31/10/2024
#ഏവർക്കും #ദീപാവലി ആശംസകൾ 🧡💖
മനുഷ്യനെ അജ്ഞാനമാകുന്ന അന്ധകാരത്തില്‍ നിന്ന് അറിവിന്‍റെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സങ്കല്‌പം. ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ആസുരശക്തികളെ ഉന്മൂലനം ചെയ്‌ത് ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുകയാണ് ആഘോഷത്തിന്‍റെ അടിസ്ഥാനം.
ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
ദീപങ്ങളുടെ ഉൽസവമായ ഈ ആഘോഷം മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.
എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ് ദീവാളീ എന്നായിത്തീർന്നത്.
ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്.
ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം രാവണ-കുംഭകര്‍ണ-ഹനനത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേല്‍ക്കുന്ന ഒരു മഹത്തായ ഉത്സവമായി ദീപാവലി ആഘോഷിക്കപ്പെടുന്നു. ശ്രീരാമചന്ദ്ര ഭഗവാന്‍റെ രാജ്യാഭിഷേകത്തിന്‍റെ ഭാഗമായും ഈ ദീപോത്സവം ആഘോഷവും തിമിര്‍പ്പും ചേര്‍ന്ന് പവനമായ ഒരു അന്തരീക്ഷത്തില്‍ ഭംഗിയായി ആഘോഷിക്കുന്നു. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്‍റെ പിന്നിലെ വിശ്വാസം
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്‍റെ ആഘോഷമാണ് ദീപാവലി
ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി ദീപാവലി ആഘോഷിക്കുന്നത്
ശ്രീപാര്‍വ്വതീ ദേവിയുടെ 21 ദിവസത്തെ കഠിന വ്രതത്തിനൊടുവില്‍ ഭഗവാന്‍ ശിവന്‍റെ വാമഭാഗമായി ലയിക്കുന്ന ദിനമാണ് ദീപാവലി. ശിവന്‍ അര്‍ദ്ധനാരീശ്വരനാകുന്ന ദിവസത്തെയാണ് ദീപാവലിയായി ആഘോഷിക്കുന്നത്
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുണ്ട് ദീപാവലിക്ക്.
ധനത്രയോദശി
🧡🧡🧡🧡🧡🧡
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാര സ്ഥാപനങ്ങളും അലങ്കരിക്കും, വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
ഹിമ എന്ന രാജാവിന്‍റെ പുത്രനെ മരണവിധിയില്‍ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണ് ഇത്. രാജകുമാരന്‍ വിവാഹത്തിന്‍റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകത്തില്‍ . രാജുകുമാരന്‍റെ വിവാഹത്തിന്‍റെ നാലാം രാത്രിയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ വീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി. ഒരു പാമ്പിന്‍റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. അന്നു രാത്രി മുഴുവന്‍ രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം.
നരകചതുർദശി അഥവാ ചോട്ടി ദിവാളി
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
ദീപാവലി ആഘോഷത്തിന്‍റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്.
നരകാസുരനെ കൊന്ന് വിജയാഘോഷത്തില്‍ അസുരന്‍റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കി. ഇതിന്‍റെ ഓര്‍മയ്ക്കായി ചോട്ടി ദീവാളി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.
ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു. ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കാര്‍ത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു.
മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്‍റെ ഓര്‍മ്മക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി.
നരകാസുരന്‍ വധിക്കപ്പെട്ടു. കാരാഗൃഹത്തിലടക്കപ്പെട്ട സുന്ദരിമാരെല്ലാം മോചിതരായി. ദ്വാരകയിലെത്തിയതിനു ശേഷം യുദ്ധക്ഷീണം തീര്‍ക്കാന്‍ ശ്രീകൃഷ്ണന്‍ നന്നായി എണ്ണ തേച്ചുകുളിച്ചു. പത്നിമാര്‍ നല്‍കിയ മധുരം കഴിച്ചു. നരകാസുരന്‍റെ ദുഷ്ടതകളില്‍ നിന്നു ജനങ്ങള്‍ക്കു മോചനം ലഭിച്ചതിന്‍റെയും കാരാഗൃഹങ്ങളില്‍ നിന്നു സ്ത്രീകള്‍ സ്വതന്ത്രരായതിന്‍റെയും സന്തോഷത്താല്‍ രാത്രിയില്‍ ദീപങ്ങള്‍ കൊളുത്തി ആഘോഷം നടത്തി. ആ ദിവസത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ദീപാവലി
ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം.
ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു.
പച്ചവെള്ളത്തില്‍, ‘ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരീ ജലേസ്മിന്‍ സന്നിധിം കുരു’ എന്ന് ജപിച്ച് കൊണ്ട് കുളിച്ചാലും, ചൂട് വെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചുകൊണ്ട് കുളിച്ചാലും ഗംഗാസ്‌നാനം തന്നെ അനുഭവം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ചില ഭക്തര്‍.
തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ”എന്നാ ഗംഗാസ്‌നാനം ആച്ചാ” എന്നാണ് അഭിസംബോധന ചെയ്യുക. എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്‍റെ ഭാഗമാണ്.വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്‍റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്.
യമായ, ധര്‍മരാജായ, മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്‍വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്‌നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്.
യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടുന്നു.
ലക്ഷ്മി പൂജ
🧡🧡🧡🧡🧡
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി സൃഷ്ടിക്കപ്പെട്ട ദിനമാണ് ഈ ദിവസമെന്നാണ് ഐതിഹ്യം.
ബലി പ്രതിപദ അഥവാ വര്‍ഷപ്രതിപാദ
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്
ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടക്കുന്നു. ഈ - മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്‍ ശ്രീകൃഷ്ണന്‍റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു.
ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. അതിന്‍റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടക്കുന്നത്.
വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്..മഹാബലിയുടെ ത്യാഗത്തിന്‍റെ സ്മരണയ്ക്കായി അശ്വിനിമാസത്തിലെ അമാവാസിയോടനുബന്ധിച്ച് ദീപാവലി ആഘോഷം വാമനന്‍ തന്നെ ഏര്‍പ്പെടുത്തിയെന്ന വിശ്വാസവുമുണ്ട്.
ഭാതൃ ദ്വിതീയ
🧡🧡🧡🧡🧡
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.മരണത്തിന്‍റെ ദേവനായ യമന്‍ തന്‍റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്. യമി യമന്‍റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്‍റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് വിശ്വാസം. സഹോദരീസഹോദരന്മാര്‍ക്കിടിയിലെ സ്നേഹത്തിന്‍റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.
തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്‍റെ പ്രതീകമാണ് ദീപാവലി. ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു.
ദീപാവലിയാഘോഷം പലസ്ഥലങ്ങളിലും പലതരത്തിലാണ് ആചരിക്കുന്നത്. ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്നതാണ് ദീപാവലി ആഘോഷത്തില്‍ അടങ്ങിയിരിക്കുന്ന ഐതിഹ്യം. ഈ ദീപാവലി ദിവസവും ലോകത്ത് മനുഷ്യനിലെ ദുഷ്‌ടശകതികളെ നീക്കി നല്ല ശകതികള്‍ ആധിപത്യം സ്ഥാപിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രത്യേക മധുരപലഹാരങ്ങള്‍ കൈമാറിയും വീടെല്ലാം ദീപങ്ങളാല്‍ അലങ്കരിച്ചും, സന്തോഷസൂചകമായി പടക്കം കത്തിച്ചും നമുക്കും.ആഘോഷിക്കാം ദീപാവലി
എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ ........