15/05/2020
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം നിത്യസംഭവമായി മാറുകയാണ്. ആകാംക്ഷയാല്‍ ലഹരി പരീക്ഷിച്ചു തുടങ്ങുകയും പിന്നീട് ക്രമേണ അഡിക്ഷന്‍ എന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയുമാണ് ചെയ്യുന്നത്.
വിദ്യാര്‍ഥികളെയും യുവാക്കളെയും മയക്കുമരുന്നിന്റെ ലോകത്തിലേക്ക് എത്തിക്കുന്നതിനായി ലഹരി മാഫിയ മയക്കുമരുന്നുകള്‍ തുടക്കത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നു. തിരുവനന്തപുരം ഡോണ്‍ബോസ്‌കോ സൊസൈറ്റിയുടെ സര്‍വേയില്‍ സംസ്ഥാനത്തെ 28.7ശതമാനം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും ഒരുതവണയെങ്കിലും മയക്കുമരുന്നുപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 16-നും 18-നും ഇടയില്‍ പ്രായമുള്ള 48 ശതമാനം പേരും 14-നും 15-നും ഇടയിലുമുള്ള 43 ശതമാനം പേരും മയക്കുമരുന്നുപയോഗിച്ചതായി കണ്ടെത്തി.
ഒരുതവണത്തെ ഉപയോഗം കൊണ്ടുപോലും ലഹരിക്ക് അടിമപ്പെട്ട് പോകാം. തലച്ചോറിലെ രാസഘടനയില്‍ വിവിധതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുകയും ക്രമേണ ലഹരി വസ്തുക്കള്‍ സ്ഥിരമായുപയോഗിക്കുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. മയക്കു മരുന്നുകള്‍ പല രൂപങ്ങളിലും പേരുകളിലും ലഭ്യമാണ്. പ്രത്യേകിച്ചൊരു മണമോ നിറമോ തിരിച്ചറിയത്തക്കതായി ഇല്ലാത്തതുകൊണ്ട് പലപ്പോഴും ഇത്തരം വസ്തുക്കളുടെ ഉപയോഗം കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടാണ്.
കഞ്ചാവുത്പന്നങ്ങള്‍ പുകയായും ലഘുഭക്ഷണങ്ങളില്‍ ചേര്‍ത്തും ഉപയോഗിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ ശ്വസിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ ശ്വാസനാളിയിലൂടെ രക്തത്തിലേക്ക് വളരെ പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടുന്നു. വായിലൂടെ കഴിക്കുന്ന ലഹരി ഉത്പന്നങ്ങള്‍ ഉടന്‍ തന്നെ മത്തുപിടിപ്പിക്കുകയും കൂടുതല്‍ നേരം ലഹരിപ്പിടിയില്‍ അമര്‍ത്തുകയും ചെയ്യുന്നു. കരളിലെ രാസാഗ്‌നികളെ ഉദ്ദീപിപ്പിക്കാന്‍ കഞ്ചാവിലെ വിഷവസ്തുക്കള്‍ക്ക് കഴിയും. ഇത്തരം വിഷവസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ പൂര്‍ണമായും ശരീരം വിട്ടൊഴിയാന്‍ ഏകദേശം ഒരുമാസമെടുക്കുന്നതുകൊണ്ടുതന്നെ വളരെ ചെറിയ അളവില്‍ വല്ലപ്പോഴുമുള്ള ഉപയോഗം പോലും ശരീരത്തിന് വളരെയധികം ദോഷംചെയ്യുന്നു.
മാനസികരോഗം, അപസ്മാരം എന്നിവയ്ക്കുപയോഗിക്കുന്ന ഗുളികകളുടെ ദുരുപയോഗവും ഇന്ന് വ്യാപകമാണ്. ഇത് വരുത്തിവെക്കുന്ന വിപത്തുകളെക്കുറിച്ച് കുട്ടികള്‍ ബോധവാന്മാരല്ല. കൗണ്‍സലിങ്ങിനെത്തിയ ഒരു കുട്ടി പറഞ്ഞത് ഇങ്ങനെയാണ്: ''കഞ്ചാവ് പ്രകൃതിദത്തമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതിനാല്‍ ഞാന്‍ അതുപയോഗിച്ചു. ഞാന്‍ മാത്രമല്ല എന്റെ ഒരുപാട് സുഹൃത്തുക്കള്‍ അതുപയോഗിക്കുന്നുണ്ട്.''
