03/06/2016
ആതിഥ്യ ബിസിനസില്‍ ചടുലതാളമായി ശ്രുതി ഷുബുലാല്‍
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായ ശ്രുതി ഫോബ്‌സിന്റെ ഇന്ത്യന്‍ റിച്ച് പട്ടികയില്‍ 99-ാം സ്ഥാനം നേടിയിരുന്നു. 200 മില്ല്യണ്‍ ഡോളറിനടുത്താണ് ശുത്രിയുടെ സമ്പാദ്യം.
ഒരാള്‍ തുറന്നിട്ട പാതയിലൂടെ മുന്നോട്ട് നടക്കാന്‍ എളുപ്പമാണ്. എന്നാല്‍ പുതിയ പാത വെട്ടിത്തുറന്ന് അതിലൂടെ നടന്നു മുന്നേറുക തീര്‍ത്തും സാഹസികവും പ്രയാസകരവും തന്നെ. ഇത്തരം സാഹസങ്ങള്‍ക്ക് മുതിരുന്നവരാണ് പക്ഷേ യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ വിജയിച്ച സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ബിസിനസ് കുടുംബത്തില്‍ പിറന്നെങ്കിലും തനിക്കു മുമ്പേ നടന്നവരുടെ വഴികളില്‍ നിന്നും മാറി സ്വന്തമായ വീഥിയിലൂടെയാണ് ശ്രുതിയുടെ യാത്ര.
ഇന്‍ഫോസിസ് സഹസ്ഥാപകനായ ഷിബുലാലിന്റെ പുത്രിയായ ശ്രുതി ഒരിക്കലും തന്റെ കുടുംബത്തില്‍റെ തണലില്‍ ഒതുങ്ങിയില്ല. സ്വന്തം ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമൊപ്പം മുന്നോട്ടുപോയ ശ്രുതി ഇന്ന് അറിയപ്പെടുന്നത് വിജയിച്ച സംരംഭക എന്ന നിലയിലാണ്.
പെനസ്വേലയിലെ ഹാവര്‍ഫോര്‍ഡ് കേളെജില്‍നിന്നും ബിരുദം കരസ്ഥമാക്കിയ ശ്രുതിയുടെ കരിയര്‍ ആരംഭിക്കുന്നത് ന്യൂയോര്‍ക്കിലെ മെറില്‍ ലിഞ്ചില്‍ ആണ്. പക്ഷേ സ്വന്തമായി എന്തെങ്കിലും ചെയ്യാനായിരുന്നു ശ്രുതിയുടെ ആഗ്രഹം. ഭക്ഷണത്തോടുള്ള താല്‍പ്പര്യം ശ്രുതിയെ റസ്റ്റോറന്റ് ബിസനസിലേക്കെത്തിച്ചു. ഷെഫ് അഭിജിത്ത് നേഹയുമായി സഹകരിച്ച് 2008 ല്‍ ശ്രുതി കാപ്പര്‍ബെറി, ഫേവ എന്നിങ്ങനെ രണ്ട് റസ്റ്റോറന്റുകള്‍ തുടങ്ങി.
റിസ്റ്റോറന്റി ബിസിനസില്‍ നിന്ന് ഇടവേളയെടുത്ത് 2012ല്‍ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ എംബിഎയ്ക്ക് ചേര്‍ന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശ്രുതി ഹോട്ടല്‍ ബിസിനസ് കുറച്ചു കൂടി വിപുലീകരിച്ചു.
താമര എന്ന ബ്രാന്‍ഡിനു കീഴിലേക്ക് ഹോസ്പിറ്റാലിറ്റി ബിസിനസുകളെ കൊണ്ടുവന്നു. ഷിബുലാല്‍സ് ഫാമിലി ഇന്നൊവേഷന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റി(ഐഐഎം)ന്റെ ഭാഗമാണ് താമര. ശുത്രി തന്നെയാണ് താമരയുടെ ഡയറക്റ്ററും പ്രമോട്ടറും.
കൂര്‍ഗിലായിരുന്നു താമരയുടെ ആദ്യത്തെ ആഡംബര റിസോര്‍ട്ട്്. പശ്ചിമഘട്ടത്തില്‍ 170 ഏക്കറോളം വരുന്ന കാപ്പിതോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടില്‍ കാപ്പി, കുരുമുളക്, തേന്‍ തുടങ്ങിയവയെല്ലാം ഇവിടെ കൃഷിചെയ്യുന്നു.
പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന പ്രൊജക്റ്റുകളാണ് താമരയുടേത്. നഗരങ്ങളിലെ അനാരോഗ്യകരവും തിരക്കേറിയതുമായ ജീവിതം മടുത്തിരിക്കുന്നവര്‍ക്ക് പ്രകൃതിയുടെ കുളിര്‍മ്മയും ശുദ്ധവായുവുമൊക്കെ നല്‍കുകയാണ് താമരയുടെ ലക്ഷ്യമെന്ന് ശ്രുതി പറയുന്നു.
ആഗോള താപനത്തിന്റെ ഇക്കാലത്ത്, ജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ ഉത്തരവാദിത്വത്തോടെ ടൂറിസം രംഗം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് ശുത്രിയുടെ അഭിപ്രായം. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിക്കു നാശം സംഭവിക്കാതിരിക്കാന്‍ താമര ഗ്രൂപ്പ് പരമാവധി ശ്രദ്ധിക്കുന്നുണ്ട്.
ബംഗലൂരുവിലും മധുരയിലും താമരയുടെ ബ്രാന്‍ഡില്‍ ഹോട്ടലുകള്‍ തുടങ്ങാനിരിക്കുകയാണ്. കേരളത്തിന്റെ പരമ്പരാഗത നാലുകെട്ടുശൈലിയില്‍ ആലപ്പുഴ വേമ്പനാട് കായലിനടുത്തു നിര്‍മിച്ചിരിക്കുന്ന ലക്ഷ്വറി വില്ലയാണ് താമരയുടെ പ്രോജക്ടുകളില്‍ ഏറ്റവും മനോഹരമായ നിര്‍മിതിയെന്ന് ശ്രുതി പറയുന്നു.
തിരുവനന്തപുരത്ത് 150 റൂമുകളുള്ള ഹോട്ടലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
കാലാവസ്ഥ, ജീവനക്കാര്‍, വിപണിയിലെ ഏറ്റകുറച്ചിലുകള്‍ തുടങ്ങിയ പല കാര്യങ്ങളെ ആശ്രയിച്ചാണ് ഹോസ്പിറ്റാലിറ്റി രംഗത്തെ വിജയം. ഹോസ്പിറ്റാലിറ്റി രംഗത്ത് വെബ് പോര്‍ട്ടലുകള്‍ കൂടി വന്നതോടെ ഈ രംഗത്തെ മത്സരം വര്‍ദ്ധിച്ചതായി ശ്രുതി പറയുന്നു.
വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ ഹോസ്പിറ്റാലിറ്റി രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രുതിയ്ക്കു സാധിച്ചു. 200 മില്ല്യണ്‍ ഡോളറിനടുത്താണ് ശുത്രിയുടെ സമ്പാദ്യം. ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായ ശ്രുതി ഫോബ്‌സിന്റെ ഇന്ത്യന്‍ റിച്ച് പട്ടികയില്‍ 99-ാം സ്ഥാനം നേടിയിരുന്നു.
കൊളബിയ ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന വില്യം ദുഗ്ഗന്‍ പരിചയപ്പെടുത്തിയ നെപ്പോളിയന്‍സ് ഗ്ലാന്‍സ് ആണ് ശുത്രിയുടെ വിജയആയുധം. ഒരാളുടെ തീവ്രമായ ആഗ്രഹത്തെ ദീര്‍ഘകാലത്തേക്കുള്ള തന്ത്രപരമായ ലക്ഷ്യമാക്കി മാറ്റുന്നതിന് സഹായിക്കുന്ന പരിശീലനമാണത്.
നമ്മുടെ താല്‍പ്പര്യം മനസിലാക്കി ഏത് മേഖലയിലാണ് നമ്മുക്ക നല്ല ഭാവിയുള്ള ഉള്ളതെന്നു കണ്ടെത്താനാകുമെന്നാണ് ശുത്രിയുടെ അഭിപ്രായം. ഹോസ്പിറ്റാലിറ്റി രംഗം കഴിഞ്ഞാല്‍ ശ്രുതിയുടെ അടുത്ത ഇഷ്ടം യാത്രകളാണ്.