21/06/2023
*YOGA practising for Social Discipline and Personal Discipline.*
യോഗ വ്യക്തിപരവും സാമൂഹികവുമായ അച്ചടക്കത്തിന്
യോഗയുടെ സാമൂഹ്യ പ്രതിബദ്ധത
ഈ വിഷയത്തെപ്പറ്റി പറയുമ്പോൾ ആദ്യം പരാമർശിക്കേണ്ടത് ആസനങ്ങളെപ്പറ്റിയാണ്. യോഗ ഇന്ന് അറിയപ്പെടുന്നത് ആസന പരിശീലനത്തിൻ്റെ പേരിലാണ്. യോഗയുടെ ഏതൊരു പരസ്യത്തിലും ഏതെങ്കിലും ഒരു ആസനത്തിൽ ഇരിക്കുന്ന ഒരു ചിത്രമുണ്ടാകും.
YOGA (യോഗ) എന്ന വാക്കു പോലും ഇംഗ്ലീഷാണ്. കൂടിച്ചേരൽ എന്നർത്ഥം വരുന്ന യുജ് എന്ന സംസ്കൃത വാക്കിൽ നിന്ന് സംജാതമായ യോഗ: എന്ന ദർശനം മലയാളത്തിൽ യോഗം - ആണ്. കൂടിച്ചേരുന്നതെല്ലാം യോഗം അഥവാ മീറ്റിംഗ് (meeting) ആണല്ലോ.
പതഞ്ജലി എന്ന മഹർഷി ജീവിച്ചിരുന്ന കാലത്ത് ഈ വിഷയത്തിൽ അതു വരെയുണ്ടായിരുന്ന അറിവുകളെ ക്രോഡീകരിച്ച് സൂത്രങ്ങളാക്കി ലോകത്തിനായി പകർന്നു കൊടുത്തു. അതാണ് അഷ്ടാംഗ യോഗം എന്നറിയപ്പെടുന്നത്.
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ അറിയപ്പെടുന്ന ഈ ആറു പടികളും ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുവാൻ ഉപകരിക്കുന്നവയാണ്.
യമം എന്നതിൽ പതഞ്ജലി മഹർഷി പറയുന്ന അഞ്ചു കാര്യങ്ങൾ സോഷ്യൽ ഡിസിപ്ലിൻ്റെ (Social Discipline) അടിസ്ഥാന പ്രമാണങ്ങളാണ്.
അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ പാലിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക വഴി ഇന്നത്തെ മൂല്യച്യുതിക്ക് പരിഹാരമാകും.
അഹിംസയെന്നാൽ കേവലം പ്രാണി ഹിംസ പാടില്ല എന്നു മാത്രമല്ല.
മറ്റുള്ളവരുടെ മനസ്സിനെ വൃണപ്പെടുത്തുന്ന കാര്യങ്ങൾ പോലും ഹിംസയാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരലാണ്. സത്യത്തെ ദൈവമായിക്കരുതുന്ന ഒരു പാരമ്പര്യം എന്നും ഭാരതീയർക്കുണ്ട്. ഇന്നും ഭൂരിഭാഗം ജനങ്ങളും സത്യസന്ധരാണ്.
അസ്തേയം, അപരിഗ്രഹം എന്നീ വാക്കുകളിലൂടെ തനിക്കു വേണ്ടതു മാത്രം, അതും എത്രയും കുറച്ച്, സ്വീകരിക്കുക എന്നതും, അന്യൻ്റെ മുതൽ മോഷ്ടിക്കുകയില്ലെന്നു മാത്രമല്ല മനസ്സുകൊണ്ട് ആഗ്രഹിക്കുക പോലും ചെയ്യാൻ പാടില്ലെന്ന് പൂർവ്വസൂരികൾ നമ്മോട് പറയുന്നത്.
