24/12/2022
പരിയാരം സി.എച്ച് സെന്റർ: ദൈവം സമ്മാനിച്ച കുരുന്നുകളുടെ കൂടി ലോകം
--------------------------------------
അവിചാരിതമായാണ് ഇന്ന് പരിയാരത്തെ സി.എച്ച്. സെന്റർ സന്ദർശിക്കാനിടയായത്. കടന്നുചെന്നപ്പോൾ വലിയൊരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രതീതി. അകത്തും പുറത്തും പ്രശാന്തസുന്ദരമായ അന്തരീക്ഷം. ഡയാലിസിസിനായി രോഗികളുടെ കൂടെവന്നവർ പുറത്തെ ലോഞ്ചിൽ സമാനഹൃദയരുടെ സംഭാഷണത്തിലേർപ്പെട്ടിരിക്കുന്നു. തെളിഞ്ഞപുഞ്ചിരിയോടെ നിൽക്കുന്ന റിസപ്ഷനിസ്റ്റിനടുത്തുചെന്ന് ആഗമനോദ്ദേശമറിയിച്ചു. ഡയരക്ടർ ബോർഡ് മീറ്റിംഗ് നടക്കുന്നുണ്ട്. അവരിൽ ചിലരെ കണ്ട് അഭിമുഖം നടത്തണം. മീറ്റിംഗ് ഹോളിലേക്കുള്ള വഴി പറഞ്ഞുതന്നു. ചില പ്രാഥമികവിവരങ്ങൾ അവരിൽനിന്നും കിട്ടി. മുകളിലെ നിലയിൽ ചെന്നപ്പോൾ മാനേജർ ശ്രീ. അസൈനാർ ഹൃദ്യമായി സ്വീകരിച്ചിരുത്തി സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു.
നിത്യവും നൂറു രോഗികൾക്ക് സൌജന്യമായി ഡയാലിസിസ് നൽകിവരുന്നു. കെ.വി. മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ നോതൃത്വത്തിൽ 10 ഡയാലിസിസ് മെഷീനുകളുമായി തുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ 28 മെഷിനുകളുണ്ട്. 11 ടെക്നിഷ്യന്മാരും അവരെ സഹായിക്കാൻ പത്തോളം മറ്റു സ്റ്റാഫുകളും മുഴുവൻ സമയം പ്രവർത്തിക്കുന്നു. സൌജന്യമരുന്നു വിതരണം, ആംബുലൻസ് സർവ്വീസ് തുടങ്ങി മറ്റുപല സാമ്പ്രദായിക ചാരിറ്റി പ്രവർത്തനങ്ങളും ഭംഗിയായി നടന്നുവരുന്നു. സ്പീച്ച് തെറാപിയടക്കം വിവിധതരം തെറാപി യൂണിറ്റുകളും പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് അത്രമേൽ റിസൾട്ട് ഓറിയന്റഡ് ആയി അവിടെ കഴിഞ്ഞ ഒരു വർഷമായി നടന്നുവരുന്ന ഭിന്നശേഷി വിദ്യാലയത്തിന്റെ പ്രവർത്തനമികവാണ്. ധീർഘകാലം ദില്ലിയിൽ അധ്യാപികയായിരുന്ന സുധ ടീച്ചർക്കാണ് സ്കൂളിന്റെ ചുമതല. ഭിന്നശേഷിരൂപത്തിൽ ദൈവം തനിക്കു നല്കിയ ഒരു കുഞ്ഞിനെ പോറ്റിവളർത്തുന്നതിന്റെ അനുഭവവുമായാണ് അവരീ വിദ്യാലയം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇന്നവിടെ കുട്ടികളും ടീച്ചർമാരും