Prasad Amore

Prasad Amore This is the official page of psychologist,and writer Prasad Amore.

എന്തുകൊണ്ടാണു മനുഷ്യസഹനങ്ങളെ വൈകല്യങ്ങളായി  തരം തിരിക്കാനാകാത്തത്  ആളുകൾ വേദനകളെ ചില പേരുകളിലും അക്ഷരങ്ങളിലുമായി വിശദീകര...
28/12/2025

എന്തുകൊണ്ടാണു മനുഷ്യസഹനങ്ങളെ വൈകല്യങ്ങളായി തരം തിരിക്കാനാകാത്തത്


ആളുകൾ വേദനകളെ ചില പേരുകളിലും അക്ഷരങ്ങളിലുമായി വിശദീകരിക്കുന്നത് നിങ്ങളെ എല്ലായിടത്തും കണ്ടിട്ടുണ്ടാകും, “OCD.” “BPD.” “GAD, വിഷാദം (Depression.)

ഇത് വളരെ കൃത്യവും ക്രമീകൃതവും വൈദ്യശാസ്ത്രപരവുമാണ്.

പക്ഷേ മനുഷ്യനായിരിക്കുന്നതിനു ഇതെന്താണർത്ഥമാക്കുന്നതെന്ന് യഥാർത്ഥത്തിലിത് വിശദീകരിക്കുന്നുണ്ടോ?

ഭാരത്തോടെ ഉണർന്നെഴുനേൽക്കുക, നഷ്ടങ്ങളെക്കുറിച്ച് ഭയക്കുക, സ്നേഹത്തിനു വേണ്ടി ആഗ്രഹിക്കുക, നിങ്ങള്ക്ക് എന്തുവേണമെന്നതിനും, എന്താണു കഴിയുക എന്നതിനുമിടയ്ക്ക് കുടുങ്ങിക്കിടക്കുന്നതായി തോന്നുക എന്നെല്ലാമാണിത് അർത്ഥമാക്കുന്നതെന്ന്.

ഒരുപക്ഷേ നമ്മൾ "അസ്വസ്ഥതകൾ" എന്ന് വിളിക്കുന്നത് മനസ്സിന്റെ രോഗങ്ങളായിരിക്കില്ല, മറിച്ച് വളരെക്കാലമായി തെറ്റിദ്ധരിക്കപ്പെട്ടതും, വഹിക്കാൻ കഴിയാത്തത്ര കൂടുതലായി മാറിയതുമായ ജീവിതത്തിന്റെ പ്രകടനങ്ങളായിരിക്കാം.


വേദനകളുടെ നാമകരണത്തിന്റെ ചരിത്രം

ഒരു കാലത്ത്, മനുഷ്യരുടെ കഷ്ടപ്പാടുകൾ വിഷാദം, ദു:ഖം അല്ലെങ്കിൽ ശോകം എന്നൊക്കെ വിളിക്കപ്പെട്ടിരുന്നു. പിന്നീടത് ന്യൂറോസിസ് , സമനില തെറ്റൽ, മാനസികാസ്വസ്ഥത എന്നെല്ലാമായി മാറി.

ശാസ്ത്രത്തിനു വികാരങ്ങളെ ശുദ്ധീകരിക്കുവാനും അളക്കുവാനും നിർവചിക്കുവാനും മെരുക്കുവാനും കഴിയുമെന്ന പ്രതീക്ഷയിൽ ഓരോ നൂറ്റാണ്ടിലും നാമവയ്ക്ക് പുതിയ പേരുകൾ നൽകി.

അതെ, ശരിയാണ്, മരുന്നുകൾ സഹായിച്ചിട്ടുണ്ട്-

ഒരിക്കൽ പറയാനാവാത്തതായിരുന്ന അത്തരം സംഗതികൾക്ക് ആളുകൾ വാക്കുകളും ചികിത്സയും കണ്ടുപിടിച്ചു. പക്ഷേ അതേ പ്രക്രിയയിൽത്തന്നെ, നാം വിശദീകരണത്തെയും നിർവചനത്തെയും തമ്മിൽ തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പത്തിലായിത്തുടങ്ങി.

എന്തെങ്കിലും ഒരു സംഗതിയ്ക്ക് ഒരു ലേബൽ അഥവാ ഒരു നാമകരണം ഉണ്ടായാൽ അതിനൊരു വ്യക്തമായ പരിധി ഉണ്ടെന്നു നാം വിശ്വസിച്ചു തുടങ്ങി.

എന്നാൽ, ഈ പ്രശ്നങ്ങൾ അങ്ങനെയല്ല. അതൊരു വിവരപ്പട്ടികയിൽ ഒതുങ്ങുന്നതല്ല. അത് വളരുകയും മാറ്റങ്ങൾക്കു വിധേയമാകുകയും ഒളിക്കുകയും തിരികെയെത്തുകയും എല്ലാം ചെയ്യുന്നു.

കുട്ടിക്കാലവും സംസ്കാരവും ശരീരവും നഷ്ടവും സ്നേഹവും എല്ലാം കൊണ്ടാണ് അത് ഉരുവപ്പെടുന്നത്. രണ്ടു ദു:ഖങ്ങൾ എങ്ങനെ നോക്കിയാലും ഒരുപോലെയുള്ളവയാകില്ല.


മസ്തിഷ്കം രോഗനിർണ്ണയപ്പുസ്തകങ്ങൾ വായിക്കുന്നില്ല


നിങ്ങളുടെ മസ്തിഷ്കത്തിനു ഒരു അസ്വസ്ഥത അഥവാ വൈകല്യം എന്താണെന്ന് അറിയില്ല. അതിനു സമ്മർദ്ദവും അതിജീവനവും സമരസപ്പെടലും മാത്രമേ അറിയൂ.

നിങ്ങൾക്ക് ഹൃദയവേദന, സാമൂഹിക തിരസ്കരണം അല്ലെങ്കിൽ ഭയം എന്നിവ അനുഭവപ്പെടുമ്പോൾ,നിങ്ങളുടെ പൂർവ്വികരെ ജീവനോടെ നിലനിർത്തിയ അതേ ശ്രേണികളെയാണ് നിങ്ങളുടെ അമിഗ്ഡല പ്രവർത്തിപ്പിക്കുന്നത്.

നിങ്ങളുടെ പ്രീഫ്രോണ്ടൽ കോർട്ടെക്സ് യുക്തിസഹമായി ചിന്തിക്കാനും ആസൂത്രണം ചെയ്യാനും പ്രവചിക്കാനും ശ്രമിക്കുന്നു.

നിങ്ങളുടെ ഓട്ടോണൊമിക് നാഡീവ്യൂഹം നിങ്ങളുടെ ശ്വസനം, ദഹനേന്ദ്രിയം,
ഹൃദയമിടിപ്പ് എന്നിവയെ അതിനനുസരിച്ച് ക്രമീകരിക്കുന്നു.

ഉത്കണ്ഠാ രോഗം ( anxiety disorder) എന്നു മനശാസ്ത്രം വിളിക്കുന്നത് പലപ്പോഴും ശരീരത്തിന്റെ അപകട മുന്നറിയിപ്പു സംവിധാനം (alarm system) അമിതമായി പ്രവർത്തിക്കുന്നതിനെയാണ്.

നമ്മൾ "വിഷാദം" (depression) എന്ന് വിളിക്കുന്നത്
ചിലപ്പോൾ ഊർജ്ജം സംരക്ഷിക്കുന്നതിനായി നാഡീവ്യൂഹം സ്വയം മന്ദഗതിയിലാക്കുന്നതിനെയാണ്.

നമ്മൾ "അതിർത്തിരേഖ" (borderline”) എന്ന് വിളിക്കുന്നത്
വികാരങ്ങൾക്ക് ഒരിക്കലും സുരക്ഷിതത്വം ലഭിക്കാത്ത ഒരാളുടെ വേദനയെയായിരിക്കാം.

മസ്തിഷ്കം എളുപ്പത്തിൽ തകർന്നുവീഴില്ല, - അത് പൊരുത്തപ്പെടുന്നു.
ചിലപ്പോൾ, ഈ പൊരുത്തപ്പെടൽ സഹനം പോലെ, രോഗം പോലെ കാണപ്പെടുന്നു.


വാക്കുകൾ കൂടുകളാകുമ്പോൾ

ലേബലുകൾ വഴികാട്ടാനുള്ളതാണ്, തടവിലാക്കാനുള്ളതല്ല.

എന്നാൽ അവ തിരിച്ചറിയൽ സംവിധാനമായി മാറുമ്പോൾ,
അവ ജിജ്ഞാസയെ നിശബ്ദമാക്കാൻ തുടങ്ങുന്നു.

“എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്?” എന്ന് ചോദിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കുന്നു, ഒപ്പം "എനിക്ക് ഈ വൈകല്യമുണ്ട് " എന്ന് പറഞ്ഞു തുടങ്ങുന്നു.

ആ ചെറിയ മാറ്റം നിങ്ങളുടെ ആത്മകഥയെ പുനർനിർമ്മിക്കുന്നു.

അത് നിങ്ങളെ അർത്ഥത്തിൽ നിന്ന് പ്രവർത്തന സംവിധാനത്തിലേയ്ക്കും
രോഗശാന്തിയിൽ നിന്ന് ജീവിതത്തിന്റെ നടത്തിപ്പിലേയ്ക്കും
മനുഷ്യനിൽ നിന്ന് രോഗിയിലേയ്ക്കും സ്ഥിതി മാറ്റുന്നു.


നിങ്ങളുടെ ദുഃഖത്തെ "ഗുരുതര വിഷാദം" ആയി മാത്രം കാണുമ്പോൾ, നിങ്ങളുടെ ബന്ധങ്ങൾ, നിങ്ങളുടെ ശരീരത്തിന്റെ താളം, പരിസ്ഥിതി, നിങ്ങളുടെ പറയപ്പെടാത്ത സ്മരണകൾ എന്നിവയെല്ലാം ഒരേ ജൈവശ്രേണിയുടെ ഭാഗമാണെന്നതു കാണാൻ നിങ്ങൾ മറന്നു പോകുന്നു.

നിങ്ങളുടെ വേദന ഒരു തകരാറല്ല - അത് ആശയവിനിമയമാണ്.

