21/10/2025
അധ്യാപകരുടെ ഗ്രൂപ്പുകളിൾ കൈമാറാനൊരു വായന
____________________________
മാഷേ മാറ്റിപ്പിടിക്കാം!!!
അധ്യാപകർ അച്ചടക്ക വാളെടുക്കുമ്പോൾ ....
മാതാപിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ഉൾപ്പെടുന്ന വിദ്യാലയ പരിസരത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്ന കാലമാണിത് . അധ്യാപകർ ശാസിച്ചുവെന്നതിൽ മനം മടുത്ത്
കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. അച്ചടക്കം നിഷ്കർഷിക്കുന്ന ഗുരുനാഥനെ വിരട്ടുന്ന കൗമാര പ്രായക്കാരെ കാണുന്നു. സംഘട്ടനത്തിൽ ഏർപ്പെടുന്ന പിള്ളേരെയും സ്‌കൂളിൽ ധാരാളമായി കാണുന്നു.
ഡിജിറ്റൽ വിപ്ലവം കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലും സാമൂഹികവത്കരണത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റീൽ പ്രളയത്തിൽ പെട്ട പലർക്കും അടങ്ങിയിരുന്ന് നാൽപ്പത് മിനിറ്റ് ക്‌ളാസ്സ് കേൾക്കാൻ ക്ഷമ കുറഞ്ഞുവെന്ന നിരീക്ഷണങ്ങളുണ്ട്. സോഷ്യൽ ആകുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെന്ന ശൈലി വ്യാപകമായിട്ടുണ്ട്.
ഇതിനൊക്കെ അനുസൃതമായി എല്ലാവരുടെയും ഇടപെടലുകൾ പുനർനിർവചിക്കപ്പെടേണ്ടതുണ്ട് .വിവര സാങ്കേതിക വിപ്ലവ യുഗത്തിൽ പഠിപ്പിക്കൽ ശൈലികൾ പോലും മാറ്റേണ്ടതുണ്ട്.മാതാപിതാക്കളും,
വിദ്യാർഥികളും , അധ്യാപകരും ഒത്തു ചേരുന്ന അർഥപൂർണമായ കൂട്ടായ്മയും ഉണ്ടാകണം. സ്വഭാവ ദൂഷ്യമെന്ന് അധ്യാപകർക്ക് തോന്നുന്ന പെരുമാറ്റങ്ങൾ തിരുത്താനുള്ള ഇടപെടലുകളിൽ ഈ കൂട്ടായ്മ അനിവാര്യമാണ് .വിദ്യാർത്ഥിയുടെ വിശദീകരണം ശാന്തമായി കേൾക്കണം. മാതാപിതാക്കളുടെ പങ്കാളിത്തം വേണ്ട സന്ദർഭങ്ങളിൽ ഉറപ്പാക്കണം. കുറ്റപ്പെടുത്തലിനല്ല, കൂട്ടായി നേർവഴിയിലേക്ക് നയിക്കുകയെന്നതാകണം ലക്ഷ്യം.
ക്‌ളാസ് മുറിയിലും പള്ളിക്കൂടത്തിലും വിദ്യാർത്ഥികളെ അച്ചടക്കത്തോടെ കൈകാര്യം ചെയ്യുകയെന്നത് ഇന്ന് വലിയ വെല്ലുവിളിയാണെന്ന് പല അധ്യാപകരും പറയാറുണ്ട്. മൂപ്പെത്താത്ത തലച്ചോറിലേക്ക്
പ്രായത്തിന് ചേരാത്ത പലതും ഡിജിറ്റൽ വഴിയിലൂടെ വന്ന് ചേരുന്ന കാലമാണ്. നിഷേധമായോ, ശ്രദ്ധക്കുറവായോ, അനുസരണക്കേടായോ,അക്രമ സ്വഭാവമായോ ഇതൊക്കെ ക്‌ളാസ് മുറിയിലും പ്രകടമാകാം .
ഈ വക പ്രശ്നങ്ങളെ നിയന്ത്രണത്തിലാക്കി ക്‌ളാസ് അന്തരീക്ഷത്തിന് ചേരുന്നവരാക്കി മാറ്റേണ്ട ദൗത്യത്തിനായി സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ പിഴയ്ക്കാതെ നോക്കണം.