ജീവനക്കാരും ഒത്തുചേർന്നുള്ള ക്രിസ്തുമസ്-ന്യൂഇയർ ആഘോഷം നടക്കുകയാണ്. രക്ഷിതാക്കളും എത്തിയിട്ടുണ്ട്. അതുകൊണ്ട് ചില രക്ഷിതാക്കളുമായി സംസാരിക്കാൻ അവസരം ലഭിച്ചു. അവർക്കൊക്കെ ഈ സ്ഥാപനത്തെക്കുറിച്ചും സുധട്ടീച്ചറെക്കുറിച്ചും പറയാൻ വാക്കുകളില്ലായിരുന്നു. "ഞാനെടുത്തുകൊണ്ടുവന്ന എന്റെ മോൻ ഇപ്പോൾ നടന്നാണ് എന്റെ കൂടെ വീട്ടിലേക്ക് പോരുന്നത്. അൽഹംദുലില്ലാഹ്..." ചെറുകുന്നിൽ നിന്നുള്ള നഫീസ അതിരറ്റ ആഹ്ളാദത്തോടെ പറഞ്ഞു. "നേരത്തെ ഭയങ്കര വാശിക്കാരനായിരുന്നു ഹനാൻ, ഇപ്പോൾ വീട്ടിൽ ആ സ്വഭാവമേ കാണിക്കാറില്ല". വായാട് നിന്നുവരുന്ന നുഫൈലിന്റെ ഉമ്മ പഞ്ഞത്. രാവിലെ ആയാൽ സ്കൂളിലേക്ക് പോരാനുള്ള ആവേശമാണ്. വീടിനേക്കാളിഷ്ടമാണ് സ്കൂളും ഇവിടത്തെ കുട്ടികളും ടീച്ചർമാരും. "കുട്ടികളുടെ മാത്രമല്ല രക്ഷിതാക്കളുടെകൂടെ താൽപര്യത്തിലൂടെയും ഇടപെടലിലൂടെയും മാത്രമേ ഭിന്നശേഷിമക്കളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ തിരിച്ചറിയാനും പരിപോഷിക്കാനും സാധിക്കൂ" എന്നാണ് സുധടീച്ചർ പഠനമനനാനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെച്ച സുപ്രധാനമായ ഒരു കാര്യം.
ഇവരുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് അപ്പുവിന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ കയറിവന്നത്. ഭിന്നശേഷിയുള്ള ഒരു കുഞ്ഞിന്റെ രക്ഷിതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമമാതൃകയാണ് ഉണ്ണി. ദൈവത്തിന്റെ ഒരു സമ്മാനമായാണ് ആ പിതാവ് തന്റെ കുഞ്ഞിനെ കാണുന്നത്. പത്താം ക്ലാസ് വരെ സാധാരണ സ്കൂളിലാണ് അപ്പുവിനെ പറഞ്ഞയച്ചത്. ചെറുപ്പംമുതലേ ഇത്തരം കുട്ടികൾക്കായുള്ള സ്പെഷ്യൽ സ്കൂളുകൾ സർക്കാർ സ്ഥാപിക്കണം എന്ന അഭിപ്രായക്കാരനാണദ്ദേഹം. കേവലം സൈദ്ധാന്തികമായ വാചാടോപകങ്ങളല്ല അദ്ദേഹത്തിന്റെത് ഉള്ളുപൊള്ളുന്ന അനുഭവങ്ങളിൽനിന്നും വന്ന ജീവനുള്ള നിർദ്ദേശങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. പത്താം തരം കഴിഞ്ഞ് അപ്പുവിനെ ചേർക്കാൻ ഒരു സ്പെഷ്യൽ സ്കൂളന്വേഷിച്ച് അദ്ദേഹം കുറേ അലഞ്ഞു. ഒടുവിലാണ് ഇവിടെയെത്തിയത്. സ്ഥാപനത്തെക്കുറിച്ചും സുധടീച്ചറെക്കുറിച്ചും മറ്റുള്ള ടീച്ചർമാരെക്കുറിച്ചും അദ്ദേഹം വാചാലനായി. കഴിഞ്ഞ എട്ടുമാസമായി അപ്പുവിൽ കണ്ടുവരുന്ന മാറ്റങ്ങളിൽ ഏറ്റവുമധികം ആഹ്ളാദിക്കുന്ന രക്ഷിതാവിനെ എനിക്കുണ്ണിയിൽ കാണാനായി. ഭിന്നശേഷി കുട്ടികളോട് പെരുമാറാനും അവരുടെ ജീവിതാവസ്ഥകളോട് സ്നേഹവാത്സല്യങ്ങൾ ഉണർത്തുന്നതിനുതകുംവിധമുള്ളതുമായ പുസ്തകങ്ങളും സിലബസും പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി സാധാരണ സ്കൂളുകളിൽ നിർബന്ധമായും കൊണ്ടുവരണമെന്ന അഭിപ്രായക്കാരനാണദ്ദേഹം. അത്യന്തം അപകടകരമായ രീതിയിലാണ് സാധാരണകുട്ടികൾ എന്നു നമ്മൾ പറയുന്നവർ ഭിന്നശേഷിക്കുട്ടികളോട് സാധാരണസ്കൂളുകളിൽ പെരുമാറുന്നത്. ഭിന്നശേഷിക്കുട്ടികളോടുള്ള പൊതുസമൂഹത്തിന്റെ പെരുമാറ്റരീതിയും കമന്റുകളും തികച്ചും പ്രാകൃതമാണ്. അതിലും മാറ്റം വരേണ്ടതുണ്ട്. ഉണ്ണികൃഷ്ണനെപ്പോലുള്ള രക്ഷിതാക്കളെ നമ്മുടെ വിദ്യാഭ്യാസവിക്ഷണർ എന്നു പറയപ്പെടുന്നവർ ഇങ്ങോട്ടുവന്ന് കണ്ട് അഭിപ്രായമാരായേണ്ട കാലം അധിക്രമിച്ചിരിക്കുന്നു എന്നു തോന്നി അദ്ദേഹവുമായി സംസാരിച്ച 20 മിനുട്ടിനെക്കുറിച്ചോർത്തപ്പോൾ.
അസാധാരണകഴിവുള്ള കുട്ടികൾ അവരുടെ ലോകത്തെ ആഹ്ളാദങ്ങൾകൊണ്ടു പൂരിപ്പിക്കുന്ന അവിസ്മരണീയാനുഭവങ്ങളാൽ സമ്പന്നമായിരുന്നു ആഘോഷപരിപാടികൾ. സ്കൂളിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും നടക്കുന്നുണ്ട്. സി.എച്ച് സെന്റർ ഡയരക്ടർ ബോർഡ് അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ ഞാനെന്ന ഭാവങ്ങളില്ലാതെ ഒറ്റക്കെട്ടായി ഒത്തുചേർന്നിരിക്കുന്നു. സത്യത്തിൽ യാതൊരു ഭിന്നതകളുമില്ലാത്തവരുടെ ലോകത്തായിരുന്നു ഞാനിന്ന്.
അഡ്വ. എസ്. മുഹമ്മദ് പ്രസിഡന്റും, അഡ്വ. അബ്ദുൽകരിം ചേലേരി ജന.സെക്രട്ടറിയുമായ കമ്മറ്റിയാണ് ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സുമനസ്സുകളുടെ നിർല്ലോഭമായ പിന്തുണ ലഭിച്ചുവരുന്നതായി ഭാരവാഹികൾ പറഞ്ഞു. ഇത്തരം സംരഭങ്ങളെയാണ് നാം അകമഴിഞ്ഞ് പിന്തുണക്കേണ്ടത്, ഓരോ നാട്ടിലും പടുത്തുയർത്തേണ്ടത്.
------------
സമീർ കാവാഡ്
'കൌസ്തുഭം'
പാലകുളങ്ങര
സട്രീറ്റ് നമ്പർ-7
തളിപറമ്പ് - 670141
7907221338