സത്യത്തിലൂടെ എങ്ങനെ സംസാരിക്കണമെന്ന് നാവ് മറന്നുപോകുമ്പോൾ, മസ്തിഷ്കം ലക്ഷണങ്ങളിലൂടെ സംസാരിക്കുന്നതാണത്.


സങ്കീർണ്ണതയുടെ ശാസ്ത്രം

മാനസികാവസ്ഥകൾ ഒറ്റപ്പെട്ട രോഗങ്ങളല്ല, മറിച്ച് ശൃംഖലാ രൂപങ്ങളാണെന്നാണ് ആധുനിക നാഡീശാസ്ത്രം (ന്യൂറോസയൻസ്) കാണിച്ചു തരുന്നത്.

ഭയം, ആനന്ദം, പ്രചോദനം, നിരാശ - അവ ഒറ്റയൊറ്റയായ മേഖലകൾ കൊണ്ടോ "രാസ അസന്തുലിതാവസ്ഥ" കൊണ്ടോ ഉണ്ടാകുന്നതല്ല.

ന്യൂറോണുകൾ, ഹോർമോണുകൾ, ജീവിതാനുഭവങ്ങൾ എന്നിവയ്ക്കിടയിലുള്ള ആയിരക്കണക്കിന് സൂക്ഷ്മ ഇടപെടലുകളിൽ നിന്നാണ് അവ ഉയർന്നുവരുന്നത്.

അതുകൊണ്ടാണ് ഏതു രണ്ടു വിഷാദരോഗങ്ങളും ഒരുപോലെ കാണപ്പെടാത്തത്.
രണ്ട് ഉത്കണ്ഠ രോഗങ്ങൾ ഒരുപോലെയാകുന്നില്ല.
ബ്രെയിൻ ഇമേജിംഗ് (മസ്തിഷ്ക ചിത്രീകരണം) ഇത് സ്ഥിരീകരിക്കുന്നുണ്ട്:

എല്ലാ മാനസിക വൈകല്യങ്ങളിലും പാറ്റേണുകൾ തമ്മിൽ പരസ്പരം കടന്നുകയറുന്നു.

യഥാർത്ഥത്തിൽ മനുഷ്യ ശരീരം ആന്തരികമോ ബാഹ്യമോ ആയ സമ്മർദ്ദവുമായി പൊരുത്തപ്പെടുന്ന വ്യത്യസ്തരീതികളാണവ.

അതായത് "മാനസിക രോഗം" എന്നും നാം വിളിക്കുന്ന അവസ്ഥ
പലപ്പോഴും സമനില പുനഃസ്ഥാപിക്കുന്നതിനുള്ള ശരീരത്തിന്റെ അവസാന ശ്രമമാണ്.


ലഘു വിശകലനം

നിങ്ങളുടെ കഷ്ടപ്പാട് നിങ്ങളെ അസുഖത്തിൽ അഥവാ അസ്വസ്ഥതയിൽ ആക്കുകയല്ല- അതു നിങ്ങളെ ജൈവമാക്കുന്നു.
ആഴത്തിൽ അനുഭവിക്കുക എന്നത് ഒരു പോരായ്മയല്ല; ധത്തിനു നൽകുന്ന വിലയാണത്.

ഈ ആധുനിക ലോകത്ത് -കൈകാര്യം ചെയ്യാൻ ശരീരം പരിണാമത്തിലൂടെ ആർജ്ജിച്ചതിലും വേഗത്തിൽ നീങ്ങുന്ന ഒരു ലോകം - എങ്ങനെ ജീവിക്കണമെന്ന് ഇപ്പോഴും പഠിക്കുന്ന ഒരു നാഡീവ്യവസ്ഥയുടെ ഭാഗമാണ് നിങ്ങൾ.

അപ്പോൾ, “എനിക്ക് എന്താണ് കുഴപ്പം?” എന്ന് ചോദിക്കുന്നതിനുപകരം, “എന്റെ വേദന എന്നോട് എന്താണ് പറയാൻ ശ്രമിക്കുന്നത്?” എന്ന് ചോദിക്കുക.

ഓരോ പരിഭ്രാന്തിയും, ഓരോ വിഷാദാവസ്ഥയും, ഓരോ അസ്വസ്ഥമായ രാത്രിയും
നിങ്ങളുടെ ജീവശാസ്ത്രത്തിൽ നിന്നുള്ള ഒരു സന്ദേശമാണ്:
“എന്തോ ഒന്നിനു ശ്രദ്ധ ആവശ്യമാണ്. എന്തോ ഒന്നിനു പരിചരണം ആവശ്യമാണ്.”

മുൻ വിധികളില്ലാതെ ദീനാനുകമ്പയോടെ നിങ്ങളതു കേൾക്കുമ്പോൾ - നിങ്ങൾ സുഖം പ്രാപിച്ചു തുടങ്ങുന്നു- നിങ്ങളുടെ സ്വഭാവത്തോടു പൊരുതിക്കൊണ്ടല്ല, അതിനോടു സൗഹൃദം സ്ഥാപിച്ചുകൊണ്ട്.

നിങ്ങൾ ഒരു രോഗനിർണ്ണയമല്ല. നിങ്ങളൊരു ജൈവസംവിധാനമാണ്- സമരസപ്പെടുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ജീവനും ബുദ്ധിയുമുള്ള ഒന്ന്.

ശാസ്ത്രക്കുറിപ്പുകൾ

വൈകാരികമായ വേദനകൾ ശാരീരിക വേദനകളുടെ അതേ മസ്തിഷ്ക ശ്രേണികളെയാണ് സജീവമാക്കുന്നത് എന്നാണ് ന്യൂറോ സയന്റിഫിക് പഠനങ്ങൾ കാണിക്കുന്നത്, വിശേഷിച്ചും ആന്റീരിയർ സിങ്ഗുലേറ്റ് കോർട്ടെക്സിലും ഇൻസുലയിലും. (anterior cingulate cortex and insula.)

വിഷാദം, ഉത്കണ്ഠ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ രോഗനിർണയ വിഭാഗങ്ങൾ
പരസ്പരം ഇടങ്ങൾ പങ്കിടുന്ന നാഡീ സവിശേഷതകൾ കാണിക്കുന്നു.

മസ്തിഷ്കം അവയെ വേർതിരിക്കുന്നില്ല -

പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സംവിധാനങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയാണു ഇത് പ്രകടിപ്പിക്കുന്നത്.

ഇതിനർത്ഥം രോഗശുശ്രൂഷകൾ വ്യക്തിഗതമാക്കുകയും ഏകീകരിക്കുകയും വേണം, കർക്കശമായ മനോരോഗശാസ്ത്ര ലേബലുകളാൽ അവയെ പരിമിതപ്പെടുത്തരുത് എന്നാണ്.

അർത്ഥശൂന്യമാണെന്നറിയാമായിട്ടും എന്തുകൊണ്ടാണു അമിത ചിന്ത നിങ്ങൾക്ക് അവസാനിപ്പിക്കുവാനാകാത്തത്? ഒരു നീണ്ട  പകലിനുശേഷം നിങ്...
25/12/2025

അർത്ഥശൂന്യമാണെന്നറിയാമായിട്ടും എന്തുകൊണ്ടാണു അമിത ചിന്ത നിങ്ങൾക്ക് അവസാനിപ്പിക്കുവാനാകാത്തത്?

ഒരു നീണ്ട പകലിനുശേഷം നിങ്ങൾ കിടക്കയിൽ കിടക്കുന്നു, വിശ്രമത്തിലേയ്ക്കു വീഴുന്നതിനു പകരം നിങ്ങളുടെ മനസ്സ് അതിന്റെ നിശബ്ദ മാരത്തോൺ ആരംഭിക്കുന്നു.

നിങ്ങൾ അന്നു സംസാരിച്ച ഓരോ വാക്കും നൽകിയ ഓരോ നോട്ടവും സാധ്യമായ ഓരോ തെറ്റും എല്ലാം വീണ്ടും ഓർക്കുന്നു, മറിച്ചും തിരിച്ചും പരിശോധിക്കുന്നു. അത് ഉപയോഗശൂന്യമാണെന്ന് നിങ്ങൾക്കറിയാം.

അതവസാനിപ്പിക്കണമെന്ന് നിങ്ങൾ സ്വയം ആവശ്യപ്പെടുന്നുണ്ട്. എങ്കിലും ആ ചിന്തകൾ വീണ്ടും കറങ്ങി തിരികെ വരുന്നു, വാശിയോടെ.

"എന്തുകൊണ്ടാണു ഞാൻ എന്നോടിത് ചെയ്തുകൊണ്ടേയിരിക്കുന്നത്? നിങ്ങൾ സ്വയം ചോദിക്കുന്നു. നിങ്ങൾ ക്ഷീണിതരല്ല, തകർന്നവശരായിട്ടില്ല. മനുഷ്യമസ്തിഷ്കത്തിന്റെ ഏറ്റവും പഴയ പ്രവർത്തനമാതൃകകളിലൊന്നിൽ നിങ്ങൾ കുടുങ്ങിപ്പോയിരിക്കുന്നു എന്നു മാത്രമാണിത് അർത്ഥമാക്കുന്നത്.

പൂർത്തീകരിക്കാത്ത ഇടപാടുകൾ ഒരിക്കലും ഇഷ്ടപ്പെടാത്ത മസ്തിഷ്കം

ഇടപാടുകളെ, സംഗതികളെ അർത്ഥവത്താക്കുകയാണു നിങ്ങളുടെ മസ്തിഷ്കത്തിന്റെ ജോലി.

ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ, അനിശ്ചിതമായ ഭാവികാര്യങ്ങൾ, വൈകാരിക അകൽച്ചകൾ എന്നിങ്ങനെയുള്ള പൂർത്തീകരിക്കാത്ത സംഗതികളോട് മസ്തിഷ്കത്തിനു വെറുപ്പാണ്.

എന്തെങ്കിലുമൊന്ന് അപൂർണ്ണമായി തോന്നുമ്പോൾ, അത് പൂർത്തീകരിക്കപ്പെടുന്നതുവരെ മസ്തിഷ്കം അതിൽ ചൂഴ്ന്നുനിൽക്കും. വർദ്ധിച്ച ചിന്തകൾ തെറ്റുകളിൽ നിന്നും പശ്ചാത്താപങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുമെന്ന് മസ്തിഷ്കം വിശ്വസിക്കുന്നു.

