03/08/2017
പല്ലു ക്ളീൻ ചെയ്താൽ ഇനാമല്(enamel) നഷ്ടപ്പെടുമോ?
ഈ ചോദ്യം ദിവസം ഒരു തവണയെങ്കിലും നേരിടാത്ത ഒരു ഡെന്റിസ്റ്റു പോലും ഈ ഭൂമി മലയാളത്തിൽ ഉണ്ടാവില്ല! പണ്ഡിതനും പാമരനും പുരുഷനും സ്ത്രീക്കും ഒക്കെ തോന്നുന്ന (ന്യായമായ) സംശയം. ക്ലീന് ചെയ്യുമ്പോൾ പല്ല് പൊടിഞ്ഞ് പോരുമോ എന്നതും ഇതോടു ചേർന്ന് വരുന്ന ഒരു ആകാംഷയാണ്...
എന്താണ് ഇതിന്റെ സത്യം?
എന്താണ് ക്ലീനിംഗ്? എന്തിനാണ് ക്ലീനിംഗ്?
ക്ലീനിംഗ് എന്താണെന്ന് അറിയണമെങ്കിൽ ആദ്യം പ്ലാക്ക് എന്താണെന്നറിയണം, അതിന്റെ സെന്സ് അറിയണം... സെൻസിറ്റിവിറ്റി വേണം!
ഭക്ഷണ പദാർത്ഥങ്ങളും സൂക്ഷ്മാണുക്കളും കൂടി കലർന്ന് പല്ലിന് മേൽ ഒരു പാട പോലെ ഒട്ടിപ്പിച്ചിരിക്കുന്നതിനെ ആണ് പ്ലാക്ക് എന്ന് പറയുന്നത്.ഈ "സാധനം" നമ്മുടെ വായിൽ കട്ട പിടിച്ചിരുന്ന് പതുക്കെ പതുക്കെ കാല്കുലസ് ആയി മാറും. അത് മാറുന്നതിന്റെ നാൾവഴി പറയാൻ പോയാ ഒരു മഹാഭാരത കഥ പോലെയാവും. അതു കൊണ്ട് കൂടുതൽ ആലോചിച്ച് തല പുണ്ണാക്കണ്ട,calculus ഉണ്ടായിന്ന് വച്ചാ ഉണ്ടായി!
അത് മോണയിലും അതിനുള്ളിലും ഇടയിലും ഒക്കെ പറ്റി പിടിച്ചിരുന്ന് ആദ്യം വായ് നാറ്റം, പതിയെ പുളിപ്പ്, മോണ വീക്കം, പിന്നെ പിന്നെ മോണ പഴുപ്പ്, അങ്ങിനെ നല്ല റോസാ പൂ പോലെ സുന്ദരമായി തിളങ്ങി നിന്ന മോണ പഴുത്ത് (അല്പം ചീഞ്ഞ) തക്കാളി പോലെ ആവും. മോണ രോഗത്തെ കുറിച്ചും അതിന്റെ ചികിത്സയെ കുറിച്ചും ഒക്കെ പിന്നീട് എഴുതാം..
നമ്മുടെ വിഷയം ക്ലീനിംഗ് ആണ്. ചിലപ്പോഴൊക്കെ, ഡോക്ടറേ പല്ലു പൊടിഞ്ഞു പോയേന്നും പറഞ്ഞ് വരുന്ന പലരുടേയും പ്രശ്നം calculus എന്ന ഇത്തിള് പല്ലില് നിന്ന് അടർന്ന് പോരുന്നതാണ്. Calculus ും പ്ലാക്കും പല്ലില് നിന്ന് നീക്കം ചെയ്യാനുള്ള മാർഗമാണ് ക്ലീനിംഗ് എന്ന് സാധാരണ പറയുന്ന Dental scaling.
