23/07/2021
കോരിച്ചൊരിയുന്ന മഴ.
കിടുകിടെ തണുപ്പ്. ആളെ പറപ്പിക്കുന്ന കാറ്റ്... കര്‍ക്കിടകം തിമിര്‍ക്കുന്നുണ്ട്. ആകെ ഒരു മാറ്റമാണ് അന്തരീക്ഷത്തിന്... ഇത് പറയാത്തവര്‍ വളരെ ചുരുക്കമാണ്.
കാണാന്‍ വരുന്ന രോഗികളില്‍ പലരും, പ്രധാന പ്രശ്നം പറഞ്ഞു കഴിഞ്ഞ് ഒച്ച കുറച്ച് പറയുന്ന ഒരു ഐറ്റമുണ്ട്. *വൈദ്യരേ, മുതുകില്, കാലുകളില്, ഇടുക്കുകളില്‍ ഒക്കെ ചർമം വലിഞ്ഞു മുറുകലും പിരിമുറുക്കവുമാണ് ഈയിടെയായി, ..* ന്ന്. അവര്‍ക്ക് പ്രശ്നം ഗുരുതരമാണെങ്കിലും സത്യത്തില്‍ കാര്യം നിസ്സാരമാണ്.
ചര്‍മ്മത്തില്‍ ജലാംശം കുറയുന്നു, എണ്ണയുടെ അംശം കുറയുന്നു. അതാണ് കാരണം.
പൊതുവില്‍ മഴക്കാലങ്ങളങ്ങനെയാണ്. നാമത് അത്ര കാര്യമായെടുക്കാറില്ലെങ്കില്‍ പോലും. കര്‍ക്കിടകത്തില്‍ ചില ശീലങ്ങള്‍ ഈ അവസ്ഥയെ നേരിടാന്‍ സഹായകരമാകും.
എണ്ണതേച്ചുകുളിക്കാം. എവിടെ സമയം എന്ന് ചോദിക്കരുത്. തണുപ്പുകാലങ്ങളില്‍ അല്പം നേരത്തെ എഴുന്നേല്ക്കുക. അല്പം വെള്ളം കുളിക്കാനായി ചൂടാക്കാന്‍ വയ്ക്കുക. (അല്പം കല്ലുപ്പ് ചേര്‍ക്കാം. പറ്റുമെങ്കില്‍ പ്ലാവില, കുരുമുളകിന്‍റെ മണ്ണിലൂടെ പടരുന്ന വള്ളി, തൊട്ടാവാടി, ആര്യവേപ്പില, വാതം കൊല്ലി ഇല, ആവണക്കില, പുളിയില.. ഇവയേതെങ്കിലുമൊക്കെ വെള്ളത്തില്‍ ഇടാം). ദേഹമാസകലം നല്ലെണ്ണ തേയ്ക്കുക. (അതല്ലെങ്കില്‍ വൈദ്യനിര്‍ദ്ദേശാനുസരണം നിങ്ങള്‍ക്കനുയോജ്യമായ എണ്ണ ഉപയോഗിക്കാം). ചെവിക്കുപുറകിലും ഉള്ളം കാലിലും പാദത്തിലും നിര്‍ബ്ബന്ധമായും എണ്ണതേക്കണം. ഇത് നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കും. തലയില്‍ ഏതെങ്കിലും കാച്ചിയ എണ്ണ ഉപയോഗിക്കാം. നെറുകയില്‍ എണ്ണ വെക്കണം. വെളിച്ചെണ്ണയില്‍ അല്പം ജലാംശം ബാക്കിയുണ്ടാകും എപ്പോഴും. അത് നീരിറക്കത്തിന് വഴിവെക്കാം. അത് കൊണ്ട് ശ്രദ്ധിച്ചുപയോഗിക്കുക.
പഴുത്ത മാവില കിട്ടുമെങ്കില് അതുപയോഗിച്ച് പല്ല് തേക്കാം. ഒരുവിധ മോണരോഗങ്ങളെല്ലാം പമ്പ കടക്കും. രണ്ട് ദിവസം ചെയ്ത് നോക്കിയാല് തന്നെ വ്യത്യാസം അറിയാനാകും.