പക്ഷേ ജീവിതം അപൂർവ്വമായി മാത്രമേ സമ്പൂർണ്ണ ഉത്തരങ്ങൾ നൽകുകയുള്ളു, അതിനാൽ ചിന്തയുടെ ഈ ചുറ്റുകൾ അവസാനമില്ലാതെ തുടരും.

അമിതമായ ചിന്തയെന്നാൽ, കാരണമില്ലാത്ത ബാധയോ മന:പീഡയോ അല്ല, അതു നിങ്ങളെ സുരക്ഷിതരാക്കുവാൻ കഠിനമായി ശ്രമിക്കുന്ന സ്വന്തം അതിജീവനസംവിധാനമാണ്.


നിയന്ത്രണത്തിന്റെ മിഥ്യ

ജീവിതം അത്രത്തോളോം അനിശ്ചിതമായി അനുഭവപ്പെടുന്നോ, മനസ്സ് അത്രയേറെ നിയന്ത്രണങ്ങൾക്കു വേണ്ടി തേടുകയും ചെയ്യുന്നു.

ചിന്തിക്കുക എന്ന പ്രവൃത്തി, എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന തോന്നൽ നമുക്കു നൽകുന്നു. കഴിഞ്ഞുപോയ ദിവസത്തെ വീണ്ടും മനസ്സിൽ സൃഷ്ടിക്കുമ്പോൾ, പ്രശ്നങ്ങളെ നേരിടുവാൻ തയാറായതുപോലെ തോന്നും.

ഒരു സംഭാഷണത്തെ വിശകലനം ചെയ്യുമ്പോൾ, നിങ്ങൾക്ക് ജാള്യതയിൽ നിന്നും രക്ഷപെട്ടതായി തോന്നും. പക്ഷേ, സുരക്ഷ എന്ന മിഥ്യ കൊണ്ടാണു നിങ്ങൾ സമാധാനം വാങ്ങുന്നതെന്നുള്ളതാണു യാഥാർത്ഥ്യം.

ചിന്തകളുടെ ആവർത്തനം കൊണ്ട് സാഹചര്യങ്ങളെ നിയന്ത്രണത്തിലാക്കാമെന്നു മസ്തിഷ്കം തെറ്റിദ്ധരിക്കുന്നു. അതിങ്ങനെ പറയുന്നു, " ഞാനത് ഒരു തവണ കൂടി നന്നായി ചിന്തിച്ചാൽ എനിക്കതുറപ്പാകും." പക്ഷേ സുനിശ്ചിതത്വം ഒരിക്കലും വരില്ല, എന്തെന്നാൽ ചിന്തയ്ക്ക് അപകടസാധ്യതകളെ ഒഴിവാക്കുവാനുള്ള കഴിവില്ല, അവയെ പ്രവചിക്കുവാൻ മാത്രമേ കഴിയൂ, തടയുവാൻ ആകില്ല.

അതുകൊണ്ടാണു അമിതചിന്ത അവസാനമില്ലാത്തതായി അനുഭവപ്പെടുന്നത്. മാറിക്കൊണ്ടേയിരിക്കുന്ന ഒരു ലോകത്തിൽ, നിയന്ത്രണത്തിനു വേണ്ടിയുള്ള ഒരന്വേഷണമാണിത്.

ശരീരവും ആ കുരുക്കിൽ പങ്കുചേരുന്നു.

അമിതചിന്ത മാനസികം മാത്രമല്ല, അത് ശാരീരികവുമാണ്.

നിങ്ങൾ വിഷമിച്ചിരിക്കുമ്പോൾ, ശരീരം സമർദ്ദ ഹോർമോണുകളെ ഉദ്പാദിപ്പിക്കുന്നു, അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവ കുറഞ്ഞ അളവിലാണെങ്കിലും ഏറ്റക്കുറച്ചിലുകളില്ലാതെ പുറത്തുവരുന്നു.

അത് നിങ്ങളുടെ ജാഗ്രതാസംവിധാനത്തെ ഉണർത്തുന്നു. പേശികളിൽ സമ്മർദ്ദമനുഭവപ്പെടുന്നു, ശ്വാസം ആഴമില്ലാത്തതാകുന്നു, ഹൃദയം അല്പം കൂടുതൽ വേഗതയിൽ മിടിക്കുന്നു.

എന്തോ ഒരു പ്രശ്നമുണ്ടെന്ന് ഇവയെല്ലാം മസ്തിഷ്കത്തിനു സൂചന നൽകുന്നു. ശരീരത്തിന്റെ അപകടസൂചന കേൾക്കുന്ന മനസ്സ് കൂടുതൽ ഗൗരവത്തോടെ ചിന്തിക്കുന്നു.

അങ്ങനെ ഈ ചാക്രികത തുടരുന്നു, ചിന്ത മാനസികസമ്മർദ്ദമുണ്ടാക്കുന്നു, സമ്മർദ്ദം ചിന്തകൾക്ക് ആഹാരമാകുന്നു.


സകല ചിന്തകൾക്കും അടിയിലുള്ള അദൃശ്യഭയം

""എനിക്കതിനായില്ലെങ്കിൽ എന്താകും? എന്തെങ്കിലും തെറ്റായിപ്പോയാൽ എന്തു സംഭവിക്കും? എനിക്കതു നിയന്ത്രിക്കാനായില്ലെങ്കിൽ എന്താകും ഉണ്ടാകുക?" ചിന്തയുടെ ഓരോ കുരുക്കും അതിന്നടിയിൽ ഇത്തരത്തിലൊരു നിശബ്ദഭയത്തെ ഒളിപ്പിക്കുന്നുണ്ട്.

"ഞാൻ ഭയപ്പെടുന്നു" എന്നു മനസ്സ് വിനീതമായി പറയുന്ന മാർഗ്ഗമാണു അമിതചിന്ത. അതു നിങ്ങളെ ചലനത്തിൽത്തന്നെ നിലനിർത്തുന്നു, അങ്ങനെ നിങ്ങൾക്ക് അതിന്നടിയിലെ നിശ്ചലത, ജീവിതമൊരിക്കലും സുരക്ഷ ഉറപ്പു തരുന്നില്ലെന്ന അനിശ്ചിതതത്വം, അനുഭവപ്പെടാതെയുമിരിക്കുന്നു.

കൂടുതൽ അറിയുന്നതിൽനിന്നല്ല സമാധാനമുണ്ടാകുന്നത്, മറിച്ച് നമുക്കൊരിക്കലും എല്ലാമറിയുവാൻ സാധ്യമല്ലെന്ന് അംഗീകരിക്കുന്നതിൽ നിന്നാണ് എന്നതാണു വിരോധാഭാസം.


ഈ കുരുക്കിനു പിന്നിലെ ശാസ്ത്രം

അമിതമായ ചിന്ത മസ്തിഷ്കത്തിലെ medial prefrontal cortex, posterior cingulate cortex എന്നിവ ഉൾപ്പെടുന്ന default mode network എന്നു വിളിക്കപ്പെടുന്ന മേഖലകളുടെ സഞ്ചയത്തെ പ്രവർത്തനക്ഷമമാക്കുന്നു.

നിങ്ങൾ ബാഹ്യലോകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ആന്തരികതയിലേയ്ക്ക് തിരിയുന്ന അവസരങ്ങളിൽ ഈ മേഖലകൾ പ്രകാശിതമാകുന്നു. അത് മനനത്തിനും സർഗ്ഗാത്മകതയ്ക്കും ഉപയോഗപ്രദമാണ്, പക്ഷേ ഇതോടൊപ്പം ഉത്കണ്ഠയിലമർന്ന അമിഗ്ഡല കൂടി ചേരുമ്പോൾ, അത് സ്വയം പരാമർശിത ചിന്തകളുടെ ആവർത്തനം കൊണ്ട് അമിതമായ സക്രിയത പ്രകടിപ്പിക്കും.

അതിനാലാണ് ഏകാഗ്രതയും ജോലികളിൽ മനസ്സുറപ്പിക്കുന്നതും അക്ഷരാർത്ഥത്തിൽ അമിതചിന്തയുടെ കുരുക്കുകളെ ശാന്തമാക്കുന്നത്.

അവ മസ്തിഷ്കപ്രവർത്തനങ്ങളെ default mode network ൽ നിന്നും തത്സമയവൃത്തികളിലെ ശ്രദ്ധയും ഇന്ദ്രിയാവബോധങ്ങളും കൈകാര്യം ചെയ്യുന്ന മേഖലകളിലേയ്ക്ക് മസ്തിഷ്കപ്രവർത്തനങ്ങളെ വഴിമാറ്റി വിടുകയാണു ചെയ്യുന്നത്.


ലഘു അവലോകനം

അമിതചിന്തകൾ അവസാനിപ്പിക്കുവാൻ മനസ്സിനെ നിർബന്ധിക്കുവാൻ നിങ്ങൾക്കാകില്ല. വിശ്രമിക്കുവാൻ പര്യാപ്തമായ വിധത്തിൽ സുരക്ഷിതരാണെന്ന് മനസ്സിനെ ഓർമ്മപ്പെടുത്തുവാനേ കഴിയൂ. ചിന്തകൾ ചുറ്റിത്തിരിയുമ്പോൾ, അവയോട് പൊരുതുവാൻ ശ്രമിക്കരുത്, നിരീക്ഷിക്കുക.

"എന്റെ മസ്തിഷ്കം എന്നെ സുരക്ഷിതമാക്കുവാനാണു ശ്രമിക്കുന്നത്, പക്ഷേ എനിക്കിപ്പോൾ സുരക്ഷ ആവശ്യമില്ല," എന്നു സ്വയം പറയുക. അതിനുശേഷം ഭൗതികമായ ചില കാര്യങ്ങളിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കുക, ശ്വാസോഛ്വാസം, മുറിയിലെ ശബ്ദങ്ങൾ, തറയിലെ കാൽസ്പർശം എന്നിങ്ങനെ. ശരീരം ശാന്തമാണെന്നറിയുമ്പോൾ മസ്തിഷ്കവും ശാന്തമാകും.

