V.K Clinic

V.K Clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from V.K Clinic, Pharmacy / Drugstore, CHALISSERY, koottanad.

27/06/2017

കേരളം പനി പിടിച്ചു വിറച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടക്കുന്ന നേരമാണ്. മഴ കൂടുംതോറും ആശുപത്രിയിലെ ക്യൂവിന് നീളം കൂടുക തന്നെയാണ്. ക്യൂവില്‍ നിന്ന് രോഗികളും തുടര്‍ച്ചയായി വന്നു കൊണ്ടേ ഇരിക്കുന്ന രോഗികള്‍ക്ക് വേണ്ടി ജോലി ചെയ്ത് ഡോക്ടര്‍മാരും ആശുപത്രി വ്യവസ്ഥിതിയും തളരുന്നു. എന്നിട്ടും അനുദിനം പത്രങ്ങള്‍ പനിയെക്കുറിച്ച് എഴുതുന്നത്‌ വായിക്കുമ്പോള്‍ സ്ഥിതി കൈവിട്ടു പോകുകയാണ് എന്ന് തോന്നിപ്പോകും. പരിഭ്രാന്തി ഉണര്‍ത്തുന്ന ഈ സ്ഥിതി എങ്ങനെ മെച്ചപ്പെടുത്താനാകും? എന്താണ് ഈ പനിക്കാലത്തേക്ക് നമ്മള്‍ കാത്തു വെക്കേണ്ടത്? ഇനി ഇത് പോലെ ഒരു പനിക്കാലം വരാതിരിക്കാന്‍ ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് എന്താണ്? വന്ന പനിയെ ഓടിക്കാനും വേണമല്ലോ മാര്‍ഗം. ചിന്താകുലരായ മലയാളിക്ക് വേണ്ടി ഇന്‍ഫോ ക്ലിനിക്കിനു പറയാനുള്ളത്...

* ഭയക്കേണ്ട. എല്ലാ പനിയും അപകടകാരിയല്ല. അതിഭീകരമായ ഒരു സ്ഥിതിയല്ല ഇവിടെയുള്ളത്. പനി സര്‍വ്വസാധാരണമായിരിക്കുന്നു എന്നത് സത്യം തന്നെ. പക്ഷെ, ജീവാപായം ഉണ്ടാക്കുന്നതും തുടര്‍ ആരോഗ്യത്തെ ബാധിക്കുന്നതുമായ പനി ബാധിക്കുന്നവര്‍ ചെറിയൊരു ശതമാനം മാത്രമാണ്. എങ്കിലും അവഗണിക്കാനാവുന്നതല്ല ആ ചെറിയ ശതമാനവും. ഒരു കാലത്ത് ലോകത്തിന്റെ തന്നെ നെറുകയിലായിരുന്ന ഒരു ആരോഗ്യ സംവിധാനമുണ്ടെന്ന് അഭിമാനിച്ചിരുന്ന സംസ്ഥാനത്താണ് ഈ അവസ്ഥ എന്നത് ചെറുതല്ലാത്ത അലോസരമുണ്ടാക്കുന്നുണ്ട്.

* ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയിഡ് , H1N1 തുടങ്ങി പേരുള്ളതും അല്ലാത്തതും ആയ സകല പനികള്‍ക്കും വ്യത്യസ്തമായ ലക്ഷണങ്ങളാണ് ഉള്ളത്. ശരീരവേദന വന്നാല്‍ ഡെങ്കിയാണെന്ന് അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ഡയഗ്നോസ് ചെയ്തു തന്നേക്കും. കുടിച്ച വെള്ളത്തില്‍ ഈയൊരു കാര്യത്തില്‍ അങ്ങേരെ വിശ്വസിക്കരുത്. അദ്ദേഹത്തിനു ഡെങ്കിപ്പനി വന്നപ്പോള്‍ വേദനിച്ചത്‌ കാല്‍മുട്ടായിരിക്കും. നിങ്ങള്‍ക്ക് വേദനിക്കുന്നത് മുട്ടിനു താഴെ പിറകിലായുള്ള പേശിയായിരിക്കും. ഒന്ന് ഡെങ്കിയുടെ ലക്ഷണം ആണെങ്കില്‍ മറ്റൊന്ന് എലിപ്പനിയുടെ ലക്ഷണമാണ്. രണ്ടിനും ചികിത്സ രണ്ടു വഴിക്കാണ്. വിദഗ്ധരോട് ചോദിച്ചു മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക.

* ലാബ്‌ ടെസ്റ്റുകള്‍ ഒരിക്കലും രോഗനിര്‍ണയത്തിലെ അവസാന വാക്കല്ല. ശാരീരികപരിശോധന നടത്തിയ ഡോക്ടര്‍ക്ക് അതില്‍ ലഭിക്കുന്ന അനുമാനങ്ങള്‍ ഉറപ്പിക്കാന്‍ ഉള്ളൊരു സഹായി മാത്രമാണ് ലബോറട്ടറി ടെസ്റ്റ്‌ റിസള്‍ട്ട്. അത് കൊണ്ട് തന്നെ സ്വന്തം ഇഷ്ടത്തിന് പോയി ടെസ്റ്റ്‌ ചെയ്തു ഗൂഗിളില്‍ 'complications' മാത്രം ഭൂതക്കണ്ണാടി വെച്ച് നോക്കി "ഞാനിപ്പോ ചാകുമേ" എന്ന് ചിന്തിക്കാതിരിക്കുക. ലിവര്‍ എന്‍സൈമുകള്‍ (SGOT, SGPT മുതലായവ) ചില പനികളില്‍ അല്പം ഉയര്‍ന്നു നില്‍ക്കുക സ്വാഭാവികം മാത്രം. ''മഞ്ഞപ്പിത്തം കൂടി വന്നല്ലോ ഡോക്ടറെ, പ്രശ്നമാകുമോ'' എന്നൊക്കെ ചോദിക്കുന്നുണ്ട് രോഗികള്‍. അത് 'മഞ്ഞപ്പിത്തം' നോക്കുന്നതല്ല. രോഗിയുടെ പൊതുവായ ശാരീരികാവസ്ഥ നോക്കുന്നതാണ്. ഭയക്കേണ്ടതില്ല. കഴിവതും സ്വന്തം ഇഷ്ടത്തിന് ലാബ്‌ ടെസ്റ്റ്‌ ചെയ്തു മാനസികസമ്മര്‍ദം കാശ് കൊടുത്തു വാങ്ങാതിരിക്കുക. ഡോക്ടര്‍ എഴുതി തരുന്ന പരിശോധനകള്‍ മതിയാകും.

* എല്ലാ പനിയും ഡെങ്കിപ്പനിയല്ല. നാട്ടിലുള്ള പനികളില്‍ ചെറിയൊരു ശതമാനം മാത്രമാണ് ഡെങ്കിപ്പനി . അതിലും ചെറിയൊരു ഭാഗം മാത്രമാണ് സങ്കീര്‍ണ രൂപത്തിലേക്ക് (കാപില്ലറി ലീക്ക് അധികരിച്ച് ഉണ്ടാകുന്ന Dengue Shock Syndrome, രക്തസ്രാവം ഉണ്ടാകുന്ന Dengue Hemorrhagic Fever തുടങ്ങിയ അവസ്ഥകള്‍) നീങ്ങുന്നവ. ഈ പനിയുടെ പേര് പോലും വല്ലാത്തൊരു അവസ്ഥയിലേക്ക് രോഗികളെ കൊണ്ട് പോകുന്നതിനു സാക്ഷ്യം വഹിക്കുന്ന ദിനങ്ങളിലൂടെയാണ് ഓരോ ചികിത്സകനും ഇപ്പോള്‍ കടന്നു പോകുന്നത്. ഈ ഭീതി മുതലെടുത്ത്‌ ധാരാളം മെസേജുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചില ഫോർവാർഡ്‌ മെസേജുകൾ പറയുന്നത്‌ പോലെ പനി തുടങ്ങുമ്പോൾ തന്നെ പ്ലേറ്റ്‌ലറ്റ്‌ കൗണ്ട്‌ പരിശോധിച്ച്‌ സ്വയം ഡെങ്കി രോഗനിർണയം നടത്താൻ ശ്രമിക്കരുത്‌. പ്ലേറ്റ്ലറ്റ് കൗണ്ട് അദ്ഭുതാവഹമായി കൂട്ടുമെന്ന് അവകാശപ്പെടുന്ന പ്രചാരണങ്ങള്‍ പല വിധത്തില്‍ സുലഭമാണ് ചുറ്റും. പ്ലേറ്റ്ലറ്റ് കൗണ്ട് കൂടുന്നതിലും അത്യാവശ്യം രോഗിയുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുക, അപകടകരമായ രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെങ്കില്‍ വേണ്ട ചികിത്സ ഉടനടി ലഭ്യമാക്കുക എന്നതൊക്കെയാണ്. ആദ്യമായി വരുന്ന ഡെങ്കിപ്പനി അപകടകാരിയുമല്ല. എന്നാല്‍ മുന്‍പ് ചിലപ്പോള്‍ ഒരു ജലദോഷപ്പനി കണക്കു വന്നു പോയ പനി ഡെങ്കിയായിരുന്നു എന്ന് തിരിച്ചറിയാതെ പോകുന്ന അവസ്ഥകള്‍ ഏറെ. അല്ലാതെയും രണ്ടാമത് രോഗമുണ്ടാകുന്നവര്‍ ഉണ്ട്. സങ്കീര്‍ണതാസാദ്ധ്യതകള്‍ മുന്‍കൂട്ടി കണ്ടേ മതിയാകൂ. ഇത്തരം കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ഒരു ഡോക്ടറുടെ മേല്‍നോട്ടം നിര്‍ബന്ധമാണ്‌. സ്വയം തീരുമാനിക്കരുത്.

