24/03/2020
കോവിഡ് -19 ചിന്തകൾ
====================
കോവിഡ് -19 പ്രതിരോധിക്കുവാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശക്തമായി ഇടപെട്ടു കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളും സംസ്ഥാനത്തിനകത്തു തന്നെ ജില്ലകളും ഭാഗികമായോ പൂർണ്ണമായോ അടച്ചിടുകയാണ്. സാധാരണ ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഈ മാരക രോഗത്തെ പ്രതിരോധിക്കാൻ ഇതും ഇതിനപ്പുറവും സഹിക്കേണ്ടതാണ്.
എന്നാൽ ഏറ്റവും പ്രധാനമായ കാര്യം, എടുക്കുന്ന നടപടികൾ പ്രയോജനകരമായിരിക്കണം. പ്രയോജനകരമായിരിക്കണമെങ്കിൽ അവ പഴുതുറ്റതുമായിരിക്കണം എന്നതാണ്. ഈ രണ്ടു കാര്യങ്ങളിലും നമുക്ക് പാളിച്ചകൾ ഉണ്ടായെന്ന് തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.
ആദ്യമായി കോവിഡ് ഇവിടെ എത്തിച്ചത് ചൈനയിൽ നിന്നും തിരിച്ചെത്തിയവരായിരുന്നു. ദില്ലിയിൽ എത്തിയവരും കേരളത്തിലെത്തിയവരും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ക്വാറന്റൈൻ നിയന്ത്രണങ്ങൾക്ക് വിധേയരായി. അതിൽ ചിലർക്ക് രോഗബാധയുണ്ടായി. എന്നാൽ ഈ നിയന്ത്രണങ്ങൾ കാരണം ഇവർ മറ്റാർക്കും രോഗം സംഭാവന ചെയ്തില്ല. ഇങ്ങോട്ട് തിരിച്ചു വരുന്നവരെ എല്ലാം തന്നെ ചൈനീസ് അധികൃതർ ടെസ്റ്റ് ചെയ്യുകയും രോഗം വരാത്തവരെ മാത്രമേ തിരിച്ചുവരാൻ അനുവദിച്ചിരുന്നു എന്നുള്ളതും ഇവിടെ ഓർക്കേണ്ടതാണ്.
നമുക്ക് ഇവിടെയുള്ള എല്ലാ കൊറോണ രോഗികളുടെയും രോഗത്തിന്റെ ഉറവിടം ഇറ്റലിയും, ഗൾഫ് രാജ്യങ്ങളുമാണ്. അവിടെ നിന്നും വന്നവരെ ശരിയായ രീതിയിൽ ക്വാറന്റൈൻ ചെയ്യുന്നതിലുണ്ടായ പാളിച്ചയാണ് ഇതിന് കാരണം. ചൈനയിലെ പോലെ അവിടെ സ്ക്രീനിങ് കഴിഞ്ഞല്ല ഇവർ വരുന്നത്. രോഗലക്ഷണം ഇല്ലെന്നു തോന്നുന്നവരെ സമൂഹത്തിലേക്ക് ഇറങ്ങി നടക്കുവാൻ അനുവദിച്ചു. അവരുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾക്കനുസരിച്ചു അവർ പലയിടത്തും ഇറങ്ങി. ഇവരിൽ പലർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇവർ അവരുടെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും നിഷ്കളങ്കരായ മറ്റു ചിലർക്കും രോഗം സംഭാവന ചെയ്തു.
വാസ്തവത്തിൽ ഇത് നമുക്ക് ഒഴിവാക്കാമായിരുന്നു. പുറംനാടുകളിൽ നിന്ന് വരുന്നവരെയെല്ലാം 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്തിരുന്നുവെങ്കിൽ. ഇനിയും ഇവരെയെല്ലാം കണ്ടുപിടിച്ച് രോഗികളെ ആശുപത്രിയിലും, അല്ലാത്തവരെ ഈ നിർദിഷ്ട കാലയളവിൽ ക്വാറന്റൈൻ ചെയ്യുന്ന കാര്യം ആലോചിക്കണം. അല്ലാതെ പുറത്തുനിന്നും വരുന്നവരെ വീട്ടിൽ തന്നെ കഴിയണമെന്നു പറഞ്ഞു വിട്ടാൽ അവർ അതുപോലെ ചെയ്യുമെന്ന് വിശ്വസിച്ച ആനമണ്ടത്തരമാണ് ഇപ്പോഴത്തെ അവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്.