ബ്രഹ്മചര്യമെന്നാൽ സ്ത്രീ പുരുഷസംഗം ഒഴിവാക്കണമെന്ന കേവലാർത്ഥത്തിൽ എടുക്കേണ്ട ഒന്നല്ല. നാമെല്ലാം ഉണ്ടായി വന്നത് സ്ത്രീ പുരുഷ സംഗത്താലാണ് എന്നതിനാൽ അതിനെ കണ്ണടച്ച് എതിർക്കാൻ നമ്മുടെ ആചാര്യന്മാർ ശ്രമിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. മാത്രമല്ല ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ ചതുരാശ്രമങ്ങൾ വിധിച്ചതും അവർ തന്നെയാണ്. അപ്പോൾ ഗൃഹസ്ഥാശ്രമിയ്ക്ക് ഭാര്യാഭർത്തൃസംഗം നിഷേധിക്കുമെന്ന് കരുതാനാവില്ല. നല്ല സന്തതിയുണ്ടാകാനും അതുവഴി നല്ല തലമുറ നിലനിർത്താനും ഗർഭാധാനം മുതൽ അന്ത്യേഷ്ടി വരെയുള്ള ഷോഢശ സംസ്ക്കാരത്തെ നിർദ്ദേശിച്ചതും ഇതേ ആചാര്യന്മാർ തന്നെയാണ്. ബ്രഹ്മചാരിയുടെയും സന്യാസിയുടെയും സംരക്ഷണ ചുമതലയും ഗൃഹസ്ഥനാണെന്ന് പറഞ്ഞു വയ്ക്കുക വഴി വലിയ ഒരു ചുമതല കൂടി ഗൃഹസ്ഥനുണ്ടെന്ന് ഓർമ്മിപ്പിക്കാനും മറന്നില്ല.
എന്നും സ്മരിക്കേണ്ട വസിഷ്ഠനും അരുന്ധതിയും ദമ്പതിമാരിൽ നക്ഷത്രങ്ങളായി നമ്മുടെ മുമ്പിൽ അവതരിപ്പിക്കുക വഴി ബ്രഹ്മചര്യത്തെ കൃത്യമായി നിർവ്വചിച്ചിരിക്കുന്നു. അതായത് Celebasy എന്ന ഇംഗ്ലീഷ് വാക്കു കൊണ്ട് ബ്രഹ്മചര്യത്തെ നിർവ്വചിക്കാനാവില്ല എന്നു ചുരുക്കം. വിവാഹിതനായ ശ്രീരാമകൃഷ്ണ ദേവനും, പേരിനെങ്കിലും വിവാഹിതനായ ശ്രീനാരായണ ഗുരുവും നയിച്ച ജീവിതമല്ല ഗൃഹസ്ഥൻ നയിക്കേണ്ടത്. അവർക്ക് ചില ജന്മനിയോഗങ്ങൾ ഉണ്ടായിരുന്നു. പൂർവ്വജന്മ പുണ്യം കൊണ്ട് ലോക നന്മയ്ക്കായി ചില കാര്യങ്ങൾ ചെയ്ത് മടങ്ങിപ്പോകാനെത്തിയ അവർ അതു പൂർത്തിയാക്കി മടങ്ങിപ്പോയി.
എന്നാൽ സാധാരണക്കാരായ നമ്മൾ സ്വധർമ്മ നിർവ്വഹണം നടത്തി സമയമാകുമ്പോൾ വാനപ്രസ്ഥവും തുടർന്ന് സന്യാസവും ഒക്കെയായി ചതുരാശ്രമം പൂർത്തിയാക്കേണ്ടവരാണ്. (വാനപ്രസ്ഥമെന്നാൽ കാട്ടിൽ പോവുക എന്നർത്ഥമല്ല. വാനത്തിന് ആകാശം എന്നു കൂടി അർത്ഥമുണ്ട്. താൻ ആർജ്ജിച്ച വിദ്യയും വിത്തവും ലോകനന്മയ്ക്കായി ഉപയോഗിച്ച് മാനംമുട്ടെ ഉയരാൻ സാധിക്കണം.) വ്യക്തി ചാരിത്ര്യം പാലിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലും ഇതിലുണ്ട്.
രണ്ടാം പടിയായ നിയമത്തിൽ പറയുന്ന ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിങ്ങനെയുള്ള അഞ്ചു കാര്യങ്ങൾ തികച്ചും വ്യക്തിനിഷ്ഠമാണ്.