* പ്ലേറ്റ്‌ലറ്റ്‌ എണ്ണം മാത്രം വെച്ച്‌ അവസ്‌ഥ സാരം/നിസാരം എന്ന്‌ പറയാൻ സാധിക്കില്ല.ഡെങ്കിയാണെന്ന്‌ രക്‌തപരിശോധനയിൽ ഉറച്ചു കഴിഞ്ഞാൽ അതിനോടൊപ്പം പരിശോധിക്കേണ്ട മറ്റു ചില ടെസ്‌റ്റുകൾ ഉൾപ്പെടെ നോക്കി കൃത്യമായ ശാരീരിക പരിശോധന നടത്തിയ ശേഷം രോഗിയുടെ അവസ്ഥ തീരുമാനിക്കേണ്ടത്‌ ഡോക്ടറാണ്. സാധാരണ ഗതിയിൽ പനി തുടങ്ങിയ ഉടൻ ഓടിച്ചെന്ന്‌ പരിശോധനകൾ നടത്തേണ്ടതുമില്ല.

* സഹിക്കാവുന്ന പനി രണ്ട്‌ ദിവസം വരെ പാരസെറ്റമോള്‍ കഴിച്ച് നന്നായി വെള്ളം കുടിച്ചും ഭക്ഷണം കഴിച്ചും വിശ്രമിച്ചും കുറക്കാൻ ശ്രമിക്കാം. ദിവസം മൂന്ന്‌ നേരം വരെ പ്രായത്തിനനുസരിച്ചുള്ള ഡോസ്‌ പാരസെറ്റമോൾ കഴിക്കാം. കുട്ടികൾക്ക്‌ ഭാരത്തിന്‌ അനുസരിച്ചാണ്‌ മരുന്ന്‌ നൽകുന്നത്‌ . അസഹനീയമായ വിധം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

* കഴിക്കുന്ന പാരസെറ്റമോൾ ലിവറും കിഡ്‌നിയും ചീത്തയാക്കും എന്നൊക്കെ പ്രചരണമുണ്ട്‌. നിലവില്‍ മറ്റു രോഗങ്ങള്‍ ഇല്ലാത്ത മുതിർന്ന വ്യക്‌തിക്ക്‌ പാരസെറ്റമോൾ കൊണ്ട്‌ പനി ചികിത്സക്കിടെ കരൾ പരാജയം സംഭവിക്കണമെങ്കിൽ ദിവസം ചുരുങ്ങിയത് പത്ത് ഗ്രാമിൽ കൂടുതൽ പാരസെറ്റമോൾ അകത്തു ചെല്ലണം (650 mg ഉള്ള ഏകദേശം പതിനഞ്ച്‌ പനി ഗുളിക ഒരു നേരം കഴിക്കണമെന്ന്‌). ഇത് എത്രത്തോളം സംഭവ്യമാണ് എന്നത് ചിന്തിച്ചു നോക്കാനുള്ള ബുദ്ധിയൊക്കെ ഏത് പനി പിടിച്ച തലച്ചോറിനും കാണും. അകാരണമായ ആശങ്കകള്‍ വെച്ച് പുലര്‍ത്താതിരിക്കുക. ചികിത്സയുടെ അവസാന വാക്കായി അനുഭവസാക്ഷ്യക്കാരെയും മേസേജുകളെയും ഒരു കാരണവശാലും കൂട്ട് പിടിക്കുകയേ അരുത്.

* പാരസെറ്റമോൾ കഴിച്ചാൽ പ്ലേറ്റ്‌ലറ്റ്‌ കൗണ്ട്‌ കൂടില്ല, അത് വഴി ഡെങ്കിപ്പനി വഷളായി രോഗിക്ക് അപകടം സംഭവിക്കും' എന്ന്‌ എഴുതിയൊരു മെസേജും കണ്ടു. അസംബന്ധമെന്നല്ലാതെ എന്ത് പറയാനാണ്‌ ! മജ്‌ജയിൽ നിന്നും ഉണ്ടാകുന്ന പ്ലേറ്റ്‌ലറ്റുകളുടെ അളവിനെ സ്വാധീനിക്കാൻ ഒരു വിധത്തിലും ഈ മരുന്നിന്‌ കഴിയില്ല. ആശുപത്രിയിൽ നിറഞ്ഞ്‌ കവിയുന്ന രോഗികൾക്ക്‌ ഡെങ്കിപ്പനിയുടെ എല്ല്‌ പൊട്ടുന്ന വേദനയിൽ നിന്നുമുള്ള ഏക ആശ്വാസം കൂടിയാണ്‌ പാരസെറ്റമോൾ. മറ്റൊരു വേദനസംഹാരിയും ആന്തരിക രക്‌തസ്രാവ ഭീതിയുള്ള ഡെങ്കിപ്പനി രോഗിക്ക്‌ നൽകാൻ പാടില്ല. ഈ മരുന്ന്‌ നിഷേധിക്കുന്നതിലൂടെ വേദനയിൽ നിന്നുമുള്ള ആശ്വാസമാണ്‌ രോഗിക്ക്‌ നിഷേധിക്കപ്പെടുന്നത്‌. ഭാവനയില്‍ വിരിയുന്ന എന്ത് കാര്യവും എഴുതി വിട്ടു ആളുകളെ വിശ്വസിപ്പിക്കുമ്പോള്‍ എഴുതുന്നവരെല്ലാം ഡോക്ടര്‍മാര്‍ ആകുന്നു. വാളുള്ളവനെല്ലാം വെളിച്ചപ്പാടാകുന്നത് കരണത്ത് അടിക്കുന്നത് കേരളത്തിന്റെ പൊതുജനാരോഗ്യത്തെയാണ്.

* ഒട്ടു മിക്ക വൈറൽ പനികൾക്കും ഏറ്റവും ആവശ്യമായ ചികിൽസ വിശ്രമമാണ്. വൈദ്യനിരീക്ഷണമോ തീവ്രമായ ചികിൽസയോ ആവശ്യമായ രോഗികളെ മാത്രമേ ആശുപത്രിയിൽ ചികിൽസിക്കേണ്ടതുള്ളൂ. ആന്റിബയോട്ടിക്കുകൾക്ക് വൈറൽ പനി ചികിൽസയിൽ സാധാരണ ഗതിയിൽ സ്ഥാനമില്ല.

ചികിൽസ ആവശ്യമില്ലാത്ത ഇത്തരം രോഗങ്ങൾക്ക് മോഡേൺ മെഡിസിനിൽ ചികിൽസ ഇല്ല എന്ന്‌ മോഡേൺ മെഡിസിൻകാർ അമിതമായി ചികിൽസിക്കുന്നു എന്ന് വാദിക്കുന്നവർ തന്നെ പ്രചരിപ്പിക്കുന്നു എന്നതാണ്‌ വിരോധാഭാസം.

* കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ, പനിക്ക്‌ മുൻപേ മറ്റ്‌ സാരമായ രോഗബാധകൾ ഉള്ളവർ തുടങ്ങിയവർക്ക്‌ അൽപം ശ്രദ്ധ കൂടുതൽ നൽകണം. സ്‌ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ട്‌.

*പപ്പായ ഇലയുടെ നീര്, കിവി, പാഷന്‍ ഫ്രൂട്ട് എന്നിവയൊന്നും തന്നെ ഞൊടിയിടയില്‍ പ്ലേറ്റ്ലറ്റ് നില മെച്ചപ്പെടുത്തുന്നവയായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നമ്മുടെ സ്വാഭാവിക ഭക്ഷ്യരീതിയില്‍ പെടാത്ത പപ്പായ ഇലനീര് കുടിച്ചു വായ പൊള്ളിയും, തുടര്‍ച്ചയായ വയറെരിച്ചിലും, വയറിളക്കവും ഒക്കെയായി ധാരാളം രോഗികള്‍ ആശുപത്രിയില്‍ വരുന്നുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.

* കൊതുക് കടി വഴിയല്ലാതെ ഡെങ്കിപ്പനി പകരില്ല. പകല്‍ കടിക്കുന്ന ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്ടസ് ഇനം കൊതുകുകള്‍ ആണ് ഈ രോഗകാരണമായ വൈറസിനെ കൊണ്ട് നടക്കുന്നത്. വീടിനകത്തും പുറത്തും ഒരു പോലെ വിശ്രമിക്കുന്ന ഈ കൊതുകിനെ തുരത്താനുള്ള പണി വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം. വീടിനകത്ത് കൊതുകിനെ നിയന്ത്രിക്കാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. ശരീരം നന്നായി മറക്കുന്ന വസ്ത്രം ധരിക്കുക. കൊതുകുവല, റിപല്ലന്റ് ക്രീമുകള്‍ തുടങ്ങി സ്വീകാര്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

* വീടിനു പുറത്തു വളരുന്ന പുല്ലുകളില്‍ ഇരിക്കുന്ന രീതിയുണ്ട് ഈ കൊതുകുകള്‍ക്ക്. വീടിന്‌ ചുറ്റുമുള്ള പുല്ലു വളര്‍ച്ച നിയന്ത്രിക്കുക.

* ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഈ കൊതുകുകളെ നിയന്ത്രിക്കുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിക്കുക. ഒരു സ്പൂണ്‍ വെള്ളത്തില്‍ പോലും മുട്ടയിടുന്ന ഈ കൊതുകുകളെ നിയന്ത്രിക്കാന്‍ കണിശമായ രീതിയില്‍ തന്നെ ശ്രദ്ധിക്കണം. തുറന്ന ടെറസ്, ടയര്‍, പ്ലാസ്റ്റിക്, മുട്ടത്തോട് എന്ന് തുടങ്ങി വെള്ളം കെട്ടിക്കിടക്കുന്ന എന്തും കൊതുകിന് ലേബര്‍ റൂമാണ് എന്നറിയുക. വീടിനു പിറകിലെ മലര്‍ന്നു കിടക്കുന്ന ചിരട്ട കമിഴ്ത്താന്‍ വരെ ആരോഗ്യവകുപ്പ് ആളെ വിടണം എന്ന നയം ആദ്യം ഉപേക്ഷിക്കുക. അമ്പതു മീറ്റര്‍ ചുറ്റളവില്‍ മാത്രം പറക്കുന്ന ഈ കൊതുകിനെ നിയന്ത്രിക്കാന്‍ ആകെ വേണ്ടത് ചുറ്റുമുള്ള അമ്പതു മീറ്റര്‍ വൃത്തിയാക്കുകയാണ്. ഇത് നമ്മളെ കൊണ്ട് അസാധ്യമൊന്നുമല്ല.

