08/11/2018
‘പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ’:
Part 2 >
അരുത്, പ്രകൃതിയിലുള്ള ജീവികളാണ് ആ അമ്മയും കുഞ്ഞും. അവർക്ക് വേണ്ടത് അവർ തമ്മിലടുക്കാനുള്ള മനസ്സമാധാനവും സ്വകാര്യതയുമുള്ള കുറച്ച് ദിവസങ്ങളാണ്. ആദ്യമായി പ്രസവിച്ച അമ്മയെങ്കിൽ, അവരുടെ ആശങ്കകളിൽ താങ്ങാവുക, അവളെയും സ്വയംപര്യാപ്‌തയാകാൻ സഹായിക്കുക. ‘ഓൾക്ക് കുട്ടിയെ എടുക്കാൻ പോലും അറിയില്ല’ എന്ന് പറയുന്നത് ക്രെഡിറ്റല്ല. അവരെ സഹായിക്കുക, പഠിക്കട്ടെ. അമ്മക്ക് കുഞ്ഞുറങ്ങുമ്പോഴേ വിശ്രമിക്കാനാവൂ.
ആ നേരത്ത് പകലുറങ്ങരുത് എന്ന് കൽപ്പിച്ച് കുഞ്ഞിനെ നുള്ളി ഉണർത്തുന്നതൊക്കെ ഏറ്റവും മോശമായ പ്രവർത്തിയാണ്. കുഞ്ഞ് എല്ലാ അർത്‌ഥത്തിലും അമ്മക്ക് പുതിയതാണ്. അവൾക്ക് സഹായം മാത്രമേ ആവശ്യമുള്ളൂ, ഭരണം അരുത്. അവളുടെ കുഞ്ഞിനെ പരിചരിക്കാനും സ്‌നേഹിക്കാനും ആ ചോരപൈതലിന്റെ കാര്യത്തിൽ തീരുമാനങ്ങളെടുക്കാനും അവൾ പഠിക്കട്ടെ. ലോകത്തെങ്ങും ഇല്ലാത്ത പരീക്ഷണങ്ങൾ സുപ്രധാനമായ ജൈവഘട്ടത്തിലൂടെ പോകുന്ന അവൾക്ക് വേണ്ട. സഹിക്കാൻ വയ്യാത്ത വിഷമങ്ങളിലേക്ക് വീണു പോകുന്നത് രോഗം തന്നെയാണ്. പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്ന, സ്‌ഥിരബുദ്ധിയില്ലാത്ത രീതിയിൽ പെരുമാറുന്ന, ഞങ്ങൾ മലപ്പുറത്തുകാർ ‘പേറ്റുചന്നി’ എന്ന് വിളിക്കുന്ന അവസ്‌ഥയെത്തിയാൽ മന്ത്രവാദ/മായാജാല/മതചികിത്സകളുമായി നടക്കരുത്. അവരെ മനശ്ശാസ്‌ത്രവിദഗ്‌ധരുടെ മുന്നിലെത്തിക്കുക.
ആത്മഹത്യയെക്കുറിച്ചോ മറ്റോ ചെറിയൊരു സൂചന തരുന്ന അമ്മയെപ്പോലും അവഗണിക്കരുത്. ‘എന്റെ അമ്മയെ എനിക്ക് തന്നൂടായിരുന്നോ’ എന്ന് നമ്മുടെ മടിയിലുള്ള നരുന്ത് ജീവൻ നാളെ വളർന്ന് ചോദിക്കുക തന്നെ ചെയ്യും. അമ്മക്കും കുഞ്ഞിനും കൂട്ടാകുക. പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ പൂർണമായും ചികിത്സിച്ച് മാറ്റാനാകും. വേണ്ടത്, വീട്ടുകാരുടേയും ബന്ധുക്കളുടേയും വിരുന്നുകാരുടേയും നാട്ടുകാരുടേയും ഒരു പണിയുമില്ലാത്തപ്പോൾ കുത്തിത്തിരിപ്പുണ്ടാക്കാൻ വരുന്ന അപ്പുറത്തെ വീട്ടിലെ കാരണവത്തിയുടേയുമെല്ലാം ഭാഗത്ത് നിന്നുള്ള