20/07/2023
കർക്കടക ചികിത്സ എന്തിന്?
കർക്കടകത്തിൽ ആയുർവേദ ചികിത്സ ചെയ്യുക എന്നത് വളരെ നാളായി പ്രചാരത്തിൽ ഉള്ള ഒരു പതിവാണല്ലോ. ആരോഗ്യ സംരക്ഷണം മുൻ നിർത്തിയും നേരത്തെയുള്ള രോഗങ്ങളുടെ ചികിത്സ എന്ന നിലയിലും ആയുർവേദ ചികിത്സ ചെയ്യുന്നവരുണ്ട്. എന്നാൽ ചില ആളുകൾ വിശ്വസിക്കുന്നത് പോലെ മഴക്കാലത്തു മാത്രമേ ആയുർവേദ ചികിത്സ ചെയ്യാവൂ എന്ന തരത്തിൽ ഒരു നിബന്ധനയും യഥാർത്ഥത്തിൽ ഇല്ല. ഏത് കാലത്തും ആ കാലത്തിന് അനുയോജ്യമായ രീതിയിൽ ആയുർവേദ ചികിത്സ ചെയ്യാം.
എന്താണ് കർക്കടകത്തിന് ഇത്ര പ്രധാന്യം?
ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം പറയപ്പെടുന്നുണ്ട്. ഋതു ചര്യ എന്നാണ് അതിന് പറയുന്നത്.ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരൾച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ശരീരത്തിൽ ചില രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വർഷ ഋതു ചര്യ എന്നാൽ മഴക്കാലത്തു ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തിൽ കർക്കിടക മാസത്തിൽ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാൽ വർഷ ഋതു ചര്യയ്ക്ക് കർക്കിടകത്തിൽ പ്രാധാന്യം കൈ വന്നു എന്ന് മാത്രം.
കർക്കിടക ചികിത്സ പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് രോഗ ചികിത്സ, മറ്റൊന്ന് രോഗ പ്രതിരോധ ചര്യകൾ.
രോഗ ചികിത്സ
മഴക്കാലത്തു വർധിക്കുന്ന രോഗങ്ങൾക്ക് ആ കാലയളവിൽ ചികിത്സ ചെയ്യുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്‌ക്കാൻ സഹായിക്കും. മഴക്കാലത്തെ തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീര വേദനകൾ, ശ്വാസം മുട്ടൽ, അസ്ഥി സന്ധി രോഗങ്ങൾ, എന്നിവ കഠിനമാകാൻ സാധ്യതയുണ്ട്. അത്തരം രോഗങ്ങൾക്ക് രോഗത്തിന് അനുസരിച്ചുള്ള ചികിത്സ ഈ കാലയളവിൽ തേടാവുന്നതാണ്.
രോഗ പ്രതിരോധ ചര്യകൾ
മഴക്കാലം പൊതുവെ പകർച്ച വ്യാധികളുടെ കാലം തന്നെയാണ്. മലമ്പനി, കോളറ, ടൈഫോയ്ഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപനി എന്നിവ പൊതുവെ കേരളത്തിൽ പടർന്ന് പിടിക്കുന്ന ഒരു സമയവുമാണിത്. ഇത്തവണ കുരങ്ങുപനിയും കൂടെയുണ്ട്.
ആയുർവേദം മഴക്കാലത്തെ പൊതുവെ രോഗ പ്രതിരോധ ശേഷി കുറയുന്ന കാലമായിട്ടാണ് വിലയിരുത്തുന്നത്. ശരീരത്തിൽ അണുബാധകൾക്ക് അനുകൂലമായ ഒരു സാഹചര്യം കാലാവസ്ഥയുടെ സവിശേഷത കൊണ്ട് ഉണ്ടാകുന്നു എന്നാണ് ആയുർവേദ മതം. അണുബാധകളെ ചെറുക്കുന്നതിന് സാധാരണ നിർദ്ദേശിക്കപ്പെടാറുള്ള എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും പ്രാധാന്യം ഉള്ളവ തന്നെയാണ്. അതിനോടൊപ്പം ആന്തരികമായ ബല വർധനവിനും കൂടി ആയുർവേദം പ്രാധാന്യം നൽകുന്നുണ്ട്. മരുന്ന് കഞ്ഞി, ഔഷധ പ്രയോഗങ്ങൾ, ശോധന ചികിത്സ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവയാണ് ആയുർവേദം ആന്തരിക ബലത്തെ വർധിപ്പിക്കാൻ ഉതകുന്ന ചര്യകളായി പറയുന്നത്.