* ഇപ്പോള്‍ സംഭവിച്ച ഈ പനിക്കോള് വലിയൊരു അളവ് വരെ നമ്മുടെ ഭാഗത്ത്‌ നിന്നുണ്ടായ പ്രതിരോധത്തിന്റെ അഭാവം തന്നെയാണ് എന്ന് പറയാതെ വയ്യ. ഇടമഴ മാത്രം കിട്ടുന്ന നമ്മുടെ കാലാവസ്ഥയില്‍ ശ്രദ്ധക്കുറവ് കൂടി ചേര്‍ന്നപ്പോള്‍ കൊതുകിന് സ്വര്‍ഗീയസുഖങ്ങള്‍ ആണ് ലഭിച്ചിരിക്കുന്നത്. ഇനിയെങ്കിലും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മളില്‍ ഓരോരുത്തരും നമ്മളെ കൊണ്ട് സാധിക്കും വിധം ശ്രമിക്കണം. പ്രതിരോധം തന്നെയാണ് പ്രതിവിധിയെക്കാള്‍ നല്ലത്.

*പനിക്കൂട്ടത്തിലെ മറ്റൊരു പ്രധാനിയായ എലിപ്പനി പകരുന്നത് എലിയുടെ വിസര്‍ജ്യവുമായി ഉണ്ടാകുന്ന നേരിട്ടുള്ള സമ്പര്‍ക്കം കൊണ്ടാണ്. കാലില്‍ മുറിവുള്ളവര്‍ക്ക് ഇതിനു ഒരല്പം
സാധ്യത കൂടുതലാണ്. എലികള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കണം. പരിസരശുചിത്വം തന്നെയാണ് ഇവിടെയും പ്രധാനം.

* H1N1 പകരുന്നത് വായുവിലൂടെയാണ്. തുമ്മുമ്പോഴും ചുമക്കുന്ന സമയത്തും ഒരു തൂവാല കൊണ്ട് മുഖം പൊത്തിയിരിക്കണം.

* വൃത്തിയുള്ള ഭക്ഷണം ചൂടോടെ കഴിക്കുക. വിസർജനശേഷവും ഭക്ഷണം കഴിക്കുന്നതിന്‌ മുൻപും ശേഷവും കൈ വൃത്തിയായി കഴുകിയെന്ന്‌ ഉറപ്പ്‌ വരുത്തുക.

* പനി ഏത് വിധമാണെങ്കിലും നന്നായി വെള്ളം കുടിക്കാനും പോഷകപ്രദമായ ഭക്ഷണം കഴിക്കാനും നന്നായി വിശ്രമിക്കാനും ശ്രദ്ധിക്കുക. പനിക്ക് ചികിത്സ പട്ടിണിയാണ് എന്നെല്ലാം പറയുന്നത് ശുദ്ധമണ്ടത്തരമാണ്. അണുബാധ ഏത് വിധമായാലും അതിനെ തുരത്താനുള്ള പ്രതിരോധശേഷി ശരീരത്തിന് തിരിച്ചു കിട്ടേണ്ടത് ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ്‌. സ്വന്തം ശരീരം പരീക്ഷണങ്ങള്‍ക്ക് വിട്ടു കൊടുക്കാതിരിക്കുക.

ഇനിയൊരു പനിക്കാലം ഉണ്ടാകും മുന്‍പെങ്കിലും പ്രതിരോധത്തിന്റെ പ്രാധാന്യം നാം മനസിലാക്കുക. നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, കൃത്യമായ ചികിത്സ തേടുക, മിഥ്യാപ്രചരണങ്ങളിലും അദ്ഭുതചികിത്സകളിലും മയങ്ങാതിരിക്കുക. പനി മരണങ്ങളില്‍ ചിലതെങ്കിലും, പല തെറ്റിദ്ധാരണകള്‍ മൂലം സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കേണ്ട ഗതി വന്നത് കൊണ്ടാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ. ചികിത്സ കൃത്യമാവണം, ജീവിതം ഒരിക്കല്‍ മാത്രമുള്ള അവസരമാണ്.

പനി സംബന്ധിച്ച വിവരങ്ങൾ വരുന്ന ഭാഗങ്ങളിൽ കൂടുതലായുണ്ടാകും. ഡെങ്കി പനി, H1N1, എലിപ്പനി എന്നിവയെക്കുറിച്ചുള്ള വിശദമായ ലേഖനങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

എഴുതിയത്: Dr. Shimna Azeez

#103

02/06/2017

പണ്ട് കാലം തൊട്ടേ മഴക്കാലം അറുതിയുടെയും വറുതിയുടെയും രോഗങ്ങളുടെയും കാലമായി കണക്കാക്കിയിരുന്നു. മഴക്കെടുതികള്‍ മൂലം ഉള്ള സാമൂഹിക സാമ്പത്തിക അസ്ഥിരതയില്‍ നിന്ന് നമ്മുടെ ജനത പണ്ട് കാലത്തെ അപേക്ഷിച്ച്‌ ഇന്ന് ഒരു പരിധി വരെ മുക്തി നേടിയിട്ടുണ്ട്. എന്നാല്‍ സാംക്രമിക രോഗങ്ങള്‍ ഇന്നും മഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്നു.

ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകര്‍ച്ച മൂലം പലവിധ സാംക്രമിക രോഗങ്ങള്‍ മഴക്കാലത്ത് കൂടിയ തോതില്‍ കാണപ്പെടുന്നു.

കുടി വെള്ളം മലിനപ്പെടുന്നതും, രോഗാണുക്കള്‍ക്ക് പെറ്റ് പെരുകാന്‍ കൂടുതല്‍ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈര്‍പ്പവും ഒക്കെ മഴക്കാലത്ത് ഈ വിധ രോഗങ്ങള്‍ കൂടാന്‍ കാരണമാവുന്നു. മഴക്കാലത്ത് കൊതുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകള്‍ പെരുകാനും തന്മൂലം കൊതുക് പകര്‍ത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു. ഇതിന്‌ പുറമേ രോഗാണു വാഹകര്‍ ഈച്ചകള്‍ പെറ്റ് പെരുകുന്നതും വയറിളക്ക രോഗങ്ങള്‍ക്കും, ടൈഫോയിഡിനും ഒക്കെ കാരണമാവും.

പ്രധാന മഴക്കാല രോഗങ്ങള്‍

ജലജന്യ രോഗങ്ങള്‍ :- വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ), കോളറ ചര്‍ദ്ദി, അതിസാരം തുടങ്ങിയവ.

കൊതുക് പകര്‍ത്തുന്ന രോഗങ്ങള്‍ :- മലേറിയ, ഡെങ്കി പനി & ചിക്കന്‍ ഗുനിയ, ജാപ്പനീസ് എന്സേഫലൈടിസ് എന്നിവ.

മറ്റു പകര്‍ച്ച വ്യാധികള്‍ :- മറ്റു വൈറല്‍ പനികൾ, എലിപ്പനി തുടങ്ങിയവ.

രോഗലക്ഷണങ്ങള്‍

*വയറിളക്കം - റോട്ട വൈറസ്‌ രോഗാണു ബാധ വയറിളക്കം ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളില്‍ ഒന്നാണ്. വയറിളക്കം ലക്ഷണമായി കാണുന്ന മറ്റൊരു പ്രധാന രോഗം Vibrio Cholerae എന്ന ബാക്ടീരിയ പരത്തുന്ന കോളറ ആണ്. കഞ്ഞി വെള്ളത്തിന്‌ സമാനമായ രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തില്‍ കാണപ്പെടുക. കൂടെ ചര്‍ദ്ദിയും ഉണ്ടാവാം.

പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്ങിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ് .

*നീണ്ടു നില്‍ക്കുന്ന പനി ആണ് സാല്മോണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് രോഗത്തിന്റെ പ്രധാന ലക്ഷണം.

ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും. എന്നാല്‍ നാലഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതല്‍ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു.

ഈ സമയത്തെങ്കിലും ശരിയായ ചികിത്സ ലഭ്യമായില്ലെങ്കിൽ ടൈഫോയിഡ് മൂലം ചെറുകുടലില്‍ കാണപ്പെടുന്ന അള്‍സര്‍ മൂർഛിച്ചു കുടലില്‍ സുഷിരം വീഴുകയും തലച്ചോറിന്‍റെ പ്രവര്‍ത്തനം തകരാറിലായി ബോധക്കേട് ഉണ്ടാവുകയും ചെയ്യാം. ടൈഫോയിഡ് രോഗത്തിന് പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒരു രക്ത പരിശോധനയാണ് വൈഡാൽ (Widal) ടെസ്റ്റ്‌. എന്നാല്‍ ഈ ടെസ്റ്റ്‌ പുരാതനവും വിശ്വാസയോഗ്യമല്ലാതതുമാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.

*ഭക്ഷണവിരക്തി, പനി, ക്ഷീണം, ഓക്കാനം, ചര്‍ദ്ദി, മൂത്രത്തിന് കടുത്ത മഞ്ഞ നിറം എന്നിവ ഒക്കെ ആയിരിക്കും വൈറല്‍ ഹെപ്പറ്റൈറ്റിസ് മഞ്ഞപ്പിത്തതിന്റെ ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം പിടിപെട്ട രോഗികള്‍ ആഹാരത്തില്‍ ഉപ്പു ഉപയോഗിക്കാന്‍ പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത് തീര്‍ത്തും അശാസ്ത്രീയമാണ്.