ഇത്രയും ചെയ്യുമ്പോഴേക്കും കുളിക്കാനുള്ള വെള്ളം ചൂടായിക്കാണും. ഇനി കുളിക്കാം. കാഠിന്യമുള്ള സോപ്പുകളൊഴിവാക്കാം. ജോലിക്കൊക്കെ പോകുന്നവരാണെങ്കില്‍ മെഴുക്കൊക്കെ ദേഹത്തിരുന്നാല് ബുദ്ധിമുട്ടാണല്ലോ, അത് കൊണ്ട് കഴുകിക്കളയാം നന്നായി.
ആഴ്ചയിലൊരിക്കല്‍, ഞായറാഴ്ചയോ മറ്റോ വിശദമായി എണ്ണയൊക്കെ തേച്ച് കുളിക്കാം. അല്പം എണ്ണമെഴുക്ക് ചര്‍മ്മത്തിന് നല്ലതാണ്. പറ്റുമെങ്കില്‍ നല്ലരീതിയില്‍ മര്‍മ്മ ഉഴിച്ചിലുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് അഭ്യംഗം ചെയ്യുന്നത് ഉത്തമമാണ്.
ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും, ഉണര്‍വ്വുപകരാനും, ചര്‍മ്മരക്ഷയ്ക്കും, വാതപീഡകളെ അകറ്റാനും നല്ല ഉറക്കത്തിനും എണ്ണ തേച്ചുകുളി അത്യുത്തമമാണ്. ഉള്ളം കാലടിയില്‍ എണ്ണ തേക്കുന്നതിലൂടെ നാഡീവ്യൂഹങ്ങള്‍ക്ക് ഉണര്‍വ്വുലഭിക്കുകയും അതുവഴി ആന്തരിക അവയവങ്ങള്‍ക്കും നാമൊരു കരുതല്‍ നല്കുകയാണ് ചെയ്യുന്നത്.
ഇത് കൊണ്ട് മാത്രം പോര. നന്നായി വെള്ളം കുടിക്കണം. കുടിക്കുന്ന വെള്ളമാണ് ചര്‍മ്മത്തിന്‍റെ സ്നിഗ്ദധത (ഇലാസ്റ്റിസിറ്റി) നിലനിര്‍ത്തുവാന്‍ സഹായിക്കുന്നത്. കുരുക്കളും പാടുകളുമൊക്കെ പോയി മുഖമങ്ങ് തെളിയുന്നത് കാണാം... മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതുകൊണ്ട് മൂത്രാശയരോഗങ്ങള്‍ പിടിപെടാന്‍ വളരെ സാധ്യതയുണ്ട്. അത് ഓര്‍മ്മവേണം എപ്പോഴും.
നഖങ്ങള്‍ വെട്ടി വൃത്തിയാക്കിവെക്കണം. കാല്‍ നഖങ്ങള്‍ക്കിടയില്‍ അഴുക്കുകയറി കുഴിനഖവും വളംകടിയുമുണ്ടാകുന്ന സമയം കൂടിയാണിത്. ചെറുചൂടുള്ള വെള്ളത്തില്‍ കല്ലുപ്പിട്ട് അല്പം സമയം മുക്കിവെക്കുന്നത് നല്ല ഉറക്കം ലഭിക്കാനും അണുബാധ ഇല്ലാതിരിക്കാനും സഹായിക്കും.
കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിനുള്ള കാലമാണ്; ചില ശീലങ്ങള്‍ തുടങ്ങാനും ചിലത് തുടരാനും ഏറ്റവും അനുയോജ്യമായ കാലം.
വീണ്ടും വരാം, ചില കര്‍ക്കിടകക്കാര്യങ്ങളുമായി.
വന്ദേ ഗുരുപരമ്പരാം.
നിലമ്പൂര്‍ വൈദ്യര്‍ ഷൈന്‍ ഭാസ്കര്‍
കഷായപ്പുര, പെരുമ്പാവൂര്