01/08/2023
മദ്ധ്യവയസ്സിലെ ലൈംഗികത
ആഹാരം, നിദ്ര, മൈഥുനം എന്നിവ ആരോഗ്യത്തിന്റെ അടിസ്ഥാനങ്ങളിൽ പ്രാമുഖ്യമേറിയവയാണെന്ന്
ഭാരതത്തിന്റെ ഏറ്റവും പുരാതന വൈദ്യശാസ്ത്രമായ ആയുർവ്വേദം സാക്ഷ്യപ്പെടുത്തുന്നു.
മദ്ധ്യവയസ്സ് വരെ പ്രത്യേക തടസ്സങ്ങൾ ഒന്നും കൂടാതെ നടന്നു പോകുന്ന ഇവയ്ക്ക് അത് കഴിഞ്ഞാൽ തടസ്സങ്ങൾ ഏറെയാണ്.
വിവിധ രോഗങ്ങൾ, അതിന് ഉതകുന്ന പഥ്യാപഥ്യങ്ങൾ, ജീവിത ശൈലി തുടങ്ങി അതങ്ങിനെ നീളുന്നു.
ലൈംഗികതയിലേയ്ക്ക് വരുമ്പോൾ, പൊതുവേ ശരീരത്തിലെ നാഡീ വ്യവസ്ഥയെ തളർത്തുന്ന പ്രമേഹം, മറ്റ് നാഡീസംബന്ധമായ രോഗങ്ങൾ ഉദാഹരണത്തിന് Neuritis, പക്ഷവധം, നടുവിനെ ബാധിക്കുന്ന IVDP, Spondylolisthesis, Spondylitis, Spondylosis Sciatica തുടങ്ങിയായെല്ലാം ഇതിനെ മന്ദീഭവിപ്പിക്കാൻ കാരണമാകുന്നുണ്ട്.
മേൽപറഞ്ഞത് ലിംഗഭേദമെന്യേ പ്രസക്തമാണെങ്കിൽ, സ്ത്രീകളെ മാത്രം ബാധിക്കുന്നതാണ് ആർത്തവ വിരാമം.
ആർത്തവ വിരാമം സ്ത്രീയുടെ ശരീരത്തെ മാത്രമല്ല, മാനസികവസ്ഥയെയും മാറ്റിമറിക്കുന്ന ഒന്നാണ്. അതിന് ശേഷം കാണപ്പെടുന്ന dryness അവയവങ്ങളെ ബാധിക്കുകയും അതുമൂലം ലൈംഗിക ബന്ധത്തിന് തടസ്സമാവുകയും ചെയ്യാറുണ്ട്. Endometriosis എന്ന രോഗാവസ്‌ഥയിൽ സ്ത്രീകളിൽ ഡിസ്‌പെരൂണിയ അഥവാ വേദനാജനകമായ ലൈംഗിക ബന്ധം എന്ന അവസ്ഥ ഉണ്ടാകുന്നു.
സ്ത്രീകളിലെ പുരുഷ ഹോർമോണിന്റെ അളവ് വർധിക്കുകയും അഥവാ സ്ത്രീ ഹോർമോണിന്റെ അളവ് കുറയുകയും ചെയ്യുന്ന അവസ്ഥയിൽ അമിതമായ ദ്വേഷ്യം, മറ്റ് അസ്വസ്ഥതകൾ ഇവ അനുഭവപ്പെടുകയും ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും അത് ലൈംഗികതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
മേൽപറഞ്ഞ രോഗങ്ങളിലെല്ലാം തന്നെ ആയുർവേദമുൾപ്പടെയുള്ള ചികിത്സാ സമ്പ്രദായങ്ങളിൽ ചികിത്സ ലഭ്യമാണെന്നത് ഇത്തരുണത്തിൽ ഏറെ പ്രസക്തമായ കാര്യമാണ്.
മികച്ച ചികിത്സകളിലൂടെയും ക്രമീകൃതമായ വ്യായാമ ഭക്ഷണ ശീലങ്ങളിലൂടെയും ആരോഗ്യത്തിലേയ്ക്ക് തിരിച്ചു വരിക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി.
പരസ്‌പരമുള്ള പ്രണയത്തിനും മറ്റും പ്രാമുഖ്യം നൽകി ആരംഭിക്കുന്ന വൈവാഹിക ജീവിതം പിന്നീട് പ്രായമേറുമ്പോൾ പരസ്പര ബഹുമാനത്തോട് കൂടിയുള്ള സൗഹൃദത്തിത്തിലേയ്ക്ക് വഴിമാറുന്നു. ഈ സൗഹൃദമാണ് കുറവുകൾ മനസ്‌സിലാക്കി പ്രവർത്തിക്കാൻ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ മനുഷ്യരെ പ്രാപ്തരാക്കുന്നത്.
Dr സജു K ഭൂഷണൻ
BAMS,
ശ്രീ ധന്വന്തരി ആയുർവേദ ആശുപത്രി,
കുമ്പളപറമ്പ്.