*പനി, തളര്‍ച്ച, ശരീരം/സന്ധി വേദനകള്‍, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ എന്നിവ ഡെങ്കിപ്പനി, ചികുന്‍ഗുനിയ, ജപ്പാന്‍ ജ്വരം എന്നിവയുടെ പ്രധാന ലക്ഷണങ്ങളാണ്. ജപ്പാന്‍ ജ്വരം തലച്ചോറിനെയും ബാധിക്കുന്നത് കൊണ്ട് അവര്‍ക്ക് ഇത് കൂടാതെ പെരുമാറ്റത്തില്‍ വ്യതിയാനം, അപസ്മാര ചേഷ്ടകള്‍, കടുത്ത തലവേദന, കൈ കാല്‍ തളര്‍ച്ച എന്നിവയും ഉണ്ടാവാം.

ഡങ്കി പനിയുടെ മാരകമായ രൂപമായ dengue hemorrhagic fever and dengue shock syndrome ഭാഗ്യവശാല്‍ അപൂര്‍വ്വമായെ കാണാറുള്ളു. ഇത്തരം അവസ്ഥയില്‍ മികച്ച ചികിത്സ ലഭിച്ചാല്‍ പോലും ജീവഹാനി വരെ സംഭവിച്ചേക്കാം. എന്നാല്‍ ഭൂരിഭാഗം ഡങ്കി പനികളും കാര്യമായ ചികിത്സകള്‍ ഇല്ലാതെയോ ചെറിയ രൂപത്തിലുള്ള സപ്പോര്‍ടീവ് ചികിത്സകൊണ്ടോ സുഖപ്പെടുന്നതാണ്. അതിനാല്‍ ഡങ്കി പനിയെ കുറിച്ച് ഇന്ന് പൊതുവേ നിലവിലുള്ള ഭീതി അര്‍ത്ഥശൂന്യം ആണ്. കൊതുക് വളരാവുന്ന സാഹചര്യം വീട്ടു പരിസരത്ത് സൃഷ്ടിക്കാതിരിക്കലും കൊതുക് കടിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലും ആണ് ഡങ്കി പനിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കേണ്ട അത്യാവശ്യ മുൻകരുതലുകൾ.

* ഇടവിട്ടുള്ള പനി, തലവേദന, ചര്‍ദ്ദി, വിറയല്‍ എന്നിവ മലേറിയ അഥവാ മലമ്പനിയില്‍ കാണപ്പെടുന്നു.

*ലെപ്ടോസ്പൈറ എന്ന ഒരിനം രോഗാണു ഉണ്ടാക്കുന്ന ജന്തുജന്യ രോഗം ആണ് എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ്. രോഗാണു വാഹകര്‍ ആയ ജന്തുക്കളുടെ വൃക്കയില്‍ ഇവ കാണപ്പെടുമെങ്കിലും ഈ ജന്തുക്കളില്‍ രോഗമുണ്ടാവില്ല. നായ, കന്നുകാലികള്‍, പന്നി എന്നിവ രോഗാണു വാഹകര്‍ ആവാമെങ്കിലും നമ്മുടെ നാട്ടില്‍ സാധാരണയായി എലികളാണ്‌ ഈ രോഗം പടര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് എന്നതിനാലാവണം എലിപ്പനി എന്ന പേര് ഈ രോഗത്തിന് വന്നുഭവിച്ചത്.

രോഗാണു വാഹകര്‍ ആയ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലത്തില്‍ മനുഷ്യര്‍ വേണ്ട മുന്‍കരുതല്‍ ഇല്ലാതെ ഇറങ്ങുമ്പോള്‍ തൊലിപ്പുറത്ത് ഉള്ള ചെറിയ മുറിവുകളിലൂടെയും, കണ്ണ്, മൂക്ക്, വായ്‌ എന്നിവയിലൂടെയും ലെപ്‌ടോസ്‌പൈറ രോഗം ഉണ്ടാവാം. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന പ്രത്യേകിച്ചും കാലിന്റെ മുട്ടിന്‌ താഴെയുള്ള പേശികള്‍കളുടെ വേദന, തലവേദന, ഛർദ്ദി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ.

രോഗം ഉള്ള ആളുടെ വിസ്സര്‍ജ്യങ്ങള്‍ കലര്‍ന്ന് കുടിവെള്ളം മലിനം ആവുന്നതാണ് ജലജന്യരോഗങ്ങള്‍ക്ക് കാരണം. ശരിയായ രീതിയിലല്ലാത്ത മാലിന്യനിർമ്മാർജ്ജനവും, പരിസര ശുചിത്വത്തിന്റെ അഭാവവും, കുടിവെള്ള ശ്രോതസ്സുകള്‍ മലിനമാക്കുന്നു. ഇത് ജലജന്യരോഗങ്ങളുടെ വ്യാപനത്തിന് കാരണമാവുന്നു. ഭക്ഷണത്തിലൂടെയും ജലത്തിലൂടെയുമാണ് പല മഴക്കാല രോഗങ്ങളും പ്രധാനമായും പടരുന്നത് എന്നുള്ളത് കൊണ്ട് തന്നെ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒരു പരിധിവരെ രോഗങ്ങള്‍ തടയാം.

പ്രതിരോധം എങ്ങനെ?

രോഗങ്ങള്‍ തടയാന്‍ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.

*ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും, മലവിസർജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്‍പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

*പഴങ്ങൾ, പച്ചക്കറികൾ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.

*ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, ഇടവേളകളില്‍ മൂടി വെക്കുക, പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക.

*തിളച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം വെട്ടി തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാൻ പാടില്ല.

*കുടിവെള്ള സ്രോതസുകൾ ബ്ലീച്ചിംഗ്‌ പൗഡർ, ക്ളോറിൻ ഗുളികകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ശുദ്ധജലം ലഭിച്ചില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യണം.

*വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.

*തുറസായ സ്ഥലത്ത് മലവിസർജനം ചെയ്യാതിരിക്കുക.

*പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.

*കൊതുകിന്റെ പ്രജനനം തടയാൻ :

- വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കണം.

- ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഉള്ള "ഡ്രൈ ഡേ ആചരണം" (കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നത് ശീലമാക്കുക.

- മഴവെള്ളമോ മറ്റു ശുദ്ധജലമോ കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയര്‍, മരപ്പൊത്ത്, ഫ്രിഡ്‌ജിനു പിന്നിലെ ട്രേ മുതലായവയില്‍ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക. (ഡെങ്കപ്പനി പരത്തുന്ന ഈഡിസ്‌ കൊതുകുകള്‍ക്ക് പെറ്റ് പെരുകാന്‍ ഒരു സ്പൂണ്‍ വെള്ളം പോലും വേണ്ട എന്നത് ഓര്‍ക്കുക.)

*കൊതുക് കടിക്കാതെ ഇരിക്കാന്‍ വ്യക്തിഗത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക. അതായത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളില്‍ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങള്‍ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനല്‍, മറ്റു ദ്വാരങ്ങൾ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വല അടിക്കുക.

*എലിപ്പനി പ്രതിരോധിക്കാൻ :

- കെട്ടി കിടക്കുന്ന മലിനജലവുമായുള്ള സമ്പര്‍ക്കം കഴിയുന്നതും ഒഴിവാക്കുക. എന്നാല്‍ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യേണ്ടി വരുന്നവര്‍ കൈയുറ, റബ്ബര്‍ ബൂട്ട് എന്നിവ ഉപയോഗിക്കുക. മുറിവുകള്‍ കൃത്യമായി ബാന്‍ഡേജ് കൊണ്ട് മറയ്ക്കുക, ജോലിക്ക് ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കൈകാലുകള്‍ വൃത്തിയാക്കുക.

- എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.

സ്വയം ചികില്‍സ അപകടകരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

എഴുതിയത്: Dr. Deepu Sadasivan & Dr. Jamal T. M.

#91

16/05/2017

"ഉത്തമസന്താനങ്ങളെ എങ്ങനെ സൃഷ്ടിക്കാമെന്ന ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കുകയാണല്ലോ. വിദഗ്ധർ സകലകലാവല്ലഭരായ കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ ഭക്ഷണക്രമങ്ങളും പുസ്തകങ്ങളും പിന്നെ കുട്ടിയുടെ ബുദ്ധിയും വ്യക്തിത്വവും മെച്ചപ്പെടുത്താനായി പേപ്പര്‍ക്കുഴലിലൂടെ സംസാരിക്കുക, നല്ല കഥകള്‍ വായിച്ചുകൊടുക്കുക, ശാസ്ത്രീയസംഗീതം കേള്‍പ്പിക്കുക തുടങ്ങിയ വഴികളുമൊക്കെ ഉപദേശിക്കുന്നുമുണ്ട്. എന്താണിതിന്റെ വാസ്തവം എന്ന് ആലോചിക്കാത്തവരുണ്ടാകില്ല..ദാ കേട്ടോളൂ..

പുരാണങ്ങളിൽ വായിച്ചിട്ടുണ്ടാകും " സത്സന്താനങ്ങളെ " ലഭിക്കാൻ തപസ് ചെയ്യാൻ പോയവരെപ്പറ്റി. ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ തപസ് ചെയ്യാൻ സമയവും ഇനി സമയമുണ്ടെങ്കിൽത്തന്നെ ഫ്രീയായിട്ട് ഒരു സ്ഥലവും കിട്ടണമെന്നില്ല. തപസ് ചെയ്താലും ആരും വന്നില്ലെങ്കിലോ? വിഷമിക്കേണ്ട.. ആരോഗ്യമുള്ള, വൈകല്യങ്ങളില്ലാത്ത വരും തലമുറക്ക് വേണ്ടി നമുക്കെന്തു ചെയ്യാൻ പറ്റും? തികച്ചും ശാസ്ത്രീയമായ ഒരു പരിശോധനയാണിത്.

