25/05/2020
ആയുർവേദത്തിന്റെ ലക്ഷ്യം തന്നെ ആരോഗ്യവാനായ ഒരാളുടെ ആരോഗ്യം സംരക്ഷിക്കുകയും, ആതുര: അഥവാ രോഗിക്ക് രോഗ ശമനം വരുത്തുക എന്നതുമാണ്. ഇതിലെ ആരോഗ്യം നില നിർത്തുക എന്ന ലക്ഷ്യം പരമമായി നിറവേറ്റാൻ ഒരു വ്യക്തിയുടെ രോഗ പ്രതിരോധ ശേഷി(വ്യാധിക്ഷമത്വം) വർദ്ധിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.
രോഗ പ്രതിരോധ ശേഷി കൂട്ടുവാൻ മരുന്നുകൾക്ക് പുറമെ ശരിയായ ദിനചര്യയുടെ ആവശ്യകതയും ഉണ്ട്. ഓരോ വ്യക്തിയുടെയും പ്രകൃതി അനുസരിച്ചും, ദേശം അനുസരിച്ചും മറ്റും മരുന്നുകൾ മാറും എന്നിരിക്കെ ഒരു ആയുർവേദ ഡോക്ടറുടെ നേരിട്ടുള്ള പരിശോധനക്ക് ശേഷം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു പൊതു ഉപയോഗത്തിനായി ഈ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്.ഗുലൂച്യാദി കഷായ ചൂർണം കുടിവെള്ളം പോലെ ഉപയോഗിക്കുന്നതും(1 ലിറ്റർ വെള്ളത്തിന് 2 tsp എന്ന കണക്കിന്), ദശമൂലകടുത്രയം കഷായം ( 15 ml കഷായത്തിൽ 45 ml തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത്) രണ്ട് നേരം ഭക്ഷണത്തിന് മുൻപ് സേവിക്കുന്നതും നല്ലതാണ്.ഗുളികകളിൽ വില്വാധി,സുദർശനം എന്നിവ യഥാക്രമം ഒന്ന് വീതം രണ്ട് നേരവും ഒരു നേരവും ഉപയോഗിക്കാവുന്നതാണ്. ജ്വരഹരമായ അമൃതാരിഷ്ടം(25ml രാത്രി,ഭക്ഷണ ശേഷം) അത്യുത്തമമാണ്.
ദിനചര്യയിൽ ശരിയായ വ്യായാമ മുറകൾ പരിശീലിക്കുക, മിതമായ ഭക്ഷണ ശീലം, രണ്ട് നേരം കുളി(വൈകുന്നേരത്തെ കുളി 6 മണിക് മുൻപേ ), ദഹിക്കാൻ എളുപ്പമുള്ളതും, ഉപ്പ് - ഏരുവ് - പുളി എന്നിവ കുറഞ്ഞതുമായ ഭക്ഷണത്തിന് പ്രാമുഖ്യം നൽകൽ, കഴിവതും തണുത്ത /തലേദിവസത്തെ ആഹാര പദാർഥങ്ങൾ ഒഴിവാക്കുക എന്നീ ശീലങ്ങൾ പ്രത്യേകം ഉൾപ്പെടുത്തണം.
വ്യായാമം നല്ലതാണെങ്കിലും വിയർപ്പ് നന്നായി ഉണങ്ങിയ ശേഷം കുളിക്കുക, ശരീരത്തിലെ ജലാംശം ക്രമമായി നിലനിർത്തുക എന്നിവ കൃത്യമായി പാലിച്ചില്ലെങ്കിൽ അതിന്റെ ഫലം വിപരീതം ആയിരിക്കും.
ഡോ: ജയകൃഷ്ണൻ.വി. ജെ, എം. ഡി (ആയു:) - പഞ്ചകർമ്മ