നിങ്ങൾ, നിങ്ങളുടെ ചിന്തകളല്ല. അവ വരികയും പോകുകയും ചെയ്യുന്നത് നിരീക്ഷിക്കുന്ന നിങ്ങളുടെ ബോധമാണ്. പരിപൂർണ്ണമായ ഉത്തരങ്ങൾ ആവശ്യപ്പെടുന്നത് അവസാനിപ്പിച്ചാൽ, മനസ്സ് മുറവിളികൾ നിർത്തുകയും വീണ്ടും സൗമ്യമന്ത്രണം ആരംഭിക്കുകയും ചെയ്യും.


അന്ത്യവാക്യം

അമിതചിന്ത നിങ്ങളുടെ ശത്രുവല്ല, വളരെയേറെ വിഷമിക്കുന്ന ഒരു പഴയ സൂഹൃത്താണ്. അറിയാവുന്ന ഒരേ ഒരു രീതിയിൽ അതു നിങ്ങളെ സ്നേഹിക്കുന്നു- എന്തും നേരിടുവാൻ നിങ്ങളെ തയാറാക്കുന്ന രീതി. പക്ഷേ നിങ്ങൾ എല്ലാത്തിനും വേണ്ടി തയാറാകേണ്ടതില്ല. ഇവിടെയുണ്ടായാൽ മാത്രം മതി.

ആ സന്ദർഭത്തെ അപൂർണ്ണമായിത്തന്നെ അവശേഷിക്കുവാൻ അനുവദിച്ചാലോ? കുരുക്കിന്റെ ലക്ഷ്യം നഷ്ടമാകുന്നു. ഒപ്പം, മെല്ലെ, മെല്ലെ ചിന്തയിൽ നിന്നു ചിന്തയിലേയ്ക്ക് മാറി, ഒടുവിൽ സമാധാനമെന്നത് എങ്ങനെയാണെന്ന് നിങ്ങളോർമ്മിക്കുവാൻ തുടങ്ങുന്നു.

ശാസ്ത്രക്കുറിപ്പുകൾ

നിരന്തരമായ അമിതചിന്ത default mode network ന്റെ നിയന്ത്രണാതീതമായ പ്രവർത്തനത്വരയുമായും prefrontal cortex ൻ്റെ നിയന്ത്രണക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏകാഗ്രതയും കായികാധ്വാനവും പുതുമയുടെ അനുഭവവും ഈ പ്രവർത്തനത്തെ ഇന്ദ്രിയ സംവേദനത്തിലേയ്ക്കും പേശീ വ്യൂഹത്തിന്റെ നിയന്ത്രണത്തിലേയ്ക്കും ശ്രദ്ധ തിരിക്കുന്നു. തന്മൂലം ആവർത്തിതമായ ചിന്തകൾ കുറയുകയും തൽസമയ അവബോധം വർദ്ധിക്കുകയും ചെയ്യും.

ചില ദിവസങ്ങളിൽ മുഖത്തിന് മങ്ങലോ, ഭാരമോ തോന്നുന്നത് എന്തുകൊണ്ടാവാം? ചില പ്രഭാതങ്ങളിൽ രാവിലെ ഉണർന്നെഴുനേറ്റ് കണ്ണാടിയിൽ നോ...
07/12/2025

ചില ദിവസങ്ങളിൽ മുഖത്തിന് മങ്ങലോ, ഭാരമോ തോന്നുന്നത് എന്തുകൊണ്ടാവാം?

ചില പ്രഭാതങ്ങളിൽ രാവിലെ ഉണർന്നെഴുനേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ എന്തോ വ്യത്യാസമുള്ളതായി തോന്നാം, മുഖത്ത് ഭാരക്കൂടുതൽ, കവിളുകൾക്ക് കനം വച്ചതുപോലെ.

നിങ്ങളുടെ ഭാവമാറ്റം പോലും സാവധാനത്തിലാകുന്നു. മറ്റു ചില ദിവസങ്ങളിൽ നിങ്ങളുടെ കവിളുകൾ കനം കുറഞ്ഞും മൃദുലമായും കാണപ്പെടുന്നു.

ഇത് എന്തുകൊണ്ടാണെന്ന്, ഉറക്കമോ ഹോർമോണുകളോ അതോ നിങ്ങളുടെ ഭാവനയോ എന്താണു കാരണമെന്ന് അമ്പരന്നേക്കാം.

എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾക്ക് വ്യത്യാസം അനുഭവപ്പെടുന്നത് ചർമ്മത്തിൽ മാത്രമല്ല, അത് ചർമ്മത്തിലൂടെ സംസാരിക്കുന്ന നിങ്ങളുടെ നാഡീ വ്യവസ്ഥയാണ്.

ശരീരത്തിന്റെ നിശബ്ദ മർദ്ദമാപിനി (barometer)

നിങ്ങളുടെ മുഖം നിങ്ങളുടെ വികാരങ്ങളിൽ നിന്ന് വിഭിന്നമല്ല, അത് അവയുടെ കണ്ണാടിയാണ്.

നിങ്ങളുടെ കവിളിലെയും താടിയിലെയും ഓരോ മാംസപേശിയും ഓരോ സൂക്ഷ്മ ചലനവും മുഖനാഡികളിലൂടെയും വേഗസ് നാഡികളിലൂടെയും (facial and vagus nerves) മസ്തിഷ്കവുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ശരീരം സുരക്ഷിതമാണോ അതോ സമ്മർദ്ദത്തിലാണോ എന്ന അറിയിപ്പു നൽകുന്ന അതേ സംവിധാനം.

നിങ്ങൾ ഉത്കണ്ഠയിലോ അമിതമായ ചിന്തയിലോ വൈകാരിക വിക്ഷോഭത്തിലോ ആയിരിക്കുമ്പോൾ സിമ്പതെറ്റിക് നേർവസ് സിസ്റ്റം (sympathetic nervous system) ശാന്തമായി നിയന്ത്രണമേറ്റെടുക്കുന്നു.

രക്തപ്രവാഹത്തിനു മാറ്റം സംഭവിക്കുന്നു. മുഖത്തെയും താടിയിലെയും മാംസപേശികൾ മെല്ലെ മുറുകുന്നു. മാനസികസമ്മർദ്ദത്തിൽ, കോർട്ടിസോളിലൂടെ ദ്രവസാന്നിധ്യം കൂടുന്നു.

അതുകൊണ്ടാണ് വികാരങ്ങൾക്കു തന്നെ ഭാരമുണ്ടെന്നതു പോലെ കവിളുകൾ കനമാർജ്ജിക്കുന്നത്.

എന്നാൽ നിങ്ങളുടെ ശരീരം വിശ്രാന്തിയിലാകുമ്പോൾ. വിശ്രമമോ ചിരിയോ സ്നേഹസമ്പർക്കങ്ങളോ കഴിയുമ്പോൾ.

നിങ്ങളുടെ വെൻട്റൽ വേഗസ് നേർവ് (ventral vagus nerve) സക്രിയമാകുന്നു, അത് മാംസപേശികളെ വിമുക്തമാക്കുകയും ദ്രവചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അങ്ങനെ മുഖം അയഞ്ഞും കനം കുറഞ്ഞും കൂടുതൽ വിടർന്നും കാണപ്പെടുന്നു.

മുഖത്തിന്റെ രഹസ്യ ഭാഷ

മുഖമാണു മനുഷ്യശരീരത്തിന്റെ ഏറ്റവും വികാരദ്യോതകമായ പുറംഭാഗം. അത് വികാരങ്ങളെ പ്രകടിപ്പിക്കുക മാത്രമല്ല, സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു.

നിങ്ങൾ ആന്തരികമായി അനുഭവിക്കുന്ന എല്ലാ അവസ്ഥകളോടും നിങ്ങളുടെ കണ്ണുകൾക്കു താഴെയും വായയ്ക്കു ചുറ്റുമായും കവിളുകളിലും ഉള്ള ചെറു മാംസപേശികൾ പ്രതികരിക്കുന്നു.

ഒരാൾ കരഞ്ഞു കഴിഞ്ഞ് കണ്ണുനീർ ഉണങ്ങിയതിനുശേഷവും ആ മാംസപേശികളുടെ സൂക്ഷ്മഭാവങ്ങളിൽ മാനസിക സമ്മർദ്ദം തങ്ങി നിൽക്കും.

കാലക്രമേണ, വൈകാരികാവസ്ഥകൾ പരിചിതമായ മാംസപേശീ ഘടനകൾ സൃഷ്ടിക്കുന്നു- സങ്കടത്തിന്റെ ചാൽ, നിയന്ത്രണത്തിനു മുന്നോടിയായ വലിഞ്ഞു മുറുകൽ, ദീർഘനേരം പിടിച്ചുവയ്ക്കുന്ന നിർബന്ധിത പുഞ്ചിരി.

ഈ ഘടനകൾ സാവധാനം രക്തപ്രവാഹത്തെയും കോശദ്രാവകത്തെയും (lymph) ബാധിക്കാം.

അങ്ങനെ അധികമായ മാനസിക സമ്മർദ്ദമുള്ള ദിവസങ്ങളിൽ മുഖം അക്ഷരാർത്ഥത്തിൽ കനപ്പെട്ടതാകുകയും ചെയ്യും.

അത് ഭാവനയല്ല, മനോശരീരശാസ്ത്രമാണ് , സൈക്കോ ഫിസിയോളജി (psycho physiology) മാംസത്തിലേയ്ക്ക് പരാവർത്തനം ചെയ്യപ്പെട്ട വികാരം.

ഈ അനുഭവത്തിനു പിന്നിലെ ശാസ്ത്രം

മാനസിക സമ്മർദ്ദത്തിന്റെ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് ഉയരുമ്പോൾ, അത് ശരീരത്തിലെ ദ്രവചലനത്തിന്റെ ഗതി മാറ്റുന്നു. വളരെയേറേ രക്തക്കുഴലുകളും ചെറു മാംസപേശികളും ഉള്ള മുഖം, ഈ ഗതിമാറ്റത്തിനു കൂടുതലായും വിധേയമാകുന്നു.

നേരിയ നിർജ്ജലീകരണം, ലവണ അസംതുലനം, നിദ്രാഭംഗം എന്നിവയ്ക്ക് ഈ സ്വാധീനത്തെ വർദ്ധിപ്പിക്കുവാനാകും- പക്ഷേ മൂലകാരണം ജീവശാസ്ത്രം മാത്രമല്ല, നാഡിവ്യവസ്ഥയുടെ മാറ്റം കൂടിയാണ്.