ശിക്ഷണ നടപടികൾ
മനഃശാസ്ത്ര തത്വങ്ങളിൽ ഊന്നി നിന്ന് വേണം ചെയ്യാൻ. അച്ചടക്ക വാള് വീശുമ്പോൾ ഇളം മനസ്സുകൾ മുറിയാതെ നോക്കണം. അടിയും, ചെവിക്ക് പിടിച്ചുള്ള കിഴുക്കും , എല്ലാവരുടെയും മുമ്പിൽ കെടുത്തി പറയുന്നതുമൊക്കെ ഈ പുതിയ കാലത്തിന് ചേർന്ന ഇടപെടലുകളല്ല. ക്‌ളാസ്സിലെ ഉല്ലാസ വേളകൾ താൽക്കാലികമായി നിഷേധിക്കുന്നതും, ക്ലാസ് ഇടവേളകളിൽ മറ്റ് ഉത്തരവാദിത്തങ്ങൾ നൽകി ഒപ്പം കൂട്ടുന്നതുമൊക്കെ ഫലപ്രദമായ ബദൽ ശിക്ഷണ ഏർപ്പാടുകളാണ്. ആ വേളകളിൽ ചെയ്യുന്ന നല്ല സേവനങ്ങൾക്ക് ക്‌ളാസ് മുറിയിൽ എല്ലാവരും കേൾക്കെ അഭിനന്ദനം നൽകാം. നന്മകളെ ചികഞ്ഞെടുക്കുമ്പോഴാണ് കുരുത്തക്കേടുകൾ കുറയുന്നത്.
അച്ചടക്ക ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരുക്കുന്ന അപ്രീയ സാഹചര്യങ്ങൾ മനസ്സിനെ നല്ല ദിശയിൽ വളർത്താൻ പോന്നതാകണം. തളർത്തുന്നത് ആകരുത്.സമാന കുറ്റങ്ങളിൽ ഇഷ്ടക്കാരെ നടപടികളിൽ നിന്ന് ഒഴിവാക്കുന്ന
ഗുരുനാഥന്റെ അച്ചടക്ക ചെയ്തികൾക്ക് ഗുണം കിട്ടില്ല. വിദ്യാർത്ഥിയുമായി ആത്മ ബന്ധം ഉണ്ടാക്കിയവർ സ്നേഹം വിടാതെ,കലി തുള്ളാതെ , ശാന്തമായി നടപ്പിലാക്കിയാൽ തിരുത്തലിന്റെ ശക്തി കൂടും.കുട്ടിയുടെ ഭാഗം കേൾക്കുകയും, തെറ്റ് ബോധ്യപ്പെടുത്തുകയും വേണം. വിദ്യാർത്ഥിയുടെ എന്തെങ്കിലും മേന്മകളെ പറ്റി പറഞ്ഞു അയാളെ പ്രോത്സാഹിപ്പിച്ച ചരിത്രം ഇല്ലാത്ത അധ്യാപകനോ അധ്യാപികയോ ശിക്ഷണ നടപടിയുമായി ഇറങ്ങിയാൽ ഫലം കണ്ടുവെന്ന് വരില്ല. ദോഷം ഉണ്ടായിയെന്നും വരാം. കുട്ടികൾ അതിനെ വിരോധവും ഇഷ്ടക്കേടും നിഴലിക്കുന്ന വൈരാഗ്യ പ്രകടനമായിട്ടേ കണക്കാക്കൂ .പല ശിക്ഷണ നടപടികളും പ്രയോഗത്തിന്റെ കുഴപ്പം മൂലം ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്.
