26/01/2020
"മോണോ (mono)" എന്നാൽ ഒന്ന്, "ഡൈ (di)" എന്നാൽ രണ്ട്.
അപ്പോൾ കാർബൺ മോണോക്സൈഡ് (carbon monoxide - CO) എന്നാൽ ഒരു കാർബണും (carbon) ഒരു ഓക്സിജനും (oxygen-O) കൂടിച്ചേർന്നൊരു തന്മാത്ര (molecule).
ഒരു കാർബണും രണ്ടു ഓക്സിജനും കൂടിച്ചേർന്ന തന്മാത്രയെ അങ്ങനെയാവുമ്പോൾ നമുക്ക് കാർബൺ ഡൈ ഓക്സൈഡ് (carbon dioxide - CO2) എന്ന് വിളിക്കാം.
കാർബൺ മോണോക്സ്ഡും (CO), കാർബൺ ഡൈ ഓക്സൈഡും (CO2) തമ്മിലെ വ്യത്യാസം ഒരു ഓക്സിജൻ ആറ്റത്തിന്റെ എണ്ണത്തിലെ ഏറ്റക്കുറച്ചിലിൽ മാത്രമാണെങ്കിലും സ്വഭാവത്തിൽ രണ്ടാളും മൂർക്കൻ പാമ്പും നീർക്കോലിയും പോലെയാണ്.
നിറവും, മണവും, രുചിയുമില്ലാത്ത, വിഷവാതകമാണ് കാർബൺ മോണോക്സൈഡ് (CO). അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടൊന്നും അനുഭവിച്ചറിയാൻ കഴിയില്ല. ഈയൊരു പ്രത്യേകതയാണ് കാർബൺ മോണോക്സൈഡിനെ നിശ്ശബ്ദ കൊലയാളിയാക്കി മാറ്റുന്നതും.
വിറക്, മണ്ണെണ്ണ, കൽക്കരി, പ്രകൃതി വാതകങ്ങൾ മുതലായ കാർബൺ അടങ്ങിയ ഇന്ധനങ്ങൾ കത്തണമെങ്കിലും, ഇത്തരം ഇന്ധനങ്ങൾ ഉപയോഗപ്പെടുത്തുന്ന യന്ത്രങ്ങൾ പ്രവർത്തിക്കണമെങ്കിലും അന്തരീക്ഷത്തിൽ ഓക്സിജൻ ആവശ്യമാണ്. ജ്വലനം അഥവാ കത്തൽ എന്ന് നാം വിളിക്കുന്ന ഈ പ്രക്രിയ ശാസ്ത്രീയമായി പറഞ്ഞാൽ ഒരു ഓക്സിഡൈസേഷൻ പ്രവർത്തനമാണ്. അതായത് കത്തൽ അഥവാ ഓക്സൈഡൈസേഷൻ നടക്കണമെങ്കിൽ അന്തരീക്ഷത്തിൽ ധാരാളം ഓക്സിജൻ ഉണ്ടായിരിക്കണം.
ഓക്സിജന്റെ സാന്നിധ്യത്തിൽ കാർബൺ ജ്വലിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാവുന്നു. എന്നാൽ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ കത്തൽ അഥവാ ഓക്സിഡൈസേഷൻ പ്രക്രിയ ഭാഗികമായി മാത്രം നടക്കുകയും; സാധാരണ ഗതിയിൽ ഓക്സിഡൈസേഷൻ നടക്കുമ്പോൾ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിനു പകരം കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഈ കാർബൺ മോണോക്‌സൈഡ് ആണ് വില്ലനായി മാറി നേപ്പാളിൽ നടന്നതുപോലെയുള്ള മരണങ്ങൾക്കു കാരണമാവുന്നത്.