മസ്തിഷ്കത്തിവും കഴുത്തും കൂടി ചേരുന്ന ഭാഗത്തെ നട്ടെല്ലിൽ (brain stem) നിന്ന് നെഞ്ചിലേയ്ക്കും ദഹനേന്ദ്രിയത്തിലേയ്ക്കും പോകുന്ന വേഗസ് നാഡിയും മുഖത്തെ സമ്മർദ്ദത്തെ സ്വാധീനിക്കുന്നുണ്ട്.

അത് പ്രവർത്തന നിരതവും ശാന്തവും ആയിരിക്കുമ്പോൾ നിങ്ങളുടെ ശ്വാസോച്ഛ്വാസം സാവധാനത്തിലാകുന്നു, രക്തപ്രവാഹം വർദ്ധിക്കുന്നു, മുഖം സ്വാഭാവികമായും സൗമ്യമാകുകയും ചെയ്യുന്നു.

മറിച്ച് വേഗസ് നാഡി സമ്മർദ്ദത്തിലായിരിക്കുന്ന സമയത്ത് നേർ വിപരീതമാണു സംഭവിക്കുക, മുഖം വലിഞ്ഞു മുറുകുന്നു, വീർക്കുകയും അപ്രസന്നമാകുകയും ചെയ്യുന്നു.

അതിനാലാണ് മുഖയോഗ, മസ്സാജ്, ദീർഘശ്വാസം ഇവയൊക്കെയോ അല്ലെങ്കിൽ ബോധപൂർവ്വം ചവയ്ക്കുന്നതോ എല്ലാം മുഖത്തിന്റെ സൗമ്യഭാവം വീണ്ടെടുക്കുവാൻ സഹായിക്കുന്നത്.

ഇവയെല്ലാം പിടി അയയ്ക്കുവാൻ നാഡി വ്യവസ്ഥയോട് അക്ഷരാർത്ഥത്തിൽ ആവശ്യപ്പെടുകയാണു ചെയ്യുന്നത്.

തിരിച്ചറിവ്

മുഖത്ത് നിങ്ങൾക്കനുഭവപ്പെടുന്ന കനം പൊങ്ങച്ചമല്ല, അതൊരു സന്ദേശമാണ്. നിങ്ങളുടെ മനസ്സ് അവഗണിക്കുവാൻ ശ്രമിക്കുന്ന സംഗതിയിൽ ശരീരം ശ്രദ്ധ പതിപ്പിക്കുകയാണു ഇവിടെ സംഭവിക്കുന്നത്.

ഭാവം പ്രകടിപ്പിക്കുന്ന ഇടത്ത്, അതായത് ശാന്തമായും പുഞ്ചിരിയോടെയും പ്രദർശനയോഗ്യമായും ആയിരിക്കേണ്ട മുഖത്താണ് വൈകാരിക സമ്മർദ്ദം ആദ്യം വന്നു പതിക്കുന്നത്.

ചില ദിവസങ്ങളിൽ നിങ്ങൾ പ്രദർശിപ്പിക്കുന്നതിലേറേ നിങ്ങൾ വഹിക്കുന്നുണ്ടാകും,. ആ അദൃശ്യചുമട് മാംസപേശികളിലേയ്ക്കും സൂക്ഷ്മചംക്രമണത്തിലേയ്ക്കും വഴി കണ്ടെത്തുന്നു.

മറ്റു ദിവസങ്ങളിൽ, നിങ്ങളുടെ സംവിധാനം വീണ്ടും ഈ ലോകത്തെ വിശ്വസിച്ചു തുടങ്ങുമ്പോൾ, മുൻപ് കനത്തു വീർത്തിരുന്ന അതേ മുഖം അയഞ്ഞും സന്തുഷ്ടമായും കാണപ്പെടുന്നു, നിങ്ങളുടെ സ്വന്തം ചർമ്മം നിങ്ങൾക്ക് മാപ്പു തന്നു എന്നതുപോലെ.


ഒരു ലഘുവിചാരം

നിങ്ങളുടെ മുഖം വെറും കാഴ്ചവസ്തു മാത്രമല്ല, അത് ആശയവിനിമയമാണ്, മറ്റുള്ളവരോടു മാത്രമല്ല, നിങ്ങളോടുമുള്ളത്.

അതിനു ഭാരമനുഭവപ്പെടുമ്പോൾ, ശ്രദ്ധിക്കൂ, അതിനു ക്രീമോ ചികിത്സയോ അല്ല ആവശ്യം, മറിച്ച് ദയയും, ശ്വാസവും മെല്ലെപ്പോക്കും ആണ്. മുഖം പ്രസന്നമായിരിക്കുമ്പോൾ, മനസ്സിലാക്കൂ, " ഞാൻ സുരക്ഷിതമാണ്," എന്നു നിങ്ങളുടെ ശരീരം നിങ്ങളോടു പറയുകയാണ്.

ലളിതവും മനോഹരവുമാണു ഇതിലെ സത്യം: നിങ്ങളുടെ വികാരങ്ങൾ ഉപരിതലത്തോടു ചേർന്നാണുള്ളത്, നിങ്ങളുടെ ഏറ്റവും മനുഷ്യസഹജമായ ശരീരഭാഗമായ മുഖമാകട്ടെ, ബാഹ്യലോകം ആന്തരികലോകവുമായി നിശബ്ദമായി സന്ധിക്കുന്ന ഇടമാണ്.

മുഖഭാവം, വികാരം, ഹോർമോണുകൾ — ശാസ്ത്രപരമായ ബന്ധങ്ങൾ

മുഖത്തിന്റെ കനം അഥവാ ഭാരപ്പെടൽ, വർദ്ധിച്ച പേശീചലനവും നേരിയ ദ്രവക്കെട്ടും ആയി ബന്ധപ്പെട്ടിരിക്കുന്നു.

കോർട്ടിസോൾ, അഡ്രിനാലിൻ എന്നീ സമ്മർദ്ദ ഹോർമോണുകളാണ് പേശികളെയും ദ്രവപ്രവാഹത്തെയും ഇതിൽ സ്വാധീനിക്കുന്നത്.

മുഖനാഡി (cranial 7) യും വേഗസ് നാഡിയും (cranial 10) വികാരങ്ങളെ പ്രകടനവുമായും രക്തപ്രവാഹവുമായും ബന്ധിപ്പിക്കുന്നു.

വൈകാരിക അടിച്ചമർത്തലും നിരന്തരമായ സിമ്പതെറ്റിക് പ്രവർത്തനപരതയും മുഖത്തെ മാംസപേശികളിൽ ദൃഢത അഥവാ കടുപ്പമുണ്ടാക്കുന്നു.

മാനസികമായ അയവു വരുത്തൽ അഥവാ സാന്ത്വനം വെൻട്റൽ വേഗസ് സിസ്റ്റത്തെ സക്രിയമാക്കുന്നു, അത് പേശീ മൃദുലതയെയും ദ്രവചംക്രമണത്തെയും പുനസ്ഥാപിക്കുകയും മുഖത്തിനു പ്രസന്നത നൽകുകയും ചെയ്യുന്നു.

എന്തുകൊണ്ടാണു ചിലപ്പോൾ നിങ്ങൾക്ക് അപരിചിതരോട്  പങ്കാളിയോട് ഉള്ളതിനേക്കാൾ അടുപ്പം തോന്നുന്നത്?  അത് വളരെ വിചിത്രമാണ്, അല്...
03/12/2025

എന്തുകൊണ്ടാണു ചിലപ്പോൾ നിങ്ങൾക്ക് അപരിചിതരോട് പങ്കാളിയോട് ഉള്ളതിനേക്കാൾ അടുപ്പം തോന്നുന്നത്?


അത് വളരെ വിചിത്രമാണ്, അല്ലേ?

എയർപോർട്ടിലെ ക്യൂവിൽ നിൽക്കുന്ന ഒരു അപരിചിതൻ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു.

ഒരു മാത്ര നേരത്തേയ്ക്ക് നിങ്ങൾക്ക് മോചനവും ലാഘവത്വവും അനുഭവപ്പെടുന്നു.

അപ്പോഴും നിങ്ങൾക്ക് ഏറ്റവും നന്നായി അറിയാവുന്ന ആൾ, നിങ്ങളോടൊപ്പം കാലവും ദൈനംദിനകൃത്യങ്ങളും കിടക്കയും പങ്കിട്ട ആൾ, ചിലപ്പോൾ നിങ്ങൾക്ക് വിദൂരസ്ഥനായും എത്തിപ്പിടിക്കുവാൻ ദുഷ്കരമായവനായും തോന്നാം.

നിങ്ങൾക്ക് പരിചയം പോലുമില്ലാത്ത ഒരാൾ നിങ്ങളെ മനസ്സിലാക്കുന്നതായും നിങ്ങൾ സ്നേഹിക്കുന്ന ആൾ കാതങ്ങൾ അകലെയായും തോന്നുന്നതെന്തുകൊണ്ടാണ്?

നിങ്ങൾ ആരെയും വഞ്ചിക്കുകയല്ല.

ഇതു ഒരു മനുഷ്യാനുഭവം മാത്രാമാണ്, നിങ്ങളുടെ മസ്തിഷ്കം പുതുമയും സുരക്ഷിതത്വവും വൈകാരിക അനായാസതയും തേടുന്നത് എങ്ങനെ എന്ന പ്രതിഫലനം.

നിങ്ങളുടെ മസ്തിഷ്കം അടുപ്പത്തെ അളക്കുന്നത് അനുഭവം കൊണ്ടല്ല; അത് അളക്കപ്പെടുന്നത് സുരക്ഷിതത്വവും, വൈകാരിക പ്രവചനക്ഷമതയും കൊണ്ടാണ്.

ഒരു അപരിചിതനെ കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ മനസ്സ് അയാളിൽ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.

അവസാനിക്കാത്ത തർക്കമോ വൈകാരിക കടപ്പാടോ ഇല്ല, തെറ്റിദ്ധാരണകളുടെ ചരിത്രമില്ല.

