21/04/2026
ശസ്ത്രക്രിയയില്ലാതെ ഹൃദയവാൽവ് മാറ്റിവെക്കൽ: TAVR ചികിത്സയിലൂടെ ശാസ്താവ് ചെട്ടിയാർക്ക് പുതുജീവൻ
ഹൃദയസംബന്ധമായ അസുഖങ്ങൾ പലപ്പോഴും പ്രായമായവരിൽ വലിയ ആശങ്കയുണ്ടാകാറുണ്ട്, പ്രത്യേകിച്ച് ശസ്ത്രക്രിയ വേണ്ടിവരുമ്പോൾ. എന്നാൽ വൈദ്യശാസ്ത്രം കൈവരിച്ച വിപ്ലവകരമായ മുന്നേറ്റങ്ങൾ ഹൃദയചികിത്സയെ ഇന്ന് ഏറെ ലളിതമാക്കിയിരിക്കുന്നു. കായംകുളം സ്വദേശിയും വിരമിച്ച സൈനികനുമായ ശാസ്താവ് ചെട്ടിയാരുടെ ജീവിതം ഇതിന് മികച്ച ഉദാഹരണമാണ്.
കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് പരുമല ആശുപത്രിയിൽ എത്തിയ അദ്ദേഹത്തിന്, കൺസൾറ്റൻറ് കാർഡിയോളജിസ്റ്റ് ഡോ. സനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്കുകളും ഒപ്പം ഹൃദയവാൽവിന് തകരാറും (Aortic Stenosis) കണ്ടെത്തി. സാധാരണഗതിയിൽ വലിയ ശസ്ത്രക്രിയ ആവശ്യമായി വരുമായിരുന്ന ഈ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ഡോക്ടർമാർ നിർദ്ദേശിച്ചത് അതിസങ്കീർണ്ണ ആന്ജിയോപ്ലാസ്റ്റിയും, അത്യാധുനികമായ ടാവർ (TAVR) ചികിത്സയായിരുന്നു.
നെഞ്ച് പിളരാതെ, കാലിലെ രക്തക്കുഴലിലൂടെ കത്തീറ്റർ കടത്തിവിട്ട് ഹൃദയവാൽവ് മാറ്റിവെക്കുന്ന ഈ രീതിയിലൂടെ അദ്ദേഹത്തിന്റെ ചികിത്സ വിജയകരമായി പൂർത്തിയാക്കി. സങ്കീർണ്ണമായ കേസ് ആയിരുന്നിട്ടും "ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടലും അവർ നൽകിയ ആത്മവിശ്വാസവുമാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്," പരുമല ആശുപത്രിയിൽ വെച്ച് തനിക്ക് നൽകിയ പരിചരണത്തെ പറ്റി ശ്രീ. ശാസ്താവ് ചെട്ടിയാർ സംസാരിക്കുന്നു.