മാനസികാരോഗ്യവിദഗ്ധനും മനഃശാസ്ത്രജ്ഞനും വ്യത്യസ്തമായതും പ്രധാനപ്പെട്ടതുമായ പങ്ക് ചികിത്സാ ഘട്ടങ്ങളില്‍ വഹിക്കേണ്ടതായിട്ടുണ്ട്. മാനസികാരോഗ്യവിദഗ്ധനു മാത്രമേ ഔഷധങ്ങള്‍ നിര്‍ദേശിക്കാനുള്ള അധികാരമുള്ളൂ. എന്നാല്‍, കൗണ്‍സലിങ്ങും സൈക്കോതെറാപ്പിയും ചെയ്യുമ്പോള്‍ സൈക്കോളജിസ്റ്റിന്റെ സേവനവും അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ സൈക്യാട്രിസ്റ്റിനും സൈക്കോളജിസ്റ്റിനും ലഹരിവിമുക്ത ചികിത്സയില്‍ വ്യത്യസ്തവും പ്രയോജനകരവുമായ പങ്കുവഹിക്കുവാനുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നത് കുട്ടികളുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും പരിഹരിക്കാനും സഹായിക്കുന്നു. വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ശാരീരികമായി ഒട്ടേറെ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത്തരം ആളുകളില്‍ ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ. മലബന്ധം, ശ്വാസതടസ്സം, ഹൃദയമിടിപ്പ് കുറയുക, രക്തസമ്മര്‍ദം കുറഞ്ഞുപോകുക, ചൊറിച്ചില്‍, തുടര്‍ച്ചയായ അണുബാധ, ഹെപ്പറ്റെറ്റിസ്, ക്ഷയരോഗം, പോഷകാഹാരക്കുറവ്, കരള്‍രോഗങ്ങള്‍, ഡിമന്‍ഷ്യ, മാനസികരോഗങ്ങള്‍, ലൈംഗികശേഷിക്കുറവ്, ബോധക്ഷയം, അപസ്മാരം എന്നിവ കാണപ്പെടുന്നുണ്ട്.
കൗമാരക്കാരുടെ മരുന്നിന്റെ ദുരുപയോഗവും ആശങ്കാജനകമാണ്. അച്ഛനും അമ്മയ്ക്കും ഒരിക്കല്‍പോലും സംശയമുണര്‍ത്താത്ത രീതിയില്‍ ഇത്തരം മരുന്നുകള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനാവുന്നതും ഇതിന്റെ പ്രത്യേകതയാണ്. കൗണ്‍സലിങ്ങിന് വന്ന ഒരു അച്ഛനും അമ്മയും പറഞ്ഞത് തങ്ങള്‍ക്കിതുവരെ ഒരു മരുന്നോ ഒരു സിഗരറ്റോ തങ്ങളുടെ കുഞ്ഞില്‍നിന്നും കാണാനായിട്ടില്ല എന്നാണ്. കഞ്ചാവ് മാഫിയകള്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രലോഭിപ്പിച്ച് മരുന്നു വില്‍പ്പനക്കാരാക്കുന്ന അവസ്ഥയുണ്ട്. കൗമാരക്കാരായ കുട്ടികള്‍ ലഹരി മരുന്നുപയോഗിക്കുന്നുണ്ടോ എന്നത് ഏറ്റവും വേഗം മനസ്സിലാക്കാന്‍ സാധിക്കുക മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്.