താൽക്കാലികമെങ്കിലും നിങ്ങൾക്ക് നിങ്ങളായിരിക്കുവാനുള്ള , അനന്തര ഫലങ്ങൾ ഏതുമില്ലാതെ ജിജ്ഞാസുവായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

പുതുമയുടെ ആ ചെറുജാലകത്തിൽ നിങ്ങളുടെ മസ്തിഷ്കം ഡോപ്പമിൻ (dopamine) പുറപ്പെടുവിക്കുന്നു, താല്പര്യത്തിന്റെയും ജാഗ്രതയുടെയും കെമിക്കൽ.

മുഖങ്ങൾ കൂടുതൽ തെളിഞ്ഞതായും ശബ്ദങ്ങൾ കൂടുതൽ ആഹ്ലാദപരമായും സമയമുഹൂർത്തങ്ങൾ കൂടുതൽ സജീവമായും മാറ്റുന്ന നാഡിശൃംഖലകളെ അത് പ്രകാശിപ്പിക്കുന്നു.

ആ അപരിചിതനു നിങ്ങളെ അറിയാം എന്നുള്ളതുകൊണ്ടല്ല നിങ്ങൾക്ക് ഒരു ബന്ധം അനുഭവിക്കുവാൻ കഴിയുന്നത്, മറിച്ച് നിങ്ങളുടെ നാഡീ വ്യവസ്ഥ താൽക്കാലികമായി ഭാരമിറക്കിവയ്ക്കുന്നതുകൊണ്ടാണ്.

എന്നിരുന്നാലും, നിങ്ങളുടെ പങ്കാളിയുമായി വർഷങ്ങൾ നീണ്ട സഹജീവനത്തിന്റെ ചരിത്രം മസ്തിഷ്കം പേറുന്നുണ്ട്. ഓരോ സ്വരവും ചലനവും അല്ലെങ്കിൽ മൗനവും ചരിത്രത്തെ വഹിക്കുന്നുണ്ട്.

സ്മരണയോട് ചേർത്തു കെട്ടുമ്പോൾ സ്വസ്ഥതയും സൗഖ്യവും പോലും ഭാരിച്ചതായി വളർന്നേക്കാം.

അതിനാൽ നിങ്ങൾ മാനസികസമ്മർദ്ദമോ തളർച്ചയോ അനുഭവിക്കുന്ന വേളകളിൽ നിങ്ങളുടെ ശരീരം അബോധമായി അതിന്റെ വിശാലതയെ കുറയ്ക്കുന്നു.

നിങ്ങളുടെ പങ്കാളിയുടെ ഇടം, അത് സുരക്ഷിതമാണെങ്കിൽക്കൂടി, ഇല്ലാതാക്കപ്പെടുന്നു, അല്ലെങ്കിൽ അടച്ചുവയ്ക്കപ്പെടുന്നു.

പരിചിതത്വത്തിന്റെ ഭാരം

സ്നേഹം അടരുകൾ നിർമ്മിക്കുന്നു. മസ്തിഷ്കം, കാലക്രമേണ, ഡോപ്പമിൻ (dopamine) മൂലമുള്ള ആവേശത്തിൽ നിന്ന് , ഊർജ്ജസ്വലതയിൽ നിന്ന്, ഓക്സിടോസിൻ (oxytocin) മൂലമുള്ള സ്ഥിരതയിലേയ്ക്ക് മാറുന്നു.

ഈ മാറ്റം ആരോഗ്യകരമാണ്. ദീർഘകാലബന്ധങ്ങൾ സാധ്യമാകുന്നത് ഇതിന്റെ ഫലമായാണ്.

പക്ഷേ, ചിലപ്പോൾ ഡോപ്പമിൻ പ്രദാനം ചെയ്യുന്ന പ്രസരിപ്പിനു മങ്ങലേൽപ്പിക്കുവാൻ ഓക്സിടോസിന്റെ ശാന്തതയ്ക്കു കഴിയും.


ഇതിനു വിരുദ്ധമായി, അപരിചിത/ അപരിചിതൻ പ്രതീക്ഷയുടെ ഭാരം പേറുന്നില്ല.
അവരുടെ ശ്രദ്ധ ഒരു പുതുകണ്ടുപിടുത്തം പോലെയാണനുഭവപ്പെടുന്നത്.

ആ പുതുമയിൽ, നിങ്ങൾ "മറ്റൊരാളുടെ പങ്കാളി" എന്ന നിലയിലല്ലാതെ നിങ്ങളെ "നിങ്ങൾ" മാത്രമായി കാണുന്നു. നിങ്ങൾ പങ്കാളിയെ സ്നേഹിക്കുന്നതു കുറയുന്നു എന്നല്ല, നിത്യജീവിതം സ്പർശിക്കുവാൻ മറക്കുന്ന സ്വന്തം ഭാഗങ്ങളുമായി, സ്വന്തം ഘടകങ്ങളുമായി ക്ഷണികമായ ഒരു സമ്പർക്കം നിങ്ങൾക്കുണ്ടാകുകയാണു ചെയ്യുന്നത്.


വൈകാരിക ഊർജ്ജവും നാഡി വ്യവസ്ഥയും

അടുപ്പത്തിനു നിയന്ത്രണം ആവശ്യമാണ്.
വൈകാരികമായ സ്വീകാര്യത നിലനിർത്തണമെങ്കിൽ , നിങ്ങളുടെ വാഗസ് നാഡി (vagus nerve) സമ്മർദ്ദത്തിലാകാതെ അയഞ്ഞുതന്നെ ഇരിക്കണം.

ശ്വാസഗതി സ്ഥിരീകൃതമായിരിക്കണം, മുഖത്തെ മാസപേശികൾ അയവുള്ളതായിരിക്കണം. പക്ഷേ ദീർഘകാല ബന്ധങ്ങൾ പലപ്പോഴും സമ്മർദ്ദങ്ങളെ ഉൾക്കൊള്ളുന്നു, ദൈനം ദിന ജോലികൾ, പറയാതെ അവശേഷിക്കുന്ന സങ്കടങ്ങൾ, പങ്കിടുന്ന അവശതകൾ എല്ലാം അതിലുണ്ടാകും.

നിങ്ങളുടെ സംവിധാനം കൂടുതൽ സംരക്ഷിക്കപ്പെടുന്നു, വികാരങ്ങൾ പ്രകടിപ്പിക്കപ്പെടാതെ, വാചാലമാകാതെ ഒതുങ്ങുന്നു. അതുകൊണ്ട് സ്നേഹമയമായ ഒരു കുടുംബം പോലും നിരുത്സാഹപരമായി കാണപ്പെടാം.

അത് സ്നേഹവാത്സല്യങ്ങളുടെ കുറവുകൊണ്ടല്ല, മറിച്ച് ഭീഷണികളിൽ നിന്നു പരിരക്ഷ നൽകുന്ന സംവിധാനത്തിന്റെ അമിതസക്രിയത മൂലമാണ്.

ഒരു അപരിചിതനോട്/ അപരിചിതയോട് സംസാരിക്കുമ്പോൾ, പലപ്പോഴും നിങ്ങൾ സ്വയം നിയന്ത്രിക്കുന്നു, ശബ്ദം ഉത്സാഹഭരിതമായി ഉയരുന്നു, ഭാവം സൗമ്യമാകുന്നു.

ആ ഇടപെടലിൽ നിങ്ങളുടെ നാഡീവ്യവസ്ഥ അപകട സൂചനകളൊന്നും കാണുന്നില്ല, അതിനാൽ ഉത്സാഹം അനായാസം പ്രവഹിക്കുന്നു. ഒരു അപരിചിതവ്യക്തിയുമായി നടത്തുന്ന ലഘുസംഭാഷണം അതിശയകരമാം വിധം ഉത്തേജകമാകുന്നത് അതുകൊണ്ടാണ്, നിങ്ങളുടെ ജീവശാസ്ത്രം അനായാസത ഓർത്തെടുക്കുകയാണവിടെ.


എന്താണിത് വാസ്തവത്തിൽ അർത്ഥമാക്കുന്നത്?

ഒരപരിചിതവ്യക്തിയോട് അടുപ്പം തോന്നുന്നത്, നിങ്ങളുടെ ദാമ്പത്യബന്ധത്തിൽ എന്തെങ്കിലും കുറവ് അനുഭവിക്കുന്നുണ്ടെന്നല്ല അർത്ഥമാക്കുന്നത്.

നിങ്ങളുടെ ശരീരം, ഭാരരഹിത ബന്ധങ്ങൾക്കായി അഭിലഷിക്കുന്നുണ്ടെന്നു മാത്രമാണ്- ഓർമ്മകളുടെയും പ്രതീക്ഷകളുടെയും ഭാരമില്ലാത്ത പരസ്പരസമ്പർക്കത്തിന്റെ ഒരു മുഹൂർത്തം.

ദീർഘകാലബന്ധങ്ങൾ അനായാസകരമല്ല എല്ലായ്പോഴും എന്നതാണു സത്യം.

അത് അകൽച്ചയുടെയും വീണ്ടും കണ്ടുപിടിക്കുന്നതിന്റെയും ആവൃത്തികളിലൂടെ സഞ്ചരിക്കുന്നു.

"പുതിയ ഒരാളുമായുള്ള അടുപ്പം" എന്നതുപോലെ നിങ്ങൾക്കു തോന്നുന്നത് പലപ്പോഴും നിങ്ങളുടെ ജൈവസംവിധാനം "വൈകാരിക പ്രാണവായു" വിനായി ആവശ്യപ്പെടുന്നതു മാത്രമാകും, നിങ്ങൾക്ക് നന്നായി, വളരെയേറേ അറിയാവുന്ന മാതൃകൾക്ക് പുറത്തു നിന്ന് ശ്വാസമെടുക്കുവാനുള്ള ഒരു അവസരം.

ആ ധാരണ അഥവാ അവബോധം ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുമ്പോൾ, നിങ്ങൾക്ക് പരിചിതത്വത്തിനുള്ളിൽത്തന്നെ പുതുമ പുന:സൃഷ്ടിക്കുവാൻ കഴിയും.

