29/06/2025
ശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഉള്‍പ്പെട്ട കാര്യശരീരത്തിന്‍റെ ബലത്തിന് അടിസ്ഥാനം ആഹാരമാണ്. രോഗപ്രതിരോധത്തിനും രോഗ നിവാരണത്തിനും ആധാരം പ്രാണശക്തിയാണ്. പ്രാണശക്തിയുടെ ക്ഷീണം മൂലം രൂപപ്പെട്ട ധാതുവൈഷമ്യത്തെ, രോഗപ്രയാസങ്ങളെ പ്രാണശക്തിയുടെ പ്രതികരണ ബലത്തെ ആധാരമാക്കി സൌമ്യവും ലളിതവുമായ മാര്‍ഗ്ഗത്തില്‍ പരിഹരിക്കുന്ന ഒരു വൈദ്യരീതിയാണ് ഹോമിയോപ്പതി.
ഹോമ്യോ എന്ന പദത്തിന് "സാദൃശ്യം” എന്നത് കൂടാതെ സൌമ്യം, ഹിതം, പാരസ്പര്യം, ഇണക്കം, ഇഷ്ടം, സമർപ്പണം, ഗൃഹം, കുരങ്ങ്, വൃക്ഷം, യോഗ, ശുദ്ധി, സത്യം എന്നും; പതി എന്ന പദത്തിന് "രോഗം, ദുഃഖം " എന്നത് കൂടാതെ സ്വാന്തനം, ഇണ, കരുണ, ശാന്തി, പഥം, വള്ളി, ഭൂമി, പ്രഭു (പ്രജാപതി, പശുപതി) എന്നും അർത്ഥവ്യാപ്‌തിയുണ്ട്. സ്വാന്തനമാകുന്ന "മന്ത്രം" കൊണ്ടും ഹിതവും സാദൃശ്യവുമായ "മരുന്ന്" കൊണ്ടും സൗഖ്യം സംഘടിപ്പിക്കുന്ന ചികിൽസാ തന്ത്രമാണ് ഹോമിയോപ്പതി. വിവേകം ഏറെയുള്ള ഹോമോ സാപ്പിയന്‍സിലെ ശാരീരികവും മാനസികവുമായ മാലിന്യങ്ങളെ ശോധിപ്പിച്ച് അവനെ ശുദ്ധ (Cure) നാക്കാനും, രോഗപ്രയാസങ്ങളെ പ്രകൃതിരീതിയില്‍ പരിഹരിച്ച് വേദനാമുക്തനാക്കാനും പുരുഷാര്‍ത്ഥപ്രാപ്തിക്ക് സജ്ജമാക്കാനും, ഒപ്പം പ്രാണശക്തിയെ മെച്ചപ്പെടുത്തി പൂര്‍ണ്ണായുസ്സ് അനുഭവിക്കാനും ഇത് സഹായിക്കുന്നു. രോഗപ്രയാസങ്ങളെ വേഗത്തിലും പൂർണ്ണമായും ഭേദമാക്കുന്നു എന്നത് മാത്രമല്ല പാർശ്വഫലങ്ങൾ ഇല്ലാത്ത ഔഷധപ്രയോഗ രീതി എന്ന മേന്മയും ഈ വൈദ്യവിഭാഗത്തിനുണ്ട്.
ഹോമിയോപ്പതി എന്ന ആശയത്തെ മനുഷ്യന്‍റെ ആരംഭകാലം മുതല്‍ തന്നെ രോഗപരിഹാരത്തിന്നായി പ്രയോജനപ്പെടുത്തിപ്പോന്നിട്ടുണ്ട്. പടിഞ്ഞാറന്‍ ദേശങ്ങളില്‍ Sympathetic magic എന്നായിരുന്നുവെങ്കിൽ പ്രാചീന ഭാരതത്തില്‍ ഇത് ഗൃഹ (Home) വൈദ്യം, തഥര്‍ത്ഥകാരി, ഒറ്റമൂലി എന്ന പേരിലെല്ലാമാണ് അറിയപ്പെട്ടിരുന്നത്. രോഗപ്രയാസങ്ങള്‍ അനുഭവപ്പെടുന്ന അവസ്ഥയില്‍ സമാനരീതിയിലുള്ള രോഗലക്ഷണങ്ങളെ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഔഷധത്തെ പ്രയോഗിച്ചാല്‍ പ്രയാസങ്ങള്‍ ആദ്യം ലഘുവേന്നോണം വര്‍ദ്ധിക്കും. ഔഷധപ്രയോഗം അവസാനിപ്പിക്കുമ്പോള്‍ പ്രാണശക്തിയുടെ പ്രതികരണഫലമായി പ്രയാസങ്ങളില്‍ നിന്നും പൂര്‍ണ്ണമായ മോചനം അനുഭവിക്കാനാകുകയും ചെയ്യും.
കർപ്പൂരം, കടുകരോഹിണി, കരയാംപൂവ്, കരിങ്ങാലി, ഗുല്‍ഗുല്‍, ചന്ദനം എന്നിവ ശീതവും ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കായം, കിരിയാത്ത, ആര്യവേപ്പ്, പുകയില എന്നിവ ഉഷ്ണവുമാണ്. തലവേദന ഒരു ഉഷ്ണപ്രയാസമാണ്. ഉഷ്ണയിനമായ ചുക്ക് എണ്ണയില്‍ ചാലിച്ച് നേര്‍പ്പിച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയുടെ കാഠിന്യം ആദ്യം ഇത്തിരി കൂടും. തുടർന്ന് കുറയും. ഒച്ചിന്‍റെ മീതെ കറിയുപ്പ് വിതറിയാൽ ഒച്ച് നശിക്കും. ഉപ്പ്, സിലിക്ക എന്നിവ മുറിവില്‍ പ്രയോഗിച്ചാല്‍ അത് മുറിവിനെ കൂടുതലായി പഴുപ്പിക്കും. ഇവയെ വളരെ നേര്‍പ്പിച്ച് ലഘു അളവിൽ വ്രണത്തില്‍ പ്രയോഗിച്ചാല്‍ വ്രണം ഭേദമാകും. ഉപ്പ് ലഘു അളവില്‍ ജലത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് ഉപയോഗപ്പെടുത്തിയാല്‍ വേദനകളുടെ തോത് കുറയും. ചില ഘട്ടത്തിൽ ബലം വര്‍ദ്ധിച്ചും കിട്ടും.