പണ്ടൊക്കെ സ്റ്റീൽ ഉപകരണങ്ങൾ ഉപയോഗിച്ച് കൈ കൊണ്ടാണ് ഇത് ചെയ്തിരുന്നത്. മോണക്കിടയിലൂടെ സിക്കിളുകള് (അരിവാളല്ല കേട്ടോ) ഇട്ട് അതി മനോഹരമായിട്ടാണ് പല്ലുകളെ സുന്ദര കുട്ടപ്പന്മാരാക്കിയിരുന്നത്. ഇന്ന് ക്ലീനിംഗ്, മെഷീനിന്റെ സഹായത്തോടെയാണ്. Ultrasonic scaler machine ആണ് പൊതുവെ ഇതിനുപയോഗിക്കുന്നത്. Scaler machine വച്ച് ക്ലീനിംങ് തുടങ്ങിയപ്പോൾ പരിപാടി എളുപ്പമായി, വ്യത്തി കൂടി, സമയം ലാഭമായി. ഇത്തിരി കുഞ്ഞൻ പല്ലുകളുടെ പ്രതലത്തിന് അനുസരിച്ച് മാറ്റി ഉപയോഗിക്കുന്ന പരന്നതും, ഉരുണ്ടതും, കോണായതും ഒക്കെയായി പല തരം അറ്റങ്ങളുണ്ട് (scaler tip) സ്കെയിലറിന്. സ്റ്റീൽ കൊണ്ടാണ് ഇവയുണ്ടാക്കിയിരിക്കുന്നത്. ഇവ ഘടിപ്പിച്ച് ആവശ്യത്തിന് വെള്ളവും ചീറ്റിച്ച് വിട്ടാണ് scaling ചെയ്യുന്നത്. മെഷീൻ ഓണാക്കുമ്പോള് ചെറിയ ultrasonic vibration നോട് കൂടിയാണ് scaler tip അനങ്ങുന്നത്. ആ ചലനത്തില് അഴുക്കും മറ്റും പല്ലില് നിന്ന് ഇളകി വരും. പക്ഷെ പല്ലിന്റെ ഇനാമലിനു മുകളിൽ ഒരു പോറല് പോലും ഏൽപ്പിക്കാൻ scaler tip നെ കൊണ്ട് കഴിയില്ല.
കാരണം മറ്റൊന്നുമല്ല! നമ്മുടെ ശരീരത്തിൽ ഏറ്റവും ഉറപ്പ് (hardness) കൂടിയ അവയവം ആണ് പല്ല്. എല്ലിനേക്കാള് ഉറപ്പാണ് പല്ലിന് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സ്റ്റീലു കൊണ്ടുണ്ടാക്കിയ സ്കെയിലറിന്റെ ultrasonic vibration കൊണ്ടൊന്നും പരുക്കു പറ്റുന്ന ഐറ്റമല്ല പടച്ച തമ്പുരാൻ ചവച്ചരച്ച് തിന്നാന് ഫിറ്റ് ചെയ്ത് തന്ന പല്ല്!
അപ്പൊ പിന്നെ എങ്ങനാ പല്ല് തുരന്ന് റൂട്ട് കനാലൊക്കെ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചു..
ചിന്തിച്ചു.. എനിക്കറിയാം..
നിങ്ങൾ ചിന്തിച്ചൂൂ...
പല്ല് ഡ്രില്ലിംഗ് (തുരക്കൽ) ചെയ്യാൻ ഞങ്ങൾ ഉപയോഗിക്കുന്നത് ഭൂമിയിൽ ഇന്ന് ഉള്ളതിൽ വച്ച് ഏറ്റവും അധികം hardness and denstity( ഉറപ്പും, ഘനവും) ഉള്ള ഒരു സാധനമാണ്.. എന്താണത്? diamond! വജ്രം!
ആരും മലബാർ ഗോള്ഡിന്റെ മനോഹരമായ MINE നെ മനസ്സിൽ കാണണ്ട!
പല തരത്തിലും രൂപത്തിലും ഭാവത്തിലുമുള്ള ഡയമണ്ട് ബറുകള്( diamond burs) ഉപയോഗിച്ചാണ് ഞങ്ങൾ പല്ലുകളില് രാകലും തുരക്കലും ഒക്കെ ചെയ്യുന്നത്. നല്ല വെടിപ്പായി പല്ലിന്റെ ഇനാമലിനെ രാവി കളയാൻ ഡയമണ്ടിനേ സാധിക്കൂ. Scaler tip ും Diamond bur ും തമ്മിലുള്ള മറ്റൊരു പ്രധാനപ്പെട്ട വ്യത്യാസമാണ് ഇവ കറങ്ങുന്ന രീതി. നേരത്തെ പറഞ്ഞല്ലോ,scaler tip ന് ultra sonic vibration ആണ് ശക്തി പകരുന്നതെങ്കില് ഡയമണ്ട് ബറുകള് 200K_400k rpm (rotation per minute) അഥവാ ഒരോ മിനുട്ടിലും 3 ലക്ഷത്തിലേറെ കറക്കങ്ങള് നല്കുന്ന ശക്തി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഡയമണ്ട് ബറുകള് നാക്കിലോ, ചുണ്ടിലോ കവിളിലോ ഒക്കെ ചെറുതായിട്ടൊന്ന് ഞോണ്ടി പോയാൽ തൊലി എപ്പൊ പറിഞ്ഞു പോന്നു എന്ന് ചോദിച്ചാ മതി! എന്നാൽ scaler tip വായിൽ എവിടെ കൊണ്ടാലും മുറിവ് വരില്ല. പേടി തോന്നുന്ന രോഗികൾക്ക് ഞങ്ങൾ നഖത്തിന്മേല് ഓണാക്കിയ സ്കെയിലറ് പിടിച്ച് കാണിച്ച് കൊടുക്കാറുണ്ട്.
ഹൊ!!!!