ചെറിയ അളവിൽ ഭൗമാന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡ് എപ്പോഴും ഉണ്ടാവും. അതായത് ഒരു മില്ല്യൺ വായുവിന്റെ 0.1 അംശം എന്ന അളവിൽ. എന്നാൽ വീടുകൾക്കുള്ളിൽ 0.5 മുതൽ 5 ppm ( parts per million) വരെയും, ഗ്യാസ് അടുപ്പുകൾക്ക് സമീപം 5 മുതൽ 30 ppm വരെയും കാർബൺ മോണോക്സൈഡ് കാണപ്പെടാം. എന്നാൽ അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡിന്റെ അളവ് കൂടുന്നതിനനുസൃതമായി അത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങളും കൂടി-കൂടി വരുന്നു.
ഇനി കാർബൺ മോണോക്‌സൈഡ് എങ്ങിനെയാണ് മനുഷ്യ ജീവന് വില്ലനായി മാറുന്നത് എന്ന് നോക്കാം.
ജീവൻ നിലനിറുത്താൻ നമുക്ക് ഓക്‌സിജൻ അത്യന്താപേക്ഷിതമാണ്. ശ്വാസകോശത്തിൽ നിന്നും ശരീരകോശങ്ങളിലേക്കു ഓക്സിജൻ എത്തിച്ചു കൊടുക്കുന്നത് ശരീരത്തിലെ ചുവന്ന രക്താണുക്കളാണ്. എന്നാൽ ഈ ചുവന്ന രക്താണുക്കൾക്ക് ഓക്‌സിജനേക്കാൾ പ്രേമം കാർബൺ മോണോക്‌സൈഡിനോടാണ്. അതിനാൽ അവ ശ്വാസകോശത്തിലെത്തുന്ന കാർബൺ മോണോക്‌സൈഡിനെ വളരെ വേഗം ആഗിരണം ചെയ്യും. അങ്ങിനെ ശരീരത്തിൽ എത്തുന്ന കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്ന് കാർബോക്സി ഹീമോഗ്ലോബിൻ(COHb) എന്നൊരു പദാർഥം ഉണ്ടാവുന്നു. ഈ പുതിയ കൂട്ടുകെട്ട് ഓക്സിജൻ ശ്വാസകോശത്തിൽനിന്നും പേശികളിലെത്തിക്കുന്നത് തടയുകയും ശരീരത്തിൽ ഓക്സിജന്റെ അളവ് കുറക്കുകയും ചെയ്യും. അങ്ങനെ ശരീരത്തിൽ ഓക്‌സിജൻ ഇല്ലാതാകുമ്പോഴാണ് കാർബൺ മോണോക്സൈഡ് വിഷബാധ ഉണ്ടാകുന്നത്.
ഓക്സിജന്റെ ലഭ്യതക്കുറവ്; മസ്തിഷ്‌കം, ഹൃദയം, ആന്തരിക അവയവങ്ങൾ എന്നിവയുടെ പ്രവർത്തനം താറുമാറാക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. കുറഞ്ഞ അളവിലാണെങ്കിൽ പോലും കാർബൺ മോണോക്‌സൈഡ് അടങ്ങിയിട്ടുള്ള വായു പതിവായി ശ്വസിച്ചാൽ സ്ഥിരമായ മസ്‌തിഷ്‌ക തകരാറുകൾ സംഭവിച്ചേക്കാം.
തലവേദന, മന്ദത, ബലക്ഷയം, തലകറക്കം, ഓക്കാനം എന്നിവയാണ് സാധാരണ കാണുന്ന കാർബൺ മോണോക്‌സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ. വായുവിൽ കാർബൺ മോണോക്സൈഡിന്റെ അളവ് വളരെ കൂടുതൽ ആണെങ്കിൽ വിഷബാധയേൽക്കുന്ന വ്യക്തിക്ക് പെട്ടെന്നു ബോധക്ഷയം സംഭവിക്കുകയോ, ശ്വാസതടസ്സം ഉണ്ടാവുകയോ, നാഡിമിടിപ്പ് കുറഞ്ഞു വരികയോ ചെയ്‌തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിയെ എത്രയും പെട്ടെന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്കു മാറ്റുകയും, ഓക്‌സിജൻ നൽകാൻ സൗകര്യമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും വേണം.