ആരോഗ്യവാനായ ആളില്‍ ഹൃദയനിരക്കിന്‍റെ തോത് കുറച്ച് ഹൃദയസ്തംഭനം വരെ ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള ഒരു വിഷ സസ്യമാണ് തിലപുഷ്പി (Digitalis). ഹൃദയപേശീ രോഗത്തില്‍ ഇതിനെ നേര്‍പ്പിച്ച് വളരെ ലഘു അളവില്‍ പ്രയോജനപ്പെടുത്തിയാല്‍ ഹൃദയപേശീ ശേഷികള്‍ ബലപ്പെടും. കണ്ണിൽ എരുക്കിന്‍ പാല്‍ വീണാൽ കാഴ്ച നഷ്ടമാകും. കാഴ്ചശക്തി കുറഞ്ഞവരിൽ എരുക്കിൻപ്പൂവ്വ് എണ്ണയിൽ കലർത്തി നേര്‍പ്പിച്ച് പുരികത്തിൽ, കാല്‍വെള്ളയില്‍, കൈവെള്ളയില്‍ പലതവണ പുരട്ടിയാൽ കാഴ്ചശേഷി മെച്ചപ്പെടും. പവിഴമല്ലികയുടെ ഗന്ധം അധികം ഏറ്റാൽ കാഴ്ച ശക്തി കുറയും. വളരെ കുറഞ്ഞ തോതിൽ അത് കാഴ്ചശക്തിയെ പരിപോഷിപ്പിക്കും. ദേഹത്തില്‍ ഫോസ്ഫറസ് ധാതു അധികം അളവില്‍ എത്തിയാല്‍ അത് കാര്‍ബോഹൈഡ്രേറ്റ് ഉപാപചയത്തെ പ്രതികൂലമായി ബാധിക്കും. ഫോസ്ഫറസ് അടങ്ങിയ സസ്യ അംശങ്ങളെ ലഘുവായ അളവില്‍ പ്രയോജനപ്പെടുമ്പോൾ കാര്‍ബോഹൈഡ്രേറ്റ് ഉപാപചയം സാധാരണഗതിയില്‍ ആകും. പാല്‍, ചിക്കന്‍, ബീഫ്, മത്സ്യം; ഉള്ളി, മഞ്ഞൾ, കുരുമുളക് എന്നിവയിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. സമാനങ്ങളായ രണ്ട് വേദന ഉത്തേജനാ തരംഗങ്ങൾ ദേഹത്ത് ഒരിടത്ത് ഒരേ സമയം സന്ധിച്ചാല്‍ (TENS) ചെറിയ ഉത്തേജനം മൂലം അനുഭവപ്പെട്ട വേദന ഇല്ലാതാകും.
മനോസംഘർഷം, കോപം, ഭയം, ആസക്തി എന്നിവ ശീലമായാൽ, അദ്ധ്വാനം കഠിനമായാല്‍ Heart rate variability തോത് വളരെ കുറയും (30 മില്ലി സെക്കന്റില്‍ താഴെ). HRV തോത് പതിവായെന്നോണം താഴ്ന്ന നിലയിൽ ഉള്ളവർ, വേഗത്തില്‍ ശ്വസിക്കുന്നവര്‍, നടക്കുമ്പോള്‍ കിതപ്പ് ഉള്ളവര്‍ നിത്യവും ഇത്തിരി നേരം ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെട്ട് കിതക്കണം. പ്രാണായാമം പതിവാക്കി ശ്വസന ഇടവേളകളുടെ സമയം ഇത്തിരി ദീർഘിപ്പിച്ചാൽ, ദഹനശേഷിയെ മെച്ചപ്പെടുത്തിയാല്‍, നടക്കുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പ് കുറയും. ഹൃദയനിരക്കും കുറയും. കരള്‍ പ്രവര്‍ത്തനശേഷിയും രോഗപ്രതിരോധശേഷിയും മെച്ചപ്പെടും. വാര്‍ധക്യമാറ്റങ്ങള്‍ സാവധാനത്തിലാകും. HRV നിരക്ക് ഉയര്‍ന്നുകിട്ടും. ഇരുണ്ട നിറമുള്ള കിഴങ്ങാണ് ബീറ്റ്റൂട്ട്. ഇത് (Glycolic acid) അരച്ച് മുഖത്ത് ലേപനം ചെയ്‌താല്‍, തവിട് എണ്ണ തേച്ചാൽ മുഖകാന്തി വര്‍ദ്ധിക്കും. അസ്ഥിക്ഷയത്തില്‍ ആടിന്‍റെ എല്ലുകള്‍ മസാല ചേര്‍ത്ത് വേവിച്ച് സൂപ്പ് തയ്യാറാക്കി കുടിച്ചാല്‍ അസ്ഥികള്‍ക്ക് ബലം അനുഭവപ്പെട്ടുകിട്ടും. ഇത്തരം ആശയത്തെയാണ് Sympathetic magic എന്ന് പറഞ്ഞിരുന്നത്.
രോഗത്തിന്‍റെ മൃദു അവസ്ഥയില്‍ സാദൃശ്യ ലക്ഷണങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ഔഷധത്തെ പ്രയോജനപ്പെടുത്തിയാല്‍ രോഗലക്ഷണങ്ങളുടെ ആയാലും രോഗസൂചകങ്ങളുടെ ആയാലും വിപരീതാവസ്ഥയെ സംഘടിപ്പിക്കാനാകും. മനുഷ്യന്‍റെ ആരോഗ്യമുള്ള ശരീരത്തിലും ഇന്ദ്രിയങ്ങളിലും പ്രാണശക്തിയിലും ഔഷധദ്രവ്യം സൃഷ്ടിച്ച പ്രയാസങ്ങളെ അടിസ്ഥാനപ്പെടുത്തി രോഗത്തിന്‍റെ മൃദു അവസ്ഥയിലുള്ള രോഗലക്ഷണങ്ങളെയും സൂചകങ്ങളെയും പരിഹരിക്കുന്ന രീതിയെ വിപുലീകരിച്ചത് ജര്‍മ്മന്‍ക്കാരനായ സാമുവല്‍ ഹാനിമാനാണ്.