വിദ്യാർത്ഥി പെരുമാറ്റ വൈകല്യം പ്രകടിപ്പിച്ചാൽ അതിനുള്ള പ്രതിവിധികൾ കണ്ടെത്തുന്നതിൽ
മാതാപിതാക്കളുടെ സഹകരണം വിദ്യാർത്ഥിയുടെ അനുമതിയോടെ തേടണം. ഇരു കൂട്ടരും ചേർന്ന് കുട്ടിയെ കുറ്റപ്പെടുത്തുകയോ പരസ്പരം പഴി ചാരുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. വിദ്യാർത്ഥി സ്‌കൂളിൽ പ്രകടിപ്പിക്കുന്ന നല്ല കാര്യങ്ങൾ അവതരിപ്പിച്ചു വീട്ടുകാർ കണ്ടിട്ടുള്ള ഗുണങ്ങളെ കുറിച്ച് പറയാൻ പ്രേരിപ്പിക്കാം. എന്നിട്ട് മതി പരിഹാരം കാണേണ്ട പെരുമാറ്റങ്ങൾ പറ്റിയുള്ള പറച്ചിൽ. വിദ്യാർത്ഥിയെ നല്ല പെരുമാറ്റങ്ങളിലേക്ക് നയിക്കാൻ വീട്ടിൽ എന്ത് ചെയ്യാമെന്നും, സ്‌കൂളിൽ എന്ത് ചെയ്യാമെന്നുമുള്ള ആലോചനകളാകണം തുടക്കം. പഠന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണം. പഠ്യേതര കഴിവുകൾ ആവിഷ്കരിക്കാൻ അവസരം നൽകണം.
കുട്ടിയുടെ ഗുണങ്ങളിൽ കേന്ദ്രീകരിച്ചു വേണം ഇരു കൂട്ടരും തിരുത്തലിനായി ശ്രമിക്കേണ്ടത്.
സ്വയം മതിപ്പ് വർധിപ്പിക്കാനായാൽ പല പ്രശ്നങ്ങളും നിയന്ത്രണ വിധേയമാകും.
അധ്യാപക സമൂഹത്തിന്റെ മനോവീര്യം പൊതുവിൽ കുറയുന്ന വർത്തമാനങ്ങൾ ഒഴിവാക്കാം. കൂടുതൽ ജോലിയുടെ സംഘർഷങ്ങൾ അവരെയും അലട്ടുന്നുണ്ട് .നല്ലൊരു ശതമാനവും മികച്ചവർ തന്നെ. എന്നാൽ ശിക്ഷണത്തിൽ പിഴയ്ക്കുന്ന അധ്യാപകരെ കണ്ടെത്തി പരിശീലനം നൽകി തിരുത്താൻ ശ്രമിക്കാം.ശിക്ഷണത്തിൽ അധ്യാപകന്റെ വ്യക്തിത്വത്തിന്റെ ഭാവങ്ങൾ കലരാം. അറിവ് നന്നായി പകരുന്നയാളും അച്ചടക്ക പാഠങ്ങൾ നൽകുന്നതിൽ സീറോവാകാം. ഇവിടെയാണ് ആ ദിശയിലുള്ള പരിശീലനത്തിന്റെ പ്രസക്തി. ക്ളസ്സടക്കം എന്തും ഏതും ഡിജിറ്റലായി ലഭിക്കുന്ന പുതിയ ലോകത്തിൽ അധ്യാപന ശൈലികൾ പോലും മാറേണ്ടതുണ്ട് .
വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിനൊക്കെ പോയി പുലിവാൽ വേണ്ടെന്ന ചിന്ത സമൂഹത്തിന് ദോഷമായി വരും.അതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നത് മറക്കരുത്. വിദ്യാർത്ഥിയെ പാകതയിലേക്ക് നയിക്കുന്ന വഴികാട്ടിയെന്ന ചുമതലകളിലാണ്
ഈ കാലഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത്. ആ റോളിലേക്ക് ഉയരാൻ മാതാ പിതാക്കളെ ഉത്തേജിപ്പിക്കുകയും വേണം. പുതിയ കാലത്തിനനുസ്സരിച്ചു കുട്ടികളെ കൈകാര്യം ചെയ്യുന്ന വൈഭവങ്ങൾ ഉണ്ടാക്കിയെടുക്കണം. ആ ദിശയിലുള്ള പരിശീലനങ്ങൾ ആസൂത്രണം ചെയ്യണം .മാഷന്മാർ ഒന്ന് മാറ്റി പിടിക്കണം. മാതാപിതാക്കളും. പിള്ളേർ മാറുകയാണ്.
(ഡോ. സി. ജെ .ജോൺ )
Click Link to read..
Drcjjohn Chennakkattu
അച്ചടക്കം നിഷ്കർഷിക്കുന്ന ഗുരുനാഥനെ വിരട്ടുന്ന കൗമാര പ്രായക്കാരെ കാണുന്നു. സംഘട്ടനത്തിൽ ഏർപ്പെടുന്ന പിള്ളേ.....