ഗർഭസ്ഥ ശിശുക്കൾ, ചെറിയ കുട്ടികൾ, പ്രായമായവർ എന്നിവരെയാണ് കാർബൺ മോണോക്സൈഡ് വിഷബാധ ഏറ്റവും വേഗം ബാധിക്കുന്നത്.
വായുമലിനീകരണം മൂലം മരണപ്പെടുന്ന കേസുകളിൽ; കാർബൺ മോണോക്സൈഡ് വിഷബാധയും, ആസ്ബറ്റോസ് ശ്വസിക്കുന്നത് വഴിയുള്ള അസുഖങ്ങളുമാണ് ഏറ്റവും കൂടുതൽ.
വിറകുകൾ കത്താനായി ഊതുമ്പോൾ അവ നന്നായി കത്തി വരുന്നതിനു മുമ്പുള്ള അവസ്ഥയിലും കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടുന്നു. അടുപ്പുകളിലും ഗ്യാസ് ബർണറുകളിലും, മണ്ണെണ്ണ വിളക്കുകളിലുമൊക്കെ ഇന്ധനം കത്തുന്നത് ചുവന്ന-മഞ്ഞ പ്രകാശത്തോടെയാവുമ്പോൾ അത് കൂടുതൽ കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടുന്ന ഭാഗിക ഓക്സീകരണവും; നീല നിറത്തോടെ കത്തുമ്പോൾ അത് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്ന സമ്പൂർണ്ണ ഓക്സീകരണവും ആണ്. സമ്പൂർണ്ണ ഓക്സീകരണത്തിൽ പുക കുറവും ഭാഗിക ഓക്സീകരണത്തിൽ പുക കൂടുതലുമായിരിക്കും.
എല്ലാ ജ്വലന പ്രക്രിയകളിലും കൂടിയും കുറഞ്ഞും കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടുന്നുണ്ട്. വാഹനത്തിന്റെ എഞ്ചിനുകൾ, വീടുകളിൽ ഉപയോഗിക്കുന്ന റൂം ഹീറ്ററുകൾ അടക്കമുള്ള വിവിധ തരം താപനോപകരണങ്ങൾ, ബാർബി ക്യൂ അടുപ്പുകൾ, ജനറേറ്ററുകൾ, മുതലായവയെല്ലാം ഇത്തരത്തിൽ കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടാൻ സാധ്യതയുള്ള സാമഗ്രികളാണ്.
യൂറോപ്പിലും, മറ്റ് തണുപ്പ് കൂടുതലുള്ള രാജ്യങ്ങളിലും; ശൈത്യകാലങ്ങളിൽ കാർബൺ മോണോക്സൈഡ് വിഷബാധകൾ കൂടുതലായി ഉണ്ടാവാറുണ്ട്. റൂം ഹീറ്ററുകളാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം. പുറത്തുനിന്നുള്ള വായുവിന് പകരം ഇവ മുറിക്കുള്ളിലെ വായുവിനെ ചൂടു പിടിപ്പിക്കുന്നു. അതു വഴി റൂമിൽ ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ മോണോക്‌സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അത് ശ്വസിക്കുകയും ഉറക്കത്തിലാവുമ്പോൾ ഒന്നുമറിയാതെ മരണം സംഭവിക്കുകയും ചെയ്യുന്നു.
ഇനി കാർബൺ മോണോക്‌സൈഡിന്റെ അപകടങ്ങളെ എങ്ങനെയൊക്കെ തടയാനാവുമെന്ന് നോക്കാം.