കൂട്ടത്തിൽ, കൊറോണ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ നാം പഠിക്കേണ്ടതാണ്. ദക്ഷിണകൊറിയയാണ് ഇക്കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ. അവരുടെ വിജയത്തിനുള്ള പ്രധാനകാരണം വിപുലമായ രീതിയിലുള്ള കൊറോണ ടെസ്റ്റിംഗ് ആണെന്നാണ് വിലയിരുത്തുന്നത്. രോഗ ലക്ഷണമുള്ളവർക്കു മാത്രമല്ല, സംശയമുള്ളവർക്കെല്ലാം ടെസ്റ്റ് ചെയ്യാനുള്ള സംവിധാനവും സൗകര്യങ്ങളും അവർക്കുണ്ടായിരുന്നു. ബ്രിട്ടനോ അമേരിക്കയ്‌ക്കോ പോലും സാധ്യമാകാത്ത കാര്യം, ഇപ്പോൾ നമുക്ക് ചിന്തിക്കാനാകാത്ത കാര്യം.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ഇപ്പോൾ ടെസ്റ്റിന് വിധേയരാക്കുന്നില്ല. എന്നാൽ ഇവരിൽ പലരും രോഗബാധിതരുമായി ബന്ധപ്പട്ടിട്ടുണ്ടെങ്കിൽ, മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരാണെങ്കിൽ 'ഇൻക്യൂബേഷൻ പീരിയഡിൽ ' ആകാം അല്ലെങ്കിൽ രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരുമാകാം. ഇവരെ സ്വന്തം വീട്ടിൽ ചെന്ന് വിശ്രമിക്കുവാൻ വിടുന്നത് നേരത്തെ പറഞ്ഞ പോലെ 'ആനമണ്ടത്തരമാണ്. ' ദക്ഷിണ കൊറിയയെപ്പോലെ ഇവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കുന്നതാണ് ഏറ്റവും നല്ലത്. അതു സാധ്യമല്ലെങ്കിൽ അവരെ 14 ദിവസത്തേക്ക് നിർബന്ധ നിരീക്ഷണത്തിനു വിധേയരാകണം. അല്ലെങ്കിൽ വീട്ടിലെ സ്വന്തം നിരീക്ഷണത്തിൽ വിടുന്നവർ സമൂഹത്തിലേക്കിറങ്ങി ഞെരങ്ങി നമ്മളെ സമൂഹ വ്യാപനത്തിലേക്കു തള്ളി വിടും. പുറത്ത് നിന്ന് വന്നവരെയും, അവരുമായി അടുത്തിടപഴകിയവരെയും ഒഴിഞ്ഞു കിടക്കുന്ന ഹോട്ടലുകൾ ഉപയോഗിച്ച് നിർബന്ധ നിരീക്ഷണത്തിലാക്കണം. രണ്ടാഴ്ചക്കു ശേഷം രോഗമില്ലാത്തവർ തിരിച്ചു വീട്ടിലേക്കും, അഥവാ ആരെങ്കിലും രോഗലക്ഷണം കാണിച്ചാൽ ആശുപത്രിയിലേക്കും അയക്കണം. ഇതു യുദ്ധകാല അടിസ്ഥാനത്തിൽ വിജയകരമായി നടത്തിയാൽ രക്ഷ. അല്ലെങ്കിൽ പുറത്തു നിന്നും രോഗവുമായി വരുന്നവർ, കല്യാണങ്ങളിൽ, മരണ വീടുകളിൽ, ഷോപ്പിങ് സ്‌ഥലങ്ങളിൽ എല്ലാം കയറിയിറങ്ങി സമൂഹവ്യാപനം ഉറപ്പ് വരുത്തും.
ഇവ ഫലപ്രദമായി ചെയ്താൽ മാത്രമേ സമൂഹവ്യാപനമെന്ന മൂന്നാം സ്റ്റേജിലേക്ക് വഴുതി വീഴാതിരിക്കുകയുള്ളൂ.
പ്രതിരോധ മരുന്നുകൾ
------------------------------------
2005 -ൽ പുറത്തു വന്ന ചില പഠനങ്ങൾ തന്നെ കൊറോക്വിനും, ഹൈഡ്രോക്‌സിക്ളോറോക്വിനും SARS കൊറോണ വൈറസിനെ പ്രതിരോധിക്കാനും, ചികിത്സയ്ക്കാനും കഴിവുണ്ടെന്ന് കാണിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഈ മരുന്നുകൾ COVID -19നും ഫലപ്രദമായേക്കാമെന്ന അഭിപ്രായങ്ങൾ ജേർണൽ ഓഫ് ആന്റി മൈക്രോബിയൽ കീമോതെറാപ്പി പോലുള്ള ജേർണലുകളിൽ പൊന്തി വന്നിട്ടുണ്ട്. ഇപ്പോൾ തന്നെ കോറോക്വിൻ, ചികിത്സയിൽ പല കേന്ദ്രങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നറിയുന്നു.
അടിയന്തിരമായി ഈ വില കുറഞ്ഞ മരുന്ന് പ്രതിരോധ ഗുളികയായി ഉപയോഗിക്കാമോയെന്നു പരിശോധിക്കണം.രോഗമുള്ളവരുമായി ബന്ധപ്പെട്ടവരെ രണ്ട് ഗ്രൂപ്പുകൾ ആക്കി ഒരു ഗ്രൂപ്പിന് ഈ മരുന്നും മറ്റൊരു ഗ്രൂപ്പിന് ഒരു പ്ലാഡിസോ മരുന്നും കൊടുത്തുകൊണ്ടുള്ള ഒരു പൈലറ്റ് പഠനം പെട്ടന്ന് നടത്തണം. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ ബന്ധപ്പെട്ട വിദഗ്ധരുമായി ആലോചിച്ചു കൈക്കൊള്ളണം. കാരണം ഈ രോഗത്തിനിപ്പോൾ മരുന്നില്ല. സ്റ്റേജ് നാലിലേക്കു പോയാൽ നമുക്ക് എല്ലാവരെയും ചികിൽസിക്കാൻ ഉള്ള സൗകര്യങ്ങളില്ല. പിന്നെ ഈ മരുന്ന് ഇവിടെ ലഭ്യമാണ്. വിലകുറവുമാണ്. അപ്പോൾ ഇത് ഭാഗികമായെങ്കിലും പ്രയോജനം ചെയ്താൽ അതും ഒരു നേട്ടമായിരിക്കും.
ഡോ: സി. ഭരത് ചന്ദ്രൻ