സഹകരണമാണ്. ‘അവഗണിച്ചു കൂടേ’ എന്ന് ചോദിച്ചാൽ മനസ്സ് വിഷമിച്ചിരിക്കുന്ന അമ്മക്കത് എളുപ്പം സാധിക്കുന്ന ഒന്നാവണമെന്നില്ല. പത്തു മാസം ഒന്നായിരുന്ന അമ്മയേയും കുഞ്ഞിനേയും പരസ്‌പരം ബന്ധിപ്പിക്കാനോ രക്ഷിക്കാനോ ആരും വേണ്ട. അതൊരായുസ്സിന്റെ ചങ്ങലപ്പൂട്ടാണ്, ഏറ്റവും ആത്മാവുള്ള ആത്മബന്ധം. അവർക്കുള്ള സ്‌പേസ്, അത് നൽകൽ മാത്രമാണ് നമ്മുടെ കർമ്മം…
വാൽക്കഷ്‌ണം: പെറ്റു കിടന്ന പെണ്ണ് ‘നന്നാവണം’ എന്ന് പറഞ്ഞ് കൊടുക്കുന്ന അധികഭക്ഷണം നന്നാക്കുകയല്ല, അവർക്ക് അമിതവണ്ണവും ജീവിതശൈലീരോഗങ്ങളും വരാനുള്ള സാധ്യത വർദ്ധിപ്പിച്ച് അവരെ ചീത്തയാക്കുകയാണ് ചെയ്യുക. അമിതവണ്ണമുള്ള അമ്മയെയല്ല, ആരോഗ്യമുള്ള അമ്മയെയാണ് നമുക്കാവശ്യം. സാധാരണ ഭക്ഷണത്തോടൊപ്പം വെറും അഞ്ഞൂറ് കാലറിയാണ് മുലയൂട്ടുന്ന അമ്മക്കാവശ്യം. ‘നെയ്യിൽ വാട്ടിയ നേന്ത്രപ്പഴം’ എന്ന സുപ്രസിദ്ധ പ്രസവരക്ഷ വിഭവം മാത്രം ഒരു ചെറിയ ബൗളെടുത്താൽ ഇതിലേറെ കാലറിയുണ്ടാകും. ഏതാണ്ടൊരു ഊഹം കിട്ടിയെന്ന് കരുതുന്നു. വിശക്കുമ്പോൾ കഴിച്ചാൽ മതിയാകും, അനാവശ്യമായി ഭക്ഷിക്കേണ്ടതില്ല. കൂടാതെ, സിസേറിയൻ കഴിഞ്ഞെന്ന് വെച്ച് പാവം അമ്മയെ രുചിയുള്ള യാതൊന്നും കൊടുക്കാതെ പീഡിപ്പിക്കരുത്. അകത്തേക്ക് കഴിക്കുന്ന ഭക്ഷണം കൊണ്ട് പുറമെയുള്ള മുറിവ് പഴുക്കില്ല. പക്ഷേ, അമ്മക്ക് ദഹിക്കാൻ എളുപ്പമുള്ള, വയറിൽ ഗ്യാസ് നിറയാത്ത ഭക്ഷണം നൽകണം. എഴുന്നേറ്റ് നടക്കാതെ തുടർച്ചയായി കിടന്നാൽ വയറിൽ ഗ്യാസും, കാലിലെ സിരകളിൽ രക്‌തം കട്ട പിടിച്ച് ആ രക്‌തക്കട്ട ഹൃദയത്തിലെത്തി ഹൃദയാഘാതം ഉണ്ടാകാൻ പോലും സാധ്യതയുണ്ട്. ഒരു മേജർ സർജറി കഴിഞ്ഞ വ്യക്‌തിയെന്ന നിലയിൽ ഫ്രഷായ ഭക്ഷണം നൽകി, ആവുന്നത്ര സന്ദർശകരെ കുറച്ച് അവർക്ക് അണുബാധക്കുള്ള സാധ്യത കുറയ്‌ക്കണം. ഭാരമെടുക്കുന്നതും പടികൾ കയറുന്നതും ഒന്നര മാസത്തേക്കെങ്കിലും കഴിയുന്നത്ര ഒഴിവാക്കണം. എങ്ങനെ പ്രസവിച്ച ആളായാലും പൂട്ടിയിട്ട് പീഡിപ്പിക്കാതെ, അവരുടെ ജീവിതത്തിലെ ഏറ്റവും അർത്‌ഥവത്തായ നേരം സ്വപ്‌നതുല്യമാക്കണം. അമ്മയായതല്ലേ അവർ, ആ പുതിയ ലോകത്തിന്റെ നൈർമ്മല്യം ആവോളമറിയട്ടെ അമ്മയും കുഞ്ഞുവാവയും🤱