29/03/2021
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
വിഷുക്കാലത്തെ താരമാരാണ് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമുള്ളു. കണ്ണിനും മനസിനും ഒരു പോലെ കുളിരു പകരുന്ന കണിക്കൊന്ന. കത്തുന്ന വേനൽക്കാലത്തെ ജ്വലിക്കുന്ന സൌന്ദര്യം. പൊന്നിൽ കുളിച്ചതു പോലെ പൂത്തുനിൽക്കുന്ന കണിക്കൊന്ന നമുക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം കൂടിയാണു കണിക്കൊന്ന.
ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ചെറു വൃക്ഷമാണിത്. തെക്കു കിഴക്കൻ ഏഷ്യയിലും ധാരാളമായി കണ്ടു വരുന്നു. തായ്‌ലാൻഡിന്റെ ദേശീയവൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്. കാഷ്യ ഫിസ്റ്റുല എന്നാണ് കണിക്കൊന്നയുടെ ശാസ്ത്ര നാമം. സംസ്കൃതത്തിൽ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീർഘഫല, കർണ്ണികാരം എന്നൊക്കെയാണ് പേരുകൾ. ഇന്ത്യൻ ലബേണം, ഗോൾഡൻ ഷവർ എന്നാണ് ഇംഗ്ലിഷിൽ അറിയപ്പെടുന്നത്. ഹിന്ദിയിൽ അമൽതാസ്. തമിഴിൽ കൊന്നൈ.
ഏതാണ്ട് 10-20 മീറ്റർ ഉയരത്തിൽ വളരുന്ന ഇലപൊഴിയുന്ന മരമാണ് കണിക്കൊന്ന. ജനുവരി-ഫെബ്രുവരി മാസത്തിൽ ഇലപൊഴിഞ്ഞ് മാർച്ച് മാസത്തോടെ പൂവിടുകയും ചെയ്യുന്നാണു രീതി. എന്നാൽ കുറച്ചു കാലമായി കണിക്കൊന്ന സമയം തെറ്റിയാണ് പൂക്കാറ്. അന്തരീക്ഷത്തിലെ ചൂടു കൂടുന്നതിനാലാണിത്. പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ. 30-60 സെന്റിമീറ്റർ നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്. ഇതിനുള്ളിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും.
അലങ്കാര വൃക്ഷമായും തണൽ മരമൊക്കെയായി പൊതുവെ അറിയപ്പെടുന്ന കണിക്കൊന്ന ആയുർവേദവിധി പ്രകാരം ഏറെ പ്രധാന്യമുള്ള ഔഷധമാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കണിക്കൊന്ന ഉപയോഗപ്പെടുത്താറുണ്ട് . ഇതിന്റെ ഇലകള്‍, പൂക്കള്‍, ഫലമജ്ജ, വേര്, മരപ്പട്ട, എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
കണിക്കൊന്നയുടെ ഇലകള്‍ ആന്റിബാക്ടീരിയൽ ആയും ആന്റീഫംഗൽ ആയും പ്രവർത്തിക്കുന്നു. ത്വക് രോഗങ്ങളെ കുറയ്ക്കുന്നതിനും മുറിവുണങ്ങാനും ഇതു നല്ലതാണ്. തളിരിലകള്‍ പുരട്ടുന്നതു പുഴുക്കടിക്കു ഏറെ ഫലപ്രദമാണ്. മലബന്ധം മാറ്റാനും ഇല ഉത്തമം. ഇല കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവയ്ക്കു ഫലപ്രദമായ ഔഷധമാണ്.
വയറിനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കണിക്കൊന്നയുടെ വേര്. വേരിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു. ദഹനക്കുറവ്, അൾസർ, ഗ്യാസ് തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനു ഇതു സഹായകമാണ്. മലബന്ധം, വയറുവേദന ഇവയ്ക്ക് കണിക്കൊന്നയുടെ ഫലമജ്ജ കുരു കളഞ്ഞു പാലില്‍ കാച്ചി കഴിച്ചാല്‍ ശമനം ലഭിക്കും. വേര് കഷായം വച്ച് കുടിക്കുന്നത് മൂത്രതടസം ഇല്ലാതാക്കാനും നല്ലതാണ്.
കണിക്കൊന്നയുടെ തൊലി കഷായം വച്ച് കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറും. മാത്രമല്ല ഇത് രക്തം ശുദ്ധീകരണത്തിനും നല്ലതാണ്. നുരയും പതയുമായി മൂത്രം പോകുന്ന അസുഖത്തിന് കണിക്കൊന്നയുടെ തൊലി ഫലപ്രദമാണ്. തൊലിയും കുരുകളഞ്ഞ ഫലമജ്ജയും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുന്നത് മുറിവ് ഉണങ്ങാന്‍ സഹായകരമാണ്. കണിക്കൊന്നയുടെ പൂവ് ഉണക്കി പൊടിച്ച് പാലില്‍ സേവിക്കുന്നത് ശരീരശക്തി വര്‍ദ്ധിപ്പിക്കും. കൊന്നപ്പൂവ് ഉദരകൃമികൾ ശമിക്കാൻ നല്ലതാണ്.വാതസംബന്ധമായ നീര്‍ക്കെട്ട്, വേദന എന്നിവയ്ക്കു ഫലമജ്ജ ഉത്തമമാണ്. കരൾ രോഗം, പ്രമേഹം തുടങ്ങിയ നിരവധി രോഗങ്ങൾക്കു പരിഹാരമാണ് കണിക്കൊന്ന.
ശ്രദ്ധിക്കുക: ഏതു ഔഷധവും ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഉപയോഗിക്കുക.