രോഗപ്രയാസങ്ങളെ പ്രതിരോധിക്കുന്ന, രോഗത്തെ ഭേദമാക്കുന്ന ഒരിനം ശേഷി എല്ലാ ജീവിയിലും എന്നപോലെ മനുഷ്യനിലും നൈസര്‍ഗ്ഗികമായി തന്നെ നിലകൊള്ളുന്നുണ്ട്. അതാണ് അവനിലെ ജീവശക്തി. വികസിച്ച പ്രാണശക്തി തന്നെയാണ് ജീവശക്തി എന്നും വേണമെങ്കില്‍ പറയാം. രോഗാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പ്രാണശക്തിയുടെ അംശത്തെയാണ് ഓജസ്സ് എന്ന് വിളിച്ചുപോരുന്നത്. അവനവന്‍റെ"ഡോക്ടർ" എപ്പോഴും അവനവനില്‍ തന്നെയുള്ള ജീവശക്തിയാണ്. പ്രാണശക്തിക്ക് സംഭവിച്ച ക്ഷീണത്തെയും പോരായ്മയെയും അപ്പപ്പോള്‍ തന്നെ പരിഹരിക്കാനാകണം. ഓജസ്സിനെയും പ്രാണശക്തിയെയും പോഷിപ്പിക്കുന്ന, ബോധമനസ്സിനെയും ഉപബോധമനസ്സിനെയും പരിപോഷിപ്പിക്കുന്ന, ജീവശക്തിയെ വികസിപ്പിക്കുന്ന പ്രകൃതിദത്ത രോഗനിവാരണ ആശയമാണ് ഹോമിയോപ്പതി. സംസ്ക്കരിച്ച് ശുദ്ധവും ലഘുവുമാക്കിയ പ്രകൃതി ഔഷധങ്ങളാണ് ഇതിലെ ഉപകരണങ്ങൾ.
ധാതുലവണങ്ങളെയും ഘന ലോഹങ്ങളേയും വിഷ ഔഷധങ്ങളെയും നിരന്തരമായുള്ള ലഘുവാക്കല്‍ പ്രക്രിയകള്‍ക്ക് വിധേയമാക്കുമ്പോള്‍ അവയുടെ ദോഷശേഷി കുറയും. ഔഷധദ്രവ്യങ്ങളെ സംസ്‌ക്കരിച്ച് ഉപ അറ്റോമിക് കണികാ തലത്തിലോട്ട് പരിണമിപ്പിക്കുമ്പോള്‍ വിഷ സ്വഭാവങ്ങള്‍ ഇല്ലാതാകുകയും ഔഷധശേഷി വികസിച്ചുവരികയും ദേഹദ്രാവകങ്ങള്‍, കോശങ്ങളിലെ സൂക്ഷ്മഘടകങ്ങള്‍, ഊർജ്ജതലങ്ങള്‍ എന്നിവയില്‍ എല്ലാം സുഗമമായി പ്രവര്‍ത്തിക്കാനാകുന്ന ഒരു അവസ്ഥ രൂപപ്പെടുകയും ചെയ്യും. ഔഷധദ്രവ്യങ്ങളുടെ സൂക്ഷ്മ അംശങ്ങൾക്ക് Blood brain barrier കടന്ന് മസ്തിഷ്കത്തിലും സുഷ്മുനയിലും നേത്രാവയവത്തിലും മറ്റും എത്തപ്പെടാനുള്ള പ്രാപ്തിയും ഇതുമൂലം കൈവരും. മനുഷ്യനിലെ പ്രാണശക്തി ലഘുവായ ഒന്നാണെങ്കിൽ അതിന്‍റെ പ്രാഥമിക തകരാറ് മൂലമുള്ള രോഗാവസ്ഥയില്‍ അതിനോട് സൌമ്യമായി പ്രവര്‍ത്തിക്കാന്‍ ഉത്തമമാകുന്നത് സമാനവും വീര്യവുമേറിയ മറ്റൊരു ലഘു ശക്തി തന്നെയാകും എന്ന് ഹോമിയോപ്പതി സിദ്ധാന്തിക്കുന്നു.
സപ്തധാതുക്കളിലും ദേഹദ്രാവകങ്ങളിലും അവയവങ്ങളിലും കോശങ്ങളിലും പ്രവര്‍ത്തിക്കുന്ന, ഇന്ദ്രിയങ്ങളിലും മനസ്സിലും പ്രവര്‍ത്തിക്കുന്ന, ദോഷങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന, ക്ഷിണിച്ച് ഭൌതിക ഗുണം വന്ന പ്രാണശക്തിയിലും സങ്കോചിച്ച് ഗുരുവായ ആത്മബോധ അംശങ്ങളിലും പ്രവര്‍ത്തിക്കാനാകുന്ന ഔഷധങ്ങൾ തഥർത്തകാരിയെന്നോണവും ലഘുവായും പ്രയോഗിക്കുമ്പോള്‍ പ്രാണശക്തി മെച്ചപ്പെടും. രോഗപ്രയാസങ്ങള്‍ വേഗത്തില്‍ ദൂരീകരിക്കപ്പെടും. ദേഹധാതുക്കളിലും ചാലുകളിലും നിലകൊള്ളുന്ന വിഷങ്ങളും സ്ഥൂല മലങ്ങളും സൂക്ഷ്മ മലങ്ങളും ഊർജ്ജ മലങ്ങളും എല്ലാം ക്രമത്തിലും യഥാസമയങ്ങളിലും പുറംതള്ളപ്പെടും. ദേഹധാതുക്കളും പ്രാണശക്തിയും മനസ്സും തമ്മിലുള്ള ചേര്‍ച്ച സൌമ്യമാകും. രോഗപ്രതിരോധശക്തി, ചിന്താശക്തി, ബുദ്ധിശക്തി, ഇന്ദ്രിയശേഷി, കായികശേഷി, ദേഹപ്രവർത്തനങ്ങൾ തുടങ്ങിയവ മെച്ചപ്പെടും. സുഖം, സന്തോഷം എന്നിവ അനുഭവപ്പെട്ടുകിട്ടും.