ജനലുകൾ പൂർണ്ണമായും അടച്ചിട്ട് വീടിനകത്ത് ദീർഘനേരം റൂം ഹീറ്ററുകളും, ഫയർപ്ലേസുകളും ഓൺ ചെയ്തു വെക്കാതിരിക്കുക. റൂമിനകത്ത് ചാർക്കോൾ ഗ്രിൽ അടുപ്പുകൾ ഉപയോഗിക്കാതിരിക്കുക.
വണ്ടികളുടെ എഞ്ചിനുകൾ യഥാവിധി സർവ്വീസ് നടത്തുകയും, സമയത്ത് ഓയിൽ മാറ്റുകയും ചെയ്യുക. ആവശ്യമെങ്കിൽ അവ പുക പരിശോധനയ്ക്ക് വിധേയമാക്കുക. വീടുകളിൽ ഉപയോഗിക്കാനുള്ള ഹീറ്ററുകളും, മറ്റ് താപനോപകരണങ്ങളും ഗുണനിലവാരം ഉള്ളവ മാത്രം വാങ്ങുകയും, ഇടവേളകളിൽ യഥാവിധി മെയിന്റനൻസിനു വിധേയമാക്കുകയും ചെയ്യുക. ഗ്യാസ് ബർണറുകൾ ഇടവിട്ട് ക്ലീൻ ചെയ്യുകയും കരടുകൾ നീക്കം ചെയ്യുകയും ചെയ്യുക. പുകയടുപ്പുകളിൽ നേരിട്ട് ഊതുന്നത് ഒഴിവാക്കുക. ആവശ്യമെങ്കിൽ പൈപ്പുകൾ ഉപയോഗിക്കുക. കഴിയുമെങ്കിൽ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിക്കുക. അടുക്കളയിൽ വായു സഞ്ചാരം ഉറപ്പു വരുത്തുക. വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോൾ ഇടുങ്ങിയ കാർ ഷെഡിനകത്ത് നിൽക്കാതിരിക്കുക. വണ്ടികൾ സ്റ്റാർട്ടു ചെയ്യുന്നതിനു മുമ്പായി കാർ ഷെഡിന്റെ ഡോറുകൾ തുറന്നു വെക്കുക. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
അന്തരീക്ഷത്തിലെ ഓക്സിജന്റെയും കാർബൺ മോണോക്സൈഡിന്റെയുമൊക്കെ അളവ് കണ്ടെത്താനുള്ള മോണിറ്ററുകൾ വളരെ കുറഞ്ഞ വിലകളിൽ കടകളിലും ഓൺലൈനുകളിലും ഇപ്പോൾ ലഭ്യമാണ്. അതോടൊപ്പം അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം നിശ്ചിത പരിധിക്ക് മേലെപ്പോയാൽ ഉടനെ ശബ്ദം പുറപ്പെടുവിക്കുന്ന അലാമുകളുമുണ്ട്. റൂം ഹീറ്ററുകൾ, ഫയർപ്ലേസുകൾ മുതലായവ ഉപയോഗിക്കുന്നവർ നിർബന്ധമായും ഇത്തരം അലാമുകൾ വീടുകളിൽ ഘടിപ്പിച്ചിരിക്കേണ്ടതാണ്. തണുപ്പുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ താമസിക്കുന്ന ഹോട്ടലുകളിലും, റിസോർട്ടുകളിലുമൊക്കെ ഇത്തരം കാർബൺ മോണോക്സൈഡ് അലാമുകൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയും വേണം.
അറിയുക: നിസ്സാരമെന്ന് തോന്നുന്ന ചില സംഗതികൾ പ്രത്യേക സാഹചര്യങ്ങളിൽ ഗൗരവതരമാവുന്നത് എപ്പോഴാണെന്ന് പറയുക വയ്യ. നേപ്പാളിൽ വിനോദ സഞ്ചാരത്തിന് പോയ മലയാളി കുടുംബത്തിന് സംഭവിച്ച ദാരുണ അന്ത്യം പോലെ.