ആരോഗ്യമുള്ള സന്താനങ്ങൾ ഏതൊരാളുടെയും സ്വപ്നമാണ്. ആരോഗ്യമില്ലെങ്കിൽ പണവും അറിവും സൗന്ദര്യവും കൊണ്ടൊന്നും വലിയ പ്രയോജനമില്ല. പക്ഷേ നമ്മുടെ നാട്ടിൽ ജനിക്കുന്ന കുട്ടികളിൽ ഏകദേശം 3% പേർക്ക് ഗുരുതരമായ ജന്മവൈകല്യങ്ങളോ (major congenital anomalies) ജനിതക തകരാറുകളോ (ബുദ്ധിമാന്ദ്യം, പേശികൾക്കുള്ള ബലഹീനത എന്നിങ്ങനെ) ഉണ്ടാകുന്നു. ഈ കുഞ്ഞുങ്ങളിൽ അധികവും ചെറു പ്രായത്തിൽത്തന്നെ മരണപ്പെടുന്നു. മറ്റുള്ളവർ വളരെ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിൽ മരിച്ചുജീവിക്കുന്നു. ഒരു കുടുംബം മുഴുവൻ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നു. എന്തുകൊണ്ടാണിത്തരം രോഗങ്ങളുണ്ടാകുന്നത്?

ജനിതക ശാസ്ത്രം ഇന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. മനുഷ്യന്റെ ഓരോ കോശത്തിനകത്തും അടങ്ങിയിട്ടുള്ള ഇരുപത്തിമൂന്ന് ജോഡി ക്രോമോസോമുകളും, അവയിൽ അടങ്ങിയിരിക്കുന്ന ഇരുപത്തി അയ്യായിരത്തോളം ജോഡി ജീനുകളും മുഴുവനായി കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ക്രോമോസോമുകളുടെ എന്നതിന്റെ എണ്ണത്തിലോ ഘടനയിലോ ഉള്ള വ്യത്യാസമോ . ജീനുകളിലെ മ്യുട്ടേഷനോ ആണ് പല ജനിതക രോഗങ്ങളുടെയും കാരണം എന്ന് വ്യക്തമായിട്ടുണ്ട്.

ജനിതക തകരാറുകൾ കണ്ടുപിടിക്കാനുള്ള പരിശോധനകളും ഇന്ന് കൂടുതൽ കൂടുതൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ജന്മനായുള്ള വൈകല്യങ്ങൾ തടയാനുള്ള നിരവധി ഇടപെടലുകൾ ഇന്ന് സാധ്യമാണ്. അതിനാൽ അവയെക്കുറിച്ചുള്ള ഒരു സാമാന്യ അവബോധം ഏവർക്കും ആവശ്യമാണ്. ഇവിടെ വിവരിക്കുന്ന പല കാര്യങ്ങളും ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളും സാമൂഹിക ചുറ്റുപാടുകളും കണക്കിലെടുക്കുമ്പോൾ പ്രായോഗികമാകണമെന്നില്ല. എന്നാൽ സാമൂഹികമായ ഒരു മാറ്റത്തിന് നിമിത്തമാകണമെങ്കിൽ വ്യക്തമായ അവബോധം ആവശ്യമാണ്.

1. വിവാഹം ആലോചിക്കുമ്പോൾ: ഒരു ലീവിനുള്ളിൽ എല്ലാം ശടപടേ ശടപടേന്നാകുമ്പൊ മറന്നുപോകരുതാത്ത ചില പ്രധാന കാര്യങ്ങളുണ്ട്..

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം (consanguineous marriage): മിക്ക ജനിതക രോഗങ്ങളും ഉണ്ടാകുന്നത് ജീനുകളുടെ തകരാറു മൂലമാണ്. ജീനുകൾ ജോടിയായാണ് കാണപ്പെടുന്നത്. അതിലൊന്ന് അമ്മയിൽ നിന്ന് ലഭിച്ചതും മറ്റേതു അച്ഛനിൽനിന്നും. ഒരു പ്രത്യേക രോഗം നിർണ്ണയിക്കുന്ന രണ്ടു ജീനുകളിൽ ഒന്നെങ്കിലും തകരാറില്ലാത്തതാണെങ്കിൽ ചില രോഗങ്ങൾ ഉണ്ടാവുകയില്ല (autosomal recessive diseases). രണ്ടു ജീനും തകരാറാണെങ്കിൽ രോഗം ഉണ്ടാകും. നമുക്കുള്ള ഇരുപത്തിഅയ്യായിരത്തോളം ജീനുകളിൽ ചിലത് തകരാറുള്ളതായിരിക്കും.എന്നാൽ അതിന്റെ ജോഡി നോർമ്മൽ ആണെങ്കിൽ അവരിൽ രോഗം കാണപ്പെടുന്നില്ല. എന്നാൽ അവർ രോഗ വാഹകരാണ്.

രക്തബന്ധമുള്ള ആളുകൾ ഒരേ രോഗത്തിന്റെ വാഹകരാകാനുള്ള സാധ്യത കൂടുതലാണ്. അച്ഛനും അമ്മയും ഒരേ രോഗത്തിന്റെ വാഹകരാണെങ്കിൽ തകരാറുള്ള രണ്ടു ജീനുകളും കുഞ്ഞുങ്ങളുണ്ടാകുമ്പോൾ അവർക്ക് കിട്ടാൻ സാധ്യതയുണ്ട്. അതിനാൽ സാധിക്കുമെങ്കിൽ രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹം ഒഴിവാക്കുക... സാധിക്കുമെങ്കിൽ മാത്രം.

എന്നാൽ എല്ലാ ജനിതക രോഗങ്ങളും ഇങ്ങനെയല്ല ഉണ്ടാകുന്നത്. വെറുതെ ടെൻഷനടിക്കാതെ തുടർന്ന് വായിക്കൂ..

ജാതകമോ ജനിതകമോ?

നാട്ടിലെ കവലകളിലിരിക്കുന്നവർ മുടക്കുന്നതിലും കൂടുതൽ വിവാഹങ്ങൾ ചൊവ്വ മുടക്കിയിട്ടുണ്ടാകും. ചൊവ്വാദോഷേ..

ജാതകം നോക്കി പൊരുത്തം വിലയിരുത്തിയാണ് മിക്ക വിവാഹങ്ങളും നിശ്ചയിക്കുന്നത്. മുൻകാലങ്ങളിൽ ചില ആലോചനകൾ ബുദ്ധിമുട്ടില്ലാതെ ഒഴിവാക്കാൻ ഇത് സഹായകമായിട്ടുണ്ടാകാം. എന്നാൽ മറ്റെല്ലാ രീതിയിലും ചേർച്ചയുണ്ടായിട്ടും ജാതകം ചേരാത്തതിനാൽ വിവാഹിതരാകാൻ പറ്റാത്ത അവസ്ഥ സങ്കടകരമാണ്. എന്നാൽ ശാസ്ത്രം ഇത്രയും പുരോഗമിച്ച ഇന്നത്തെ കാലത്ത് ജാതകം തള്ളിക്കളഞ്ഞു ജനിതകശാസ്ത്രപരമായ വിലയിരുത്തലാണ് ആവശ്യം.

ഒരു pre marital counselling - വിവാഹത്തിനു മുൻപുള്ള കൗൺസലിങ്ങ് - വഴി ഇരു കുടുംബങ്ങളിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും വരും തലമുറയെ ബാധിക്കാൻ സാധ്യതയുള്ള പല പ്രശ്നങ്ങളും കണ്ടെത്താൻ കഴിയും...ഒരളവു വരെ. ജാതകത്തെക്കാൾ പ്രധാനം ഭാവി വധൂ വരന്മാരുടെ HIV, HBsAg എന്നീ പരിശോധനകൾക്കാണ്. കാരണം AIDS, Hepatitis B എന്നീ രോഗങ്ങൾ ലൈംഗിക ബന്ധത്തിലൂടെ പകരാൻ സാധ്യത ഉള്ളതാണ്, പിന്നീട് കുഞ്ഞുങ്ങൾക്കും.

കെട്ടാൻ പോകുന്ന പെണ്ണിന്റെയോ ചെക്കന്റെയോ സ്വഭാവം ശരിയാണോ എന്ന് നോക്കുന്ന സദാചാര പൊലീസിങ്ങല്ല ഉദ്ദേശിക്കുന്നത്. രക്തം സ്വീകരിച്ചതിലൂടെയോ മറ്റേതെങ്കിലും വഴികളിലൂടെയോ മേൽപ്പറഞ്ഞ രോഗങ്ങൾ ഉണ്ടായേക്കാമല്ലോ..അവയോടുള്ള മനോഭാവത്തിൽ വ്യത്യാസം വരുത്താൻ അവയെക്കുറിച്ച് ശരിയായ അറിവുണ്ടാകേണ്ടതാണ്. അതെപ്പറ്റി മറ്റ് ലേഖനങ്ങളുണ്ടാകും.

2. വിവാഹശേഷം: വിവാഹം കഴിഞ്ഞവർ ഏറ്റവും കൂടുതൽ നേരിടുന്ന ചോദ്യമാണ് - വിശേഷമായില്ലേ എന്ന്. വിശേഷമാകുന്നതിനു മുൻപ് ചില വിശേഷാൽ കാര്യങ്ങളിതാ...