രോഗികളെ സംബന്ധിച്ച് ഹോമിയോപ്പതി എന്നത് “തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ആശയം” എന്നതിലുപരി, ഒരു പ്രതീതി, ഒരു പ്രതീക്ഷ എന്നതിലുപരി ഒരു സൌഖ്യാനുഭവമാണ്. മനസ്സിന്‍റെ ദുഃഖം, ശരീരത്തിന്‍റെ ഷധം എന്നിവ ദൂരീകരിക്കുന്നതിനും ആധി, വ്യാധി, ബാധ എന്നിവയെ പരിഹരിക്കുന്നതിനും ഉതകുന്ന സസ്യ ഔഷധങ്ങള്‍, ഖനീജ ഔഷധങ്ങള്‍, സാദൃശ്യ ഊർജ്ജ ഔഷധങ്ങള്‍ എന്നിവ ചുറ്റുമുള്ള ഭൂപ്രകൃതിയില്‍ എല്ലായിടത്തും തന്നെ സുലഭമാണ് എന്നത് ഒരു വസ്തുതയാണ്. ജനിതക ഘടകങ്ങളിലും ആര്‍ജിത ദോഷബോധങ്ങളിലും അഹന്താദോഷങ്ങളിലും പ്രവർത്തിക്കാൻ, ഭൌതികശേഷി കൈവന്ന ജീവശക്തിയിൽ പ്രവര്‍ത്തിക്കാന്‍; ലഘുവും സൂക്ഷ്മവുമായ മനോതലത്തിൽ പ്രവര്‍ത്തിക്കാന്‍, മസ്തിഷ്ക്കത്തിൽ, ഇന്ദ്രിയങ്ങളിൽ, ദേഹദ്രാവകങ്ങളിൽ, രക്തത്തില്‍, സാരാംഗ്നികളിൽ പ്രവര്‍ത്തിക്കാന്‍; കരളിൽ, അവയവങ്ങളില്‍, സപ്തധാതുക്കളില്‍ എല്ലാം പ്രവര്‍ത്തിച്ച് അനുകൂലമായ മാറ്റങ്ങള്‍ രൂപപ്പെടുത്താന്‍ സസ്യഔഷധങ്ങളായാലും ഖനീജയിനത്തില്‍ പ്പെട്ട മറ്റ് ഔഷധങ്ങളായാലും വളരെ കുറഞ്ഞ എണ്ണം തന്മാത്രകള്‍ അടങ്ങിയത് മതിയാകും എന്നതും ഒരു വസ്തുതയാണ്. ലഘു എന്നാല്‍, "കുറഞ്ഞത്" എന്നാൽ ഔഷധ തന്മാത്രകള്‍ ഇല്ലാത്തത് എന്നോ, ഔഷധങ്ങളുടെ ഉപ ആറ്റോമിക് ഊര്‍ജ്ജ കണികള്‍ ഇല്ലാത്തത് എന്നോ, ഔഷധ തന്മാത്ര വേണ്ടാത്തത് എന്നോ അർത്ഥവ്യാപ്തി ഇല്ലാത്തതാണ്. ഔഷധങ്ങളുടെ ഗുണങ്ങളും അവയുടെ രോഗനിവാരണശേഷിയും ആരോഗ്യവാനിലും രോഗിയിലും ഒരേപോലെ കാലദേശവിത്യാസ അടിസ്ഥാനത്തിൽ, പ്രായ ലിംഗ വിത്യാസ അടിസ്ഥാനത്തിൽ പരീക്ഷിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്നത്.
കഠിനങ്ങളായ രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവ പ്രയോഗിച്ച് കൃഷി ചെയ്ത സസ്യങ്ങള്‍, കൃത്രിമ രീതികളില്‍ സൃഷ്ടിച്ചെടുത്ത വിത്ത് മുഖേനെയുള്ള ആഹാരയിനങ്ങള്‍ (Alfalfa, Corn, Soybean, Canola, Sugar Beet, Eggplant); മാരകമായ രാസദ്രവ്യങ്ങള്‍, പെട്രോള്‍ ഉത്പന്നങ്ങള്‍ എന്നിവ കലര്‍ത്തി വിപണിയിലെത്തിക്കുന്ന ആഹാരസാധനങ്ങള്‍, പച്ചക്കറി പഴയിനങ്ങള്‍; വിഷയിനത്തില്‍പ്പെട്ട രാസദ്രവ്യങ്ങള്‍ കലര്‍ന്ന മത്സ്യങ്ങള്‍, മാരകങ്ങളായ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി തയ്യാറാക്കിയ പാനീയങ്ങള്‍, രാസ രുചികൂട്ടുകള്‍ കലര്‍ത്തി പാചകം ചെയ്ത ഭക്ഷണവിഭവങ്ങള്‍, കഠിനമായ രാസഔഷധങ്ങള്‍ എന്നിവയെല്ലാം പതിവായി കഴിച്ചുപോരുന്ന ആളുകളെ സംബന്ധിച്ച്; അധികാരവ്യൂഹത്തിലും വാണിജ്യസമാജങ്ങളിലും ആരോഗ്യം, രോഗം, പരിഹാരം എന്നിവ സംബന്ധിച്ച കാഴ്ച്ചപ്പാടുകളില്‍ നവവും തീവ്രവുമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പിറന്ന് വീഴുമ്പോള്‍ തന്നെ നിരവധി കുത്തിവെപ്പുകള്‍ വിധേയമാകേണ്ടിവരുന്ന സാഹചര്യത്തില്‍ അതി ലഘു തന്മാത്രകൾക്കായുള്ള ഔഷധ നിര്‍മ്മാണ രീതികളും അതടിസ്ഥാനത്തില്‍ പ്രചാരത്തിലുള്ള പ്രയോഗങ്ങളും പരിഷ്ക്കരിക്കേണ്ടതുണ്ട് എന്നതും ഒരു വസ്തുതയാണ്. തന്മാത്രകളുടെ സൂക്ഷ്മ അംശങ്ങള്‍ കൊണ്ടുള്ള ഔഷധ പരീക്ഷണങ്ങള്‍ സംബന്ധിച്ച പൂര്‍വ്വകാല ഉറപ്പുകള്‍ (Drug proving), അതടിസ്ഥാനത്തിലുള്ള രോഗപരിഹാര അനുഭവങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട പഴയകാല സംഹിതകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രത്തോളം ആശ്രയകരമാണ് എന്നത് വീണ്ടും നിരീക്ഷിക്കേണ്ട ഒരു സംഗതി ആയിട്ടുണ്ട്.