ലഹരി ഉപയോഗിക്കുന്ന കുട്ടികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍
• മാനസികാവസ്ഥയിലും സ്വഭാവത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം
• വിശപ്പില്ലായ്മയും മനംപിരട്ടലും ശാരീരികാസ്വസ്ഥതകള്‍ ഉറക്കക്ഷീണം, മയക്കമോ, അല്ലെങ്കില്‍ ഉറക്കമില്ലായ്മയോ
• ഊര്‍ജസ്വലതയില്ലായ്മ ക്രമരഹിതമായ കാല്‍ച്ചുവടുകള്‍
• പണത്തിന് വര്‍ധിച്ചുവരുന്ന ആവശ്യവും മോഷണശ്രമവും
• പുതിയ കൂട്ടുകെട്ട്/സൗഹൃദങ്ങള്‍
• പഠനത്തിലും പാഠ്യേതരവിഷയങ്ങളിലുമുള്ള താത്പര്യവും ശ്രദ്ധയും കുറയുക
• സ്‌കൂളില്‍ പോകാതിരിക്കുക
• കള്ളംപറയുക
• ടോയ്ലറ്റില്‍ അധികനേരം ചെലവഴിക്കുക
• ഗുളികകള്‍, സിഗററ്റ്, സിറിഞ്ച് മുതലായവ കൈവശം സൂക്ഷിക്കുക
• കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക
• വിഷാദം, ക്ഷീണം, നിരാശ തുടങ്ങിയവ പ്രകടിപ്പിക്കുക
• അമിതദേഷ്യവും വിദ്വേഷപൂര്‍ണമായ പെരുമാറ്റവും
• വ്യക്തിശുചിത്വം പാലിക്കാതിരിക്കുക
• കൃത്യനിഷ്ഠയില്ലായ്മ
• സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം
• ഏകാന്തത ഇഷ്ടപ്പെടുക
• ഒളിച്ചോടാനുള്ള പ്രവണത
• കതകടച്ച് മുറിയില്‍ത്തന്നെ ഇരിക്കുക
ഇത്തരം അവസ്ഥയില്‍ കുട്ടികളെ കാണുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധകൊടുത്ത് ചികിത്സയ്ക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. ലഹരിമോചന ചികിത്സയ്ക്കായി ഡോക്ടറുടെയോ, സൈക്കോളജിസ്റ്റിന്റെയോ, കൗണ്‍സലറുടെയോ സഹായം അഭ്യര്‍ഥിക്കുക. ലഹരിക്കടിമപ്പെടുന്നത് ഒരു രോഗാവസ്ഥ തന്നെയാണെന്ന് മനസ്സിലാക്കുകയും ചികിത്സ തേടേണ്ടതുമാണ്. കുടുംബത്തിലെ പ്രശ്‌നങ്ങളും പഠനത്തിലെ പിന്നാക്കാവസ്ഥയുമാകാം കുട്ടികളെ ലഹരിയില്‍ കൊ?െണ്ടത്തിക്കുന്നത്. ഇത്തരം അവസ്ഥകളില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളോട് ഏത് കാര്യവും തുറന്ന് സംസാരിച്ചാല്‍ സാധിക്കാവുന്നതേയുള്ളൂ. മൂല്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന വ്യക്തിത്വം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുക. അച്ഛനും അമ്മയും ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടാതെ മാതൃകയാകുന്നത് കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
ലഹരിയിലേക്കെത്തുന്നതിങ്ങനെ
• സമപ്രായക്കാരായ കുട്ടികളുടെ നിര്‍ബന്ധം
• ലഹരിവസ്തു എന്താണെന്നറിയാനുള്ള ആകാംക്ഷ
• മാനസികമായപ്രയാസങ്ങള്‍
• കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍
• അനുകരണഭ്രമം
• ഹെര്‍ബല്‍ ആണെന്നുള്ള മിഥ്യാധാരണ
• താരതമ്യേന എളുപ്പത്തിലുള്ള ലഭ്യത
• എന്റെ ചിന്താശേഷി വളരും എന്ന മിഥ്യാധാരണ
സംശയ നിവാരണത്തിനും ഡോക്ടറോട് സംസാരിക്കുന്നതിനും വിളിക്കുക
9961158000