23/03/2024
മധ്യവയസ്സു പിന്നിടുന്ന വലിയൊരു പക്ഷം സ്ത്രീകളെയും അലട്ടുന്ന ആർത്തവവിരാമത്തെക്കുറിച്ചും അതിൻ്റെ അനുബന്ധപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആയുർവേദത്തിൻ്റെ അനിതരസാധ്യതകളെക്കുറിച്ചുമാണ് ഈ കുറിപ്പ്. പ്രത്യുത്പാദനകാലത്തിൻ്റെ അന്ത്യം കുറിക്കുന്നതോടൊപ്പം ഒരുപാട് ശാരീരിക മാനസിക സാമൂഹ്യ പരിണാമങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ കാലഘട്ടം.
സ്വാഭാവിക കാലത്തല്ലാതെ നേരത്തെയോ വൈകിയോ സംഭവിക്കുന്ന ആർത്തവവിരാമം രോഗകാരിയാണ്. ഇത് പ്രത്യുത്പാദന വ്യവസ്ഥയെ മാത്രമല്ല രക്ത ചംക്രമണ സംവിധാനത്തെയും നാഡീവ്യൂഹത്തെയും ദഹന സംവിധാനത്തെയും മനോനിലയെയും വരെ ബാധിക്കുന്നു. അമിത ഉഷ്ണം, വിയർപ്പ്, ഉറക്കത്തിലെ തകരാറുകൾ, തലവേദന, അമിത നെഞ്ചിടിപ്പ്, മുടികൊഴിച്ചിൽ, വായുടെ വരൾച്ച,ദുർഗന്ധം, ക്രമാതീതമായ ഉത്കണ്ഠ, വിഷാദം, ശുണ്ഠി, അമിത ക്ഷീണം, തളർച്ച, വാതരോഗങ്ങൾ, അസ്ഥിതേയ്മാനം, മറവിരോഗം തുടങ്ങി നിരവധി ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. ആയുർവേദം ഈ ലക്ഷണങ്ങൾക്ക് കാരണമായി രജക്ഷയവും മേദോധാതു വൃദ്ധിയും ചൂണ്ടിക്കാട്ടുന്നു. ആയുർവേദദൃഷ്ട്യാ വാതവൃദ്ധിയും കഫക്ഷയവും അങ്ങനെ ത്രിദോഷങ്ങളുടെ സമനില തെറ്റുന്ന സമയമാണിത്, ഒപ്പം ധാതുക്ഷയവും അതിനെത്തുടർന്ന് ഓജോക്ഷയവും ആർത്തവനാശവും ഉണ്ടാകുന്നു.
ജീവിതചര്യയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ആർത്തവ വിരാമത്തിൽ ആശ്വാസമേകും - കാപ്പിയുടെയും എരിവും മസാലയും ചേർന്ന ആഹാരങ്ങളുടെയും ഉപയോഗം കുറക്കുക, പോഷകാഹാരം ശീലമാക്കുക പതിവായ വ്യായാമം, പ്രാണായാമം,തണുത്ത വെള്ളത്തിൽ മുഖവും കൈകളും കഴുകുക മുതലായവ.
ഹോർമോൺ നിലയിൽ വരുന്ന വ്യതിയാനങ്ങളും മാനസിക പിരിമുറുക്കവും ആർത്തവ വിരാമത്തിന് ശേഷമുള്ള ലൈംഗിക ജീവിതം ദുഷ്കരമാക്കാം. ചില വ്യായാമമുറകൾ (Kegel's excercise പോലെ), വിറ്റാമിൻ E സപ്ലിമെൻ്റ്, ലൂബ്രിക്കൻ്റുകളുടെ ഉപയോഗം തുടങ്ങിയവ ഇത്തരം പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
ചിട്ടയായ പരിശോധനകൾ (മാമ്മോഗ്രഫി, പാപ് സ്മിയർ, ബോൺ ഡെൻസിറ്റീ സ്റ്റഡി പോലെയുള്ളവ)ആർത്തവവിരാമവർഷങ്ങൾക്ക് മുൻപ് തന്നെ സ്ത്രീജീവിതത്തിൻ്റെ ഭാഗമാവണം.
ആർത്തവ വിരാമത്തിനു ആയുർവേദം നിർദേശിക്കുന്ന മരുന്നുകളിൽ പ്രധാനമാണ് ഫൈറ്റോ ഈസ്ട്രോജെനുകൾ ധാരാളമായി അടങ്ങിയ ശതാവരിയുടെ വിവിധ ഔഷധപ്രയോഗങ്ങൾ. കൂടാതെ അഭ്യംഗം, അവഗാഹം, ലേപനം, ഉത്തരവസ്തി തുടങ്ങിയവയും ഫലപ്രദമാണ്. അമിത ഉഷ്ണത്തിനും തലവേദനക്കും ദ്രാക്ഷാദി കഷായവും ശതാവര്യാദി കഷായവും മറ്റും ഉൾപ്പെടുന്ന പിത്തരോഗചികിത്സയാണ് വിധിക്കുന്നത്. മുടികൊഴിച്ചിലിന് അസ്ഥിക്ഷയത്തിൻ്റെ ചികിത്സയാണ് പ്രതിവിധി. ഗുഹ്യഭാഗങ്ങളിലെ വരൾച്ചക്ക് ധാന്വന്തരം ലേപനമാണ് നിർദേശിക്കുന്നത്. രസായന പ്രയോഗങ്ങളും ഏറെ ഗുണം ചെയ്യും.
ആർത്തവവിരാമം ജീവിതാനന്ദങ്ങളുടെയെല്ലാം അവസാനമല്ല; മറിച്ച് പരിണാമത്തിൻ്റെ മറ്റൊരു നാഴികക്കല്ലാണ്, പുതിയൊരു ജീവിതത്തിൻ്റെ തുടക്കമാണ്. കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും പിന്തുണയോടെ ഇത് ജീവസ്സുറ്റതാക്കാം. ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടാനും വാർധക്യകാല ലക്ഷണങ്ങളെ ലക്ഷണങ്ങളെ വൈകിപ്പിക്കാനും ആയുർവേദത്തിൻ്റെ സുഖദമാർഗത്തിലൂടെ സഞ്ചരിക്കാം......
സ്ത്രീകളിൽ നിക്ഷേപിച്ച് പുരോഗതി ത്വരിതപ്പെടുത്താനും സമസ്ത മേഖലകളിലും സ്ത്രീകളെ ഉൾക്കൊള്ളിക്കാനും ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര വനിതാദിനം കടന്നുപോയേ ഉള്ളൂ. പക്വതയും വിവേകവും ഒപ്പം ആരോഗ്യവും കൈമുതലായ മുതിർന്ന വനിതകൾ സമൂഹത്തിന് മുതൽക്കൂട്ടാവട്ടെ......
ഡോ. ജിജി.വി.വി.