പ്രകൃതിഔഷധങ്ങളുടെ ശുദ്ധവും സൂക്ഷ്മവും സജീവവുമായ പ്രഭാവഗുണങ്ങളെ രോഗാവസ്ഥയില്‍ പ്രയോജനപ്പെടുത്താനാകാതെ അവയെ അവഗണിക്കാനും നിരാകരിക്കാനും പുച്ഛമായി തോന്നാനും ഇടവരുന്നത്, ആ രീതിയില്‍ വൈദ്യവിഭാഗത്തെ സംവിധാനം ചെയ്യുന്നത്, അതിസൂക്ഷ്മമായ ചില ഊർജ്ജ പ്രയോഗത്തെ മാത്രം ശ്രദ്ധിക്കാനും ആശ്രയിക്കാനും ആശ്രയിപ്പിക്കാനും ആവേശമുണ്ടാകുന്നത്, ഇവയുടെ പുറംമോടികള്‍ മാത്രം വ്യവസ്ഥാപിതമാകാനിടയാകുന്നത്, ആ രീതിയില്‍ സമാനവൈദ്യത്തെ അനുഭവിക്കാന്‍ കഴിയാതെ ആയുസ്സ് നീങ്ങാനിടയാകുന്നത്, പണ്ട് എങ്ങിനെയൊക്കെയാണോ അവിടെയും ഇവിടെയും ഉണ്ടായിരുന്നത്, ഇപ്പോള്‍ ഉള്ളത് അങ്ങിനെയൊക്കെയും അത്രയുമൊക്കെയും എപ്പോഴും എവിടെയും മതി, അല്ലെങ്കിൽ ഇതൊന്നും വേണ്ടതില്ല എന്നെല്ലാം കണക്കാക്കി കാലത്തെ നിയന്ത്രിക്കുന്നത്, ആയുസ്സ് നീങ്ങാന്‍ ഇടവരുത്തുന്നത് ഖേദകരമാണ്.
ജലദോഷത്തില്‍ വിപരീതയിനം മരുന്ന് കഴിച്ചില്ലെങ്കിലും പ്രയാസം ഏഴ് ദിവസം വരെ നിലകൊള്ളും. വിപരീത മരുന്നുകളോ വിരുദ്ധ മരുന്നുകളോ കഴിച്ചാല്‍ ഒരു ആഴ്ചയും ഒപ്പം കഫക്കെട്ടും ചുമയും തുടർന്ന് ക്ഷീണവും ക്ഷയവും എന്നൊരു ചൊല്ല് പ്രചാരത്തിലുണ്ട്. ശീത ദേഹപ്രകൃതിക്കാരുടെ ശീതരോഗങ്ങളിലെ വേദനകളിലും ഉഷ്ണ ദേഹപ്രകൃതിക്കാരുടെ ഉഷ്ണരോഗങ്ങളിലെ വേദനകളിലും വിത്യസ്തങ്ങളായ ഔഷധങ്ങള്‍ ലഭ്യമല്ലാത്ത ദുരവസ്ഥ ചില മേഖലകളില്‍ നിലവിലുണ്ട്. ശീതയിനം കുളിരുപനിയിലും ഉഷ്ണയിനം കഠിനജ്വരത്തിലും താപലഘൂകരണത്തിനായി ഒരേയിനം ഔഷധത്തെ മാത്രം പ്രയോഗിച്ചുപോരുന്ന സ്ഥിതിയും ഉണ്ട്. നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരില്‍ പിടിപെടുന്ന ആഗന്തുജരോഗങ്ങളില്‍ ദോഷഫലങ്ങള്‍ സൃഷ്ടിക്കാത്ത ഔഷധങ്ങളുടെ അഭാവവും അല്ലെങ്കില്‍ ഔഷധങ്ങള്‍ തന്നെ ഇല്ലാത്ത അവസ്ഥയും സാര്‍വത്രികമായി ഉണ്ട്. ഇത്തരം പരിമിതികളെ മറികടക്കാൻ കഴിയാതെ പോകുന്നതും ഇവക്കെല്ലാം സ്വീകാര്യത നേടിയെടുക്കാന്‍ കഴിയുന്നത് ആശ്ചര്യം ഉളവാക്കുന്ന സംഗതികളത്രെ.
ഭൌതികാവേശം വര്‍ദ്ധിച്ച്, പുറംമോടികളില്‍ മയങ്ങി, പ്രകൃതിചികിത്സാരീതികളോടും ശുദ്ധ വൈദ്യരീതികളോടും നിഷേധസ്ഥിതി പുലര്‍ത്തി ജീവിതശൈലീരോഗങ്ങളെയും പേറി പ്രായം നീങ്ങുന്നത്, ആരോഗ്യദുരന്തങ്ങള്‍ക്കും രോഗദുരിതങ്ങള്‍ക്കും ഒപ്പം, സഹോദരന്‍റെയും സഹോദരിയുടെയും കുടുംബാംഗത്തിന്‍റെയും അയല്‍ക്കാരന്‍റെയും അകാലത്തിലുള്ള ജീവനാശത്തിന് സാക്ഷിയാകാന്‍ ഇടവരുന്നത്, രോഗസൂചക ഫയലുകളും അതിന്‍റെ കണക്കുകളും മാത്രം സമ്പാദ്യമാകുന്നത്, രോഗങ്ങള്‍ക്ക് വിധേയമാകേണ്ടിവന്നാല്‍ അവയവങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടേണ്ടിവരുന്നത്, അകാലത്തിൽ ധാതുക്ഷയവും വാർദ്ധക്യവും അനുഭവിക്കേണ്ടി വരുന്നത്, അകാലത്തിൽ മരണഭയത്തെയും മരണത്തെ തന്നെയും അഭിമുഖീകരിക്കേണ്ടിവരുന്നത്, മരണാന്തര ജീവിതത്തില്‍ മാത്രം പ്രതീക്ഷ അര്‍പ്പിക്കേണ്ടിവരുന്നത് എല്ലാം ഒരു അനിവാര്യ സംഗതിയും അഹന്താദോഷങ്ങളുടെ തന്നെ സാമാന്യവിധിയുമത്രെ.