ഗർഭധാരണത്തിന് മുൻപ് ഒരു വൈദ്യ പരിശോധന ആവശ്യമാണ്. ഇരു കുടുംബങ്ങളിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്താൻ ആണിത്. ഏതെങ്കിലും ജനിതക രോഗങ്ങൾക്കുള്ള സാധ്യത പരിശോധിക്കാൻ ഈ അവസരം ഉപയോഗപ്പെടും. അമ്മയുടെ ആരോഗ്യനിലയും വിലയിരുത്തണം. അമ്മ ഏതെങ്കിലും മരുന്നുകൾ (ഉദാഹരണത്തിന് അപസ്മാര രോഗങ്ങൾക്ക് ഉള്ള മരുന്നുകൾ) തുടർച്ചയായി കഴിക്കുന്നുണ്ടോ, അതിൽ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ എന്നിവ പരിശോധിക്കണം. ചില ജന്മവൈകല്യങ്ങൾ തടയാൻ അമ്മമാർ ഫോളിക് ആസിഡ് ഗുളികകൾ കഴിക്കേണ്ടതുണ്ട്. ഗർഭിണിയാകുന്നതിനു ഒരു മാസം മുൻപെങ്കിലും കഴിച്ചു തുടങ്ങിയാലേ ഉദ്ദേശിച്ച പ്രയോജനം ലഭിക്കൂ. എല്ലാ അമ്മമാരും കഴിക്കേണ്ടതാണ് ഇത്.

നിർഭാഗ്യവശാൽ ഈ ഉപദേശം നൽകാനുള്ള അവസരം ഡോക്ടർമാർക്ക് ലഭിക്കാറില്ല.വിവാഹസമ്മാനമായി ഫോളിക് ആസിഡ് ഗുളികകൾ നൽകുന്നതും ആലോചിക്കാവുന്നതാണ്...തമാശയല്ല. കുപ്പിയും പാത്രവും പാതിരയ്ക്ക് അലാറമടിക്കുന്ന ക്ലോക്കുകളും കൊടുക്കുന്നതിലും എത്രയോ അമൂല്യമാണ് ആരോഗ്യമുള്ള കുഞ്ഞിനെ സമ്മാനമായി ലഭിക്കാൻ സഹായിക്കുന്നത്.. അതുപോലെ അമ്മ റുബല്ല വാക്സിൻ എടുത്തിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണം. കാരണം, ഗർഭിണിയായ അവസരത്തിൽ റുബല്ല രോഗം വന്നാൽ ഉള്ളിലുള്ള കുഞ്ഞിനു പലവിധത്തിലുള്ള വൈകല്യങ്ങളും വരാൻ സാധ്യതയുണ്ട്. ചുരുക്കിപറഞ്ഞാൽ ഗർഭം ധരിക്കുന്നത് ആവശ്യമായ തയ്യാറെടുപ്പോടുകൂടിയായിരിക്കണം
3. ഗർഭം ധരിച്ചുകഴിഞ്ഞാൽ: പോഷക സമൃദ്ധമായ ഭക്ഷണം, മനസ്സമാധാനം, വിശ്രമം എന്നിവ അത്യാവശ്യമാണ്. ഫോളിക് ആസിഡ് ഗുളികകൾ മൂന്നു മാസം വരെ തുടരണം. വൈദ്യ പരിശോധന നടത്തണം. ആവശ്യമായ മരുന്നുകൾ കഴിക്കുക, മറ്റു മരുന്നുകൾ ഡോക്ടരുടെ ഉപദേശപ്രകാരം മാത്രം കഴിക്കുക. താരതമ്യേന നിസ്സാരമെന്നു തോന്നുന്ന രോഗങ്ങളും ഡോക്ടറുമായി ചർച്ച ചെയ്യേണ്ടതാണ്. ഉദാഹരണത്തിന്, റുബല്ല രോഗം പലപ്പോഴും വെറും ചൂടുകുരു ആയിമാത്രമേ കരുതാറുള്ളൂ.

4. സ്കാനിംഗ്: പലരുടെയും ആരോപണം ഡോക്ടർമാർ അനാവശ്യമായി സ്കാനിംഗ് പരിശോധനക്ക് നിർദ്ദേശിക്കുന്നു എന്നാണ്. ഈ ആരോപണം ഭയന്ന് ആവശ്യത്തിനു സ്കാനിംഗ് നിർദ്ദേശിക്കാത്ത ഡോക്ടർമാരും ഉണ്ടെന്നുള്ളതാണ് വസ്തുത. അൾട്രാസൗണ്ട് സ്കാനിംഗ് വളരെ സുരക്ഷിതമായ ഒരു പരിശോധനയാണ്. ഇത് പല തവണ ചെയ്യേണ്ടിവരും. ജന്മവൈകല്യങ്ങൾ കണ്ടുപിടിക്കാൻ ഏറ്റവും സഹായകം 3-4 മാസം പൂർത്തിയാകുമ്പോൾ ചെയ്യുന്ന സ്കാൻ ആണ്. പരിചയസമ്പന്നരായ ഡോക്ടർമാർ ചെയ്യുന്ന അനൊമലി ഡിറ്റെക്ഷൻ സ്കാനിങ്ങിലൂടെ മാരകമായേക്കാവുന്ന പല വൈകല്യങ്ങളും കണ്ടുപിടിക്കപ്പെടാം.

ഇത്തരം വൈകല്യങ്ങൾ ഈ സമയത്ത് കണ്ടുപിടിക്കാൻ സാധിച്ചാൽ ആ ഗർഭം തുടരേണ്ടതില്ല എന്ന് തീരുമാനിക്കുകയാവും ഉചിതം. എന്നാൽ ലഘുവായ പ്രശ്നങ്ങൾക്കും, 20 ആഴ്ചക്ക് ശേഷം കണ്ടുപിടിക്കപ്പെടുന്ന പ്രശ്നങ്ങൾക്കും ഈ തീരുമാനം സാധ്യമല്ല. ഈ സന്ദർഭങ്ങളിൽ, ശരിയായ ചികിത്സ എവിടെ കിട്ടുമെന്ന് കണ്ടുപിടിക്കുകയും, കഴിയുമെങ്കിൽ പ്രസവം അതിനു സൗകര്യമുള്ള ആശുപത്രിയിൽ വെച്ച് ആക്കുകയും ചെയ്യുന്നത് നന്നായിരിക്കും. എല്ലാ വൈകല്യങ്ങളും സ്കാനിംഗ് വഴി കണ്ടുപിടിക്കാൻ കഴിയില്ല എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

5. ക്രമമായ ആന്റിനാറ്റൽ (antenatal) പരിശോധന: ഗർഭസമയത്തുണ്ടാകാവുന്ന പ്രഷർ, ഷുഗർ, കുഞ്ഞിന്റെ വളർച്ചക്കുറവ്, രക്ത ഗ്രൂപ്പ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കൃത്യമായി കണ്ടുപിടിക്കുകയും, ആവശ്യമായ ചികിത്സ നടത്തുകയും വേണം. സാധാരണ പ്രസവം സാധ്യമാകുമോ അതോ ഓപ്പറേഷൻ വേണ്ടിവരുമോ എന്നൊക്കെ തീരുമാനിക്കേണ്ടതുണ്ട്. അതുപോലെ, പ്രസവം അടുത്തുള്ള ആശുപത്രിയിൽ വെച്ചു മതിയോ, അതോ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിൽ വേണ്ടിവരുമോ എന്ന തീരുമാനവും പ്രധാനമാണ്. ക്രമമായ പരിശോധന വഴി ഈ തീരുമാനങ്ങൾ എടുക്കാൻ പറ്റും. ഇങ്ങനെയൊക്കെ ആണെങ്കിലും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ ഏതൊരു പ്രെഗ്നൻസിയിലും ഉണ്ടാകാം.

ഇനി ചില കൊച്ചുകൊച്ച് വിശേഷങ്ങളിലേക്ക്...കൊച്ചുമനശ്ശാസ്ത്രം ഇതാ...

ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുന്നത് കുട്ടിയുടെ ശാരീരികവളര്‍ച്ച മാത്രമല്ല, മനോവികാസം കൂടിയാണ്. അറിവുനേടാനും കാര്യങ്ങളോര്‍ത്തുവെക്കാനും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനുമൊക്കെയുള്ള കഴിവുകള്‍ ഗര്‍ഭാവസ്ഥയിലേ രൂപംകൊള്ളുന്നു എന്ന് അടുത്തകാലത്തു വികസിച്ചുവന്ന ഭ്രൂണമനശ്ശാസ്ത്രം (Fetal psychology) എന്ന ശാസ്ത്രശാഖ പറയുന്നു

ഗര്‍ഭസ്ഥശിശുക്കള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ചുമ്മാ വളര്‍ന്നുകൊണ്ടിരിക്കുകയല്ല, മറിച്ച് ചുറ്റുപാടുകളെ ശ്രദ്ധിക്കുകയും അവയോട് ഇടപെടുകയും പ്രതികരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്ക് കുട്ടിയുടെ മാനസികവളര്‍ച്ചയില്‍ ശാശ്വതമായ സ്വാധീനങ്ങള്‍ ചെലുത്താനാവുന്നുമുണ്ട്. ഇതിന്‍റെയൊക്കെയര്‍ത്ഥം “കുഞ്ഞിനെ നോട്ടം” തുടങ്ങേണ്ടത് ജനനശേഷമല്ല, മറിച്ച് സങ്കീര്‍ണമായ രീതികളില്‍ അതിന്‍റെ ശരീരവും മനസ്സും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭകാലത്തു തന്നെയാണ് എന്നാണ്.

പുറംലോകത്തു നിന്നുള്ള വിവരങ്ങള്‍ നമുക്കൊക്കെ ലഭിക്കുന്നത് പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണല്ലോ. ഭ്രൂണാവസ്ഥയില്‍ ഇതിലേറ്റവുമാദ്യം രംഗത്തുവരുന്നത് സ്പര്‍ശനശേഷിയാണ്. രണ്ടുമാസത്തോടെതന്നെ ചുണ്ടിലോ കവിളുകളിലോ തൊട്ടാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ പ്രതികരിക്കുന്നുണ്ട്...നാലര മാസത്തോടെ ചെവിയില്‍നിന്നു തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ സൃഷ്ടിക്കപ്പെടുകയും ആറുമാസത്തോടെ കുട്ടികള്‍ക്ക് ശബ്ദങ്ങള്‍ കേള്‍ക്കാനാവുകയും ചെയ്യും. എന്നാല്‍ അമ്മയുടെ വയറും ഗര്‍ഭാശയഭിത്തിയും ഉല്‍ബദ്രവവുമൊക്കെ (അമ്നിയോട്ടിക് ഫ്ലൂയിഡ്) വഴി അരിച്ചിറങ്ങിവന്ന് അടക്കിപ്പിടിച്ചതുപോലായിത്തീര്‍ന്ന ശബ്ദങ്ങള്‍ മാത്രമാണ് അവരുടെ ചെവികളിലെത്തുന്നത്.

