:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category