ഹോമിയോ എന്ന പദത്തിന് യുക്തി എന്നും അർത്ഥമുണ്ട്. യുക്തി, ബുദ്ധി, പ്രജ്ഞ, വിവേകം, സൂക്ഷ്മമനസ്സ്, ഓജസ്സ്, പ്രാണശക്തി എന്നിവയല്ലാം ഏറെക്കുറെ ഒന്നുതന്നെയാണ്. ശരീരധാതുക്കളെ സൌമ്യമാക്കാന്‍, ആര്‍ജ്ജിത ദോഷങ്ങളെ പ്രതിരോധിക്കാന്‍, നിജദോഷങ്ങളെ അമര്‍ച്ച ചെയ്യാന്‍, ആഗന്തുജവിഷങ്ങളെയും ധാതുമലങ്ങളെയും ശോധിപ്പിക്കാന്‍; ശുദ്ധി സംഘടിപ്പിക്കാൻ, വേദനയെ ലഘൂകരിക്കാന്‍, സുഖദുഃഖങ്ങളെ സമനിലയില്‍ കണ്ട് സമചിത്തനാക്കാന്‍, യൌവ്വനം നിലനിര്‍ത്താന്‍, വാര്‍ദ്ധക്യത്തെ സാവധാനത്തിലാക്കാന്‍ എല്ലാം പ്രാണശക്തിയുടെ ഉയര്‍ച്ച കൊണ്ട്, ആരോഗ്യബലം കൊണ്ട് സാദ്ധ്യമാണ്.
പ്രാണശക്തി ക്ഷയിക്കുമ്പോള്‍ അതിനെ സഹായിക്കാന്‍ സസ്യയിനം, ഖനീജയിനം ഔഷധങ്ങള്‍ ഫലപ്രദമാണ് എന്നത് ബോദ്ധ്യപ്പെട്ട സംഗതിയാണ്. രോഗത്തിന്‍റെ തീവ്രതയ്ക്ക് അനുസരിച്ച് പ്രകൃതിജന്യഔഷധങ്ങളെ സമാന ആശയത്തിലോ വിപരീത ആശയത്തിലോ പ്രയോജനപ്പെടുത്തുമ്പോള്‍ അത് രോഗവിമുക്തിയെ അനുവദിക്കും. പ്രകൃതിജന്യ ഔഷധങ്ങളെ സംസ്ക്കരിച്ച് ലഘുവാക്കിയ ശേഷം സൌമ്യ ആശയത്തിലൂടെ പ്രയോഗിച്ചാല്‍ സൌഖ്യം, സന്തോഷം, എന്നിവ മാത്രമല്ല പൂര്‍ണ്ണായുസ്സ് കൂടി അനുഭവിക്കാനാകുമെന്നും പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു.
പൂര്‍വ്വജന്മത്തിലെ കര്‍മ്മവിവരങ്ങളെല്ലാം അത്മബോധത്തിന്‍റെ കാരണ ശരീരത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് ചിലര്‍ തീവ്രമായി വിശ്വസിച്ചു. രോഗവിമുക്തി നേടാന്‍, ആരോഗ്യവും പൂര്‍ണ്ണായുസ്സും അനുഭവിക്കാന്‍ അന്നം, ഔഷധം എന്നിവ കൂടാതെ ഒരു അർഹത കൂടി വേണം. അത്തരം ഒരു കർമ്മഫലബോധം ആത്മബോധത്തിന്‍റെ ആവരണമായ വിഞാനമയകോശത്തില്‍ എപ്പോഴും നിലകൊള്ളുന്നുണ്ട്. ഏതുതരം രോഗപ്രയാസമായാലും അതിനെ സ്വയം തന്നെ പരിഹരിക്കാനുള്ള ഒരു ജീവശക്തി ഓരോ വ്യക്തിയോടൊപ്പവും നിലകൊള്ളുന്നുണ്ട്. ഇക്കാര്യം അറിയുന്നത് കൊണ്ടാണ് പ്രാണബലം തീരെ കുറഞ്ഞ അവസ്ഥയിൽ പോലും രോഗികള്‍ക്ക് രോഗപരിഹാരം പ്രതീക്ഷിക്കാനാകുന്നത്. ഔഷധങ്ങള്‍ ഇല്ലാത്ത ഘട്ടത്തില്‍ പോലും സ്വാന്തനമന്ത്രങ്ങള്‍ പ്രായോഗിച്ച്, ദൈവവ്യാപാശ്രയരീതികളെ അവലംബിച്ച് പ്രാണശക്തിയെ ഉയര്‍ത്തി സൌഖ്യം സാദ്ധ്യമാക്കാനാകുന്നത്.