സൗമ്യമായ ഒരു ചോദ്യം, കൗതുകത്തോടെയുള്ള ഒരു ചെറിയ പ്രവൃത്തി, അല്ലെങ്കിൽ ഇപ്പോഴാണു കണ്ടതെന്ന മട്ടിൽ പങ്കാളിയെ ഒന്നു നോക്കുന്നത് - നിങ്ങളെ ആദ്യമായി ഒന്നിച്ചു ചേർത്ത അതേ പരമ്പരകളെ ഉണർത്തിയെടുക്കുവാൻ ഇത്തരം മുഹൂർത്തങ്ങൾക്ക് കഴിയും.


അവലോകനം

നിങ്ങൾ അപരിചിതരുമായി പ്രണയത്തിലാകുന്നില്ല- അവർ നിങ്ങളിൽ ഉണർത്തിയ ലാഘവത്വവുമായി പ്രണയത്തിലാകുകയാണു ചെയ്യുന്നത്.

എന്നാൽ, നിങ്ങൾ സ്നേഹിക്കുന്നവരുമായുള്ള സമ്പർക്കത്തിലും അതേ ലാഘവത്വം നിലനിൽക്കുന്നുണ്ട്, നിശ്ചിതത്വത്തെ അഥവാ സ്ഥിരതയെ കൗതുകമോ ജിജ്ഞാസയോ കൊണ്ട് സ്ഥാനമാറ്റം ചെയ്താൽ മതി.

അടുപ്പമെന്നത് സ്ഥിരമായ വൈകാരിക തീക്ഷ്ണതയല്ല. അത് രണ്ടുപേരും പരസ്പരം വ്യക്തമായി കാണുന്ന ഇടത്തിലേയ്ക്ക്, ഓർമ്മയുടെ ശബ്ദമില്ലാതെ വീണ്ടും വീണ്ടും മടങ്ങിവരിക എന്നതാണ്.

അതിനാൽ, അടുത്ത തവണ, ഒരു അപരിചിതന്റെ ഊഷ്മളത നിങ്ങൾക്ക് സ്വസ്ഥത പകരുകയാണെങ്കിൽ, അത് നിങ്ങൾ പങ്കാളിയോടു ചെയ്യുന്ന വഞ്ചനയായി കാണേണ്ടതില്ല, പ്രണയത്തിൽ സജീവമായി നിലനിൽക്കുവാൻ നിങ്ങളുടെ നാഡീവ്യവസ്ഥയ്ക്കും വിശ്രമവും പുതുമയും കരുണയും ആവശ്യമാണ് എന്ന ഓർമ്മപ്പെടുത്തലായി അതിനെ കാണുക

സ്നേഹത്തിന്റെ ന്യൂറോകെമിസ്ട്രി

പുതുമയുള്ള സമ്പർക്കങ്ങൾ അഥവാ ഇടപെടലുകൾ വെൻട്റൽ സ്ട്രിയാറ്റമ്മിലെ (ventral striatum) ഡോപ്പമിൻ ഉദ്പാദനത്തിനു പ്രേരകമാകുകയും അത് പങ്കാളിത്തത്തെയും കൃതാർത്ഥതയെയും ഉയർത്തുകയും ചെയ്യുന്നു.

ചിരപരിചിതമായ ദീർഘകാല ബന്ധങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഓക്സിടോസിനെയാണ്, അത് സുരക്ഷിതത്വത്തിനു ഉയർന്ന സ്ഥാനം നൽകുന്നു, എന്നാലത് പുതുമയുടേതായ ആവേശവും ഉത്സാഹവും കുറയ്ക്കന്നു.

വൈകാരിക വിശാലത വേഗൽ ടോണിനെയും (vagal tone) പാരാസിമ്പതെറ്റിക് (para sympathetic) ശാന്തതയെയും ആശ്രയിച്ചിരിക്കുന്നു; നിരന്തരമായ മാനസിക സമ്മർദ്ദം ഈ ജാലകത്തെ ഇടുങ്ങിയതാക്കുന്നു.

അമിഗ്ഡല (amygdala) വൈകാരിക സ്മൃതികൾ സംഭരിച്ചുവയ്ക്കുന്നു, ഇത് ദീർഘ കാല പങ്കാളികളെ കൂടുതൽ ഉയർന്ന ക്രമീകരണങ്ങൾ അഥവാ നിയന്ത്രണങ്ങൾ ആവശ്യമായ വൈകാരിക ഭാരം വഹിക്കുന്നവരായി മാറ്റുന്നു.

പങ്കാളി അരികിൽത്തന്നെയുണ്ടെങ്കിലും എന്തുകൊണ്ടാണ് അകൽച്ച അനുഭവപ്പെടുന്നത്? ചില സായാനന്തനങ്ങളിൽ, നിങ്ങൾ  പ്രിയപ്പെട്ട പങ്ക...
29/11/2025

പങ്കാളി അരികിൽത്തന്നെയുണ്ടെങ്കിലും എന്തുകൊണ്ടാണ് അകൽച്ച അനുഭവപ്പെടുന്നത്?

ചില സായാനന്തനങ്ങളിൽ, നിങ്ങൾ പ്രിയപ്പെട്ട പങ്കാളിയുടെ അരികിൽത്തന്നെ ഇരിക്കുകയാകും, അതേ പരിചിതമുഖം, അതേ സ്വരം, അതേ മുറി എങ്കിലും,
നിങ്ങൾക്കിടയിൽ മൗനഭരിതമായ ഒരു അകലമുണ്ടാകും.

അയാൾ സംസാരിക്കുന്നു, നിങ്ങൾ തലയാട്ടുന്നു, അപ്പോഴും എന്തോ ഒന്നിന്റെ അഭാവം മനസ്സിലാകുന്നു. നിങ്ങൾക്ക് കോപമില്ല, പിൻവലിഞ്ഞു പോയിട്ടില്ല, വിചിത്രമായ ഒരു അകൽച്ച മാത്രം.

"എല്ലാം ശരിയായി കാണപ്പെടുമ്പോഴും എന്തുകൊണ്ടാണെനിക്ക് അകൽച്ചയനുഭവപ്പെടുന്നത്?" നിങ്ങൾ ആലോചിക്കുന്നു.

പ്രണയം അഥവാ സ്നേഹം മാഞ്ഞുപോയി എന്നതിന്റെ ലക്ഷണമല്ല ഈ അനുഭവം. പൂർണ്ണമായും അതിൽ മുങ്ങിത്താഴ്ന്നിരിക്കുന്നു എന്നു നിങ്ങളുടെ ശരീരം മന്ത്രിക്കുന്നതാണത്.

വൈകാരിക അകൽച്ചയുടെ ശാസ്ത്രം

മനുഷ്യമസ്തിഷ്കം അടുപ്പത്തെ വായിക്കുന്നത് യുക്തിചിന്തയിലൂടെയല്ല, മറിച്ച് താളക്രമത്തിലൂടെയാണ്.

സ്വരം, സ്പർശം, ശ്വാസം എന്നിവയുടെ താളക്രമത്തിലൂടെ.

രണ്ടു വ്യക്തികൾ ഏകാത്മകരായിരിക്കുമ്പോൾ അവരുടെ നാഡീവ്യൂഹം വാസ്തവത്തിൽ പരസ്പരം പ്രതിഫലിപ്പിക്കുന്നു.

നിങ്ങളുടെ ഹൃദയമിടിപ്പ്, മുഖഭാവങ്ങൾ, സൂക്ഷ്മചലനങ്ങൾ എല്ലാം അല്പാല്പമായി പൊരുത്തത്തിലാകുന്നു.

പക്ഷേ സമ്മർദ്ദമോ ക്ഷീണമോ ഉണ്ടാകുമ്പോൾ, ഈ സഹയോജനം തകർന്നുപോകുന്നു.

ഇത്തരം സന്ദർഭങ്ങളിൽ അമിഗ്ഡല(amygdala) നിയന്ത്രണമേറ്റെടുക്കുന്നു, മസ്തിഷ്കത്തിന്റെ ആന്തരിക അപായ അറിയിപ്പു സംവിധാനമാണ് അമിഗ്ഡല.

അത് വ്യക്തികൾ തമ്മിലുള്ള അടുപ്പത്തിനു ശ്രദ്ധ നൽകുന്നില്ല, മറിച്ച് സുരക്ഷയ്ക്കു മാത്രം പ്രാധാന്യം നൽകുന്നു.

അത് സ്വയരക്ഷയിലേയ്ക്കു മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങളുടെ സ്വരം നിർവികാരമാകുന്നു, കണ്ണുകൾ തമ്മിൽ അകലുന്നു, നിങ്ങളുടെ ശരീരം അദൃശ്യമായ ചുവരുകൾ സൃഷ്ടിക്കുന്നു.

ഇത് തിരസ്കരണമല്ല സ്വയരക്ഷയിലേയ്ക്ക് വഴി മാറുന്ന ജീവശാസ്ത്രമാണ്.


നിങ്ങളുടെ പങ്കാളിയുടെ നാഡീ വ്യവസ്ഥ ഉടനടി അത് മനസ്സിലാക്കുന്നു. അവർ മൗനം, ഈർഷ്യ, അല്ലെങ്കിൽ പിൻവാങ്ങൽ എന്നിവയിലൂടേ അതിനോടു പ്രതികരിക്കുന്നു.

ഒരിക്കൽ ഒരേ ഈണത്തിലായിരുന്ന രണ്ടു ശരീരങ്ങൾ ഇപ്പോൾ വ്യത്യസ്തങ്ങളായ താളങ്ങൾ സൃഷ്ടിക്കുന്നു.

അടുപ്പം ഇല്ലാതാകുന്നു, രണ്ടുപേരും പരസ്പരം അദൃശ്യരാകുന്നു, അത് ബന്ധത്തിന്റെ അതിജീവനത്തിനു സമാധാനം ആവശ്യമായതുകൊണ്ടാണ്. പ്രണയം അവിടെ പരാജയ പെട്ടിട്ടില്ല.

വളരെ നല്ല ബന്ധങ്ങളിൽപ്പോലും എന്തുകൊണ്ടാണിതു സംഭവിക്കുന്നത്

വൈകാരിക അകൽച്ചകൾ പലപ്പോഴും സംഭവിക്കുന്നത് ബന്ധത്തിനു സ്ഥിരതയുള്ള കാലത്താണ്. ജീവിതം മുൻകൂട്ടി കാണാനാകുന്ന സമയത്ത്, നിങ്ങളുടെ മസ്തിഷ്കം സംവേദനക്ഷമത കുറയ്ക്കുന്നതിലൂടെ ഊർജ്ജം സമ്പാദിക്കുന്നു.