കാഴ്ച രൂപപ്പെടുന്നത് ഏറ്റവുമൊടുവിലാണ്. സാധാരണനിലക്ക് വെളിച്ചത്തിന് ഗര്‍ഭാശയത്തിനുള്ളില്‍ ചെന്നെത്താന്‍ കഴിയില്ല. ഗര്‍ഭസ്ഥശിശുക്കള്‍ കണ്ണുകള്‍ തുറക്കാറുമില്ല. എന്നാല്‍ അമ്മയുടെ വയറ്റിലേക്കു ശക്തിയായി ലൈറ്റടിച്ചാല്‍ നാലുമാസമായ കുട്ടികള്‍ കണ്ണിറുക്കിയും മുഖംചുളിച്ചും പ്രതികരിക്കുകയും, അഞ്ചുമാസമായവര്‍ ഞെട്ടിച്ചാടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങിനെ കനത്ത വെളിച്ചങ്ങള്‍ തട്ടുന്നത് ഗര്‍ഭസ്ഥശിശുക്കളുടെ കണ്ണുകള്‍ക്ക് ഹാനികരമാവാമെന്ന് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗര്‍ഭാശയത്തിനുള്ളില്‍ കാഴ്ചകളൊന്നും കാണാന്‍കിട്ടുന്നില്ല എന്നതിനാല്‍ ദൃശ്യങ്ങളെത്തിരിച്ചറിയാന്‍ സഹായിക്കുന്ന മസ്തിഷ്ക്കഭാഗങ്ങള്‍ പരുവപ്പെടുന്നത് ജനനത്തിനു ശേഷം മാത്രമാണ്. അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള വസ്തുക്കള്‍ മാത്രമേ നവജാതശിശുക്കള്‍ക്കു കാണാന്‍ കഴിയൂ. മുതിര്‍ന്നവരുടെ കാഴ്ചശേഷി അവര്‍ക്കു പ്രാപ്യമാവുന്നത് ജനിച്ച് ആറുമാസത്തോളം കഴിഞ്ഞാണ്.

നാഡീവ്യവസ്ഥ വളരുന്നതിനനുസരിച്ച് കുട്ടികള്‍ പതിയെ അനങ്ങാനും തുടങ്ങുന്നുണ്ട്. ഇത്തരമിളക്കങ്ങള്‍ അമ്മമാര്‍ക്കു തിരിച്ചറിയാനാവുന്നത് 4-6 മാസങ്ങളോടെയാണെങ്കിലും 7-8 ആഴ്ചകളോടെത്തന്നെ ഇവ ഉരുത്തിരിയുന്നുണ്ടെന്നാണ് അള്‍ട്രാസൌണ്ട് നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്.എന്നാൽ പുതുതായിക്കൈവന്നുകൊണ്ടിരിക്കുന്ന ഇത്തരം കഴിവുകളെ അധികം പരീക്ഷിച്ചു നോക്കാനൊന്നും മിനക്കെടാതെ മിക്കനേരവും ഉറങ്ങുകയാണു ഭ്രൂണങ്ങൾ ചെയ്യുന്നത് — എട്ടാംമാസത്തോടെ 90-95 ശതമാനവും, ജനനത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നവജാതശിശുക്കളെപ്പോലെ 85-90 ശതമാനവും നേരം.

എന്താണ് ഇത്തരം ഓര്‍മകളുടെ പ്രസക്തി? അമ്പരപ്പിക്കുന്ന ഒരു ലോകത്തേക്ക് ജനിച്ചിറങ്ങിക്കഴിഞ്ഞാല്‍ സ്വന്തം അമ്മയെ വേര്‍തിരിച്ചറിയാന്‍ കുട്ടിക്കു കൈത്താങ്ങായുള്ളത് ഈയോര്‍മകള്‍ മാത്രമാണ്. മുലപ്പാലിലെ പല ഘടകങ്ങളെയും അമ്മയുടെ ശരീരത്തില്‍നിന്നുതന്നെയൂറിവരുന്ന ഉല്‍ബദ്രവത്തിലൂടെ കുട്ടി മുന്‍‌കൂര്‍ അനുഭവിച്ചറിയുന്നുണ്ട്; ആ ഓര്‍മകള്‍ മുലപ്പാലിന്‍റെ അപരിചിതത്വം കുറക്കുകയും കന്നി മുലയൂട്ടലുകള്‍ ക്ലേശരഹിതമാക്കുകയും ചെയ്യുന്നുമുണ്ട്.

ഗര്‍ഭസ്ഥശിശുക്കള്‍ക്ക്‌ കേള്‍ക്കാനും ഓര്‍ക്കാനുമൊക്കെ സാധിക്കും എന്നതുവെച്ച് പല പുസ്തകങ്ങളും “വിദഗ്ദ്ധരു”മൊക്കെ കുട്ടിയുടെ ബുദ്ധിയും വ്യക്തിത്വവും മെച്ചപ്പെടുത്താനായി പേപ്പര്‍ക്കുഴലിലൂടെ സംസാരിക്കുക, നല്ല കഥകള്‍ വായിച്ചുകൊടുക്കുക, ശാസ്ത്രീയസംഗീതം കേള്‍പ്പിക്കുക തുടങ്ങിയ വിദ്യകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇതിനോടൊന്നും യോജിക്കുന്നില്ല. ഇത്തരം ഉദ്ദീപനങ്ങള്‍ക്ക് സ്ഥായിയായ അനുരണനങ്ങള്‍ ഉളവാക്കാനാവുമെന്ന് ഒരു പഠനവും അസന്ദിഗ്ധമായിത്തെളിയിച്ചിട്ടില്ല. ഭ്രൂണങ്ങള്‍ മിക്കനേരവും ഉറങ്ങുകയാവും എന്നതിനാല്‍ ഇത്തരമിടപെടലുകള്‍ അവരുടെ ഉറക്കത്തെയും അതുവഴി തലച്ചോറിന്‍റെയും മറ്റും വളര്‍ച്ചയെയും അലങ്കോലപ്പെടുത്തുകയും ചെയ്യാം.

6. ജനനശേഷം: ഇന്ന് കേരളത്തിൽ 99 ശതമാനം പ്രസവങ്ങളും ആശുപത്രിയിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളെയും തക്ക സമയത്ത് പരിഹരിക്കാൻ കഴിയുന്നുണ്ട്. കുഞ്ഞു ജനിച്ചാൽ ധരിക്കാനുള്ള ഉടുപ്പുകൾ, പുതപ്പുകൾ, തൊപ്പി, സോക്സ് എന്നിവ 4-5 എണ്ണം മുൻകൂട്ടി വാങ്ങി അലക്കി ഇസ്തിരിയിട്ട് വെക്കേണ്ടതാണ്. ചില അന്ധവിശ്വാസങ്ങൾ കാരണം പലരും ഇങ്ങനെ ചെയ്യുന്നില്ല. അന്ധവിശ്വാസങ്ങളൊക്കെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ അഞ്ചിലൊന്ന് മരണമടഞ്ഞിരുന്ന ഒരു കാലത്തിന്റെ സംഭാവനയാണ്....

അതുകൊണ്ട്, അലക്കാത്ത വൃത്തിഹീനമായ രോഗാണുക്കൾ ഉണ്ടായേക്കാവുന്ന തുണിയാണ് പലപ്പോഴും ഉപയോഗിക്കെണ്ടിവരുന്നത്. ഫലമോ , കുഞ്ഞിന് അണുബാധ..രോഗങ്ങൾ...ആശുപത്രിയിലേക്ക് കുഞ്ഞു ജനിച്ചുകഴിഞ്ഞാലുള്ള സന്ദർശക പ്രവാഹം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നവജാതശിശുവിനുണ്ടാകുന്ന അണുബാധ (sepsis), അമ്മക്ക് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ മുലയൂട്ടാൻ വിമുഖത നേരിടുന്നതിനാൽ നവജാതശിശുവിനുണ്ടാകുന്ന തളർച്ച (hypoglycemia) എന്നിവ മരണകാരണമായേക്കാം. രക്ഷപ്പെട്ടാലും ബുദ്ധിമാന്ദ്യം, അപസ്മാരം എന്നീ പ്രശ്നങ്ങളുണ്ടാകാം.

മൊബൈലുണ്ടല്ലോ...വിളിച്ച് ചോദിക്കൂ... ഡിസ്ചാർജ് ആയി വീട്ടിൽ വന്നശേഷം സന്ദർശിക്കുകയാണ് ഉത്തമം.

7. ജന്മനാ ഉള്ള പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ജനനസമയത്ത് കാണണമെന്നില്ല. എന്നാൽ ജനനസമയത് തന്നെ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാൻ പറ്റിയേക്കും. അങ്ങനെയുള്ള ചില രോഗങ്ങൾക്കുള്ള സ്ക്രീനിംഗ് പരിശോധനകൾ നിലവിലുണ്ട്. അവയിൽ പ്രധാനം, കേൾവി പരിശോധന, തൈറോയിഡ് ഹോർമോണിന്റെ കുറവ് തുടങ്ങിയ പല അസുഖങ്ങളും കണ്ടുപിടിക്കാനുള്ള IEM സ്ക്രീനിംഗ് എന്നിവയാണ്.