ശരീരത്തിലൂടെയും മനസ്സിലൂടെയും പ്രകടമാകുന്ന രോഗലക്ഷണങ്ങളെയും സൂചനകളെയും ഒപ്പം രോഗകാരണങ്ങളായ മാലിന്യങ്ങളെയും വിഷങ്ങളെയും അഹന്താദോഷങ്ങളെയും ദൂരീകരിക്കുമ്പോളാണ് ചികിത്സ സമഗ്രമാകുന്നത്. ദോഷബോധങ്ങള്‍ ജാഗ്രത് അവസ്ഥയില്‍ മാത്രമല്ല സ്വപ്നാവസ്ഥയിലും ഉണ്ട്. ശൂന്യഉറക്കത്തില്‍ അഹന്താദോഷങ്ങളുടെ വീര്യം കുറയും. അഹന്താദോഷങ്ങളുടെ വീര്യത്തിന്‍റെ ഏറ്റകുറച്ചില്‍ അനുസരിച്ച് ചില രോഗങ്ങളുടെ പ്രകടനത്തിലും അതിന്‍റെ കാലദൈര്‍ഘ്യത്തിലും വിത്യാസം പ്രകടമാകും. നവ ദോഷങ്ങള്‍ (Pox, HIV, SARS CoV 2, X rays) ശക്തങ്ങളാകുകയും അവ ജനിതക ദോഷങ്ങള്‍ക്ക് സമാനമാകുകയും ചെയ്‌താല്‍ നവദോഷ ആഗന്തുജരോഗങ്ങള്‍ ഭേദമാകുന്ന മുറയ്ക്ക് സാമാനയിനം ജനിതക ദോഷങ്ങളും ഇല്ലാതാകും. ജനിതക ദോഷങ്ങളും നവ ദോഷങ്ങളും ആർജിത ദോഷങ്ങളും പരസ്പരം വിപരീതങ്ങളായി ഭവിച്ചാല്‍ അവ ദേഹത്തിലെ വിത്യസ്ത ധ്രുവങ്ങള്‍ കേന്ദ്രീകരിച്ച് വിപുലപ്പെട്ട് പ്രാണശക്തിയെ ദുര്‍ബലപ്പെടുത്തികൊണ്ടേയിരിക്കും. ആഗന്തുജങ്ങളായ ഉഷ്ണരോഗങ്ങളുടെ ആരംഭത്തില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമെങ്കില്‍ നവദോഷ പ്രയാസങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആദ്യം വിപരീത ആശയത്തില്‍ ശീത ഔഷധദ്രവ്യങ്ങള്‍ സാമാന്യ അളവില്‍, നല്‍കി തീവ്രതയെ ലഘുവാക്കണം. ഉഷ്ണയിനം പ്രയാസങ്ങള്‍ മൃദുവാണെങ്കില്‍ ആദ്യമേ തന്നെ ഉഷ്ണയിനം ഔഷധങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോഗിക്കണം.
സ്വയം ഭേദമാകുന്നവയാണ് ആഗന്തുജദോഷരോഗങ്ങള്‍. ആഗന്തുജ ഉഷ്ണദോഷരോഗങ്ങളില്‍ ശീതയിനം ഔഷധങ്ങള്‍ അതി സൂക്ഷ്മ അളവില്‍ പ്രയോഗിക്കുമ്പോള്‍ ജീവശക്തി ഉത്തേജിക്കപ്പെടുകയും വിപരീതരീതിയില്‍ പ്രതികരിക്കുകയും ചെയ്യുമ്പോള്‍ ഉഷ്ണദോഷങ്ങള്‍ നിഷ്ക്രിയമാകും. ചില ഉഷ്ണ ദേഹപ്രകൃതക്കാരില്‍ മാത്രമാണ് ഉഷണയിനം ആഗന്തുജദോഷ രോഗങ്ങള്‍ ക്രമത്തില്‍ വര്‍ദ്ധിച്ച് ഗുരുതരമാകുന്നത്. ആരോഗ്യം കുറഞ്ഞവരിലും പ്രായം ഏറിയവരിലും ഇവ ദീര്‍ഘിച്ച് ചിലപ്പോള്‍ നിജദോഷരോഗമായി പരിണമിക്കുകയോ ചെയ്യാം. ഒരേയിനം രോഗത്തിന്‍റെ തന്നെ ഭവിഷത്തുക്കള്‍ ചിലരില്‍ ഉഷ്ണയിനം ലക്ഷണങ്ങളോടെയും വേറെ ചിലരില്‍ ശീതയിനം ലക്ഷണങ്ങളോടെയും പ്രകടമാകാം. ഇത്തരം സനര്‍ഭങ്ങളിലും, ആഗന്തുജരോഗങ്ങള്‍ പരിണമിച്ച് നിജരോഗമായി ദീര്‍ഘിച്ചുനിലകൊള്ളുമ്പോഴും രോഗനാമത്തിന്‍റെയൊ അതിന്‍റെ കാരണത്തിന്‍റെയൊ അടിസ്ഥാനത്തില്‍ ചികിത്സ നടത്തുന്നത് യുക്തി വിരുദ്ധമാണ്. രോഗം ബാധിച്ച ആളിന്‍റെ ദേഹപ്രകൃതി, രോഗലക്ഷണകൂട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയും ഔഷധദ്രവ്യങ്ങളുടെ ഗുണം, വീര്യം, പ്രഭാവം എന്നിവ ആധാരമാക്കിയും വേണം ഔഷധങ്ങളെ പ്രയോജനപ്പെടുത്തേണ്ടത്.
കൌമാരത്തില്‍ ശീത ദേഹപ്രകൃതിയുള്ളവര്‍ വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ ഉഷ്ണ ദേഹപ്രകൃതിക്കരാകും. ഇവരെ ഉഷണദോഷങ്ങള്‍ എളുപ്പം ബാധിക്കും. വാര്‍ദ്ധക്യത്തില്‍ നിജരോഗങ്ങള്‍ ഉഷ്ണയിനത്തില്‍ പ്പെട്ടതാണെങ്കില്‍ ഔഷധങ്ങള്‍ രോഗലക്ഷണ സാദൃശ്യം അടിസ്ഥാനത്തിലും കൂടാതെ ശീതയിനത്തില്‍ പ്പെട്ട ഔഷ ദ്രവ്യങ്ങള്‍ (Camphor, Acacia catechu, Syzygium aromaticum, Gulgul, Picrorhzia kurroa, Vasaka, Terminalia arjuna, Ficus religiosa, Aloe Socotrina, Pterocarpus marsupium, Nardostachys Jatamansi, Gum Arabic, Phyllanthus emblica; Calcium carbonate, Argentum nitricum) ആണെങ്കില്‍ അതിസൂക്ഷ്മ അളവിലും പ്രയോജനപ്പെടുത്തണം.