ശൗചമെന്നത് ശരീരശുദ്ധിക്കൊപ്പം മന:ശുദ്ധിയും പാലിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്. മനസ്സിൽ സന്തോഷമുണ്ടെങ്കിലേ അതു പകർന്നു കൊടുക്കാനാവുകയുള്ളു. നമ്മുടെ ഉള്ളിലുള്ള സന്തോഷത്തെ തിരഞ്ഞു നടക്കാതെ ഉള്ളിലേക്ക് തിരിഞ്ഞ് അന്വേഷിക്കാനാണ് യോഗശാസ്ത്രം പറയുന്നത്. തപസ്സെന്നാൽ എല്ലാം ഉപേക്ഷിച്ച് കാട്ടിൽ പോകലാണെന്ന് കരുതേണ്ട. തൻ്റെ കർമ്മമണ്ഡലത്തിൽ, അതെന്തുമാകട്ടെ, അർപ്പണ മനസ്സോടെ പ്രവർത്തിക്കുന്നത് തപസ്സാണ്. ( വീട്ടമ്മയുടെ സമർപ്പണമനോഭാവും അദ്ധ്യാപകനാണെങ്കിൽ ജോലിയോടുള്ള സമർപ്പണവും ഒക്കെ ഉദാഹരണമായി പറയാവുന്നതാണ്.)
അറിയാനും പഠിക്കാനും ഏറെയുണ്ടെന്ന ചിന്ത കൂടുതൽ അറിയാൻ ഇടയാക്കും. സ്വാദ്ധ്യായം എന്നതിലൂടെ ഒരു അറിവും ചെറുതല്ലെന്നും അറിഞ്ഞതിലേറെ അറിയാനുണ്ടെന്നുമുള്ള മാനസിക വളർച്ചയിലേക്കെത്തണമെന്ന സാമാന്യ കാര്യം പറഞ്ഞു തരുന്നു.
ഈശ്വരവിശ്വാസം എന്നതിനപ്പുറം ഈശ്വരനേയുള്ളു എന്ന ചിന്തയോടെ ജീവിക്കലാണ് ഈശ്വരപ്രണിധാനം. 'ഈശാവാസ്യമിദം സർവ്വം' എന്ന ഉപനിഷത് മാർഗ്ഗത്തിലേക്ക് ഉയരാൻ സാധാരണ മനുഷ്യരെ പ്രാപ്തരാക്കുന്ന യോഗശാസ്ത്രത്തെ വേണ്ട വിധം പറഞ്ഞു കൊടുക്കാൻ പ്രാപ്തരായവർ ഉണ്ടായി വരേണ്ടതുണ്ട്. അങ്ങനെ ഉണ്ടായില്ലെങ്കിൽ കേവലം ആസന പരിശീലനമായി യോഗ പoനം മാറിപ്പോകും.
അങ്ങനെ സംഭവിക്കാതിരിക്കാൻ യോഗയുടെ ശരിയായ പ്രചരണം നടത്തേണ്ടതാണ്.
മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിക്കുന്നവരാണ് ആസന പരിശീലനം നടത്തേണ്ടത്. അങ്ങനെ പരിശീലിക്കുമ്പോൾ ആരോഗ്യമുള്ള ഒരു ജനത ഉണ്ടായി വരും. മാത്രമല്ല ആസനപരിശീലനത്തിലൂടെ അന്ത:സ്രാവി വ്യവസ്ഥ (Endocrine system) സജീവമാകുക കാരണം ഹോർമോൺ തകരാർ (Hormone imbalance) പരിഹരിക്കാനാവും. അതു വഴി സ്ത്രീകളിലെ ആർത്തവത്തകരാറുകൾ (menustral disorders), കുട്ടികളിലെ സ്വഭാവ വൈകല്യങ്ങൾ (ADHD പോലെയുള്ളവ) എന്നിവയും പരിഹരിക്കാനാവും.
