30/07/2022
മനുഷ്യന്റെ കരളിനെ ബാധിച്ചു ദീർഘസ്ഥ മഞ്ഞപ്പിത്തം (chronic hepatitis) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന ഒരിനം വൈറസ് ആണ് ഹെപ്പറ്റൈറ്റിസ് -ബി (Hepatitis B virus: HBV). തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയും ഹെപ്പറ്റൈറ്റിസ് -ബി എന്ന പേരിലാണ് അറിയപ്പെടുന്നത്. സിറം ഹെപ്പറ്റൈറ്റിസ് എന്ന പേരിലാണ് പണ്ട് ഈ രോഗം അറിയപ്പെട്ടിരുന്നത്.
1963 ൽ, ബ്ലൂംബെർഗ് (Blumberg) ആണ് ഇരട്ട കവചമുള്ള ഈ ഡി.എൻ.എ (DNA) വൈറസിനെ തിരിച്ചറിഞ്ഞത്.
ഹെപ്പറ്റൈറ്റിസ് - ബി ബാധിതരുടെ രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും പകരുന്ന ഈ സാംക്രമിക രോഗം ലോകവ്യാപകമായി കാണപ്പെടുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലും വികസ്വര രാജ്യങ്ങളിലും രോഗബാധ കൂടുതലാണ്. സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങൾ ഈ രോഗത്തിൻറെ വ്യാപനത്തെ സ്വാധീനിക്കുന്നു. ജീവിത നിലവാരം മെച്ചപ്പെട്ട രാജ്യങ്ങളിൽ രോഗനിരക്ക് കുറവാണ്. നേരത്തെ രോഗം ബാധിച്ചവരായോ , ഇപ്പോൾ രോഗമുള്ളവാരോ ആയി 20 കോടി ആളുകളും 3.5 കോടി ദീർഘസ്ഥ രോഗാവസ്ഥ ഉള്ളവരും ഇപ്പോൾ ലോകത്തിലുണ്ട്. കരളിലെ അർബുദം മൂലമുള്ള 60 മുതൽ 80 ശതമാനം മരണ കാരണങ്ങളും ഹെപ്പറ്റൈറ്റിസ് -ബി വൈറസ് ബാധയാണ്.
ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലക്കറക്കം, ഛർദ്ദി, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ആരോഗ്യസംരക്ഷണകേന്ദ്രങ്ങളിൽ രക്തവുമായുള്ള സമ്പർക്കം - പ്രധാനമായും ഡോക്ടർമാർ, നഴ്സുമാർ, ദന്തഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നത്.
സൂചി, സിറിഞ്ച്, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ അണു വിമുക്തമാക്കാതെ ഉപയോഗിക്കുന്നത്
അന്യരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ
രക്തം കൈമാറ്റം ചെയ്യുന്നതിലൂടെ
മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഒരേ സൂചി പങ്കുവയ്ക്കുന്നതിലൂടെ
അണുബാധയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പച്ച കുത്തുന്നതിലൂടെ
രോഗബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വൈറസ് പകരുന്നു.
വായുവിലൂടെയോ, ജലപാനീയങ്ങളിലൂടെയോ, കീടങ്ങൾ മുഖാന്തരമോ , സാധാരണ സമ്പർക്കത്തിലൂടെയോ ഈ വൈറസ് പകരില്ല.