ശീതയിനം നിജരോഗങ്ങളില്‍ ലക്ഷണസാദൃശ്യം അടിസ്ഥാനത്തിലും അതിസൂക്ഷ്മ അളവിലുള്ള ഉഷ്ണയിനം ഔഷധദ്രവ്യങ്ങള്‍ (Zingiber, Piper nigrum, Ricinus communis, Colocynth, Nux vomica, Amygdalus amara, Quassia amara, Ignatia amara, Swietenia macrophylla, Quercus, Cinchona, Coffea, Coffee senna, Anacardium orientalis, Aconitum napellus, Andrographis paniculata, Azadirecta Indica, Terminalia chebula, Terebinth, Conium maculatum, Tabacum, Indian myrrh, Saussurea lappa, Celastrus paniculata, Charcoal, Carbo vegetabilis, Allium sativa; Aurum metalicum, Sulphur) മുഖേനെയും പരിഹരിക്കണം. അഗ്നിഭൂതം കൂടുതലുള്ള ഒരു ഉഷ്ണദ്രവ്യമാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ കൂടാതെ കായം, കടുക്ക, ഇഞ്ചി, പുകയില, തൂജ, കടുക്, ആര്യവേപ്പ് എന്നിവയിലും പ്രത്യേകതരം ഗന്ധകം അടങ്ങിയിട്ടുണ്ട്.
അഗന്തുജരോഗങ്ങളിലെ കഠിനപ്രയാസങ്ങളെ ലഘുവാക്കാന്‍, പൂർവ്വജന്മരോഗങ്ങളെയും നിജരോഗങ്ങളെയും പരിഹരിക്കാന്‍, പ്രാണശക്തിയിലൂടെ ജീവശക്തിയെ വികസിപ്പിച്ച് അഹന്താദോഷങ്ങളെ അമര്‍ച്ച ചെയ്യാന്‍, പ്രാണശക്തിയെ മെച്ചപ്പെടുത്തിയും ആത്മബോധ അംശങ്ങളെ വികസിപ്പിച്ചും ആയുസ്സിനെ ദീര്‍ഘിപ്പിക്കാന്‍ എല്ലാം പ്രയോജനപ്പെടുത്താവുന്ന പ്രകൃതി ആശയമാണ് ഹോമിയോപ്പതി.
ഹോമിയോപ്പതിയുടെ വികാസവും പ്രചാരവും ചിലരുടെ ഉപജീവനത്തിന്‍റെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ അനുബന്ധ ആശയങ്ങളില്‍, അതിന്‍റെ ചില പ്രയോഗങ്ങളില്‍ അവ്യക്തതകള്‍ ഉള്ളതായി ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവയെയും, അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളുടെയും ചില പ്രാദേശിക ബിംബങ്ങളുടെയും ചരിത്രം മാറ്റി നിർത്തിയാൽ ഇത് മുഖ്യമായും മനുഷ്യനിലെ ശരീരം, ഇന്ദ്രിയങ്ങള്‍, ധാതുമലങ്ങൾ, പ്രാണശക്തി, മനസ്സ് എന്നിവയിലെ വൈഷമ്യങ്ങളെയും ഒപ്പം ഭൌതികത വന്ന ജീവശക്തിയെയും പരിഗണിച്ച് എല്ലാവിധ ആധിയേയും വ്യാധിയേയും ബാധകളെയും ഒപ്പം അതിന്‍റെ കാരണങ്ങളെയും പരിഹരിക്കുന്നതിനെ ലക്‌ഷ്യംവെയ്ക്കുന്നു. ആനന്ദപ്രാപ്തി, പൂര്‍ണ്ണായുസ്സ് എന്നിവ കൈവരിക്കുന്നതിന് മനുഷ്യനെ സഹായിക്കുന്നു. ആരോഗ്യം, ആനന്ദം, പൂര്‍ണ്ണായുസ്സ് എന്നിവയെ കാംക്ഷിക്കുന്ന ഹോമോ സാപ്പിയന് ഇതിനെ തിരിച്ചറിഞ്ഞ് അനുഭവിക്കേണ്ട ഒരു കർത്തവ്യവും ഉണ്ട്.
ഹോമോസാപ്പിയന്‍റെ ധർമ്മങ്ങളില്‍ മുഖ്യം ആരോഗ്യസംരക്ഷണം, രോഗപരിഹാരം എന്നിവയെങ്കില്‍ ലക്ഷ്യങ്ങളില്‍ മുഖ്യം സുഖം, സന്തോഷം, സമാധാനം, പൂര്‍ണ്ണായുസ്സ് എന്നിവയാണ്. ശരീരത്തിന്‍റെ സുഖം എന്നത്, മനസ്സിന്‍റെ സന്തോഷം എന്നത് ഒരു അനുഭവമാണ്. ആനന്ദം (Bliss, Ecstasy) എന്നത് സുഖത്തിലുപരി, സന്തോഷത്തിലുപരി ഒരു പ്രതീക്ഷയാണ്. ആനന്ദ സാക്ഷാല്‍ക്കാരത്തിലെ മുഖ്യതടസ്സം അകാലത്തിലെ വാര്‍ദ്ധക്യവും അതിന്‍റെ കാരണങ്ങളുമാണ്.
വാര്‍ദ്ധക്യത്തില്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളില്‍ മുഖ്യം ശരീരം, പ്രാണശക്തി, മനസ്സ് എന്നിവയുടെ ഏകോപനം ഇല്ലായ്മയും സാരാംഗ്നികളുടെ കുറവുമൂലമുള്ള ക്ഷയവുമാണ്. ശരീരം, മനസ്സ് എന്നിവയിലെ മാലിന്യങ്ങളും വിഷങ്ങളും പ്രാണശക്തിയെ ബാധിച്ച അഹന്താദോഷങ്ങളും പ്രയാസങ്ങള്‍ക്ക് കാരണങ്ങളാണ്. വാര്‍ദ്ധക്യപ്രശ്നങ്ങളെ ലഘുവാക്കാന്‍, ആയുസ്സ് പൂർണ്ണമായി അനുഭവിക്കാന്‍ ധര്‍മ്മം, മര്യാദ, ശുദ്ധി, അന്നം, ത്യാഗം, വിശ്രമം, ഔഷധം തുടങ്ങിയ ഘടകങ്ങളോടൊപ്പം കായകല്‍പ്പം പോലുള്ള പുനർജ്ജീവന മാർഗ്ഗങ്ങളേയും അറിഞ്ഞ് അവലംബിക്കണം.