ഇത്രയും നീട്ടി ഈ കഥ പറഞ്ഞത് എന്തിനാണെന്നോ? പല്ല് ക്ലീന് ചെയ്താൽ ഇനിമലിന് ഒരു ചുക്കും പറ്റില്ല എന്ന് ഉറപ്പിച്ച് മനസ്സിലാക്കി തരാനാണ്.
എങ്കിൽ പിന്നെ പല്ല് ക്ലീന് ചെയ്താൽ പുളിപ്പ് വരുന്നത് എന്തു കൊണ്ടാണ്??
ഗുഡ് ക്വസ്റ്റ്യന്!
ആദ്യമേ പറയട്ടെ, എല്ലാവർക്കും പല്ല് ക്ലീന് ചെയ്താൽ പുളിപ്പ് വരുന്നില്ല. മോണക്കകത്തേക്ക് കേറിയിരിക്കുന്ന അഴുക്ക് എടുത്ത് കളയുമ്പോഴും കൂടുതൽ വീങ്ങിയ മോണയുള്ള രോഗികൾക്കുമാണ് സാധാരണ പുളിപ്പ് കൂടുതൽ കാണുന്നത്. പല്ലിന്റെ വേര് ഭാഗത്തുള്ള സിമെന്റത്തില് (cementum) അഴുക്കുള്ളപ്പോഴാണത്. cementum ഇനാമലില് നിന്ന് വ്യത്യസ്തനാണ്. നഖം വെട്ടുമ്പോള് ലേശം ഇറക്കി വെട്ടി എന്നിരിക്കട്ടെ, അവിടെ അപ്പോൾ തന്നെ വേദനിക്കും. രണ്ടു ദിവസം ആ വേദനയുണ്ടാകും. അല്ലേ?..ഇതേ പ്രതിഭാസത്തിന്റെ പല്ലുകളില് ഉള്ള ഒരു version ആണ് ക്ലീനിംങ് ചെയ്യുമ്പോഴും അതു കഴിഞ്ഞ് ഒരാഴ്ചയോളവും ഉള്ള പുളിപ്പ്. പക്ഷെ നഖം വെട്ടിയതു പോലെ അല്ല കേട്ടോ, പല്ലു പുളിപ്പുണ്ടായാല് ചൂടും തണുപ്പും ഒന്നും വായില് കൊള്ളിക്കാന് കഴിയില്ല. അതിനാണ് പുളിപ്പിനെതിരെയുള്ള മൗത്ത് വാഷുകളും പേസ്റ്റുകളും ഡെന്റിസ്ററ് scaling കഴിഞ്ഞാല് കുറിച്ച് നല്കുന്നത്.
ഇനി ഒരു പൊടി കൈ പറഞ്ഞു തരാം. Desensitizing പേസ്റ്റുകള് ഉപയോഗിക്കുമ്പോള് അത് വായില് അല്പം സമയം പിടിച്ചു നിർത്താൻ ശ്രദ്ധിക്കണം. എന്നാലേ അവ പല്ലിന്റെ പ്രതലങ്ങളില് ചില കുഞ്ഞു കെമിസ്ട്രിയൊക്കെ ചെയ്ത് പുളിപ്പില്ലാതാക്കൂ.. അതിനൊക്കെ എവിടുന്നാ സമയം ഡോക്ടറേ എന്ന് ചോദിക്കുന്നവരൊട്..വഴിയുണ്ട്! എന്നും കുളിക്കാറുണ്ടോ? ആ.. എന്നാ കുളിക്കാൻ തുടങ്ങുമ്പോൾ പേസ്റ്റ് വായിൽ തേച്ചു വയ്ക്കുക. കുളി കഴിയുമ്പോൾ വായും കഴുകാം. അതിനായി വേറെ സമയം കണ്ടെത്തേണ്ട!
ഇനി അവസാനമായി.. ഈ പറഞ്ഞതെല്ലാം പല്ല് ക്ലീന് ചെയ്യുന്നതിനെ കുറിച്ചും അതിനോടനുബന്ധിച്ചുള്ള പുളിപ്പിനേയും കുറിച്ചാണ്. പല്ലില് പുളിപ്പുണ്ടാവാന് മറ്റനേകം കാരണങ്ങൾ ഉണ്ട്. അതിലേക്ക് മറ്റൊരു ദിവസം കടക്കാം.
പല്ല് ക്ലീന് ചെയ്ത് ഇനാമലൊക്കെ നഷ്ടപ്പെട്ടെന്ന് വാദിക്കാൻ മോഹനേട്ടന്റെ ആളുകൾ ഉണ്ടെങ്കിൽ കമന്റിനൊന്നും നിക്കണ്ട.. നേരെ വടക്കേക്കാട് ക് വണ്ടി കേറിക്കോ. നമുക്ക് നേരിൽ തന്നെ കാണാം!
PS:Say no to sensitivity! എന്ന പരസ്യ വാചകത്തെ തൊണ്ട തൊടാതെ വിഴുങ്ങല്ലേ!
: Dr. Sameer Ahammed Ok