കടുത്ത രോഗബാധയാണെങ്കിൽ 1 മുതൽ 6 വരെ മാസം കൊണ്ടാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തലകറക്കം, ഛർദ്ദി, വിശപ്പില്ലായ്മ, തളർച്ച, പേശീ-സന്ധിവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് മഞ്ഞപ്പിത്തം, കടും നീലനിറത്തിലുള്ള മൂത്രം അയഞ്ഞ മലം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഹെപ്പറ്റിറ്റിസ് ബി രോഗബാധിതരിൽ ഏതാണ്ട് 1% കരൾ വീക്കത്തെ തുടർന്ന് ആദ്യഘട്ടത്തിൽ തന്നെ മരണമടയുന്നു. രോഗത്തിൻറെ കാഠിന്യം അണുബാധയുണ്ടാകുന്ന സമയത്തെ രോഗിയുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. ഹെപ്പറ്റിറ്റിസ് ബി ബാധിതരായ 90% നവജാത ശിശുക്കളും 50% കുട്ടികളും 5% ത്തിൽ താഴെ മുതിർന്നവരും മാരകമായ ഹെപ്പറ്റിറ്റിസ് രോഗികളായി മാറുന്നു. ഹെപ്പറ്റിറ്റിസ് ബി വൈറസിൻറെ ആക്രമണം ശരീരത്തിൻറെ രോഗപ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. രോഗബാധിതമായ കരൾകോശങ്ങളോടുള്ള പ്രതിരോധപ്രവർത്തനം ആ കോശങ്ങളെ നശിപ്പിക്കുകയും കരൾവീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. തുടർന്ന് കരളിലെ എൻസൈമുകൾ (ട്രാൻസ് അമിനേസസ്) രക്തത്തിലേക്ക് കലരുന്നു. രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോത്രോംബിൻ എന്ന ഘടകത്തെ ഉല്പാദിപ്പിക്കാനുള്ള കരളിൻറെ ശേഷി വൈറസുകൾ നശിപ്പിക്കുന്നു. തൽഫലമായി രക്തം കട്ടപിടിക്കൽ സാവകാശത്തിലാകുന്നു. കൂടാതെ കരൾ പ്രവർത്തനരഹിതമാകുന്നതോടെ കേടായ ചുവന്ന രക്താണുക്കൾ വിഘടിച്ചുണ്ടാകുന്ന ബിലിറൂബിൻ എന്ന വസ്തുവിനെ പുറന്തള്ളാനുള്ള ശരീരത്തിൻറെ കഴിവ് നശിക്കുന്നു. തൽഫലമായി മഞ്ഞപ്പിത്തം ഉണ്ടാകുന്നു. കണ്ണിനും ശരീരത്തിനും മഞ്ഞനിറം, മൂത്രത്തിന് കടുത്തനിറം എന്നിവ പ്രകടമാകുന്നു
വിവിധ രക്ത പരിശോധനകൾ നിലവിലുണ്ട്.
ഹെപ്പറ്റിറ്റിസ് ബി സർഫസ് ആൻറിജെൻ (HBsAg) നിർണയം – വൈറസ് ശരീരത്തിൽ പ്രവേശിച്ചതിൻറെ പ്രാഥമിക അടയാളമാണിത്. 1-2 മാസത്തിനകം ഇത് രക്തത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നു
ഹെപ്പറ്റിറ്റിസ് ബി കോർ ആൻറിബോഡി (Anti-HBc) നിർണയം -- ഹെപ്പറ്റിറ്റിസ് ബി സർഫസ് ആൻറിജൻ പ്രത്യക്ഷപ്പെട്ടത്തിന് ശേഷം ഒരു ആഴ്ചയ്ക്കുള്ളിലാണ് ഈ ആൻറിബോഡി കണ്ടെത്താൻ കഴിയുന്നത്
ഹെപ്പറ്റിറ്റിസ് ബി സർഫസ് ആൻറിബോഡി (Anti-HBs) നിർണയം -- രോഗപ്രതിരോധ വാക്സിൻ എടുത്തവരിലും ഹെപ്പറ്റിറ്റിസ് രോഗമുക്തി നേടിയവരിലും ഇത് കണ്ടുവരുന്നു.
ഹെപ്പറ്റിറ്റിസ്-ബി രോഗമുക്തി നേടിയ ആളുകളുടെ രക്തത്തിൽ ഹെപ്പറ്റിറ്റിസ് -ബി സർഫസ് ആൻറിബോഡിയും കോർ ആൻറിബോഡിയും ദീർഘകാലം നിലനിൽക്കുന്നു. കരൾ കേടാകുന്നതിനാൽ ട്രാൻസ് അമിനേസ് എന്ന എൻസൈമിൻറെ അളവ് രക്തത്തിൽ വളരെ കൂടുതലായിരിക്കും. ആൽബുമിൻറെ അളവ് കുറവായിരിക്കും. പ്രോത്രോംബിൻ ഉണ്ടാകുന്നതിൻറെ സമയദൈർഘ്യം വളരെ കൂടുതലായിരിക്കും.
റികോംബിനന്റ് ഡി.എൻ.എ. സങ്കേതം ഉപയോഗിച്ച് യീസ്റ്റ് കോശങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഹെപ്പറ്റിറ്റിസ് ബി സർഫസ് ആൻറിജൻ ആണ് പ്രതിരോധ കുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്. സാധാരണയായി മൂന്നു തവണ ഈ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. രണ്ടാമത്തേത് ആദ്യഡോസിന് ഒരു മാസം ശേഷവും മൂന്നാമത്തേത് ആദ്യഡോസിന് ആറുമാസം ശേഷവുമാണ് എടുക്കേണ്ടത്. ആരോഗ്യപ്രവർത്തകർ, പതിവായി ഡയാലിസിസിന് വിധേയമാകുന്നവർ, രോഗബാധിതയായ അമ്മയ്ക്ക് പിറക്കുന്ന കുട്ടികൾ എന്നിവർക്ക് തീർച്ചയായും ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്