8. ഒരു കുട്ടിക്ക് ഒരു ജനിതക വൈകല്യമുണ്ടെങ്കിൽ അടുത്ത ഗർഭധാരണത്തിന് മുൻപ് തന്നെ രോഗനിർണ്ണയം പൂർണ്ണമാകേണ്ടതുണ്ട്. രോഗമുള്ള കുഞ്ഞിനെ ചികിൽസിക്കാൻ ആവശ്യമുള്ളതിലും കൃത്യമായ രോഗനിർണ്ണയം (മോളിക്യൂലർ ഡയഗ്നോസിസ്) ആവശ്യമാണ്, അടുത്ത കുഞ്ഞിനും അതേ രോഗമുണ്ടോ എന്ന് ഗർഭാവസ്ഥയിൽ തന്നെ അറിയാനുള്ള പരിശോധനകൾ നടത്താൻ (prenatal diagnosis). എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, പലരും ഗർഭം ധരിച്ചതിന് ശേഷമാണ്, ആദ്യത്തെ കുഞ്ഞിനുണ്ടായിരുന്ന മാരകമായ രോഗം ഉള്ളിലുള്ള കുഞ്ഞിനും ഉണ്ടാകുമോ എന്ന സംശയവും ഭയവുമായി വരുന്നത്. പലപ്പോഴും, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കാൻ പറ്റാറില്ല.

വേറെ ചിലരുടെ അവസ്ഥ അതിലും കഷ്ടമാണ്. രണ്ടോ മൂന്നോ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. എന്നാലും ഒരാൺകുട്ടി വേണം, പെൺകുട്ടി വേണം (ചിലപ്പോൾ ഇതെല്ലാം ഉണ്ടെങ്കിലും) എന്നൊക്കെ ആഗ്രഹിച്ചു വീണ്ടും ഗർഭം ധരിക്കുന്നു. ഇത്തവണ വൈകല്യമോ, ബുദ്ധിമാന്ദ്യമോ ഉള്ള ഒരു കുഞ്ഞാണ് പിറക്കുന്നതെങ്കിൽ ....ഇങ്ങനെ മാനസികമായും, സാമ്പത്തികമായും കഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങളെ ലേഖകന് അറിയാം.

നോക്കൂ, കുഞ്ഞ് ആണായാലും പെണ്ണായാലും മുത്താണ്..ആരോഗ്യമുണ്ടാവണമെന്ന് മാത്രമല്ലേ നാം ശ്രദ്ധിക്കേണ്ടത്?

9. ആദ്യത്തെ ആറുമാസം പൂർത്തിയാകുന്നതുവരെ കുഞ്ഞിനു മുലപ്പാൽ മാത്രമാണ് നൽകേണ്ടത്. ബുദ്ധിവളർച്ചക്കു ഏറ്റവും അനുയോജ്യം മുലപ്പാലാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പ്രസവിച്ച ഉടനെത്തന്നെ മുലയൂട്ടിതുടങ്ങണം. അമ്മമാർ നന്നായി ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഇവിടെ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്..

കുഞ്ഞിന്റെ അമ്മയുടെ അടുത്ത് ചെന്ന് " അവൾക്ക് പാലില്ല " എന്ന് പറയാതിരിക്കുക. അതിപ്പൊ വരുന്നവർക്ക് കൊടുക്കാൻ ചായ ഉണ്ടാക്കാൻ പാലില്ലെന്നായാലും കുറച്ച് മാറിനിന്ന് പറഞ്ഞാൽ മതി. കുഞ്ഞിനു പാൽ കൊടുക്കാൻ അമ്മയ്ക്ക് ശാരീരികവും മാനസികവുമായ പിന്തുണ വേണം.

വയറുചാടുമെന്ന പേടി മൂലം പലരും പ്രസവിച്ച സ്ത്രീകൾക്ക് ആവശ്യത്തിനു വെള്ളം നൽകുന്നില്ല എന്നത് ഒരു വാസ്തവമാണ്. അത് ശരിയല്ല. വെള്ളത്തിന്റെ കുറവ് പാലിന്റെ അളവിൽ വ്യത്യാസമുണ്ടാക്കുമെന്ന് മാത്രമല്ല, മൂത്രത്തിൽ അണുബാധ പോലെയുള്ള രോഗങ്ങൾക്കും ഇടയാക്കാനിടയുണ്ട്..

രണ്ട്."തേനും വയമ്പും", "സംസം" വെള്ളം എന്നിവ നവജാത ശിശുക്കൾക്ക് കൊടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. നന്മയാണുദ്ദേശിക്കുന്നതെങ്കിലും അണുക്കളായിരിക്കും ഉള്ളിൽ ചെല്ലുന്നത്.. കുഞ്ഞിനെ കാണാൻ പോകുമ്പോൾ കൊടുക്കുന്ന സമ്മാനപ്പൊതിയിൽ മുലക്കുപ്പി, പാൽപ്പൊടി എന്നിവ ഇല്ല എന്ന് ഉറപ്പുവരുത്തുക.

10. പല ചടങ്ങുകളും കുഞ്ഞുങ്ങളുടെ താൽപര്യത്തിനു എതിരാണെന്ന് കാണാം. ഉദാഹരണത്തിന് 28 ദിവസം പൂർത്തിയാകുമ്പോൾ നടത്തുന്ന ചടങ്ങ്. അന്ന് കുഞ്ഞിനു പാല് കൊടുക്കുന്ന ചടങ്ങാണ്. എല്ലാ ബന്ധുക്കളും വന്നു സ്പൂണ് കൊണ്ട് പശുവിൻ പാല് കുടിപ്പിക്കുന്നു. ഒന്നാമതു പശുവിൻ പാല് ആവശ്യമില്ല. ഇത്രയും ആളുകൾ ഒത്തുകൂടുമ്പോൾ കുഞ്ഞിനു അസുഖം വരാൻ സാധ്യതയുണ്ട്. ആദ്യത്തെ കഫക്കെട്ടോ വയറിളക്കമോ കുഞ്ഞിനു വരുന്നത് ഈ സന്ദർഭത്തിലാണ്.

അതുപോലെ ചോറൂണ്. ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ചാകാംഎന്നു പ്രാർത്ഥിക്കും. പലപ്പോഴും പോകാൻ സമയം കിട്ടില്ല. അതുകൊണ്ട് തന്നെ പല ആഹാരങ്ങളും കുഞ്ഞിനു അതുവരെ കൊടുക്കാൻ പറ്റാതാകുന്നു. അതുപോലെ പ്രതിരോധകുത്തിവെപ്പുകൾ യഥാസമയം ലഭിക്കുക എന്നത് കുഞ്ഞിന്റെ ജന്മാവകാശമാണ്. കളിച്ചും ചിരിച്ചും കഴിയുന്ന കുഞ്ഞിനെ വെറുതെ വേദനിപ്പിക്കേണ്ട എന്ന തോന്നലിൽനിന്നാണ് കുത്തിവെപ്പ് എടുക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തുന്നത്. എന്നാൽ പലപ്പോഴും ഈ തീരുമാനം കാരണം കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിൽ പെടുകയോ കഠിനമായ രോഗത്താൽ കഷ്ടപ്പെടേണ്ടി വരികയോ ചെയ്യുന്നു.

സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കുന്നു എന്ന് വിവരമുള്ള ആരോ പണ്ട് പറഞ്ഞത് ഇത് കണ്ടാകണം.

11. ജനിച്ച അന്നുമുതൽ തന്നെ കുഞ്ഞിന്റെ ബുദ്ധിവികാസത്തിനു സഹായകമാകുന്ന വിധത്തിൽ കുഞ്ഞിനോടു ഇടപഴകണം. കുഞ്ഞു ചുറ്റുമുള്ളത് കാണുന്നു, കേൾക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് ഉറപ്പുവരുത്തുക. കൂടുതൽ കാണാനും കേൾക്കാനും തൊട്ടറിയാനും അവസരമുണ്ടാക്കുക. കുഞ്ഞിന്റെ മുഖത്ത് നോക്കി സംസാരിക്കുക, കളിപ്പിക്കുക, ചിരിപ്പിക്കുക, തൊട്ടു കളിപ്പിക്കുക. സുരക്ഷിതത്വബോധം ഉണ്ടാക്കുക. ആത്മവിശ്വാസം ഉണ്ടാക്കുക.

എല്ലാ കാര്യങ്ങളും കുഞ്ഞിനു വേണ്ടി നാം തന്നെ ചെയ്തുകൊടുത്താൽ ആത്മവിശ്വാസം ഉണ്ടാവുകയില്ല. ചോദിക്കുന്നതെല്ലാം ചെയ്തുകൊടുക്കുകയോ വാങ്ങിക്കൊടുക്കുകയോ ചെയ്യുന്നതല്ല നല്ല രക്ഷിതാവിന്റെ കടമ എന്നും തിരിച്ചറിയുക. ചെയ്ത കാര്യങ്ങളെ ശരിയായില്ല എന്ന് പറയാതെ, നന്നായി എന്ന് പറയുകയും, പ്രശംസിക്കുകയും, അടുത്തതവണ കുറച്ചുകൂടി നന്നായി എങ്ങനെ ചെയ്യാം എന്ന് പറഞ്ഞുകൊടുക്കുകയുമാണ് നല്ലത്.

തോളിലെടുത്ത് നടക്കുന്നതിലും നല്ലത് വീണാലും നടക്കാൻ പഠിപ്പിക്കുന്നതല്ലേ? തോൽവിയെ നേരിടാൻ പഠിപ്പിക്കുന്നതല്ലേ തോൽക്കാതിരിക്കാൻ എപ്പൊഴും സഹായിക്കുകയും ഏതുവഴിയും സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലും നല്ലത്?

എഴുതിയത്: Dr. Mohandas Nair, Dr. Nelson Joseph, Dr. Shahul Ameen

#82

Address

CHALISSERY
Koottanad

Telephone

+919846840613

Website

Alerts

Be the first to know and let us send you an email when V.K Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram