27/04/2025
കുട്ടികൾ ചെറുതല്ല. അവരെ ചെറുതാക്കരുത്...
കുട്ടികൾ മുതിർന്നവരുടെ നിർദേശങ്ങളെ പാലിക്കണമെന്നാണ് മുതിർവർ പണ്ടുതൊട്ടെ വിചാരിക്കുന്നത്. പണ്ടൊക്കെ അത് കുറച്ചൊക്കെ നടക്കുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത് അതൊന്നും നടക്കുകയില്ല. ബോധ്യമാകാത്തതൊന്നും ഇപ്പോഴത്തെ കുട്ടികൾ അനുസരിക്കുകയില്ല. എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാൽ അവർക്ക് ബോധ്യമാകുകയുമില്ല. അവർക്ക് ബോധ്യമാകണമെങ്കിൽ അവരെ നന്നായി ഉൾക്കൊണ്ട് സംസാരിക്കണം. അവരെ ഉൾകൊള്ളുന്നതാണ് പ്രധാനം. കുട്ടികളെ ഉൾകൊള്ളാൻ അവരോട് നന്നായി ചേർന്നു നിൽക്കേണ്ടതുണ്ട്. അവരുടെ രീതികളും പെരുമാറ്റങ്ങളും നന്നായി മനസിലാക്കേണ്ടതുണ്ട്. കുട്ടികളോട് അറിഞ്ഞു പെരുമാറേണ്ടതുണ്ട്. അവരെ അറിഞ്ഞു പെരുമാറുമ്പോൾ മുതിർന്നവരുടെ പല നിർദേശങ്ങളും അനാവശ്യങ്ങളാണെന്ന് മുതിർന്നവർക്കു തന്നെ ബോധ്യമാകും. മുതിർന്നവരുടെ ഈ ബോധ്യകുറവാണ് കുട്ടികളോട് അരുത് പറയുവാൻ മുതിർന്നവരെ പ്രേരിപ്പിക്കുന്നത്.
പ്രായംകൊണ്ടു മുതിർന്നവരായവർ പറയുന്നതെന്തും കുട്ടികൾ അനുസരിക്കണമെന്ന ധാരണ മാറേണ്ടതുണ്ട്.
കുട്ടികൾക്ക് എന്തിനും ഏതിനും അവരവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുണ്ടായിരിക്കും. അത് മാനിക്കുമ്പോഴാണ് അവരെ അംഗീകരിക്കുന്നു എന്ന തോന്നൽ അവർക്കുണ്ടാകുന്നത്. ആ തോന്നലാണ് അവരിൽ സ്വത്വബോധമുണ്ടാക്കുന്നത്. അതാണ് പ്രധാനം. കുട്ടികൾ ചെറുതല്ല. പ്രായത്തിലും ശരീരത്തിലും മാത്രമേ അവർക്ക് ചെറുപ്പമുള്ളൂ. അന്തരികമായി അവർ വലുത് തന്നെയാണ്. ഒരുപക്ഷെ മുതിർന്നവരേക്കാൾ...