15/11/2020
ഇന്ന് നവംബർ 15 ലോക അക്യുപങ്ചർ ദിനം; യുനെസ്കൊ ലോക അക്യുപങ്ചർ ദിനമായി ആചരിക്കുന്ന ദിനമാണ് ഇന്ന്
ഇന്നത്തെ ദിവസം അക്യുപങ്ചർ ചികിത്സ എന്താണെന്ന് പരിചയപ്പെടും. നമ്മുടെ ശരീരമെന്നത് ദൃശ്യമായ ഭൗതികശരീരവും(Physical Body) അദൃശ്യമായ ജീവനും ( Energy Body or Life Energy force) ഉം കൂടി ചേർന്നതാണ്. അദൃശ്യമായ ജീവശക്തിയുടെ ഫലമായാണ് നമ്മുടെ ശരീരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് അക്യുപങ്ചർ ചികിത്സകർ വിശദീകരിക്കുന്നത്. പ്രപഞ്ചത്തിലെ പഞ്ച ഭൂതങ്ങളായി പ്രവർത്തിക്കുന്ന അഗ്നി ,ഭൂമി ,വായു ,ജലം ,മരം തുടങ്ങീ ജീവ ശക്തികളിൽ നിന്ന് ജൈവോർജ്ജത്തെ സ്വികരിച്ചാണ് മനുഷ്യ ശരീരം പ്രവർത്തിക്കുന്നത്.
ഇത്തരം ജൈവോർജ്ജ ങ്ങൾ സ്വീകരിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും പ്രകൃത്യാ ശരീരത്തിൽ ചില കേന്ദ്രങ്ങളും (Acupuncture Points), സഞ്ചാര പാതകളും (Acupuncture Meridians) ഉണ്ട്. ഊർജ്ജ വിതരണത്തിലെ വ്യതിയാനങ്ങൾ ശരീരത്തിനകത്ത് തുടക്കത്തിൽ രക്തത്തിൽ രാസ ഘടന മാറ്റുന്നതിനും ക്രമേണ ശാരീരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ (ആന്തരികം / ബാഹ്യം ) തകരാറിലാവുന്നതിന് വഴിവെക്കുന്നു. ചുരുക്കത്തിൽ ശരീരത്തിലെ ഊർജ്ജവിതരണ - ക്രമീകരണ സംവിധാനം തകരാറിലാവുന്നതാണ് രോഗവും രോഗകാരണവുമെന്ന് അക്യുപങ്ച്ചർ സമർത്ഥിക്കുന്നു, നാഡീപരിശോധനയിലൂടെ ഊർജ്ജ വ്യതിയാനം കണ്ടെത്തി ശരീരത്തിലെ അക്യുപങ്ചർ ബിന്ദുക്കളിൽ പ്രത്യാക അക്യുപങ്ചർ സൂചി ഉപയോഗിച്ച് ഉത്തേജനം നൽകി ശരിയായ ഉർജ്ജ ക്രമീകരണം ( സംതുലനം) നടത്തിയാണ് രോഗങ്ങളെ സുഖപ്പെടുത്തുന്നത്, അതായത് രോഗലക്ഷണങ്ങൾ വഴിയും, നിരീക്ഷണം വഴിയും, നാഡീപരിശോധന വഴിയുമെല്ലാം രോഗത്തിന്റെ മൂലകാരണത്തെ കണ്ടെത്തി ഇല്ലാതാക്കുന്നു എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ സവിശേഷത.
അക്യുപങ്ചർ ചികിത്സ ഉദയം കൊണ്ടത് ചൈനയിലാണെന്ന് പറയപ്പെടുന്നു. എന്നാൽ പിന്നീട് കൊറിയയിലും, റഷ്യയിലും എല്ലാം അക്യുപങ്ചറിന്റെ പല പുതിയ സവിശേഷ രീതികളും ഉടലെടുത്തു. ഓറിക്കുലർ അക്യുപങ്ചർ (ചെവിയിൽ മാത്രം ചികിത്സിക്കുന്നവ ), സു ജോക്ക് തെറാപ്പി (കൈകളിലും ,കാലുകളിലും മാത്രം ചികിത്സിക്കുന്നവ ) ഇന്ത്യൻ അക്യുപങ്ചർ (ഒരു പോയിന്റിൽമാത്രം ചികിത്സിക്കുന്നവ) ,ക്വോണം അക്യുപങ്ചർ ,നോസ് അക്യുപങ്ചർ ,സ്കാൽപ് അക്യുപങ്ചർ ,തുടങ്ങീ പല രീതികളിലും പല രാജ്യങ്ങളിലും അക്യുപങ്ചർ നിലവിലുണ്ട്.
'സെൻ ജി യൂ " എന്നാണ് അക്യുപങ്ചറിന്റെ ചൈനീസ് നാമം. കൂർത്ത ഉത്തേജനം ,ശരിയായ ഉത്തേജനം എന്നൊക്കെ അർത്ഥം വരുന്നു. ലാറ്റിൻ പദമായ "അക്കസ്" (സൂചി Orകൂർത്ത വസ്തു ) പങ്ച്ചൂറ (തുളക്കുക ) എന്നിവയിൽ നിന്നാണ് അക്യുപങ്ചർ എന്ന പദമുണ്ടായത്. ഇന്ന് ഐക്യരാഷ്ട്രസഭക്ക് കീഴിലെ 80 % രാജ്യങ്ങളിലും അക്യുപങ്ചർ ചികിത്സക്ക് അംഗീകാരമുണ്ട്. ഔഷധരഹിത ചികിത്സകളിൽ ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ളതും ,ജനങ്ങൾ സ്വീകരിക്കുന്നതുമായ ചികിത്സയിണ് അക്യുപങ്ചർ ,ഒരു പക്ഷേ ലോകത്താകമാനമുള്ള ചികിത്സകളിൽ അലോപ്പതി കഴിഞ്ഞാൽ ജനങ്ങൾ ആശ്രയിക്കുന്ന ചികിത്സയും അക്യുപങ്ചറാണെന്ന് പറയാം.
ഇന്ത്യയിലും ,വിശിഷ്യാ കേരളത്തിലും അക്യുപങ്ചർ ചികിത്സക്ക് വലിയ തോതിലുള്ള പ്രചാരമാണ് വന്നു കൊണ്ടിരിക്കുന്നത്. അക്യുപങ്ചർ ക്ലിനിക്കുകളില്ലാത്ത ജില്ലകൾ ഇന്ന് കേരളത്തിലില്ല. ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ ഭയപ്പെടുന്നവർക്കും ,കാലങ്ങളായി മരുന്നുകൾ കഴിച്ചിട്ടും രോഗശമനം ലഭിക്കാത്തവർക്കും ഒരു ബദൽ ചികിത്സയെന്ന നിലക്ക് അക്യുപങ്ചറിനെ സമീപിക്കാവുന്നതാണ്..