ശാരീരിക ക്ഷമതയ്ക്കൊപ്പം പ്രാണശക്തി കൂടി മെച്ചപ്പെടുത്തുവാൻ പ്രാണായാമം ഉപകരിക്കും. ശ്വാസകോശ രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യാനും പ്രാണായാമം ഉപകരിക്കും. ആധുനിക ലോകത്തെ ബാധിച്ചിരിക്കുന്ന കോവിഡ് മഹാമാരിക്ക് സിദ്ധൗഷധമാണ് പ്രാണായാമം എന്നതിനാൽ അതിൻ്റെ പ്രസക്തി ഏറെയാണ്.
ശ്വാസഗതിയും മനസ്സുമായി ഉള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ക്ഷോഭിക്കുക, ടെൻഷൻ ഉണ്ടാകുക തുടങ്ങിയ സമയത്തൊക്കെ ശ്വാസഗതി ഉയരുന്നത് സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ ശ്വാസഗതിയെ നിയന്ത്രിച്ചാൽ മനസ്സിനെ ശാന്തമാക്കാം എന്ന തികച്ചും പ്രായോഗികമായ കാര്യം പ്രാണായാമത്തിലൂടെ പഠിപ്പിക്കുന്ന ഋഷി പരമ്പര ഭാരതത്തിൻ്റെ മഹത്വം വിളിച്ചോതുന്നു.
ഇവ പരിശീലിക്കുക വഴി അടുത്ത പടികളായ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ അവസ്ഥകളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്. ധ്യാന പരിശീലനം (Meditation) Stress കുറയ്ക്കാൻ സഹായിക്കും.
ചുരുക്കത്തിൽ ആധുനിക ലോകം നേരിടുന്ന സകല പ്രശ്നങ്ങൾക്കും ആത്യന്തിക പരിഹാരമാണ് യോഗയെന്ന കാര്യത്തിൽ തർക്കമില്ല.
യോഗ കൊണ്ടുള്ള 25 ഗുണങ്ങൾ...
1. ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നു.
2. മനസിന്റെ വഴിവിട്ട പോക്കിനെ നിയന്ത്രിക്കുന്നു.
3. കർമ്മശക്തി വളർത്തി പുതിയ സംസ്ക്കാരം രൂപപ്പെടുത്തുന്നു.
4. ശരീരം, മനസ്, ബുദ്ധി ഇവ ശുദ്ധമാക്കുന്നു.
5. രോഗങ്ങൾ അകന്നു പോകുന്നു.
6. ചിന്താശക്തി വർദ്ധിക്കുന്നു.
7. ബുദ്ധി വികാസം ഉണ്ടാകുന്നു.
8. ശരീര സൗന്ദര്യം വർദ്ധിപ്പിച്ച് യുവത്വം നിലനിർത്തുന്നു.
9. ഏകാഗ്രത കൂടുന്നു.
10. രോഗഭയം മാറി രോഗപ്രതിരോധ ശക്തി ശരീരത്തിനും മനസിനും ലഭിക്കുന്നു.
11. പ്രാണായാമം മൂലം മനോനിയന്ത്രണം കൈവരുന്നു.
12. കൂടുതൽ രക്തശുദ്ധീകരണം നടക്കുന്നു.
13. മനസിൽ ക്രിയാത്മക ചിന്തകൾ ഉടലെടുക്കുന്നു.
14. ശ്വാസ സംബന്ധമായ മിക്ക രോഗങ്ങളും അകന്നു പോകുന്നു.
15. ഉൻമേഷവും പ്രസരിപ്പും കൂടുന്നു.
16. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു.
17. ടെൻഷൻ അകന്നു പോകുന്നു.
18. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നു.
19. രക്ത ചംക്രമണം കൂടുന്നു.
20. ആത്മവിശ്വാസം വർദ്ധിക്കുന്നു.
21. ആന്തരീക ഗ്രന്ഥികൾ ശക്തി പ്രാപിക്കുന്നു.
22. പ്രാണശക്തി വർദ്ധിക്കുന്നു.
23. ശരീരത്തിന് ലാഘവം ഉണ്ടാകുന്നു.
24. ജരാനരകളൾ അകന്നു പോകുന്നു.
25. വ്യക്തിവികാസം ഉണ്ടാകുന്നു.
തയ്യാറാക്കിയത്
യോഗാചാര്യ സജീവ് പഞ്ച കൈലാസി