പുതുമയുടെ രാസവസ്തൂക്കളായ ഡോപ്പമിൻ (dopamine) കുറയുന്നു, ശ്രദ്ധ ആന്തരികമായി ദിശമാറുന്നു. അതുകൊണ്ടാണ് ദൈനംദിന കൃത്യങ്ങൾക്കു, സമാധാനപരമായവ പോലും, കാലം ചെല്ലുമ്പോൾ ബന്ധങ്ങളെ വിരസമാക്കുവാൻ കഴിയുന്നത്.

നിങ്ങൾ കലഹിക്കുകയില്ലായിരിക്കാം, പക്ഷേ നിങ്ങൾക്ക് ആഴത്തിലുള്ള അടുപ്പവും അനുഭവപ്പെടുകയില്ല. ഇത് വിമുഖതയല്ല; അദ്ധ്വാനങ്ങളെ സംരക്ഷിച്ചുവയ്ക്കുന്നതിനുള്ള മസ്തിഷ്കത്തിന്റെ മാർഗ്ഗമാണ്.

നിങ്ങളുടെ ഇന്ദ്രിയവ്യൂഹം, അതിനു നേരത്തെതന്നെ അറിയാവുന്നവയോട് രമ്യതയിലാകുന്നു. അതിനാൽ നിങ്ങൾക്കരികിലുള്ള പരിചിതനായ വ്യക്തി നിങ്ങളുടെ ആന്തരികലോകത്തിന്റെ പശ്ചാത്തലമായി മാറുന്നു.

ക്ഷീണമോ പറയാത്ത വേദനകളോ കുമിഞ്ഞുകൂടുമ്പോൾ, നിങ്ങളുടെ ശരീരം, സ്നേഹത്തെ അല്പം വിദൂരമാക്കി നിർത്തിക്കൊണ്ട് ലഘുവായഒരു ജാഗ്രതയിൽ വർത്തിക്കുന്നു, സുരക്ഷിതത്വം പുനസ്ഥാപിക്കപ്പെടുന്നതുവരെ ഈ അവസ്ഥ തുടരുന്നു.

എന്താണു നിങ്ങളുടെ ശരീരം പറയുവാൻ ശ്രമിക്കുന്നത്?

അകൽച്ച തോന്നുന്നു എന്നത് ബന്ധത്തിലെ വീഴ്ചയല്ല- നിങ്ങളുടെ നാഡീവ്യവസ്ഥ നൽകുന്ന ഒരു സൂചനയാണത്, "എനിക്ക് ശ്വാസോച്ച്വാസം ചെയ്യുവാൻ ഇടം ആവശ്യമാണ്," എന്നാണത് സൂചിപ്പിക്കുന്നത്.

മനസ്സ്, പൂർത്തീകരിക്കാത്ത അനവധി ചിന്തകളെ വഹിക്കുമ്പോൾ, വൈകാരിക ശ്രേണികൾ ഇടറുവാൻ തുടങ്ങും. നിങ്ങളുടെ ശരീരം സ്വയം പ്രതിരോധിക്കുന്നതിൽ വ്യഗ്രത പൂണ്ടിരിക്കുമ്പോൾ , ബന്ധങ്ങൾ ചേർത്തുപിടിക്കുവാൻ നിങ്ങൾക്കാകില്ല.

നിങ്ങളുടെ മുഖം, ഹൃദയം, ദഹനേന്ദ്രിയം എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വാഗസ് നാഡി (വാഗ്‌സ് nerve) ഇതിൽ ഒരു സവിശേഷ പങ്കു വഹിക്കുന്നു.

നിങ്ങൾ സ്വസ്ഥമായിരിക്കുന്ന സമയങ്ങളിൽ അത് ശബ്ദത്തെ സൗമ്യമാക്കുന്നു, മുഖഭാവങ്ങളെ തുറന്നു കാട്ടുന്നു, വൈകാരികമായ സുരക്ഷിതത്വം അനുഭവിക്കുവാൻ സഹായിക്കുന്നു.

സമ്മർദ്ദത്തിലോ പരിഭ്രാന്തിയിലോ ആയിരിക്കുമ്പോൾ അത് നിങ്ങളുടെ ഭാവത്തെ കടുത്തതാക്കുന്നു, സഹാനുഭൂതിയെ അടക്കിനിർത്തുന്നു. അതിന്റെ ഫലമോ? രണ്ടുപേർക്കും വിശദീകരിക്കുവാനാകാത്ത പൊള്ളയായ ഒരു നിശബ്ദത രൂപപ്പെടുന്നു.

തിരിച്ചുപോക്ക്

രണ്ടു വ്യക്തികൾക്കിടയിലെ ദൂരം മീറ്ററിൽ അളക്കുന്നത് അപൂർവ്വമാണ്, അത് സമ്മർദ്ദത്തിലാണ് അളക്കുന്നത്.

ആ ദൂരത്തെ ബന്ധിപ്പിക്കുന്നതിനു ദീർഘസംഭാഷണങ്ങളോ നാടകീയ നീക്കങ്ങളോ ഒന്നും ആവശ്യമില്ല.

ചിലപ്പോൾ, ഒരു പുനക്രമീകരണത്തിനുള്ള താൽക്കാലിക വിരമാമായിരിക്കും ബന്ധം ആവശ്യപ്പെടുന്നത്.

തമ്മിൽ പങ്കിടുന്ന എന്തെങ്കിലും, നടത്തമോ വാക്കുകളില്ലാത്ത മൗനമായ ഒരു നിമിഷമോ ആകാം അത്.

സ്പർശനം സാഹയകമാകും, പക്ഷേ ആവശ്യപ്പെട്ടിട്ടുള്ളതോ നിർബന്ധിതമായതോ ആയ സ്പർശനമല്ല വേണ്ടത്, മറിച്ച് "നാം വീണ്ടും സുരക്ഷിതരായിരിക്കുന്നു,: എന്ന് സൂചിപ്പിക്കുന്ന സൗമ്യവും സാവധാനവുമായ ഒന്ന്.

താളാത്മകമായ ചലനങ്ങൾ, സംഗീതം അല്ലെങ്കിൽ ചിരി എന്നിവ ശാരീരികതാളത്തെ പുനസ്ഥാപിക്കുന്നു.

ശരീരം ശാന്തമാകുമ്പോൾ ഹൃദയവും ആ വഴിയ്ക്കു വരുന്നു.
ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുവാൻ തിരക്കിടരുത്.

വീണ്ടും സ്നേഹിക്കുവാൻ പ്രാപ്തമാകുന്നതുവരെ സംതുലനാവസ്ഥ പാലിക്കുവാനുള്ള ജൈവശാസ്ത്രപരമായ ആവശ്യം മാത്രമാണത്.


വൈകാരിക യാഥാർത്ഥ്യം


അടുപ്പം അപ്രത്യക്ഷമാകുന്നില്ല, അത് സമ്മർദ്ദത്തിനു പിന്നിൽ മറഞ്ഞിരിക്കുകയാണ്.

സ്നേഹം അഥവാ പ്രണയം മരിക്കുന്നില്ല, ശരീരത്തിനു സുരക്ഷിതത്വം അനുഭവപ്പെടുന്നതുവരെ അത് നിശബ്ദമായി ഒതുങ്ങി ഇരിക്കുന്നുവെന്നേയുള്ളു.

നിങ്ങൾ വിശ്രമിക്കുകയോ ക്ഷമിക്കുകയോ അല്ലെങ്കിൽ സ്വാഭാവികമായി അരികിൽ ഇരിക്കുകയോ ചെയ്യുന്ന അവസരങ്ങളിലെല്ലാം ഒരിക്കൽ അനുസ്യൂതം ഒഴുകിയിരുന്ന അതേ താളം നിങ്ങൾ പുനസൃഷ്ടിക്കുന്നു.

ഒരു ദിവസം നിങ്ങൾ പങ്കാളിയെ നോക്കി അവർ മാറിയിട്ടേയില്ല എന്നു തിരിച്ചറിയും.

അവരെ വ്യക്തമായി കാണുവാൻ നിങ്ങളെ പ്രാപ്തമാക്കുന്ന ഉൾപ്രശാന്തിയിലേയ്ക്ക് തിരികെയെത്തുക എന്നതു മാത്രമേ ആവശ്യമാകുന്നുള്ളു.

രണ്ടു നാഡീവ്യവസ്ഥകൾ ഒരുമിച്ച് ശാന്തമാകുമ്പോൾ തമ്മിലുള്ള അകലം ഇല്ലാതാകുന്നു. പ്രണയം വീണ്ടും ജീവശ്വാസമെടുക്കുന്നു.

മാനസിക സമ്മർദ്ദത്തിൽ, അമിഗ്ഡല (amygdala) വിനിമയശൃംഖലയെ അടിച്ചമർത്തി അതിലൂടെ സഹാനുഭൂതിയും കണ്ണുകളുടെ പരസ്പരസമ്പർക്കവും കുറയ്ക്കുന്നു.

കുറയുന്ന വാഗൽ ടോൺ (vagal tone) സാമൂഹ്യ ഇടപെടലുകളെയും വൈകാരിക പാരസ്പരികതയെയും പരിമിതപ്പെടുത്തുന്നു.

കുറഞ്ഞതെങ്കിലും നിരന്തരമായ മാനസിക സമ്മർദ്ദം ഡോപമിൻ, ഓക്സിറ്റോസിൻ (dopamine and oxytocin) എന്നിവയെ കുറയ്ക്കുന്നു. അതിന്റെ ഫലമായി ബന്ധത്തിന്റെ വൈകാരികതയും കുറയുന്നു.

ഒത്തുചേർന്ന് നടത്തുന്ന പരിഹാര പ്രക്രിയകൾ—സ്പർശം, ശബ്ദം, ഏകാത്മകമായ ചലനം എന്നിവയിലൂടെ പങ്കിടുന്ന ശാന്തി—നാഡീ ഏകത്വത്തെയും ബന്ധത്തിന്റെ ഊഷ്മളതയെയും പുനസ്ഥാപിക്കുന്നു.

Prasad Amore

Address

Thrissur
680590

Alerts

Be the first to know and let us send you an email when Prasad Amore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Prasad Amore:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram